ഈ മനുഷ്യൻ ഒരു തീവ്രവാദി ആയിരുന്നോ?

ഈ മനുഷ്യൻ ഒരു തീവ്രവാദി ആയിരുന്നോ?

രാജ്ദീപ് സർദേശായി എന്ന ജേർണലിസ്റ്റ് ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിന് മുൻപ്, സ്ട്രയിറ്റ് ബാക്ക് മൈ വീക്ക്ലി ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോയുടെ മലയാള വിവർത്തനം ഞാൻ ചെയ്തതായിരുന്നു ഇത്…. ഇതിൽ തന്നെ പറയുന്നുണ്ട് ആ ഫയലുകൾ വ്യാജമായി തിരുകിക്കയറ്റിയതായിരുന്നു എന്ന്. രാജ്ദീപ് ചോദിച്ച ചോദ്യത്തിൻ്റെ മാറ്റൊലി 139 കോടി ഇന്ത്യൻ പൗരന്മാരുടെയും കാതുകളിൽ വീണ്ടും ഇന്ന് മുഴങ്ങുന്നു.

“…ഒരു ലളിതമായ ചോദ്യം ചോദിച്ചുകൊണ്ട് തുടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ സ്‌ക്രീനിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ഈ മനുഷ്യൻ ഒരു തീവ്രവാദി ആണോ?

നിങ്ങൾക്ക് ഇയാളെ തിരിച്ചറിയാൻ കഴിയുന്നുണ്ടോ? അല്ല, ദാവൂദ് ഇബ്രാഹിമിനെപ്പോലെയോ ടൈഗർ മേമനെപ്പോലെയോ ഹഫീസ് സയീദിനെപ്പോലെയോ പാക്കിസ്ഥാനിൽ സുഖിച്ചു കഴിയുന്ന ഇൻഡ്യയുടെ Most Wanted ലിസ്റ്റിൽ പെട്ട തീവ്രവാദിയല്ല അദ്ദേഹം. മെഹുൽ ചോക്‌സിയെപ്പോലുള്ളൊരു അഭയാർത്ഥിയോ നീരവ് മോഡിയെപ്പൊലെ ഓടിപ്പോയി കരീബിയൻ ദ്വീപുകളിലോ ലണ്ടനിലോ പോയി രക്ഷപെട്ട ആളോ അല്ല. ഉയർന്ന ഭക്ഷണമേശകളിൽ വി വി ഐ പികൾ ആയി ഇവരൊക്കെ ഇരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടത്‌ ഒരുപാട് കാലം മുമ്പല്ലെങ്കിലും.

അല്ല സുഹൃത്തുക്കളെ, ഈ വ്യക്തി കരീബിയൻ ദ്വീപുകളിൽ ജീവിക്കുന്നതിന്റെ ആഡംബരം അനുഭവിക്കുന്ന ആളോ, പാക്കിസ്ഥാൻ ISI യുടെ ആതിഥ്യമര്യാദ കിട്ടിക്കൊണ്ടിരിക്കുന്ന ആളോ അല്ല. പക്ഷെ പുനെയ്ക്കടുത്തുള്ള തലോജ ജയിലിൽ കൊണ്ടിട്ടിരിക്കുന്ന തീവ്രവാദി ആണ് അല്ലെങ്കിൽ തീവ്രവാദി എന്ന് ആരോപിക്കപ്പെട്ടിരിക്കുന്ന ആളാണ്.

അത് ഫാദർ സ്റ്റാൻ സ്വാമിയാണ്.

ഭീമ കൊറെഗാവ് പ്രക്ഷോഭത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട് നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (Unlawful Activities Prevention Act) അല്ലെങ്കിൽ UAPA പ്രകാരം കഴിഞ്ഞ കൊല്ലം ഒക്ടോബറിൽ അറസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞ ആഴ്ച വരെ ജയിലിൽ കഴിഞ്ഞ 84 വയസ്സുള്ള പുരോഹിതൻ. കഴിഞ്ഞ ആഴ്ച വരെ ആവാൻ കാരണം പാർക്കിൻസൺസ് രോഗത്താൽ വിഷമിക്കുന്ന ഫാദർ കോവിഡ് പോസിറ്റീവ് ആയതിനാൽ ആണ്. അതുകൊണ്ട് രണ്ടാഴ്ചത്തേക്ക് ഹോളി ഫാമിലി ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇപ്പോൾ ഓർക്കേണ്ട ഒരു കാര്യം UAPA വളരെ സങ്കീർണ്ണമായ ഒരു നിയമമാണ്. ജാമ്യം കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.

ഭീമ കൊറേഗാവ് കേസിൽ കുറ്റാരോപിതയായവരിൽ അറിയപ്പെടുന്ന ഒരു ആക്ടിവിസ്റ്റും തൊഴിലാളി യൂണിയൻ അഭിഭാഷകയും തന്റെ ജീവിതത്തിലെ ഭൂരിഭാഗവും ഛത്തീസ്ഗഡിലെ ആദിവാസികൾക്കിടയിൽ ചിലവഴിച്ചവളുമായ സുധ ഭരദ്ധ്വാജുമുണ്ട്. ഉയർന്ന വിദ്യാഭ്യാസവും കണ്മുന്നിൽ നേടാൻ ഒരു ലോകവും ഉണ്ടായിരുന്നിട്ടും ആദിവാസികൾക്ക് ഇടയിലെ താമസവും അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി പൊരുതുന്നതും അവർ തീരഞ്ഞെടുത്തു. ഇവരും ഭീമ കൊറേഗാവ് കേസിന്റെ ഗൂഡാലോചനയിൽ പങ്കെടുത്തെന്ന കുറ്റം ആരോപിക്കപ്പെട്ടവൾ ആണ്‌.

ഞാൻ ഒന്ന് പറഞ്ഞോട്ടെ, ഈ കേസിലെ തെളിവുകളെന്നു പറയുന്നത് വളരെ ദുർബലമാണ്. തർക്കവിഷയമായതാണ്. ഇത് ഞാൻ പറയുന്നതല്ല, കുറ്റാരോപിതരായവരുടെ കമ്പ്യൂട്ടർ ഫയലുകൾ മാറ്റംവരുത്തിയതായും കൂട്ടിച്ചേർത്തതായുമൊക്കെ വിശ്വാസയോഗ്യമായ ഗ്ലോബൽ റിപ്പോർട്ടുകളുണ്ട്. കേസിന്റെ നൂലാമാലകളിലേക്കൊന്നും പോവാൻ ഞാനിപ്പോൾ ഉദ്ദേശിക്കുന്നില്ല. ജഡ്ജിമാർ ഈ കേസ് പരിഗണിച്ചുകൊണ്ടിരിക്കുന്നുണ്ട്, അവർ നന്നായിത്തന്നെ ഈ കേസ് പരിഗണിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. പക്ഷെ കഴിഞ്ഞ കുറെ മാസങ്ങൾ ജയിലിൽ കഴിഞ്ഞതിനു ശേഷം ഇപ്പോൾ ഹോസ്പിറ്റലിലേക്ക് മാറ്റപ്പെട്ട ഫാ. സ്റ്റാൻ സ്വാമിക്ക് വേണ്ടി ഞാൻ സംസാരിക്കും.

ഞാൻ പറഞ്ഞത് പോലെ അദ്ദേഹം 84 വയസ്സുള്ള ആളാണ്. അദ്ദേഹത്തിന് പാർക്കിൻസൺസ് രോഗമുള്ളതുകൊണ്ട് തനിയെ നടക്കാനോ മറ്റുള്ളവരുടെ സഹായമില്ലാതെ ഭക്ഷണം കഴിക്കാനോ സാധ്യമല്ല. എന്നിട്ടും ഒരു സ്ട്രോ സിപ്പറിനു വേണ്ടി ജയിലിൽ ആഴ്ചകളോളം കാത്തിരിക്കേണ്ടി വന്നു. അദ്ദേഹത്തിന് ഒരു സ്ട്രോ സിപ്പർ വേണമായിരുന്നു. പക്ഷെ ജയിൽ അധികൃതർ അത് നിരസിച്ചു. ഒരു മാസത്തിലധികം വേണ്ടിവന്നു ആ ആവശ്യം നടന്നുകിട്ടാൻ. ഈ രാജ്യത്തിലെ കുറ്റവാളികൾക്ക് ലഭിക്കുന്ന നീതിന്യായവ്യവസ്ഥയെ പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ. നിങ്ങൾ ഒരു വി വി ഐ പി യോ രാഷ്ട്രീയക്കാരനോ ഉയർന്ന നിലയിലുള്ള വ്യവസായിയോ ഒക്കെ ആയിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിലായാൽ അടുത്ത ദിവസം തന്നെ സൗകര്യപ്രദമായ ഒരു ഹോസ്പിറ്റൽ ബെഡിലേക്കൊ ഗസ്റ്റ് ഹൗസിലെക്കൊ മാറ്റിയെന്നു വരും. പക്ഷെ ഫാദർ സ്റ്റാൻ സ്വാമിക്ക് ഒരു സ്ട്രോ സിപ്പര്‍ പ്പോലും നിഷേധിക്കപ്പെടുന്നു. എന്തെന്നാൽ ഞാൻ പറഞ്ഞതു പോലെ ഫാ. സ്റ്റാൻ സ്വാമി ഒരു തീവ്രവാദിയാണ് ഈ ഗവൺമെന്റിന്.

എന്തുകൊണ്ടാണ് ഫാ. സ്റ്റാനോട് ഈ വിധത്തിൽ പെരുമാറുന്നത് ? ഞാൻ പറയാം എന്തുകൊണ്ടാണെന്ന്.

ഫാ. സ്റ്റാൻ സ്വാമിയെപ്പോലെ ഒരു ജീവിതകാലം മുഴുവൻ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടി അവരുടെയിടയിൽ ചെലവഴിക്കുമ്പോൾ, പ്രത്യേകിച്ച് ജാർഖണ്ഡിൽ , ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടിന്റെ ദുരന്തമെന്തെന്നാൽ എപ്പോൾ നിങ്ങൾ പാവങ്ങളിൽ പാവങ്ങളായ ആദിവാസികൾക്കൊപ്പം നടക്കാൻ ആരംഭിക്കുന്നോ അപ്പോൾ നിങ്ങൾ ഒരു മാവോയിസ്റ്റ് ആയി മുദ്ര കുത്തപ്പെടുന്നു. ഏതെങ്കിലും ഒരു ടെലിവിഷൻ പരിപാടിയിൽ ആദിവാസികളുടെ മനുഷ്യാവകാശത്തിന് വേണ്ടി സംസാരിച്ചാൽ നിങ്ങളെ ഒരു നക്സലൈറ്റായി രാക്ഷസവൽക്കരിക്കും. ഇതാണ് ഇപ്പോൾ നമുക്ക് ചുറ്റും നടക്കുന്നത്.

ആദിവാസികൾക്ക് വേണ്ടി സംസാരിച്ച ഫാ. സ്റ്റാൻ സ്വാമി അങ്ങനെ മാവോയിസ്റ്റായി മുദ്ര കുത്തപെട്ടു. സ്റ്റാൻ ഒരു ഇടതുപക്ഷ അനുഭാവിയാണ്. പക്ഷെ ഞാൻ അദ്ദേഹത്തിൽ കാണുന്നത് ഒരു മനുഷ്യ സ്നേഹിയെയാണ്. ഇടതുമല്ല വലതുമല്ല, പാവങ്ങൾക്കിടയിൽ സേവനം ചെയ്യുന്ന ഒരാൾ.

ജാർഖണ്ഡ് ഗവണ്മെന്റ് പോലും ആദിവാസികൾക്ക് ഭൂമി അവകാശമായി കിട്ടാൻ വേണ്ടി ഫാ. സ്റ്റാൻ സ്വാമി ചെയ്ത കാര്യങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷെ ഇൻഡ്യൻ ഗവണ്മെന്റിന് ഫാ. സ്റ്റാൻ സ്വാമി ഇപ്പോഴും UAPA പ്രകാരം ജയിലിൽ കിടക്കേണ്ട തീവ്രവാദിയാണ്.

ഫാ. സ്റ്റാൻ സ്വാമി അനുഭവിക്കേണ്ടി വരുന്ന വേറൊരു തരം പേടിപ്പെടുത്തുന്ന പൈശാചികത കൂടി ഇന്നത്തെ ഇന്ത്യയിലുണ്ട്. അദ്ദേഹം ഒരു ജെസ്യൂട്ട് പുരോഹിതനാണ്. ഇനി, നമ്മൾ ജീവിക്കുന്ന ഈ വിഷമയമായ വിഭാഗീയചിന്തയുള്ള ലോകത്ത്, ആദിവാസികൾക്കിടയിൽ സേവനം ചെയ്യുന്ന ഒരു ജെസ്യൂട്ട് പുരോഹിതൻ. ഒരു മാവോയിസ്റ്റ് മാത്രമല്ല, ആദിവാസിസമൂഹത്തെ അനധികൃതമായി മതം മാറ്റം ചെയ്യുന്നതിന് അദ്ദേഹം കുറ്റക്കാനാണെന്നും ശിക്ഷിക്കപ്പെടേണ്ടവനാണെന്നും കൂടെ വരുന്നു. ഹിന്ദുത്വ പ്രത്യയ ശാസ്ത്രങ്ങൾക്ക് കത്തോലിക്കാ പുരോഹിതൻ എന്ന് പറഞ്ഞാൽ ശത്രുവിനെപ്പോലെയാണ്. അനധികൃത മതംമാറ്റത്തിനു പാഠം പഠിപ്പിക്കേണ്ടവരെപ്പൊലെ.

1999ൽ ഒറീസയിലെ കാണ്ടമാലിൽ ആൺമക്കളോടൊപ്പം ചുട്ടെരിച്ചു കൊന്ന ഗ്രഹാം സ്റ്റെയിൻസിനെ ഓർമ്മയില്ലേ? കുറ്റവാളി ധാരാസിംഗ് എന്ന് പേരുള്ള ഒരു ബജ്‌രംഗ്‌ദൾ പ്രവർത്തകൻ ആയിരുന്നു. എന്റെ സുഹ്രുത്തുക്കളെ, ഇന്ന് ഇതുപോലുള്ള ധാരാസിംഗുമാർക്ക് ഈ ലോകത്തിൽ കൊല്ലാനുള്ള ലൈസൻസ് ഉണ്ട്. കാരണം അവർക്ക് ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടുകളിൽ നിന്ന് അതിനുള്ള ശക്തി ലഭിക്കുന്നു. ഇനി നിങ്ങളെ ചുട്ടെരിച്ചു കൊല്ലാൻ പറ്റുന്നില്ലെങ്കിൽ അടുത്ത നല്ല മാർഗ്ഗം നിങ്ങളെ ദേശദ്രോഹിയായി മുദ്ര കുത്തി ജയിലിൽ അടയ്ക്കുക എന്നതാണ്.

ഇതെല്ലാം പറയുമ്പോൾ ഞാൻ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് ഫാദർ സ്റ്റാൻ സ്വാമിയെ വ്യക്തിപരമായി അറിയില്ല. പക്ഷെ ഫാദറിനെ നേരിട്ട് അറിയുന്ന ഒരുപാട് പേരെ അറിയാം. നിങ്ങൾക്കറിയാമോ, സിറ്റിയിൽ പഠിച്ചു വളർന്ന ഒരുപാട് യോഗ്യരായ ഇൻഡ്യാക്കാരെപ്പോലെ ഞാനും ഒരു ജസ്യൂട്ട് സ്‌കൂളിലാണ് പഠിച്ചത്. ഈ രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ പലതും ജെസ്യൂട്ട് വൈദികർ ഉണ്ടാക്കിയതാണ്. അവിടെ പഠിക്കാൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ. അവർക്ക് ഫാദർ സ്റ്റാനിനെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും അറിയാം. കാടുകളിൽ പോയി ഭൂമിയുടെ അവകാശങ്ങൾക്കു വേണ്ടി അഹിംസാ മാർഗ്ഗത്തിൽ പൊരുതുന്നതിനു മുൻപ് വളരെയധികം വർഷങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തനമേഖല പാണ്ഡിത്യം വെളിവാക്കുന്നതായിരുന്നു. ഒരാൾ എന്നോട് പറഞ്ഞു “രാജ്ദീപ്, ഇത്ര മൃദുഭാഷിയായ, തൻ്റെ ശരീരത്തിൽ അക്രമത്തിന്റേതായ ഒരു ലാഞ്ചന പോലും ഇല്ലാത്ത ഒരു മനുഷ്യനെ നിങ്ങൾക്ക് വേറെ എങ്ങും കാണാൻ കഴിയില്ല. ഇങ്ങനെ ഉള്ള ഒരാൾക്ക് തീവ്രവാദി ആകാൻ കഴിയുമോ? ” എനിക്ക് പെട്ടെന്ന് ഒരു ഉത്തരം പറയാൻ കഴിഞ്ഞില്ല. കാരണം സത്യം അപകടം ആകുന്ന ഒരു ലോകത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്.

ഭരണത്തെ ചോദ്യം ചെയ്‌താൽ നമ്മളെ ദേശദ്രോഹിയും ശത്രുക്കളും ആക്കുന്ന വിധത്തിൽ പ്രചാരണം നടക്കും. ഞാൻ പറഞ്ഞത് പോലെ ഇൻഡ്യയിലെ പല മികച്ച ഇൻസ്റ്റിട്യൂട്ടുകളും നടത്തുന്നത് ജെസ്യൂട്ട്‌ വൈദികരാണ്. ഇൻഡ്യയിലെ പല പ്രഗത്ഭരായ ആളുകളും പഠിച്ചു വന്നത് ഈ സ്‌കൂളുകളിൽ നിന്നാണ്. അതിൽ IPS ഓഫീസർമാരുണ്ട്, രാഷ്ട്രീയ പ്രവർത്തകരുണ്ട്, മന്ത്രിമാരുണ്ട്. പക്ഷെ അവർ ആരും ഫാദർ സ്റ്റാൻ സ്വാമിക്കു വേണ്ടി സംസാരിക്കില്ല. അത് പേടി കൊണ്ടാകാം. സത്യം പറഞ്ഞാൽ ഇന്നത്തെ കാലത്തു ഉണ്ടാകുന്ന അസൗകര്യങ്ങളെക്കൊണ്ടാകാം. അതൊക്കെ കൊണ്ട്, ഇപ്പോൾ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യം, ശരിയായി ചിന്തിക്കുന്ന എല്ലാ പൗരന്മാരും അവരുടെ മനസാക്ഷിയോട് ചോദിക്കട്ടെ. നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കൂ. തൻ്റെ ജീവിതകാലം ആദിവാസികളുടെ അവകാശങ്ങൾക്കു വേണ്ടി ഉഴിഞ്ഞുവെച്ച 84 വയസുള്ള ഈ വൈദികനെ തീവ്രവാദിയെന്ന പോലെ ജയിലിൽ ഇട്ടതും ജാമ്യം കൊടുക്കാതിരുന്നതും ഇപ്പോൾ കോവിഡ് പോസിറ്റീവ് ആയതു കൊണ്ട് മാത്രം ആശുപത്രിയിൽ ആക്കിയതും എല്ലാം ന്യായമാണോ? ഇതിലും നല്ല പെരുമാറ്റം അദ്ദേഹം അർഹിക്കുന്നില്ലേ?

എന്തുകൊണ്ടാണ് ഫാ. സ്റ്റാൻ സ്വാമിയുടെ കേസ് പ്രാധാന്യം അർഹിക്കുന്നതെന്നറിയാമോ? അദ്ദേഹത്തെ പോലെ ഒരാൾ തീവ്രവാദിയെന്നു മുദ്ര കുത്തപ്പെടുമ്പോൾ, സുധ ഭരധ്വാജിനെ പോലെ ഒരാളുടെ കാര്യം ഇങ്ങനെ ആകുമ്പോൾ ഭാവിയിൽ ആരാണ് ആദിവാസികളുടെ അവകാശങ്ങൾക്കു വേണ്ടി, അവരുടെ ഭൂമിക്കുവേണ്ടി ഒക്കെ ശബ്ദമുയർത്താൻ പോകുന്നത് ?

ഫാദർ സ്റ്റാൻ സ്വാമി ജയിലിൽ വെച്ചു എഴുതിയ ഒരു കവിതയുടെ കുറച്ചു വരികൾ പങ്കുവെച്ചുകൊണ്ട് അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

‘പ്രകാശം അന്ധകാരത്തെ കീഴടക്കുന്നു. നിരാശ പ്രത്യാശയ്ക്കു വഴി മാറുന്നു. വെറുപ്പിന് മേൽ സ്നേഹം വിജയം വരിക്കുന്നു. ഇതാണ് ഉത്ഥിതനായ യേശുവിന്റെ സന്ദേശം. പക്ഷെ അവസാനം വരെ ഞങ്ങൾ പോരാടും. ഞങ്ങളുടെ തൊലിപ്പുറം സംരക്ഷിക്കാനല്ല, അധികാരത്തോട് സത്യം സംസാരിക്കാൻ. നിങ്ങളെയെല്ലാം ഞങ്ങടെ കൂടെ തന്നെ കണ്ടു കൊണ്ട് മനസ്സിലും ഹൃദയത്തിലും… ആമേൻ

ഫാ. സ്റ്റാൻ സ്വാമിയെപ്പറ്റിയുള്ള ഈ ചിന്തകൾ നിങ്ങൾക്ക് തന്ന് കൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു. തുടക്കത്തിൽ ചോദിച്ച ചോദ്യം ഞാൻ ആവർത്തിക്കുന്നു, ഈ മനുഷ്യൻ യഥാർത്ഥത്തിൽ തീവ്രവാദി ആണോ? ചിന്തിക്കൂ…”

വിവർത്തനം: ജിൽസാ ജോയ്.

Advertisements
Advertisements

One thought on “ഈ മനുഷ്യൻ ഒരു തീവ്രവാദി ആയിരുന്നോ?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s