1 സാമുവൽ, അദ്ധ്യായം 23
ദാവീദ് കെയ്ലായില്‍
1 ഫിലിസ്ത്യര്‍ കെയ്ലാ ആക്രമിക്കുന്നെന്നും മെതിക്കളങ്ങള്‍ കവര്‍ച്ച ചെയ്യുന്നെന്നും ദാവീദിന് അറിവു കിട്ടി.2 അതിനാല്‍ അവന് കര്‍ത്താവിനോട് ആരാഞ്ഞു: ഞാന്‍ പോയി ഫിലിസ്ത്യരെ ആക്രമിക്കട്ടെയോ? കര്‍ത്താവ് ദാവീദിന് അനുമതി നല്കി: പോയി ഫിലിസ്ത്യരെ ആക്രമിച്ച് കെയ്ലാ രക്ഷിക്കുക. ദാവീദിനോടുകൂടെയുള്ളവര്‍ ചോദിച്ചു:3 നമ്മള് ഇവിടെ യൂദായില്‍ത്തന്നെ ഭയന്നാണു കഴിയുന്നത്? പിന്നെങ്ങനെ ഫിലിസ്ത്യരെ നേരിടാന്‍ കെയ് ലായില്‍ പോകും?4 ദാവീദ് വീണ്ടും കര്‍ത്താവിനോട് ആരാഞ്ഞു; കര്‍ത്താവ് പറഞ്ഞു: കെയ്ലായിലേക്കു പോവുക. ഫിലിസ്ത്യരെ ഞാന്‍ നിന്റെ കൈയില്‍ ഏല്പിക്കും.5 ദാവീദും കൂട്ടരും അവിടെച്ചെന്ന് ഫിലിസ്ത്യരുമായി ഏറ്റുമുട്ടി. അവരുടെ ആടുമാടുകളെ അപഹരിച്ചു. വലിയൊരു കൂട്ടക്കൊല അവിടെ നടന്നു. അങ്ങനെ ദാവീദ് കെയ്ലാ നിവാസികളെ രക്ഷിച്ചു.6 അഹിമലെക്കിന്റെ മകന് അബിയാഥര്‍ രക്ഷപെട്ടു കെയ്ലായില്‍ ദാവീദിന്റെ അടുത്തു വരുമ്പോള്‍ കൈയില്‍ ഒരു എഫോദും ഉണ്ടായിരുന്നു.7 ദാവീദ് കെയ്ലായില്‍ വന്നിട്ടുണ്ടെന്നു സാവൂളിന് അറിവുകിട്ടി. അവന് പറഞ്ഞു: ദൈവം അവനെ എന്റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു. എന്തെന്നാല്‍, വാതിലുകളും ഓടാമ്പലുകളുമുള്ള പട്ടണത്തില്‍ പ്രവേശിച്ച് അവന് സ്വയം കുടുങ്ങിയിരിക്കുന്നു.8 സാവൂള്‍ ജനത്തെ വിളിച്ചുകൂട്ടി, കെയ്ലായില്‍ച്ചെന്ന് ദാവീദിനെയും കൂട്ടരെയും ആക്രമിക്കാന്‍ കല്പിച്ചു.9 സാവൂള്‍ തനിക്കെതിരേ ദുരാലോചന നടത്തുന്ന വിവരം അറിഞ്ഞ് ദാവീദ് പുരോഹിതനായ അബിയാഥറിനോടു പറഞ്ഞു: എഫോദ് ഇവിടെ കൊണ്ടുവരുക.10 അനന്തരം, ദാവീദ് പ്രാര്‍ഥിച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, എന്നെപ്രതി കെയ്ലാനഗരത്തെനശിപ്പിക്കാന്‍ സാവൂള്‍ ഒരുങ്ങുന്നതായി അങ്ങേദാസന്‍ കേട്ടു.11 കെയ്ലാ നിവാസികള്‍ എന്നെ അവന്റെ കൈയില്‍ ഏല്പിച്ചുകൊടുക്കുമോ? അങ്ങയുടെ ദാസന് കേട്ടതുപോലെ സാവൂള്‍ ഇങ്ങോട്ടുവരുമോ? ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസന് ഉത്ത രമരുളണമേ! അവന് വരുമെന്നു കര്‍ത്താവ് അറിയിച്ചു.12 ദാവീദ് ചോദിച്ചു: കെയ്ലാക്കാര്‍ എന്നെയും എന്റെ ആള്‍ക്കാരെയും സാവൂളിന്റെ കൈയില്‍ ഏല്പിച്ചുകൊടുക്കുമോ? കര്‍ത്താവ് പറഞ്ഞു: അവര്‍ നിന്നെ ഏല്പിച്ചു കൊടുക്കും.13 ഉടനെ ദാവീദും അറുനൂറോളം വരുന്ന അവന്റെ ആള്‍ക്കാരും കെയ്ലായില്‍നിന്നു പുറത്തുകടന്ന് എങ്ങോട്ടെന്നില്ലാതെയാത്രയായി. കെയ്ലായില്‍നിന്ന് അവന് രക്ഷപെട്ടു എന്ന് അറിഞ്ഞപ്പോള്‍ സാവൂള്‍യാത്രനിറുത്തിവച്ചു.
ദാവീദ് സിഫില്‍
14 ദാവീദ് സിഫ് മരുഭൂമിയിലെ കുന്നുകളില്‍ ഒളിസ്ഥലങ്ങളില്‍ താമസിച്ചു. സാവൂള്‍ ദിനംതോറും അവനെ അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാല്‍, ദൈവം അവനെ സാവൂളിന്റെ കൈയിലേല്പിച്ചില്ല.15 തന്റെ ജീവനെത്തേടിയാണ് സാവൂള്‍ സഞ്ചരിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ദാവീദ് ഭയപ്പെട്ടു. അവന് സിഫ് മരുഭൂമിയിലെ ഹോറെഷിലായിരുന്നു.16 സാവൂളിന്റെ മകന് ജോനാഥാന് ഹോറെഷില്‍ എത്തി. ദാവീദിനെ ദൈവനാമത്തില്‍ ധൈര്യപ്പെടുത്തി. അവന് പറഞ്ഞു: ഭയപ്പെടേണ്ട.17 എന്റെ പിതാവ് സാവൂളിന് നിന്നെ പിടികിട്ടുകയില്ല. നീ ഇസ്രായേലിന്റെ രാജാവാകും. ഞാന്‍ നിനക്കു രണ്ടാമനുമായിരിക്കും. എന്റെ പിതാവിനും ഇതറിയാം.18 അവര്‍ ഇരുവരും കര്‍ത്താവിന്റെ സന്നിധിയില്‍ ഒരുടമ്പടിചെയ്തു. ദാവീദ് ഹോറെഷില്‍ താമസിച്ചു. ജോനാഥാന് വീട്ടിലേക്കു തിരിച്ചുപോയി.19 സിഫുകാര്‍ ഗിബെയായില്‍ സാവൂളിന്റെ യടുക്കല്‍ച്ചെന്നു പറഞ്ഞു: ഞങ്ങളുടെ സമീപം ജഷിമോനു തെക്ക് ഹോറെഷിലുള്ള ഹാക്കിലാക്കുന്നിലെ സങ്കേതങ്ങളില്‍ ദാവീദ് ഒളിച്ചിരിക്കുന്നു. ആകയാല്‍, രാജാവേ, അങ്ങേക്ക് ഇഷ്ടമുള്ളപ്പോള്‍ വരുക.20 അവനെ രാജാവിന്റെ കൈയില്‍ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങള്‍ ഏറ്റിരിക്കുന്നു.21 സാവൂള്‍ പറഞ്ഞു: കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ! നിങ്ങള്‍ക്ക് എന്നോട് ദയ തോന്നിയല്ലോ.22 നിങ്ങള്‍ പോയി സൂക്ഷ് മമായി അന്വേഷിക്കുവിന്‍. അവന്റെ ഒളിസ്ഥലം എവിടെയെന്നും ആരെല്ലാം അവനെ കണ്ടിട്ടുണ്ടെന്നും മനസ്സിലാക്കുവിന്‍. അവന് വലിയ തന്ത്രശാലിയാണെന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്.23 ആകയാല്‍, അവന്റെ ഒളിസ്ഥലങ്ങളെല്ലാം കണ്ടുപിടിച്ചതിനുശേഷം തിരികെവന്നു സൂക്ഷ്മവിവരം എന്നെ അറിയിക്കുവിന്‍. അപ്പോള്‍ ഞാന്‍ നിങ്ങളോടു കൂടെ പോരാം. അവന് നാട്ടിലെ വിടെയെങ്കിലുമുണ്ടെങ്കില്‍ യൂദായിലെ ആയിരങ്ങളില്‍നിന്ന് അവനെ ഞാന്‍ തേടിപ്പിടിക്കും.24 അവര്‍ പുറപ്പെട്ട് സാവൂളിനു മുന്‍പേ സിഫിലേക്കു പോയി. ദാവീദും അനുചരന്മാരും ജഷിമോനു തെക്ക് അരാബായിലെ മാവോന്‍മരുഭൂമിയിലായിരുന്നു.25 സാവൂളും സേവകരും അവനെ അന്വേഷിച്ചു പുറപ്പെട്ടു. ഇതറിഞ്ഞദാവീദ് മാവോന്‍മരുഭൂമിയിലുള്ള പാറക്കെട്ടിലേക്കു പോയി. സാവൂള്‍ ഇതു കേട്ട്, ദാവീദിനെ പിന്തുടര്ന്ന് ആ മരുഭൂമിയിലെത്തി.26 സാവൂള്‍ മലയുടെ ഒരു വശത്തുകൂടിയും ദാവീദും അനുചരന്മാരും മറുവശത്തുകൂടിയും പോയി. സാവൂളില്‍നിന്നു രക്ഷപെടാന്‍ ദാവീദ് ബദ്ധപ്പെടുകയായിരുന്നു. ദാവീദിനെയും അനുയായികളെയും പിടിക്കാന്‍ സാവൂളും സൈന്യവും അടുത്തുകൊണ്ടിരുന്നു.27 അപ്പോള്‍ ഒരു ദൂതന് വന്നു സാവൂളിനോടു പറഞ്ഞു: വേഗം വരണം, ഫിലിസ്ത്യര്‍ നമ്മുടെ രാജ്യത്തെ ആക്രമിച്ചിരിക്കുന്നു.28 ഇതുകേട്ട് അവന് ദാവീദിനെ പിന്തുടരാതെ, ഫിലിസ്ത്യര്‍ക്കെ തിരേ പുറപ്പെട്ടു. അങ്ങനെ ആ സ്ഥലത്തിനു രക്ഷപെടലിന്റെ പാറഎന്നു പേരുണ്ടായി. ദാവീദ് അവിടെ നിന്നു എന്‍ഗേദിയിലെ ഒളിസ്ഥലങ്ങളില്‍ ചെന്നു പാര്‍ത്തു.
The Book of 1 Samuel | 1 സാമുവൽ | Malayalam Bible | POC Translation

