1 സാമുവൽ, അദ്ധ്യായം 24
സാവൂളിനെ വെറുതെ വിടുന്നു
1 ഫിലിസ്ത്യരെ തുരത്തിയതിനുശേഷം മടങ്ങിവന്നപ്പോള്‍ ദാവീദ് എന്‍ഗേദിയിലെ മരുഭൂമിയിലുണ്ടെന്നു സാവൂളിന് അറിവുകിട്ടി.2 ഉടനെ അവന് ഇസ്രായേല്യരില്‍ നിന്നു തിരഞ്ഞെടുത്ത മൂവായിരം പേരെ കൂട്ടിക്കൊണ്ട് ദാവീദിനെയും അനുചരന്മാരെയും അന്വേഷിച്ചു കാട്ടാടിന് പാറകളിലേക്കു പോയി.3 അവന് വഴിയരികിലുള്ള ആലകളിലെത്തി. അവിടെ ഒരു ഗുഹയില്‍ വിസര്‍ജനത്തിനായി കടന്നു. അതേ ഗുഹയുടെ ഉള്ളറകളിലായിരുന്നു ദാവീദും അനുയായികളും ഒളിച്ചിരുന്നത്.4 ദാവീദിനോട് അനുയായികള്‍ പറഞ്ഞു: ഞാന്‍ നിന്റെ ശത്രുവിനെ നിന്റെ കൈയില്‍ ഏല്പിക്കും; നിനക്കിഷ്ട മുള്ളത് അവനോടു ചെയ്യാം എന്നു കര്‍ത്താവ് അങ്ങയോടു പറഞ്ഞിരുന്ന ആദിവസം ഇതാണ്. ദാവീദ് എഴുന്നേറ്റു സാവൂളിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.5 അതോര്‍ത്ത് അവന് പിന്നീട് വ്യസനിച്ചു.6 അവന് അനുയായികളോടു പറഞ്ഞു: എന്റെ യജമാനനെതിരേ കൈയുയര്‍ത്താന്‍ അവിടുന്ന് ഇടവരുത്താതിരിക്കട്ടെ. എന്തെന്നാല്‍, അവന് കര്‍ത്താവിന്റെ അഭിഷിക്ത നാണ്.7 ഇങ്ങനെ പറഞ്ഞു ദാവീദ് തന്റെ അനുയായികളുടെമേല്‍ നിയന്ത്രണം ചെലുത്തി; സാവൂളിനെ ആക്രമിക്കാന്‍ അനുവദിച്ചില്ല. സാവൂള്‍ ഗുഹയില്‍നിന്നിറങ്ങി തന്റെ വഴിക്കു പോയി.8 ദാവീദും ഗുഹയില്‍നിന്നു പുറത്തിറങ്ങി, എന്റെ യജമാനനായരാജാവേ എന്നു സാവൂളിനെ പുറകില്നിന്നു വിളിച്ചു. സാവൂള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ദാവീദ് സാഷ്ടാംഗം വീണു വിധേയത്വം കാണിച്ചു.9 അവന് സാവൂളിനോടു ചോദിച്ചു: ദാവീദ് അങ്ങയുടെ ശത്രുവാണെന്നു പറയുന്നവരുടെ വാക്കുകള്‍ അങ്ങു കേള്‍ക്കുന്നതെന്തിന്?10 കര്‍ത്താവ് ഇന്ന് ഈ ഗുഹയില്‍വച്ച് അങ്ങയെ എന്റെ കൈയില്‍ ഏല്പിച്ചതെങ്ങനെയെന്ന് അങ്ങുതന്നെ കണ്ടില്ലേ? അങ്ങയെകൊല്ലണമെന്നു ചിലര്‍ പറഞ്ഞെങ്കിലും ഞാനതു ചെയ്തില്ല. എന്റെ യജമാനനെതിരേ ഞാന്‍ കൈയുയര്‍ത്തുകയില്ല. അങ്ങു കര്‍ത്താവിന്റെ അഭിഷിക്തനാണെന്നു ഞാന്‍ അവരോടുപറഞ്ഞു.11 എന്റെ പിതാവേ, ഇതാ, എന്റെ കൈയില്‍ അങ്ങയുടെമേലങ്കിയുടെ ഒരു കഷണം. ഞാന്‍ അതിന്റെ അറ്റം മുറിക്കുകയും അങ്ങയെ കൊല്ലാതിരിക്കുകയും ചെയ്തതിനാല്‍ ഞാന്‍ ദ്രോഹിയോ തെറ്റുകാരനോ അല്ലെന്ന് അങ്ങ് അറിഞ്ഞാലും. ഞാന്‍ അങ്ങേക്കെതിരേ തെറ്റുചെയ്തിട്ടില്ല. എന്നിട്ടും അങ്ങ് എന്റെ ജീവന് അപഹരിക്കാന്‍ അവസരം തേടിനടക്കുന്നു.12 നാമിരുവര്‍ക്കുമിടയില്‍ കര്‍ത്താവുന്യായം വിധിക്കട്ടെ! കര്‍ത്താവ് എനിക്കുവേണ്ടി അങ്ങയോടു പ്രതികാരം ചെയ്യട്ടെ! എന്റെ കരം അങ്ങയുടെമേല്‍ പതിക്കുകയില്ല.13 ദുഷ്ടത ദുഷ്ടനില്‍നിന്നു പുറപ്പെടുന്നുവെന്നാണല്ലോ പഴമൊഴി; അങ്ങയുടെമേല്‍ എന്റെ കൈ പതിക്കുകയില്ല.14 ആരെത്തേടിയാണ് ഇസ്രായേല്‍ രാജാവ് പുറപ്പെട്ടിരിക്കുന്നത്? ആരെയാണ് അങ്ങ് അനുധാവനം ചെയ്യുന്നത്? ചത്ത പട്ടിയെയോ? ഒരു ചെള്ളിനെയോ?15 വിധിയാളനായ കര്‍ത്താവ് എന്നെയും അങ്ങയെയും വിധിക്കട്ടെ! അവിടുന്ന് എന്നെ പരിശോധിച്ച് അങ്ങയുടെകൈയില്‍നിന്നു രക്ഷിക്കട്ടെ!16 ദാവീദ് സാവുളിനോട് ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍, അവന് എന്റെ മകനേ, ദാവീദേ, ഇതു നിന്റെ സ്വരം തന്നെയോ എന്നു ചോദിച്ചുകൊണ്ട് ഉറക്കെക്കരഞ്ഞു.17 അവന് ദാവീദിനോടു പറഞ്ഞു: നീ എന്നെക്കാള്‍ നീതിമാനാണ്; ഞാന്‍ നിനക്കു ചെയ്ത തിന്മയ്ക്കു പകരം നീ നന്മ ചെയ്തിരിക്കുന്നു.18 കര്‍ത്താവ് എന്നെ നിന്റെ കൈയില്‍ ഏല്പിച്ചിട്ടും നീ എന്നെ കൊല്ലാതെവിട്ട് എന്നോട് എങ്ങനെ പെരുമാറിയെന്ന് ഇന്നു നീ കാണിച്ചുതന്നു.19 ശത്രുവിനെ കൈയില്‍ കിട്ടിയാല്‍ ആരെങ്കിലും വെറുതെവിടുമോ? ഇന്നു നീ എനിക്കു ചെയ്ത നന്മയ്ക്ക് കര്‍ത്താവ് നിനക്കു നന്മ ചെയ്യട്ടെ!20 നീ തീര്‍ച്ചയായും രാജാവാകുമെന്നും ഇസ്രായേലിന്റെ രാജത്വം നിന്നില്‍ സ്ഥിരപ്പെടുമെന്നും എനിക്കറിയാം.21 ആകയാല്‍, എനിക്കുശേഷം എന്റെ സന്തതിയെ നിര്‍മൂലമാക്കി എന്റെ നാമം എന്റെ പിതൃഭവനത്തില്‍നിന്നു നീക്കം ചെയ്യുകയില്ലെന്ന് കര്‍ത്താവിന്റെ നാമത്തില്‍ നീ എന്നോടു സത്യം ചെയ്യണം.22 ദാവീദ് സാവൂളിനോട് അങ്ങനെ സത്യം ചെയ്തു. സാവൂള്‍ കൊട്ടാരത്തിലേക്കു പോയി; ദാവീദും അനുയായികളും സങ്കേതസ്ഥാനത്തേക്കും പോയി.
The Book of 1 Samuel | 1 സാമുവൽ | Malayalam Bible | POC Translation

