ന്യായാധിപന്മാർ, അദ്ധ്യായം 5
ദബോറയുടെ കീര്‍ത്തനം
1 അന്നു ദബോറായും അബിനോവാമിന്റെ പുത്രന് ബാറക്കും ഇങ്ങനെ പാടി:2 നേതാക്കന്മാര് ഇസ്രായേലിനെ നയിച്ചതിനും ജനം സന്തോഷത്തോടെ തങ്ങളെത്തന്നെ സമര്‍പ്പിച്ചതിനും കര്‍ത്താവിനെ വാഴ്ത്തുവിന്‍.3 രാജാക്കന്മാരേ, കേള്‍ക്കുവിന്‍. പ്രഭുക്കന്മാരേ, ശ്രദ്ധിക്കുവിന്‍. കര്‍ത്താവിനു ഞാന്‍ കീര്‍ത്തനം പാടും. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ ഞാന്‍ പാടിപ്പുകഴ്ത്തും.4 കര്‍ത്താവേ, അങ്ങു സെയിറില്‍നിന്നു പുറപ്പെട്ടപ്പോള്‍, ഏദോം പ്രദേശത്തുനിന്നു മുന്‍പോട്ടു നീങ്ങിയപ്പോള്‍ ഭൂമി കുലുങ്ങി;5 ആകാശമേഘങ്ങള്‍ ജലം വര്‍ഷിച്ചു. പര്‍വതങ്ങള്‍ കര്‍ത്തൃസന്നിധിയില്‍ വിറപൂണ്ടു. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ സന്നിധിയില്‍ സീനായ്മല കുലുങ്ങി.6 അനാത്തിന്റെ മകന് ഷംഗാറിന്റെ കാലത്തും ജായേലിന്റെ കാലത്തും സഞ്ചാരികളുടെ പോക്കു നിലച്ചു. യാത്രക്കാര്‍ ഊടുവഴികള്‍ തേടി.7 ദബോറാ, നീ ഇസ്രായേലില്‍ മാതാവായിത്തീരുംവരെ അവിടെ കൃഷീവലര്‍ അറ്റുപോയിരുന്നു.8 പുതുദേവന്‍മാരെ പുണര്ന്നപ്പോള്യുദ്ധം കവാടങ്ങളിലെത്തി. ഇസ്രായേലിലെ നാല്പതിനായിരത്തിനിടയില് കുന്തമോ പരിചയോ കാണാനുണ്ടായിരുന്നോ?9 എന്റെ ഹൃദയം ഇസ്രായേലിലെ സേനാപതികളിലേക്കു തിരിയുന്നു. അവര്‍ സസന്തോഷം തങ്ങളെത്തന്നെ ജനങ്ങള്‍ക്കുവേണ്ടി സമര്‍പ്പിച്ചല്ലോ. കര്‍ത്താവിനെ വാഴ്ത്തുവിന്‍.10 ചെങ്കഴുതപ്പുറത്തു സവാരിചെയ്യുന്നവരേ, മേല്‍ത്തരം പരവതാനികളില്‍ ഇരിക്കുന്നവരേ, പാതകളില്‍ നടന്നു നീങ്ങുന്നവരേ, നിങ്ങള്‍ ഇക്കാര്യം ഉദ്ഘോഷിക്കുവിന്‍.11 തേക്കുപാട്ടോടു ചേര്‍ന്ന് അവര്‍ കര്‍ത്താവിന്റെ വിജയം പ്രഘോഷിക്കുന്നു- ഇസ്രായേലിലെ കൃഷീവലന്മാരുടെ വിജയം- കര്‍ത്താവിന്റെ ജനം പട്ടണവാതില്‍ക്കലേക്ക് അണിയണിയായി നീങ്ങി.12 ഉണരൂ, ദബോറാ ഉണരൂ, ഗാനമാലപിക്കൂ. അബിനോവാമിന്റെ മകനായ ബാറക്ക്, എഴുന്നേറ്റ് തടവുകാരെ നയിക്കുക. ശ്രേഷ്ഠന്മാരില് ശേഷിച്ചവര്‍ താഴേക്ക് അണിയണിയായി നീങ്ങി;13 കര്‍ത്താവിന്റെ ജനം ശക്തന്മാര്ക്കെതിരേ അണിയായി ഇറങ്ങിവന്നു.14 ബഞ്ചമിന്, നിന്നെയും നിന്റെ ബന്ധുക്കളെയും അനുഗമിച്ച് അവര്‍ എഫ്രായിമില്‍നിന്നു താഴ്വരയിലേക്കു പുറപ്പെട്ടു. മാഖീറില്‍നിന്ന് സേനാപതികളും സെബുലൂണില്‍നിന്ന് സൈന്യാധിപന്റെ ദണ്ഡു വഹിച്ചവരും താഴേക്ക് അണിയായി നീങ്ങി.15 ഇസാക്കറിന്റെ പ്രഭുക്കന്മാര് ദബോറായോടുകൂടെ വന്നു. ഇസാക്കര്‍ ബാറക്കിനോടു വിശ്വസ്തനായിരുന്നു. അവന്റെ കാലടികളെ പിന്തുടര്ന്ന് അവര്‍ താഴ്വരയിലേക്ക് ഇരമ്പിപ്പാഞ്ഞു. റൂബന്‍ഭവനങ്ങളില്‍ ആഴത്തില്‍ ഹൃദയപരിശോധന നടന്നു.16 ആട്ടിന്‍പറ്റങ്ങളുടെ ഇടയില്‍ അവയ്ക്കുള്ള കുഴല്‍വിളി കേള്‍ക്കാന്‍ നിങ്ങള്‍ തങ്ങിയതെന്ത്? റൂബന്‍ഭവനങ്ങളില്‍ ആഴത്തില്‍ ഹൃദയപരിശോധന നടന്നു.17 ഗിലയാദ് ജോര്‍ദാനപ്പുറം തങ്ങി; ദാന്‍ കപ്പലുകളോടൊപ്പം വസിച്ചതെന്തുകൊണ്ട്? ആഷേര്‍ കടല്‍ത്തീരത്തു നിശ്ചലനായി ഇരുന്നു; തുറമുഖങ്ങളില്‍ താമസമുറപ്പിച്ചു.18 സ്വന്തം ജീവനെ മരണത്തിനേല്പിച്ച ജനമാണ് സെബുലൂണ്‍. യുദ്ധക്കളത്തില്‍ നഫ്താലിയും മരണം വരിച്ചു.19 രാജാക്കന്മാര് വന്നുയുദ്ധം ചെയ്തു; താനാക്കില്‍ മെഗിദ്ദോജലാശയത്തിനരികെ കാനാന്‍ രാജാക്കന്മാര് പ്രത്യാക്രമണം നടത്തി. അവര്‍ക്കു കൊള്ളയടിക്കാന്‍ വെള്ളി കിട്ടിയില്ല.20 ആകാശത്തില്‍ നക്ഷത്രങ്ങള്‍യുദ്ധം ചെയ്തു. സഞ്ചാരപഥങ്ങളില്‍ നിന്നുകൊണ്ട് അവര്‍ സിസേറയ്ക്കെതിരേ പൊരുതി.21 കിഷോന്‍പ്രവാഹം അവരെ ഒഴുക്കിക്കളഞ്ഞു, കുതിച്ചു മുന്നേറുന്ന, കിഷോന് പ്രവാഹം! എന്റെ ആത്മാവേ, ശക്തിയോടെ മുന്നേറുക.22 അപ്പോള്‍ കുതിരക്കുളമ്പുകള്‍ ഉറക്കെപ്പതിച്ചു; അവ കുതിച്ചു കുതിച്ചു പാഞ്ഞു.23 മെറോസിനെ ശപിക്കുക, കര്‍ത്താവിന്റെ ദൂതന് പറയുന്നു; അതിലെ നിവാസികളെ കഠിനമായി ശപിക്കുക. എന്തെന്നാല്‍, അവര്‍ കര്‍ത്താവിന്റെ സഹായത്തിനു വന്നില്ല; ശക്തന്മാര്ക്കെതിരേ കര്‍ത്താവിനെ തുണയ്ക്കാന്‍ അവര്‍ അണിനിരന്നില്ല.24 കേന്യനായ ഹേബേറിന്റെ ഭാര്യ ജായേല്‍ ആകട്ടെ കൂടാരവാസികളില്‍ ഏറ്റം ധന്യ.25 അവന് വെള്ളം ചോദിച്ചു; അവള് പാല് കൊടുത്തു. രാജകീയതാലത്തില്‍ കട്ടത്തൈരും കൊണ്ടുവന്നു.26 അവള് കൂടാരത്തിന്റെ മരയാണി കൈയിലെടുത്തു. വലത്തുകൈയില്‍ വേലക്കാരുടെ ചുറ്റികയും. അവള് സിസേറയെ ആഞ്ഞടിച്ചു, അവന്റെ തല തകര്‍ത്തു. അവള് അവന്റെ ചെന്നി കുത്തിത്തുളച്ചു.27 അവന് നിലം പതിച്ചു, അവളുടെ കാല്ക്കല് നിശ്ചലനായിക്കിടന്നു; അവളുടെ കാല്ക്കല് അവന് വീണു; അവിടെത്തന്നെ മരിച്ചുവീണു.28 സിസേറയുടെ അമ്മ കിളിവാതിലിലൂടെ എത്തിനോക്കി ജാലകത്തിലൂടെ വിളിച്ചു പറഞ്ഞു: അവന്റെ രഥം വൈകുന്നതെന്തുകൊണ്ട്? രഥക്കുതിരകളുടെ കുളമ്പടി വൈകുന്നതെന്തുകൊണ്ട്?29 അവളുടെ ജ്ഞാനവതികളായ സഖികള്‍ ഉത്തരം പറഞ്ഞു, അല്ല അവള് തന്നത്താന്‍ പറഞ്ഞു:30 അവന് കൊള്ള തിട്ടപ്പെടുത്തുകയും പങ്കുവയ്ക്കുകയും അല്ലേ? ഓരോരുത്തനും ഒന്നോ രണ്ടോ കന്യകമാരെ വീതം. സിസേറയ്ക്ക് നിറപ്പകിട്ടാര്‍ന്ന ചിത്രപ്പണി ചെയ്ത വസ്ത്രങ്ങള്‍; എനിക്കു തോളിലണിയാന്‍ നിറപ്പകിട്ടാര്‍ന്ന് ചിത്രപ്പണി ചെയ്ത രണ്ടു വസ്ത്രങ്ങള്‍!31 കര്‍ത്താവേ, നിന്റെ ശത്രുക്കള്‍ അങ്ങനെ നശിക്കുന്നു. എന്നാല്‍, നിന്റെ സ്നേഹിതര്‍ ശക്തിയുള്ള ഉദയസൂര്യനെപ്പോലെയാകട്ടെ! തുടര്‍ന്ന് നാല്പതുവര്ഷം രാജ്യത്തു ശാന്തിനിലനിന്നു.
The Book of Judges | ന്യായാധിപന്മാർ | Malayalam Bible | POC Translation

