1 സാമുവൽ, അദ്ധ്യായം 3
സാമുവലിനെ വിളിക്കുന്നു
1 ഏലിയുടെ സാന്നിധ്യത്തില്‍ ബാലനായ സാമുവല്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്തു പോന്നു. അക്കാലത്ത് കര്‍ത്താവിന്റെ അരുളപ്പാടു ചുരുക്കമായിട്ടേ ലഭിച്ചിരുന്നുള്ളു. ദര്‍ശനങ്ങള്‍ വിരളമായിരുന്നു.2 ഏലി ഒരു ദിവസം തന്റെ മുറിയില്‍ കിടക്കുകയായിരുന്നു. അവന് ഒന്നും കാണാന്‍ കഴിയാത്തവിധം കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു.3 ദൈവത്തിന്റെ മുന്പിലെ ദീപം അണഞ്ഞിരുന്നില്ല. സാമുവല്‍ ദേവലായത്തില്‍ ദൈവത്തിന്റെ പേടകം സ്ഥിതിചെയ്യുന്നതിനരികേ കിടക്കുകയായിരുന്നു.4 അപ്പോള്‍ കര്‍ത്താവ് സാമുവലിനെ വിളിച്ചു:5 സാമുവല്‍! സാമുവല്‍! അവന് വിളികേട്ടു: ഞാന്‍ ഇതാ! അവന് ഏലിയുടെ അടുക്കലേക്കോടി, അങ്ങ് എന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു എന്നു പറഞ്ഞു. ഏലി പറഞ്ഞു: ഞാന്‍ നിന്നെ വിളിച്ചില്ല; പോയിക്കിടന്നുകൊള്ളുക, അവന് പോയിക്കിടന്നു.6 കര്‍ത്താവ് വീണ്ടും സാമുവലിനെ വിളിച്ചു: സാമുവല്‍! അവന് എഴുന്നേറ്റ് ഏലിയുടെ അടുക്കലേക്കു ചെന്നു പറഞ്ഞു: അങ്ങെന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു. ഏലി പറഞ്ഞു: മകനേ, നിന്നെ ഞാന്‍ വിളിച്ചില്ല. പോയിക്കിടന്നുകൊള്ളുക.7 കര്‍ത്താവാണ് വിളിച്ചതെന്നു സാമുവല്‍ അപ്പോഴും അറിഞ്ഞില്ല; കാരണം, അതുവരെ കര്‍ത്താവിന്റെ ശബ്ദം അവനു വെളിവാക്കപ്പെട്ടിരുന്നില്ല.8 മൂന്നാമതും കര്‍ത്താവ് സാമുവലിനെ വിളിച്ചു. അവന് എഴുന്നേറ്റ് ഏലിയുടെ അടുത്തു ചെന്നു പറഞ്ഞു: അങ്ങ് എന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു. കര്‍ത്താവാണ് ബാലനെ വിളിച്ചതെന്ന് അപ്പോള്‍ ഏലിക്ക് മനസ്സിലായി.9 അതിനാല്‍, ഏലി സാമുവലിനോടു പറഞ്ഞു: പോയിക്കിടന്നുകൊള്ളുക. ഇനി നിന്നെ വിളിച്ചാല്‍, കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങയുടെ ദാസന് ഇതാ ശ്രവിക്കുന്നു എന്നുപറയണം. സാമുവല്‍ പോയി കിടന്നു.10 അപ്പോള്‍ കര്‍ത്താവ് വന്നുനിന്ന് മുന്‍പിലത്തെപ്പോലെ സാമുവല്‍! സാമുവല്‍! എന്നുവിളിച്ചു. സാമുവല്‍ പ്രതിവചിച്ചു: അരുളിച്ചെയ്താലും, അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു.11 കര്‍ത്താവ് അവനോടു പറഞ്ഞു: ഇസ്രായേല്‍ജനതയോടു ഞാന്‍ ഒരു കാര്യം ചെയ്യാന്‍ പോകുകയാണ്. അതു കേള്‍ക്കുന്നവന്റെ ഇരുചെവികളും തരിച്ചുപോകും.12 ഏലിയുടെ കുടുംബത്തിനെതിരായി ഞാന്‍ പറഞ്ഞിട്ടുള്ളതെല്ലാം അന്നു ഞാന്‍ ആദ്യന്തം നിര്‍വഹിക്കും.13 മക്കള്‍ ദൈവദൂഷണം പറയുന്ന കാര്യം അറിഞ്ഞിട്ടും അവരെ തടയാഞ്ഞതുമൂലം ഞാന്‍ അവന്റെ കുടുംബത്തിന്റെ മേല്‍ എന്നേക്കുമായി ശിക്ഷാവിധി നടത്താന്‍ പോവുകയാണെന്ന് ഞാന്‍ പറയുന്നു.14 ഏലിക്കുടുംബത്തിന്റെ പാപത്തിനു ബലികളും കാഴ്ചകളും ഒരിക്കലും പരിഹാരമാവുകയില്ലെന്നു ഞാന്‍ ശപഥംചെയ്യുന്നു.15 പ്രഭാതംവരെ സാമുവല്‍ കിടന്നു. അനന്തരം, അവന് കര്‍ത്താവിന്റെ ആല യത്തിന്റെ വാതിലുകള്‍ തുറന്നു. തനിക്കുണ്ടായ ദര്‍ശനം ഏലിയോടു പറയാന്‍ അവന് ഭയപ്പെട്ടു.16 അപ്പോള്‍ ഏലി മകനേ, സാമുവല്‍! എന്നു വിളിച്ചു. ഞാനിതാ എന്ന് അവന് വിളി കേട്ടു.17 ഏലി ചോദിച്ചു: അവിടുന്ന് എന്താണ് നിന്നോടു പറഞ്ഞത്? എന്നില്‍ നിന്നു മറച്ചുവയ്ക്കരുത്. അവിടുന്നു പറഞ്ഞതിലെന്തെങ്കിലും എന്നില്‍നിന്നു മറച്ചുവച്ചാല്‍ ദൈവം നിന്നെ കഠിനമായി ശിക്ഷിക്കട്ടെ!18 സാമുവല്‍ ഒന്നും മറച്ചുവയ്ക്കാതെ എല്ലാം അവനോടു പറഞ്ഞു. അപ്പോള്‍ ഏലി അതു കര്‍ത്താവാണ്, അവിടുത്തേക്കുയുക്തമെന്നു തോന്നുന്നത് പ്രവര്‍ത്തിക്കട്ടെ എന്നു പറഞ്ഞു.19 സാമുവല്‍ വളര്‍ന്നുവന്നു. കര്‍ത്താവ് അവനോടു കൂടെ ഉണ്ടായിരുന്നു. അവന്റെ വാക്കുകളിലൊന്നും വ്യര്‍ഥമാകാന്‍ അവിടുന്ന് ഇടവരുത്തിയില്ല.20 സാമുവല്‍ കര്‍ത്താവിന്റെ പ്രവാചകനായിത്തീര്‍ന്നിരിക്കുന്നു എന്ന് ദാന്‍മുതല്‍ ബേര്‍ഷെബ വരെയുള്ള ഇസ്രായേല്‍ജനം മുഴുവനും അറിഞ്ഞു.21 കര്‍ത്താവ് സാമുവലിന് ദര്‍ശനം നല്കിയ ഷീലോയില്‍വച്ച് അവിടുന്നു വീണ്ടും അവനോടു സംസാരിച്ചു തന്നെത്തന്നെ വെളിപ്പെടുത്തി.
The Book of 1 Samuel | 1 സാമുവൽ | Malayalam Bible | POC Translation

