So throw your life into his his hands..
Day by day discern his plans..
God is passionately busy loving you and me…
ഈ പാട്ട് കേട്ടിട്ടുണ്ടോ? ‘God still loves the world’ എന്ന Hymn ലെ ഇടക്കുള്ള വരികൾ ആണേ.
ഒരാൾ നമ്മളെ ഗാഡമായി, തീക്ഷ്ണമായി സ്നേഹിച്ചുകൊണ്ടിരിക്കുന്നു, നമ്മുടെ സ്നേഹം കൊതിക്കുന്നു, നമ്മെ കാണുമ്പോഴൊക്കെ ഉള്ളം തുടിച്ച് ആലിംഗനത്തിനായി വെമ്പുന്നു. പക്ഷേ ആ സ്നേഹം നമ്മൾ തിരിച്ചറിഞ്ഞില്ലെങ്കിൽ?
നമുക്ക് ചെവിക്ക് കേൾവിയില്ലെന്ന് വിചാരിക്കുക. മറ്റുള്ളവർ പാട്ടിനൊത്ത് ശരീരം ഇളക്കുമ്പോൾ, കയ്യും കാലും ഉയർത്തുമ്പോൾ അവർക്കൊക്കെ വട്ടാണെന്നാവും നമ്മുടെ മനസ്സിൽ. പക്ഷേ പെട്ടെന്നൊരു ദിവസം കേൾവിശക്തി കിട്ടിയാലോ? പാട്ട് കേട്ട് നമ്മളും അവരോടൊത്ത് കളിച്ചെന്ന് വരും. ഇതുതന്നെയാണ് ദൈവത്തിന്റെ സ്നേഹം ശരിയായി നമ്മൾ അറിയുന്ന വരെ സംഭവിക്കുന്നത്. നമ്മൾ അറിയുന്നില്ലെന്ന് വെച്ച് ദൈവം സ്നേഹിക്കാതിരിക്കുന്നില്ല.
നമ്മുടെ ഹൃദയത്തിലേക്ക് കാര്യമായൊന്നു നോക്കിയാൽ പോരെ ഈ lover നെ കണ്ടുമുട്ടാൻ? നമ്മൾ നോക്കുന്നതും നോക്കി അവിടിരിപ്പുണ്ട്. നമുക്ക് നല്ല ഇഷ്ടമുള്ള ആരേലും നമ്മളെ hurt ചെയ്താൽ ആ മുറിവിന് ആഴം കൂടുതലായിരിക്കും മാത്രല്ല ആ സങ്കടം പറഞ്ഞു തീർത്തിട്ടെ നമ്മൾ അവരോട് പിന്നെ എന്തേലും deal ചെയ്യൂ. അല്ലേ? പക്ഷേ അവനെ എത്ര വേദനിപ്പിച്ചാലും നമ്മൾ തിരിച്ചു ചെല്ലുമ്പോൾ ഈ lover പുറം തിരിഞ്ഞു നിൽക്കുന്നില്ല. നമ്മുടെ പാപങ്ങൾക്ക് കണക്ക് വെച്ചിരുന്നു കുറ്റപ്പെടുത്തുന്നില്ല, പകരം ഏറെ സ്നേഹത്തോടെ ചേർത്തണക്കും. ആ സമാഗമം ഉണ്ടായാൽ, ഈശോയുടെ സ്നേഹം തിരിച്ചറിഞ്ഞാൽ, നമ്മളും അതുവരെ നമ്മൾ കേൾക്കാതിരുന്ന ആ പാട്ടിനൊപ്പം ആർത്തുപാടി നൃത്തം ചെയ്യും. ചുണ്ടിൽ പിന്നെ എപ്പോഴും പുഞ്ചിരിയുണ്ടാവും.
പക്ഷേ നമ്മുടെ വ്യഗ്രതകളിൽ നിന്ന് ഒന്ന് അവധിയെടുത്ത്, ചെവിയോർക്കണം, പാട്ട് കേൾക്കണം… എങ്കിലേ പറ്റുവൊള്ളൂ.
നമ്മളെയൊക്കെ ഇത്ര സ്നേഹിക്കുമോ ദൈവം എന്നാണോ? ഒന്നാമത് ദൈവത്തിന്റെ വഴികൾ നമ്മുടേത് പോലെയല്ല. മനുഷ്യർ കാണുന്നതല്ലേ ഈശോ കാണുന്നത്. ബേദ്ലഹേം ജറുസലേമിനടുത്തുള്ള ഒരു കൊച്ചൂപട്ടണമായിരുന്നു. മേരി, നസ്രത്തിൽ നിന്നുള്ള ഒരു ഗ്രാമീണ പെൺകൊടി. എലിസബത്ത്, യൂദയാ മലമ്പ്രദേശത്തെ ഒരു വൃദ്ധ. ലോകത്തിന്റെ കണ്ണിൽ അത്ര വലുപ്പമോ പ്രത്യേകതയോ ഒന്നുമില്ലാത്തവരെ ദൈവം തിരഞ്ഞെടുത്ത് ഉയർത്തി. വലിയ ജോലികൾക്കു വേണ്ടി ആവണമെന്നുമില്ല നമ്മെ അവൻ വിളിച്ചത്. അവന്റെ സ്നേഹഭാജനമാക്കാനാണ്, ബാക്കി വഴിയേ. നമുക്ക് ഈ ലോകത്തിൽ അവന്റെ സഹായം കൂടിയേ തീരൂ എന്നവനറിയാം. അതിനായി നമ്മളോട് ഗാഡമായ സ്നേഹത്തിലായി, നമ്മുടെ വഞ്ചി ആടിയുലയുമ്പോഴും നമ്മെ ധൈര്യപ്പെടുത്താനായി നമ്മോട് കൂടെ വസിക്കാൻ അവൻ ആഗ്രഹിക്കുന്നു.
പരിശുദ്ധ അമ്മയുടെ അനുവാദത്തിനായി കാത്തുനിന്ന പോലെ അവൻ നമ്മുടെ മറുപടിക്കായി കാത്തുനിൽക്കുന്നു. നമ്മൾ അവനെ ശ്രദ്ധിക്കുന്നില്ലെങ്കിൽ അവൻ വിഷമത്തോടെ കാത്തുനിൽപ്പ് തുടരുന്നു. ‘ഇതാ, ഒരാൾ കൂടി ഈലോകജീവിതത്തിലെ ദുർഘട വഴികൾ ഒറ്റക്ക് താണ്ടാമെന്ന് വിചാരിച്ച് അവസരവും സന്തോഷവും നഷ്ടപ്പെടുത്തുന്നു ‘ എന്നവൻ സങ്കടത്തോടെ വിചാരിക്കും.
പറയാം നമുക്കവനോട്, ‘ ദൈവമേ ഞങ്ങളുടെ ഉത്സവങ്ങളെക്കാളും ദഹനബലിയേക്കാളും സമാധാനബലിയേക്കാളുമൊക്കെ (ആമോസ് 5:21-22) നീ തിരയുന്നത് ആത്മാവിലും സത്യത്തിലും നിന്നെ ആരാധിക്കുന്നവരെയാണല്ലോ. ഞാൻ എന്നെ തുറക്കുന്നു നിന്നിലേക്ക്, അങ്ങയുടെ വചനം ശ്രവിക്കാനായി ‘. ഹൃദയം അവനിൽ അർപ്പിക്കാതെ, അവൻ മൂലം ഹൃദയം കത്താതെ, പള്ളിയിൽ പോയിട്ട്, ക്രിസ്മസ് ആഘോഷങ്ങൾ കുറേ കൂടിയിട്ട് എന്ത് കാര്യം?
ലോകത്തിന്റെതായ പോർവിളികൾക്കും ന്യായീകരണങ്ങൾക്കും മതിമറന്ന ആഹ്ലാദങ്ങൾക്കും സുല്ലിട്ട്, നമ്മുടെ ഉള്ളിൽ വസിക്കുന്ന ദൈവത്തിലേക്ക് ആത്മാവിൽ തിരിയാം.അല്ലേ? കണ്ണുകളും ചെവികളും തുറക്കാം. ഹൃദയം കഠിനമാക്കാതിരിക്കാം. അപ്പോൾ ഏലിയാ കേട്ടതുപോലെ അവൻ നമ്മോട് സംസാരിക്കുന്നത് (1 രാജാ 19:12) നമുക്ക് കേൾക്കാം. ഈ ക്രിസ്മസ്ന് എങ്കിലും നമ്മുടെയെല്ലാം lover നെ ശരിക്കും സന്തോഷിപ്പിച്ച്, അവന്റെ ജനനം നമ്മുടെ ആത്മാവിലും പുൽക്കൂടുകളിലും കണ്ട്, ‘ഭൂമിയിലെ സന്മനസ്സുള്ളവരുടെ സമാധാനം’ നുകരാം.
ജീവിതത്തിൽ പിന്നെയും പ്രശ്നങ്ങളും കഷ്ടപ്പാടും ഉണ്ടാവും. പരിശുദ്ധ അമ്മയുടെ സമ്മതം നൽകലിന് ശേഷവും ഒന്നും എളുപ്പമായിരുന്നില്ല. പക്ഷേ അവൻ നമ്മുടെ വലതുകരം പിടിച്ചാൽ പിന്നെന്ത് നോക്കാൻ. സമാധാനം നഷ്ടപ്പെടുത്താതെ തന്നെ എല്ലാം മറികടക്കാം. അവനാണ് നമ്മുടെ ബലവും ഗാനവും. വീഴുമ്പോൾ എഴുന്നേൽപ്പിക്കുന്നവനും.
ക്രിസ്മസിന് മുൻപുള്ള ഈ വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ, കുമ്പസാരിച്ച്, ഹൃദയമൊരുക്കാനുള്ള എല്ലാം ചെയ്ത്, അവനിലേക്ക് മടങ്ങി പോവാം. ഉണ്ണി നമ്മുടെ ഹൃദയത്തിൽ പിറക്കാതെ പുൽക്കൂട്ടിൽ പിറന്നിട്ട് എന്ത് കാര്യം…ജീവിതവ്യഗ്രതകളിൽ മുഴുകി, നമ്മെ നോക്കി നിൽക്കുന്ന അവനെ മറക്കാതെ, ചുറ്റും നടക്കുന്നത് തിരിച്ചറിയാം… അവനിലേക്ക് നടന്നടുക്കാം…
God, Here we are . We are coming to do your will..To celebrate your birth…
ജിൽസ ജോയ്
