The Book of Judges, Chapter 17 | ന്യായാധിപന്മാർ, അദ്ധ്യായം 17 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 17

മിക്കായുടെ പൂജാഗൃഹം

1 എഫ്രായിംമലനാട്ടില്‍ മിക്കാ എന്നൊരാള്‍ ഉണ്ടായിരുന്നു. അവന്‍ അമ്മയോടു പറഞ്ഞു:2 ആയിരത്തിയൊരുന്നൂറു വെള്ളിനാണയങ്ങള്‍ നഷ്ടപ്പെട്ടതിനെപ്പറ്റി നീ ശാപം ഉച്ചരിക്കുകയും എന്നോടു രഹസ്യമായി പറയുകയും ചെയ്തിരുന്നല്ലോ. അത് എന്റെ കൈവശമുണ്ട്; ഞാനാണ് അതെടുത്തത്. അവന്റെ അമ്മ പറഞ്ഞു: എന്റെ മകനേ, കര്‍ത്താവ് നിന്നെ അനുഗ്രഹിക്കട്ടെ!3 അവന്‍ ആ ആയിരത്തിയൊരുന്നൂറു വെള്ളിനാണയങ്ങള്‍ അമ്മയ്ക്കു തിരികെക്കൊടുത്തു. അവള്‍ പറഞ്ഞു: എന്റെ മകനുവേണ്ടി ഒരു കൊത്തുവിഗ്രഹവും ഒരു വാര്‍പ്പുവിഗ്ര ഹവും ഉണ്ടാക്കാന്‍ ഈ വെള്ളി ഞാന്‍ കര്‍ത്താവിനു മാറ്റിവയ്ക്കുന്നു. അതുകൊണ്ട് ഇപ്പോള്‍ ഞാനിതു തിരിച്ചുതരുന്നു.4 അവന്‍ പണം അമ്മയെ ഏല്‍പിച്ചപ്പോള്‍ അവള്‍ അതില്‍നിന്ന് ഇരുനൂറു വെള്ളിനാണയങ്ങള്‍ എടുത്തു തട്ടാനെ ഏല്‍പിച്ചു. അവന്‍ അതുകൊണ്ട് ഒരു കൊത്തുവിഗ്രഹവും ഒരു വാര്‍പ്പുവിഗ്രഹവും നിര്‍മിച്ചു. അത്, മിക്കായുടെ ഭവനത്തില്‍ പ്രതിഷ്ഠിച്ചു.5 മിക്കായ്ക്ക് ഒരു പൂജാഗൃഹം ഉണ്ടായിരുന്നു. അവന്‍ ഒരു എഫോദും വിഗ്രഹങ്ങളുമുണ്ടാക്കി. തന്റെ ഒരു പുത്രനെ പുരോഹിതനായി അവരോധിച്ചു.6 അന്ന് ഇസ്രായേലില്‍ രാജവാഴ്ചയില്ലായിരുന്നു. ഓരോരുത്തരുംയുക്തമെന്നുതോന്നിയതു പ്രവര്‍ത്തിച്ചുപോന്നു.7 യൂദായിലെ ബേത്‌ലെഹെമില്‍ യൂദാവംശജനായ ഒരുയുവാവുണ്ടായിരുന്നു, അവിടെ വന്നു പാര്‍ത്ത ഒരു ലേവ്യന്‍.8 അവന്‍ ജീവിക്കാന്‍ പറ്റിയ ഒരു സ്ഥലം അന്വേഷിച്ച് അവിടെനിന്നു പുറപ്പെട്ടു.യാത്രചെയ്ത് അവന്‍ എഫ്രായിംമലനാട്ടില്‍ മിക്കായുടെ ഭവനത്തിലെത്തി.9 മിക്കാ ചോദിച്ചു: നീ എവിടെനിന്നു വരുന്നു? ഞാന്‍ യൂദായിലെ ബേത്‌ലെഹെംകാരനായ ഒരു ലേവ്യനാണ്; താമസിക്കാന്‍ ഒരു സ്ഥലം അന്വേഷിക്കയാണ്.10 മിക്കാ പറഞ്ഞു: എന്നോടുകൂടി താമസിക്കുക. നീ എനിക്ക് ഒരു പിതാവും പുരോഹിതനും ആയിരിക്കുക. ഞാന്‍ നിനക്കു വര്‍ഷംതോറും പത്തു വെള്ളിനാണയവും വസ്ത്രവും ഭക്ഷണവും നല്‍കിക്കൊള്ളാം.11 അവനോടുകൂടെ താമസിക്കാന്‍ ലേവ്യന് സന്തോഷമായി; ആയുവാവ് അവന് പുത്രനെപ്പോലെ ആയിരുന്നു.12 മിക്കാ ലേവ്യനെ പുരോഹിതനായി അവരോധിച്ചു; അങ്ങനെ ആയുവാവ് മിക്കായുടെ ഭവനത്തില്‍ പുരോഹിതനായി താമസമാക്കി. അപ്പോള്‍ മിക്കാ പറഞ്ഞു:13 ഒരു ലേവ്യനെ പുരോഹിതനായി ലഭിച്ചതുകൊണ്ട് കര്‍ത്താവ് എന്നെ അനുഗ്രഹിക്കുമെന്ന് ഞാന്‍ അറിയുന്നു.

Advertisements

The Book of Judges | ന്യായാധിപന്മാർ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Samson
Advertisements
Advertisements
Advertisements

Leave a comment