1 സാമുവൽ, അദ്ധ്യായം 1
സാമുവലിന്റെ ജനനം
1 എഫ്രായിംമലനാട്ടിലെ റാമാത്തയിമില്‍ സൂഫ്വംശജനായ എല്ക്കാന എന്നൊരാളുണ്ടായിരുന്നു. അവന്റെ പിതാവ്യറോഹാം ആയിരുന്നു.യറോഹാം എലീഹുവിന്റെയും എലീഹു തോഹുവിന്റെയും തോഹു എഫ്രായിംകാരനായ സൂഫിന്റെയും പുത്രനായിരുന്നു.2 എല്ക്കാനയ്ക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു-ഹന്നായും പെനീന്നായും. പെനീന്നായ്ക്കു മക്കളുണ്ടായിരുന്നു; ഹന്നായ്ക്കാകട്ടെ മക്കളില്ലായിരുന്നു.3 എല്ക്കാന സൈന്യങ്ങളുടെ കര്‍ത്താവിനെ ആരാധിക്കാനും അവിടുത്തേക്കു ബലിയര്‍പ്പിക്കാനുമായി വര്‍ഷംതോറും തന്റെ പട്ടണത്തില്‍നിന്നു ഷീലോയിലേക്കു പോകുമായിരുന്നു. ഏലിയുടെ പുത്രന്‍മാരായഹോഫ്നിയും ഫിനെഹാസും ആയിരുന്നു അവിടെ കര്‍ത്താവിന്റെ പുരോഹിതന്മാര്.4 ബലിയര്‍പ്പിക്കുന്ന ദിവസം, എല്ക്കാന ഭാര്യ പെനീന്നായ്ക്കും അവളുടെ പുത്രന്മാര്ക്കും പുത്രിമാര്‍ക്കും ഓഹരി കൊടുത്തിരുന്നു.5 ഹന്നായെ കൂടുതല്‍ സ്നേഹിച്ചിരുന്നെങ്കിലും അവള്‍ക്ക് ഒരംശം മാത്രമേ നല്കിയിരുന്നുള്ളു. എന്തെന്നാല്‍, കര്‍ത്താവ് അവളെ വന്ധ്യയാക്കിയിരുന്നു.6 വന്ധ്യത നിമിത്തം അവളുടെ സപത്നി അവളെ വേദനിപ്പിച്ചിരുന്നു.7 ആണ്ടുതോറും കര്‍ത്താവിന്റെ ഭവനത്തിലേക്കു പോയിരുന്നപ്പോഴൊക്കെ അവള് ഹന്നായെ പ്രകോപിപ്പിച്ചിരുന്നു. അതിനാല്‍, ഹന്നാ കരയുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തു.8 ഭര്‍ത്താവായ എല്ക്കാന അവളോടു ചോദിച്ചു, ഹന്നാ, എന്തിനാണ് നീ കരയുകയും ഭക്ഷിക്കാതിരിക്കുകയും ചെയ്യുന്നത്? എന്തിനു ദുഃഖിക്കുന്നു? ഞാന്‍ നിനക്കു പത്തു പുത്രന്മാരിലും ഉപരിയല്ലേ?9 ഷീലോയില്‍വച്ച് അവര്‍ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തതിനുശേഷം ഹന്ന എഴുന്നേറ്റ് കര്‍ത്താവിന്റെ സന്നിധിയില്‍ചെന്നു. പുരോഹിതനായ ഏലി ദേവാലയത്തിന്റെ വാതില്പടിക്കു സമീപം ഒരു പീഠത്തില്‍ ഇരിക്കുകയായിരുന്നു.10 അവള് കര്‍ത്താവിനോടു ഹൃദയം നൊന്തു കരഞ്ഞു പ്രാര്‍ഥിച്ചു.11 അവള് ഒരു നേര്‍ച്ച നേര്‍ന്നു:സൈന്യങ്ങളുടെ കര്‍ത്താവേ, ഈ ദാസിയുടെ സങ്കടം കണ്ട് അങ്ങ് എന്നെ അനുസ്മരിക്കണമേ! അങ്ങയുടെ ദാസിയെ വിസ്മരിക്ക രുതേ! എനിക്കൊരു പുത്രനെ നല്കിയാല് അവന്റെ ജീവിതകാലം മുഴുവന്‍ അവനെ ഞാന്‍ അങ്ങേക്കു പ്രതിഷ്ഠിക്കും. അവന്റെ ശിരസ്സില്‍ ക്ഷൗരക്കത്തി സ്പര്‍ശിക്കുകയില്ല.12 ഹന്നാ ദൈവസന്നിധിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കവേ ഏലി അവളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.13 അവള് ഹൃദയത്തില്‍ സംസാരിക്കുകയായിരുന്നു; അധരം മാത്രമേ ചലിച്ചിരുന്നുള്ളൂ. ശബ്ദം പുറത്തുവന്നതുമില്ല. അതിനാല്‍, അവള് മദ്യപിച്ചിട്ടുണ്ടെന്ന് ഏലിക്കു തോന്നി.14 ഏലി അവളോടു പറഞ്ഞു: എത്രനേരം നീ ഉന്മത്തയായിരിക്കും? നിന്റെ ലഹരി അവസാനിപ്പിക്കുക.15 ഹന്നാ പ്രതിവചിച്ചു: എന്റെ ഗുരോ, അങ്ങനെയല്ല, വളരെയേറെമനോവേദന അനുഭവിക്കുന്നവളാണു ഞാന്‍. വീഞ്ഞോ ലഹരിപാനീയമോ ഞാന്‍ കഴിച്ചിട്ടില്ല. കര്‍ത്താവിന്റെ മുമ്പില്‍ എന്റെ ഹൃദയവികാരങ്ങള്‍ ഞാന്‍ പകരുകയായിരുന്നു.16 ഈ ദാസിയെ അധഃപതിച്ച ഒരുവളായി വിചാരിക്കരുതേ! അത്യധികമായ ആകുലതയും അസ്വസ്ഥതയും മൂലമാണ് ഞാനിതുവരെ സംസാരിച്ചത്.17 അപ്പോള്‍ ഏലി പറഞ്ഞു: സമാധാനമായി പോവുക. ഇസ്രായേലിന്റെ ദൈവം നിന്റെ പ്രാര്‍ഥന സാധിച്ചുതരട്ടെ!18 അവള് പ്രതിവചിച്ചു: ഈ ദാസിക്ക് അങ്ങയുടെ കൃപാകടാക്ഷമുണ്ടാകട്ടെ. അനന്തരം, അവള് പോയി ഭക്ഷണം കഴിച്ചു. പിന്നീടൊരിക്കലും അവളുടെ മുഖം മ്ളാനമായിട്ടില്ല.19 എല്ക്കാനയും കുടുംബവും അതിരാവിലെ എഴുന്നേറ്റ് കര്‍ത്താവിനെ ആരാധിച്ചതിനുശേഷം റാമായിലുള്ള തങ്ങളുടെ ഗൃഹത്തിലേക്കു മടങ്ങി. എല്ക്കാന ഹന്നായെ പ്രാപിക്കുകയും കര്‍ത്താവ് അവളെ അനുസ്മരിക്കുകയും ചെയ്തു.20 അവള് ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ഞാന്‍ അവനെ കര്‍ത്താവിനോടു ചോദിച്ചു വാങ്ങിയതാണ് എന്നുപറഞ്ഞ് അവള് അവനു സാമുവല്‍ എന്നു പേരിട്ടു.21 എല്ക്കാന കുടുംബസമേതം കര്‍ത്താവിനു വര്‍ഷംതോറുമുള്ള ബലിയര്‍പ്പിക്കാനും നേര്‍ച്ച നിറവേറ്റാനും പോയി. എന്നാല്‍, ഹന്നാ പോയില്ല.22 അവള് ഭര്‍ത്താവിനോടു പറഞ്ഞു: കുഞ്ഞിന്റെ മുലകുടി മാറട്ടെ; അവന് കര്‍ത്തൃസന്നിധിയില്‍ പ്രവേ ശിച്ച് എന്നേക്കും അവിടെ വസിക്കുന്നതിന് അപ്പോള്‍ കൊണ്ടുവന്നുകൊള്ളാം. എല്ക്കാന അവളോടു പറഞ്ഞു:23 നിന്റെ യുക്തംപോലെ ചെയ്തുകൊള്ളുക. അവന്റെ മുലകുടി മാറട്ടെ. കര്‍ത്താവിനോടുള്ള വാക്കു നിറവേറ്റിയാല്‍ മതി. അങ്ങനെ അവള് കുഞ്ഞിന്റെ മുലകുടി മാറുന്നതുവരെ വീട്ടില്‍ താമസിച്ചു.24 പിന്നീട് മൂന്നുവയസ്സുള്ള ഒരു കാളക്കുട്ടി, ഒരു ഏഫാ മാവ്, ഒരു കുടം വീഞ്ഞ് എന്നിവയോടു കൂടെ അവള് അവനെ ഷീലോയില്‍ കര്‍ത്താവിന്റെ ആലയത്തിലേക്കു കൊണ്ടുവന്നു;സാമുവല്‍ അപ്പോള്‍ ബാലനായിരുന്നു.25 അവര്‍ കാളക്കുട്ടിയെ ബലിയര്‍പ്പിച്ചു; അനന്തരം, ശിശുവിനെ ഏലിയുടെ അടുക്കല്‍ കൊണ്ടുവന്നു.26 അവള് പറഞ്ഞു: ഗുരോ, ഇവിടെ അങ്ങയുടെ മുമ്പില്‍നിന്ന് കര്‍ത്താവിനോടു പ്രാര്‍ഥിച്ച സ്ത്രീതന്നെയാണ് ഞാന്‍.27 ഈ കുഞ്ഞിനുവേണ്ടിയാണു ഞാന്‍ പ്രാര്‍ഥിച്ചത്; എന്റെ പ്രാര്‍ഥന കര്‍ത്താവ് കേട്ടു.28 ആകയാല്‍, ഞാന്‍ അവനെ കര്‍ത്താവിനു സമര്‍പ്പിച്ചിരിക്കുന്നു. ആജീവനാന്തം അവന് കര്‍ത്താവിനുള്ളവനായിരിക്കും. അവര്‍ കര്‍ത്താവിനെ ആരാധിച്ചു.
The Book of 1 Samuel | 1 സാമുവൽ | Malayalam Bible | POC Translation

