ന്യായാധിപന്മാർ, അദ്ധ്യായം 15
ഫിലിസ്ത്യരെ തോല്പിക്കുന്നു
1 കുറെനാള്‍ കഴിഞ്ഞ് സാംസണ് ഗോതമ്പു വിളവെടുപ്പു കാലത്ത് ഒരാട്ടിന്‍കുട്ടിയുമായി ഭാര്യയെ സന്ദര്‍ശിക്കാന്‍ ചെന്നു. അവന് പറഞ്ഞു: ഞാന്‍ എന്റെ ഭാര്യയുടെ ശയനമുറിയില്‍ പ്രവേശിക്കട്ടെ. പക്ഷേ, പിതാവ് അത് അനുവദിച്ചില്ല.2 അവളുടെ പിതാവു പറഞ്ഞു: നീ അവളെ അതിയായിവെറുക്കുന്നുവെന്നു വിചാരിച്ച് ഞാന്‍ അവളെ നിന്റെ കൂട്ടുകാരനുകൊടുത്തു. അവളുടെ ഇളയസഹോദരി അവളെക്കാള്‍ സുന്ദരിയല്ലേ? അവളെ സ്വീകരിച്ചാലും.3 സാംസണ് പറഞ്ഞു: ഇപ്രാവശ്യവും ഫിലിസ്ത്യരോട് ഞാന്‍ എന്തെങ്കിലും അതിക്രമം പ്രവര്‍ത്തിച്ചാല്‍ അത് എന്റെ കുറ്റമായിരിക്കയില്ല.4 സാംസണ് പോയി മുന്നൂറു കുറുനരികളെ പിടിച്ചു. കുറെപന്തങ്ങളും ഉണ്ടാക്കി. ഈരണ്ടെണ്ണത്തെ വാലോടുവാല് ചേര്‍ത്ത് ബന്ധിച്ച് അവയ്ക്കിടയില്‍ പന്തവും വച്ചുകെട്ടി.5 അനന്തരം, അവന് പന്തങ്ങള്‍ക്കു തീ കൊളുത്തി. അവയെ ഫിലിസ്ത്യരുടെ ധാന്യവിളയിലേക്ക് വിട്ടു. വയലില്‍ നില്ക്കുന്ന വിളയും കൊയ്ത കറ്റയും ഒലിവുതോട്ടങ്ങളും കത്തിച്ചാമ്പലായി.6 ഫിലിസ്ത്യര്‍ ചോദിച്ചു: ആരാണിതു ചെയ്തത്? അവര്‍ പറഞ്ഞു:7 ആ തിമ്നാക്കാരന്റെ മരുമകനായ സാംസണ് അവന്റെ ഭാര്യയെ അമ്മായിയപ്പന് അവന്റെ കൂട്ടുകാരന് കൊടുത്തതുകൊണ്ട് ചെയ്തതാണിത്. ഫിലിസ്ത്യര്‍ ചെന്ന് അവളെയും അവളുടെ പിതാവിനെയും അഗ്നിക്കിരയാക്കി. സാംസണ് അവരോടു പറഞ്ഞു: ഇങ്ങനെയാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍, ഞാന്‍ ശപഥം ചെയ്യുന്നു, ഞാന്‍ നിങ്ങളോട് പ്രതികാരം ചെയ്തിട്ട് സ്ഥലംവിടും.8 അവന് അവരെ ക്രൂരമായി പ്രഹരിച്ച്കൊന്നുകളഞ്ഞു. അതിനുശേഷം അവന് ഏത്താംപാറക്കെട്ടില്‍ പോയി താമസിച്ചു.9 അപ്പോള്‍ ഫിലിസ്ത്യര്‍ യൂദായില്‍ ചെന്ന് പാളയമടിച്ച് ലേഹി പട്ടണം ആക്രമിച്ചു. യൂദായിലെ ജനം ചോദിച്ചു:10 നിങ്ങള്‍ ഞങ്ങള്‍ക്കെതിരായി വന്നതെന്തുകൊണ്ട്? അവര്‍ പറഞ്ഞു: സാംസണ് ഞങ്ങളോടു ചെയ്ത തിനു പകരംവീട്ടാന്‍ അവനെ ബന്ധന സ്ഥനാക്കുന്നതിനുവേണ്ടിയാണു ഞങ്ങള്‍ വന്നിരിക്കുന്നത്.11 അപ്പോള്‍ യൂദായിലെ മൂവായിരം ആളുകള്‍ ഏത്താം പാറയിടുക്കില്ചെന്ന് സാംസനോടു ചോദിച്ചു: ഫിലിസ്ത്യരാണ് ഞങ്ങളുടെ ഭരണാധികാരികള്‍ എന്ന് നിനക്കറിഞ്ഞുകൂടേ? പിന്നെ നീയിപ്പോള്‍ ഞങ്ങളോടീച്ചെയ്തതെന്ത്? അവന് പറഞ്ഞു: അവര്‍ എന്നോടു ചെയ്തതുപോലെ ഞാന്‍ അവരോടും ചെയ്തു.12 അവര്‍ പ്രതിവചിച്ചു: നിന്നെ ബന്ധിച്ച് ഫിലിസ്ത്യരുടെ കൈയിലേല്പിക്കാന് വന്നിരിക്കയാണ്, ഞങ്ങള്‍. സാംസണ് പറഞ്ഞു: നിങ്ങള്‍ എന്റെ മേല്‍ ചാടിവീഴുകയില്ലെന്നു സത്യം ചെയ്യുക.13 അവര്‍ പറഞ്ഞു: ഇല്ല; ഞങ്ങള്‍ നിന്നെ ബന്ധിച്ച് ഫിലിസ്ത്യരുടെ കൈയില്‍ ഏല്‍പിക്കുകയേയുള്ളു, കൊല്ലുകയില്ല. അവര്‍ പുതിയരണ്ടു കയറുകൊണ്ട് അവനെ ബന്ധിച്ച് പാറയ്ക്കു വെളിയില്‍ കൊണ്ടുവന്നു.14 അവന് ലേഹിയിലെത്തിയപ്പോള്‍ ഫിലിസ്ത്യര്‍ ആര്‍പ്പുവിളികളോടെ അവനെ കാണാനെത്തി. കര്‍ത്താവിന്റെ ആത്മാവ് ശക്തിയോടെ അവന്റെ മേല്‍ വന്നു. അവനെ ബന്ധിച്ചിരുന്ന കയര്‍ കരിഞ്ഞചണനൂല്‍ പോലെയായിത്തീര്‍ന്നു; കെട്ടുകള്‍ അറ്റുവീണു.15 ആയിടെ ചത്ത ഒരു കഴുതയുടെ താടിയെല്ലു കിടക്കുന്നത് അവന് കണ്ടു. അതെടുത്ത് അവന് ആയിരം പേരെ അതുകൊണ്ട് കൊന്നു;16 എന്നിട്ട് അവന് ഘോഷിച്ചു:കഴുതയുടെ താടിയെല്ലുകൊണ്ട് ഞാനവരെ കൂനകൂട്ടി.കഴുതയുടെ താടിയെല്ലുകൊണ്ട്ആയിരം പേരെ ഞാന്‍ കൊന്നു.17 ഇതു പറഞ്ഞിട്ട്, അവന് എല്ല് എറിഞ്ഞു കളഞ്ഞു. ആ സ്ഥലത്തിന് റാമാത്ത്ലേഹി എന്ന് പേരു ലഭിച്ചു.18 അവനു വലിയ ദാഹ മുണ്ടായി. അവന് കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു: അവിടുത്തെ ദാസന്റെ കരങ്ങളാല്‍ ഈ വലിയ വിജയം അവിടുന്നു നേടിത്തന്നിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ ദാഹംകൊണ്ട് മരിച്ച് അപരിച്ഛേദിതരുടെ കൈകളില്‍ വീഴണമോ?19 ദൈവം ലേഹിയില് ഉള്ള പൊള്ളയായ ഒരു സ്ഥലം തുറന്നു. അതില്‍നിന്നു ജലം പുറപ്പെട്ടു. അവന് വെള്ളം കുടിച്ച് ഊര്‍ജ്ജസ്വലനായി. അതുകൊണ്ട് അതിന് എന്‍ഹക്കോര്‍ എന്നു പേരുകിട്ടി.20 അത് ഇന്നും അവിടെയുണ്ട്. ഫിലിസ്ത്യരുടെ കാലത്ത് ഇരുപതുവര്‍ഷം സാംസണ് ഇസ്രായേലില്‍ ന്യായാധിപനായിരുന്നു.
The Book of Judges | ന്യായാധിപന്മാർ | Malayalam Bible | POC Translation

