The Book of Judges, Chapter 9 | ന്യായാധിപന്മാർ, അദ്ധ്യായം 9 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 9

അബിമെലക്ക്

1 ജറുബ്ബാലിന്റെ പുത്രനായ അബിമെലക്ക് ഷെക്കെമില്‍ച്ചെന്ന് തന്റെ അമ്മയുടെ ബന്ധുക്കളോടും വംശക്കാരോടും പറഞ്ഞു:2 നിങ്ങള്‍ ഷെക്കെംപൗരന്‍മാരോട് രഹസ്യമായി ചോദിക്കുവിന്‍: ജറൂബ്ബാലിന്റെ എഴുപത് പുത്രന്‍മാരുംകൂടി നിങ്ങളെ ഭരിക്കുന്നതോ ഒരാള്‍ മാത്രം നിങ്ങളെ ഭരിക്കുന്നതോ ഏതാണ് നിങ്ങള്‍ക്ക് നല്ലത്? ഞാന്‍ നിങ്ങളുടെ അസ്ഥിയും മാംസവും ആണെന്നും ഓര്‍ത്തുകൊള്ളുവിന്‍.3 അവന്റെ അമ്മയുടെ ബന്ധുക്കള്‍ അബിമെലക്കിനുവേണ്ടി ഇക്കാര്യം ഷെക്കെംനിവാസികളോട് രഹസ്യമായി പറഞ്ഞു: അവരുടെഹൃദയം അബിമെലക്കിങ്കലേക്കു ചാഞ്ഞു. അവന്‍ നമ്മുടെ സഹോദരനാണല്ലോ എന്ന് അവര്‍ പറഞ്ഞു.4 ബാല്‍ബെറീത്തിന്റെ ക്‌ഷേത്രത്തില്‍ നിന്ന് എഴുപതു വെള്ളിനാണയം എടുത്ത് അവര്‍ അബിമെലക്കിന് കൊടുത്തു.5 അവന്‍ കുറെചട്ടമ്പികളെ തന്റെ അനുയായികളാക്കി. അവന്‍ ഓഫ്രായില്‍ തന്റെ പിതൃഭവനത്തിലേക്കു പോയി. സ്വന്തം സഹോദരന്‍മാരും ജറുബ്ബാലിന്റെ മക്കളുമായ എഴുപതുപേരെയും ഒരേകല്ലില്‍വച്ച് കൊന്നു. എന്നാല്‍, ജറുബ്ബാലിന്റെ ഇളയ പുത്രന്‍ യോത്താം ഒളിച്ചിരുന്നതുകൊണ്ട് രക്ഷപെട്ടു.6 ഷെക്കെമിലെയും ബത്മില്ലോയിലെയും എല്ലാ പൗരന്‍മാരും ഒന്നിച്ചുകൂടി.ഷെക്കെമിലെ സ്തംഭത്തോടു ചേര്‍ന്നുള്ള ഓക്കുമരത്തിന്റെ സമീപം വച്ച് അബിമെലക്കിനെ രാജാവായി വാഴിച്ചു.7 യോത്താം ഇതറിഞ്ഞു ഗരിസിംമലയുടെ മുകളില്‍ കയറിനിന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ഷെക്കെം നിവാസികളേ, ദൈവം നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കേണ്ടതിന് ഞാന്‍ പറയുന്നത് ശ്രദ്ധിക്കുവിന്‍.8 ഒരിക്കല്‍ വൃക്ഷങ്ങള്‍ തങ്ങള്‍ക്കൊരു രാജാവിനെ അഭിഷേകം ചെയ്യാന്‍ തീരുമാനിച്ചു. ഞങ്ങളുടെമേല്‍ വാഴുകയെന്ന് അവര്‍ ഒലിവുമരത്തോടു പറഞ്ഞു.9 ഒലിവുമരം അവരോടു പറഞ്ഞു: ദേവന്‍മാരെയും മനുഷ്യരെയും ഒന്നുപോലെ ബഹുമാന്യരാക്കുന്ന എന്റെ എണ്ണ മറന്ന് വൃക്ഷങ്ങളുടെമേല്‍ വാഴുവാന്‍ ഞാന്‍ പോകണമെന്നോ?10 വൃക്ഷങ്ങള്‍ അത്തിമരത്തോടു പറഞ്ഞു:11 നീ വന്ന് ഞങ്ങളെ ഭരിക്കുക. അത്തിമരം അവരോട് പറഞ്ഞു: രുചിയേറിയ എന്റെ പഴം ഉപേക്ഷിച്ച് ഞാന്‍ വൃക്ഷങ്ങളുടെമേല്‍ വാഴുവാന്‍ പോകണമെന്നോ?12 അപ്പോള്‍ അവ മുന്തിരിയോടു പറഞ്ഞു: നീ വന്ന് ഞങ്ങളുടെമേല്‍ വാഴുക.13 എന്നാല്‍, മുന്തിരി പറഞ്ഞു: ദേവന്‍മാരെയും മനുഷ്യരെയും സന്തോഷിപ്പിക്കുന്ന എന്റെ വീഞ്ഞ് ഉപേക്ഷിച്ച് വൃക്ഷങ്ങളുടെമേല്‍ വാഴുവാന്‍ ഞാന്‍ വരണമെന്നോ?14 അപ്പോള്‍, വൃക്ഷങ്ങളെല്ലാം ഒന്നുചേര്‍ന്ന് മുള്‍പ്പടര്‍പ്പിനോടു പറഞ്ഞു: ഞങ്ങളുടെമേല്‍ വാഴുക. മുള്‍പ്പടര്‍പ്പ് പറഞ്ഞു:15 നിങ്ങളെന്നെ നല്ല മനസ്‌സോടെയാണ് അഭിഷേകംചെയ്യുന്നതെങ്കില്‍ എന്റെ തണലില്‍ അഭയംതേടുവിന്‍. അല്ലാത്തപക്ഷം മുള്‍പ്പടര്‍പ്പില്‍നിന്നു തീ ഇറങ്ങി ലെബനോനിലെ ദേവദാരുക്കളെ നശിപ്പിക്കട്ടെ!16 നിങ്ങള്‍ പരമാര്‍ഥഹൃദയത്തോടെയാണോ അബിമെലക്കിനെ രാജാവാക്കുന്നത്? ജറുബ്ബാലിനോടും ഭവനത്തോടും അവന്റെ പ്രവൃത്തികള്‍ അര്‍ഹിക്കുന്ന വിധമാണോ നിങ്ങള്‍ പെരുമാറുന്നത്?17 എന്റെ പിതാവ് നിങ്ങള്‍ക്കുവേണ്ടി പോരാടി; ജീവനെ തൃണവദ്ഗണിച്ച് മിദിയാന്‍കാരുടെകൈയില്‍നിന്നു നിങ്ങളെ വീണ്ടെടുത്തു.18 ഇപ്പോള്‍ നിങ്ങള്‍ എന്റെ പിതാവിന്റെ കുടുംബത്തിനെതിരേ കരമുയര്‍ത്തിയിരിക്കുന്നു; അവന്റെ എഴുപതു പുത്രന്‍മാരേ ഒരേകല്ലില്‍ വച്ചു നിങ്ങള്‍ വധിച്ചു. എന്നിട്ട്, എന്റെ പിതാവിന് ദാസിയില്‍ ജനിച്ച അബിമെലക്കിനെ, നിങ്ങളുടെ ബന്ധുവായതുകൊണ്ട്, ഷെക്കെമില്‍ രാജാവായി വാഴിക്കുകയും ചെയ്തിരിക്കുന്നു.19 നിങ്ങള്‍ പരമാര്‍ഥഹൃദയത്തോടെയാണ് ജറുബ്ബാലിനോടും കുടുംബത്തോടും പ്രവര്‍ത്തിച്ചതെങ്കില്‍, അബിമെലക്കില്‍ സന്തോഷിക്കുവിന്‍; അവന്‍ നിങ്ങളിലും സന്തോഷിക്കട്ടെ.20 അല്ലാത്തപക്ഷം, അബിമെലക്കില്‍ നിന്ന് തീ ഇറങ്ങി ഷെക്കെമിലെയും ബത്ത്മില്ലോയിലെയും ജനങ്ങളെ വിഴുങ്ങട്ടെ; ഷെക്കെമില്‍നിന്നും ബത്ത്മില്ലോയില്‍നിന്നും തീ ഇറങ്ങി അബിമെലക്കിനേയും വിഴുങ്ങട്ടെ.21 യോത്താം സഹോദര നായ അബിമെലക്കിനെ ഭയന്ന് പലായനംചെയ്തു; ബേറില്‍ചെന്ന് താമസിച്ചു.22 അബിമെലക്ക് മൂന്നു വര്‍ഷം ഇസ്രായേല്‍ ഭരിച്ചു.23 അബിമെലക്കിനും ഷെക്കെം നിവാസികള്‍ക്കും ഇടയ്ക്ക് ദൈവം ഒരു ദുരാത്മാവിനെ അയച്ചു; ഷെക്കെംനിവാസികള്‍ അബിമെലക്കിനെ വഞ്ചിച്ചു.24 അങ്ങനെ ജറുബ്ബാലിന്റെ എഴുപതു മക്കളോടുചെയ്ത അക്രമത്തിന് പ്രതികാരം ഉണ്ടായി; അവരുടെ രക്തം ഘാതകനായ അബിമെലക്കിന്റെയും കൂട്ടുനിന്ന ഷെക്കെംകാരുടെയും മേല്‍ പതിച്ചു.25 ഷെക്കെംകാര്‍ മലമുകളില്‍ അവനെതിരേ ആളുകളെ പതിയിരുത്തി; ആ വഴിയെ കടന്നുപോയ എല്ലാവരെയും അവര്‍ കൊള്ളയടിച്ചു. ഇത് അബിമെലക്ക് അറിഞ്ഞു.26 ഏബദിന്റെ പുത്രനായ ഗാല്‍ തന്റെ ബന്ധുക്കളുമായി ഷെക്കെമിലേക്കു നീങ്ങി; ഷെക്കെം നിവാസികള്‍ അവനില്‍ വിശ്വാസമര്‍പ്പിച്ചു.27 അവര്‍ വയലില്‍നിന്നു മുന്തിരി ശേഖരിച്ച് ചവിട്ടിപ്പിഴിഞ്ഞ് ഉത്‌സവം ആഘോഷിച്ചു; തങ്ങളുടെ ദേവന്റെ ക്‌ഷേത്രത്തില്‍ച്ചെന്ന് തിന്നുകുടിച്ച് അബിമെലക്കി നെ ശപിച്ചു.28 ഏബദിന്റെ പുത്രന്‍ ഗാല്‍ ചോദിച്ചു: ആരാണ് ഈഅബിമെലക്ക്? അവനെ സേവിക്കേണ്ടതിന് ഷെക്കെംകാരായ നാം ആര്? ജറുബ്ബാലിന്റെ പുത്രനും അവന്റെ കിങ്കരനായ സെബൂളും ഷെക്കെമിന്റെ പിതാവായ ഹാമോറിന്റെ ആളുകളെ സേവിച്ചില്ലേ?29 ഈ ജനം എന്റെ കീഴിലായിരുന്നെങ്കില്‍ ഞാന്‍ അബിമെലക്കിനെ വക വരുത്തുമായിരുന്നു. ഞാന്‍ അവനോട് നിന്റെ സൈന്യശക്തി വലുതാക്കി ഇറങ്ങിവരൂ എന്നു പറയുമായിരുന്നു.30 ഗാല്‍ പറഞ്ഞതു കേട്ടപ്പോള്‍ നഗരാധിപനായ സെബൂളിന് കോപം ജ്വലിച്ചു.31 അവന്‍ അറുമായില്‍ അബിമെലക്കിന്റെ അടുത്തേക്ക് ദൂതന്‍മാരെ അയച്ച് ഇങ്ങനെ അറിയിച്ചു: ഗാലും അവന്റെ ആളുകളും ഷെക്കെമില്‍ വന്നിരിക്കുന്നു; നിനക്ക് എതിരേ അവര്‍ നഗരവാസികളെ ഇളക്കുന്നു. അതുകൊണ്ട് നീസൈന്യത്തോടു കൂടെ പുറപ്പെട്ട്,32 രാത്രി വയലില്‍ പതിയിരിക്കുക.33 അതിരാവിലെ സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ എഴുന്നേറ്റ് പട്ടണത്തില്‍ പ്രവേശിച്ച് ആക്രമിക്കുക. ഗാലും സൈന്യവും എതിര്‍ക്കുമ്പോള്‍ അവസരത്തിനൊത്തു പ്രവര്‍ത്തിക്കുക.34 അബിമെലക്കും സൈന്യവും രാത്രിയില്‍ എഴുന്നേറ്റ് ഷെക്കെമിനെതിരായി നാലുഗണങ്ങളായി പതിയിരുന്നു.35 ഗാല്‍ പുറത്തുവന്നു നഗരകവാടത്തിന്റെ മുന്‍പില്‍ നിലയുറപ്പിച്ചു. അബിമെലക്കും സൈന്യവും ഒളിയിടങ്ങളില്‍ നിന്നെഴുന്നേറ്റു.36 ഗാല്‍ അവരെ കണ്ടപ്പോള്‍ സെബൂളിനോടു പറഞ്ഞു: അതാ, മലമുകളില്‍നിന്ന് ആളുകള്‍ ഇറങ്ങിവരുന്നു. സെബൂള്‍ അവനോട് പറഞ്ഞു: മലയുടെ നിഴല്‍കണ്ട് മനുഷ്യരാണെന്ന് നിനക്ക് തോന്നുകയാണ്.37 ഗാല്‍ വീണ്ടും അവനോടു പറഞ്ഞു: അതാ ദേശത്തിന്റെ മധ്യത്തില്‍നിന്ന് ആളുകള്‍ ഇറങ്ങിവരുന്നു. ഒരു കൂട്ടം ആളുകള്‍ ശകുനക്കാരുടെ ഓക്കുമരത്തിന്റെ ഭാഗത്തുനിന്നു വരുന്നു.38 സെ ബൂള്‍ ചോദിച്ചു: നിന്റെ പൊങ്ങച്ചം ഇപ്പോള്‍ എവിടെ? നാം സേവിക്കാന്‍ അബിമെലക്ക് ആരെന്ന് നീയല്ലേ ചോദിച്ചത്? നീ അധിക്‌ഷേപിച്ച ജനമല്ലേ ഇത്? നീ തന്നെ പോയി അവരോട് പൊരുതുക.39 ഗാല്‍, ഷെക്കെംനിവാസികളുടെ നേതാവായി അബിമെലക്കിനോടുപോരാടി.40 അബിമെലക്ക് അവനെ പിന്തുടര്‍ന്നു; അവന്‍ പലായനം ചെയ്തു;41 പട്ടണകവാടംവരെ അനേകര്‍ മുറിവേറ്റു വീണു. അബിമെലക്ക് അറൂമായില്‍ താമസമാക്കി. സെബൂള്‍ ഗാലിനെയും അവന്റെ ബന്ധുക്കളെയും ഷെക്കെമില്‍ താമസിക്കാന്‍ സമ്മതിക്കാതെ അവിടെനിന്നു തുരത്തി.42 അടുത്തദിവസം ജനങ്ങള്‍ വയലിലേക്കു പോയി; അബിമെലക്ക് അതറിഞ്ഞു.43 അവന്‍ സേനയെ മൂന്നുഗണമായി തിരിച്ചു വയലില്‍ പതിയിരുത്തി. പട്ടണങ്ങളില്‍നിന്ന് ആളുകള്‍ നടന്നുവരുന്നത് അവന്‍ കണ്ടു.44 അവന്‍ അവരെ എതിര്‍ത്തുകൊന്നു. അബിമെലക്കും അവനോടു കൂടെ ഉണ്ടായിരുന്ന ഒരു ഗണവും ഓടി നഗരകവാടത്തില്‍ ചെന്നുനിന്നു. മറ്റേ രണ്ടു ഗണങ്ങള്‍ വയലില്‍ നിന്നിരുന്നവരുടെ അടുത്തേക്ക് പാഞ്ഞുചെന്ന് അവരെ കൊന്നു.45 അബിമെലക്ക് ആദിവസം മുഴുവന്‍ പട്ടണത്തിനെതിരേയുദ്ധംചെയ്ത് അതു കൈയടക്കി. അവിടെ പാര്‍ത്തിരുന്നവരെ കൊന്നു; പട്ടണം ഇടിച്ചുനിരത്തി, ഉപ്പു വിതറി.46 ഷെക്കെമിലെ ഗോപുരവാസികള്‍ ഇതു കേട്ടപ്പോള്‍ എല്‍ബെറീത്ത് ക്‌ഷേത്രത്തിന്റെ കോട്ടയില്‍ കടന്നു.47 ഷെക്കെംഗോപുരവാസികള്‍ മുഴുവന്‍ തടിച്ചുകൂടിയിരിക്കുന്നു എന്ന് അബിമെലക്കിന് അറിവുകിട്ടി.48 സല്‍മോന്‍മലയിലേക്ക് അബിമെലക്ക് പടയാളികളുമായിപ്പോയി. അവന്‍ കോടാലികൊണ്ട് ഒരുകെട്ട് വിറക് വെട്ടിയെടുത്തു. അത് തോളില്‍ എടുത്ത്, കൂടെയുള്ളവരോട് ഞാന്‍ ചെയ്തതുപോലെവേഗം നിങ്ങളും ചെയ്യുവിന്‍ എന്നുപറഞ്ഞു.49 അവര്‍ ഓരോ കെട്ട് വിറകു വെട്ടി അബിമെലക്കിന്റെ പിന്നാലെ ചെന്ന് കോട്ടയോട് ചേര്‍ത്തിട്ടു തീവച്ചു. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ ആയിരത്തോളം വരുന്ന ഷെക്കെം ഗോപുരനിവാസികളെല്ലാം കൊല്ലപ്പെട്ടു.50 പിന്നീട്, അബിമെലക്ക് തെബെസിലേക്ക് ചെന്ന് പാളയമടിച്ച് അതു പിടിച്ചടക്കി.51 പട്ടണത്തിനുള്ളില്‍ ഒരു ബലിഷ്ഠഗോപുരമുണ്ടായിരുന്നു. അവിടത്തെ സ്ത്രീപുരുഷന്‍മാരെല്ലാം ഓടിച്ചെന്ന് അതിനകത്തു കടന്നു വാതിലടച്ചിട്ട് ഗോപുരത്തിന്റെ മുകള്‍ത്തട്ടിലേക്കു കയറി.52 അബിമെലക്ക്‌ഗോപുരത്തിനടുത്തെത്തി അതിനെതിരേയുദ്ധം ചെയ്തു. ഗോപുരം അഗ്‌നിക്കിരയാക്കാന്‍ അതിന്റെ വാതില്‍ക്കല്‍ എത്തി.53 അപ്പോള്‍ ഒരുവള്‍ തിരികല്ലിന്‍പിള്ള എറിഞ്ഞ് അബിമെലക്കിന്റെ തലയോട് ഉടച്ചു.54 ഉടനെ അവന്‍ തന്റെ ആയുധവാഹകനായയുവാവിനെ ബദ്ധപ്പെട്ടു വിളിച്ചു. ഒരു സ്ത്രീ എന്നെ കൊന്നു എന്ന് എന്നെക്കുറിച്ച് പറയാതിരിക്കാന്‍ നിന്റെ വാള്‍ ഊരി എന്നെ കൊല്ലുക എന്നു പറഞ്ഞു. അവന്‍ വാള്‍ ഊരി വെട്ടി; അബിമെലക്ക് മരിച്ചു.55 അവന്‍ മരിച്ചെന്നു കണ്ടപ്പോള്‍ ഇസ്രായേല്‍ജനം തങ്ങളുടെ വീടുകളിലേക്കു തിരിച്ചുപോയി, തന്റെ എഴുപതു സഹോദരന്‍മാരെ കൊന്നു56 പിതാവിനോടുചെയ്ത ദ്രോഹത്തിന് അബിമെലക്കിന് ദൈവം തക്ക ശിക്ഷ കൊടുത്തു. ഷെക്കെം നിവാസികളുടെ ദുഷ്ടതയ്ക്കുദൈവം അവരെ ശിക്ഷിച്ചു;57 ജറുബ്ബാലിന്റെ പുത്രനായ യോത്താമിന്റെ ശാപം അവരുടെമേല്‍ പതിച്ചു.

Advertisements

The Book of Judges | ന്യായാധിപന്മാർ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Samson
Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s