Advent (ആഗമനകാലം) ക്രമത്തിലെ ആദ്യ ആഴ്ചയിലെ പർപ്പിൾ നിറത്തിലുള്ള മെഴുതിരി പ്രവാചക മെഴുതിരി അല്ലെങ്കിൽ പ്രത്യാശയുടെ തിരി എന്നറിയപ്പെടുമ്പോൾ രണ്ടാമത്തെ ആഴ്ചയിലെ തിരി ബേത്ലഹേം തിരി അല്ലെങ്കിൽ ഒരുക്കത്തിന്റെ തിരി ആണ് . അത് പ്രതിനിധാനം ചെയ്യുന്നത് സമാധാനത്തെ ആണ്.
ജോസഫിന്റെയും മേരിയുടെയും ബേത്ലഹേമിലേക്കുള്ള യാത്രയെ ആണ് ഈ ആഴ്ചയിൽ ഓർമ്മിക്കുന്നത്. സാധാരണ മനുഷ്യന്റെ കാഴ്ച്ചപ്പാടിൽ ടെൻഷൻ പിടിച്ചതും കഷ്ടപ്പാട് നിറഞ്ഞതുമായിരുന്നു ആ യാത്ര. എന്നിട്ടും അതെങ്ങനെ സമാധാനമുള്ളതായി? നമ്മുടെ ‘എല്ലാ ധാരണകളെയും അതിലംഘിക്കുന്ന സമാധാനം’ ലഭിക്കണമെങ്കിൽ ദൈവഹിതത്തിനു നമ്മെത്തന്നെ വിട്ടു കൊടുക്കണം.നമ്മെ കരുതുന്ന ദൈവം എന്തിനും മതിയായവനാണെന്നും നമ്മുടെ ഭാവി അവന്റെ കയ്യിൽ ഭദ്രമാണെന്നും ആത്യന്തികമായി നമ്മുടെ നന്മയാണ് അവൻ ലക്ഷ്യം വെക്കുന്നതെന്നും ഉറപ്പുണ്ടെങ്കിൽ പ്രതികൂലസാഹചര്യങ്ങൾ നമ്മെ തളർത്തില്ല.ജോസഫിനും മേരിക്കും ദൈവാശ്രയത്വബോധം വേണ്ടുവോളം ഉണ്ടായിരുന്നത് കൊണ്ട് അവർക്ക് ആന്തരിക സമാധാനമുണ്ടായിരുന്നു.
ആന്തരികസമാധാനമുള്ളവര്ക്കെ ശരിയായി പ്രാർത്ഥിക്കാൻ പോലുമാവൂ. അതിനു ‘സാധിക്കുന്നേടത്തോളം എല്ലാവരോടും സമാധാനത്തിൽ വർത്തിക്കുകയും വേണം’. എത്ര വേദനയിലാണ് നമ്മളെങ്കിലും പ്രാർത്ഥനയും അതിലൂടെ ലഭിക്കുന്ന ഹൃദയശാന്തതയും വിട്ടുകളയരുത്. പ്രാർത്ഥനയാൽ ഹൃദയം ശാന്തമാകുമ്പോഴാണ് എന്തിനെയും നേരിടാനുള്ള ധൈര്യം ലഭിക്കുന്നതും നമ്മൾ ഒഴിവാക്കാൻ ആഗ്രഹിച്ച, ഭയപ്പെട്ട സഹനത്തെ സന്തോഷത്തോടെ ദൈവകരങ്ങളിൽ നിന്ന് സ്വീകരിക്കാനും പറ്റുന്നത്. ഈശോ പ്രാർത്ഥനയിലൂടെ സമാധാനവും ധൈര്യവും വീണ്ടെടുത്തുകൊണ്ട് പറഞ്ഞു, “എഴുന്നേൽക്കുവിൻ, നമുക്ക് പുറപ്പെടാം. എന്നെ ഒറ്റിക്കൊടുക്കാനുള്ളവൻ അടുത്തെത്തിയിരിക്കുന്നു”.
ആന്തരികസമാധാനം നേടുക എന്നാൽ സമാധാനത്തിന്റെ ദൈവത്തിന് ഒരു ഭവനം (സക്രാരി) ഹൃദയത്തിൽ പണിയുക, അങ്ങനെ ദൈവത്തിന്റെ ആലയമായി മാറുക എന്നതാണ് . അത് പണിയേണ്ടത് ദൈവം തന്നെയാണ്. ” കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ വേലക്കാരുടെ അദ്ധ്വാനം നിഷ്ഫലമാണ്”. ക്രിസ്മസ് കാലത്തു ഹൃത്തിനുള്ളിൽ ഈശോക്ക് വസിക്കാൻ പുൽക്കൂട് പണിയൂ എന്ന് കുഞ്ഞുനാൾ മുതലേ നമ്മൾ കേൾക്കുന്നതല്ലേ. എളിമയുള്ളിടത്ത് ഈശോ താനേ വരും.
എളിമയും സമാധാനവും ശാന്തതയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഹൃദയത്തിൽ സമാധാനമുള്ളവർ എളിമയുള്ളവരായിരിക്കും. എളിമയുള്ളവർ ശാന്തശീലരുമായിരിക്കും. അതുകൊണ്ടാണ് “ഞാൻ ശാന്തശീലനും വിനീതഹൃദയനും ആകയാൽ എന്നിൽ നിന്നും പഠിക്കുവിൻ” എന്ന് ഈശോ പറഞ്ഞത്.
ജോസെഫിനും മേരിക്കും പ്രാർത്ഥനയും എളിമയും ശാന്തതയുമെല്ലാം നല്ലവണ്ണം ഉണ്ടായിരുന്നതിനാൽ ആരും പതറിപ്പോകുന്ന അവസരങ്ങളിലും അവർ അസാധാരണ ധൈര്യവും സമാധാനവും ഉള്ളവരായി. സമാധാനരാജനായ ഈശോയുടെ വളർത്തുപിതാവും മാതാവുമായി.
ദൈവേഷ്ടം അറിയാൻ ശ്രമിക്കാതെ നമ്മുടെ അഭിപ്രായങ്ങളും ഇഷ്ടങ്ങളും നടപ്പിലാക്കാൻ വാശി പിടിച്ചാൽ സമാധാനവും സന്തോഷവും ഉണ്ടാകില്ല. സത്രത്തിൽ ഇടം ലഭിക്കാത്തത്തിൽ ജോസഫിനും മേരിക്കും മനം മടുത്തെങ്കിൽ എന്തെങ്കിലും സന്തോഷം അവർക്കുണ്ടാകുമായിരുന്നോ?
നമുക്കും ഈശോയുടെ പിറവിക്കായുള്ള ഈ ഒരുക്കകാലത്ത് എളിമക്കും ശാന്തതക്കുമായി ആഗ്രഹിക്കാം. ദൈവം നമ്മിൽ ഒരു ഭവനമൊരുക്കട്ടെ.
ജിൽസ ജോയ്
