1 സാമുവൽ, അദ്ധ്യായം 22
1 ദാവീദ് അവിടെനിന്ന് ഓടിരക്ഷപെ ട്ട്, അദുല്ലാംഗുഹയിലെത്തി. അവന്റെ സഹോദരന്മാരും കുടുംബം മുഴുവനും ഇതറിഞ്ഞ് അവിടെച്ചെന്നു.2 പീഡിതര്‍, കടമുള്ളവര്‍, അസന്തുഷ്ടര്‍ എന്നിങ്ങനെ പലരും അവന്റെ ചുറ്റും കൂടി. അവന് അവരുടെയെല്ലാം തലവനായി. നാനൂറോളം പേര് അവനോടുകൂടെ അവിടെയുണ്ടായിരുന്നു.3 ദാവീദ് അവിടെനിന്ന് മൊവാബിലുള്ള മിസ് പേയില്‍ എത്തി, മൊവാബുരാജാവിനോട് അപേക്ഷിച്ചു: ദൈവം എനിക്കുവേണ്ടി എന്താണുചെയ്യാന്‍ പോകുന്നതെന്നറിയുന്നതുവരെ എന്റെ മാതാപിതാക്കന്മാര് അങ്ങയോടുകൂടെ താമസിക്കാന്‍ അനുവദിക്കണം.4 അവരെ അവന് മൊവാബുരാജാവിന്റെ അടുത്താക്കി. ദാവീദ് രക്ഷാസങ്കേതത്തിലായിരുന്ന കാലമത്രയും അവര്‍ അവിടെ താമസിച്ചു.5 പ്രവാചകനായ ഗാദ് ദാവീദിനോടു പറഞ്ഞു: സങ്കേതത്തില്‍ ഒളിച്ചിരുന്നതു മതി. യൂദാദേശത്തേക്കു പോവുക. അതനുസരിച്ച് ദാവീദ് ഹേരെത്തുവനത്തിലേക്കു പോയി.
പുരോഹിതന്മാരെ വധിക്കുന്നു
6 ദാവീദിനെയും കൂട്ടാളികളെയും കണ്ടെത്തിയെന്ന് സാവൂള്‍ അറിഞ്ഞു. അവന് കുന്തവുമായി ഗിബെയായിലെ കുന്നിന്മുകളിലുള്ള പിചുലമരത്തിന്റെ ചുവട്ടിലിരിക്കുകയായിരുന്നു. ഭൃത്യന്മാര് ചുറ്റും നിന്നിരുന്നു.7 സാവൂള്‍ ചുറ്റും നിന്നിരുന്ന ഭൃത്യന്മാരോടു പറഞ്ഞു: ബഞ്ചമിന് ഗോത്രജരേ, കേള്‍ക്കുവിന്‍; ജസ്സെയുടെ മകന് നിങ്ങള്‍ക്കു നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തരുമോ? നിങ്ങളെ സഹസ്രാധിപന്മാരും ശതാധിപന്മാരുമാക്കുമോ?8 നിങ്ങള്‍ എനിക്കെതിരേ ഗൂഢാലോചന നടത്തിയില്ലേ? ജസ്സെയുടെ മകനുമായി എന്റെ പുത്രന് സഖ്യമുണ്ടാക്കിയപ്പോള്‍ ആരും എന്നോടു പറഞ്ഞില്ല. അവന് എന്റെ ദാസനായ ദാവീദിനെ എനിക്കെതിരായി തിരിച്ചുവിടുകയും പതിയിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിട്ടു നിങ്ങളിലൊരുവന്‍പോലും എന്നോടു പറയുകയോ എന്നോടു സഹതപിക്കുകയോ ചെയ്തില്ല.9 അപ്പോള്‍ സാവൂളിന്റെ ഭൃത്യന്മാരുടെ അടുത്തു നിന്നിരുന്ന ഏദോമ്യനായ ദോയെഗ് പറഞ്ഞു: ജസ്സെയുടെ മകനെ ഞാന്‍ കണ്ടു. നോബില്‍വച്ച് അഹിത്തൂബിന്റെ പുത്രന് അഹിമലെക്കിന്റെ യടുക്കലേക്ക് അവന് വരുകയായിരുന്നു.10 അഹിമലെക്ക് അവനുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ഥിച്ചു; അവനു ഭക്ഷണവും ഫിലിസ്ത്യനായ ഗോലിയാത്തിന്റെ വാളും കൊടുത്തു.11 രാജാവ് അഹിത്തൂബിന്റെ മകനും പുരോഹിതനുമായ അഹിമലെക്കിനെയും അവന്റെ പിതൃഭവനത്തിലുള്ള എല്ലാവരെയുംനോബിലുള്ള എല്ലാ പുരോഹിതന്മാരെയും ആളയച്ചു വരുത്തി.12 സാവൂള്‍ പറഞ്ഞു: അഹിത്തൂബിന്റെ പുത്രാ, കേള്‍ക്കുക. പ്രഭോ, സംസാരിച്ചാലും, അവന് പ്രതിവചിച്ചു.13 സാവൂള്‍ ചോദിച്ചു: നീയും ജസ്സെയുടെ മകനും കൂടി എനിക്കെതിരായി എന്തിനു ഗൂഢാലോചന നടത്തി? നീ അവന് അപ്പവും വാളും കൊടുക്കുകയും അവനുവേണ്ടി കര്‍ത്താവിന്റെ ഹിതം ആരായുകയും ചെയ്തില്ലേ? അതുകൊണ്ടല്ലേ, അവന് ഇന്നും എനിക്കെതിരായി പ്രവര്‍ത്തിക്കുന്നത്?14 അഹിമലെക്ക് പറഞ്ഞു: അങ്ങയുടെ സേവകന്മാരില് ദാവീദിനോളം വിശ്വസ്തനായി വേറെയാരുണ്ട്? അവന് അങ്ങയുടെ മരുമകനും അംഗരക്ഷകരുടെ അധിപനും അങ്ങയുടെ ഭവനത്തില്‍ ആദരിക്കപ്പെടുന്നവനും അല്ലേ?15 അവനുവേണ്ടി ദൈവത്തോട് ആരായുന്നത് ആദ്യമല്ല. രാജാവ് ഈ ദാസന്റെയോ പിതൃഭവനത്തിന്റെയോ മേല്‍ കുറ്റം ആരോപിക്കരുതേ! ഈ ദാസന് ഇതൊന്നും അറിഞ്ഞിരുന്നില്ല.16 രാജാവ് പറഞ്ഞു: അഹിമലെക്ക്, നീയും നിന്റെ കുടുംബവും മരിക്കണം.17 രാജാവ് അടുത്തുനിന്ന അംഗരക്ഷകനോട് ആജ്ഞാപിച്ചു: കര്‍ത്താവിന്റെ ആ പുരോഹിതന്മാരെ കൊന്നുകളയുക. അവരും ദാവീദിനോട് ചേര്‍ന്നിരിക്കുന്നു. അവന് ഒളിച്ചോടിയത് അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ല. എന്നാല്‍ കര്‍ത്താവിന്റെ പുരോഹിതന്മാരുടെ മേല്‍ കൈവയ്ക്കാന്‍ രാജഭൃത്യന്മാര് തയ്യാറായില്ല.18 അപ്പോള്‍ രാജാവ് ദോയെഗിനോട് കല്പിച്ചു: നീ ആ പുരോഹിതന്മാരെ കൊല്ലുക. ഏദോമ്യനായ ദോയെഗ് അതു ചെയ്തു. ചണനൂല്‍കൊണ്ടുള്ള എഫോദ് ധരിച്ച എണ്പത്തഞ്ചുപേരെ അന്ന് അവന് വധിച്ചു.19 ആ പുരോഹിതന്മാരുടെ നഗരമായ നോബ് അവന് നശിപ്പിച്ചു; പുരുഷന്മാര്, സ്ത്രീകള്‍, കുട്ടികള്‍, ശിശുക്കള്‍, കഴുതകള്‍, ആടുമാടുകള്‍ എന്നിങ്ങനെ എല്ലാറ്റിനെയും വാളിനിരയാക്കി.20 എന്നാല്‍, അഹിത്തൂബിന്റെ മകന് അഹിമലെക്കിന്റെ പുത്രന്മാരിലൊരുവനായ അബിയാഥര്‍ രക്ഷപ്പെട്ട് ഓടി ദാവീദിന്റെ അടുത്തെത്തി.21 കര്‍ത്താവിന്റെ പുരോഹിതന്മാരെ സാവൂള്‍ വധിച്ചവിവരം അവന് അറിയിച്ചു.22 ദാവീദ് അബിയാഥറിനോടു പറഞ്ഞു: ഏദോമ്യനായ ദോയെഗ് അവിടെ ഉണ്ടായിരുന്നതിനാല്‍ അവന് തീര്‍ച്ചയായും സാവൂളിനോടു പറയുമെന്ന് അന്നുതന്നെ ഞാന്‍ മനസ്സിലാക്കിയിരുന്നു. നിന്റെ പിതൃഭവനത്തില്‍ എല്ലാവരും മരിക്കുന്നതിനു ഞാന്‍ കാരണമായി.23 ഭയപ്പെടേണ്ട, എന്നോടുകൂടെ താമസിക്കുക. എന്റെ ജീവന് അപഹരിക്കാന്‍ നോക്കുന്നവര്‍ നിന്റെയും ജീവന് അന്വേഷിക്കുന്നു. എന്റെയടുക്കല്‍ നീ സുരക്ഷിതനായിരിക്കും.
The Book of 1 Samuel | 1 സാമുവൽ | Malayalam Bible | POC Translation

