മൂന്നാം ക്രിസ്തുവിനെ കണ്ണീരോടെ യാത്രയാക്കി പലേർമോ നഗരം

തങ്ങളുടെ മൂന്നാം ക്രിസ്തുവിനെ കണ്ണീരോടെ യാത്രയാക്കി ഇറ്റലിയിലെ പലേർമോ നഗരം

ഒരു പക്ഷെ ആദ്യമായാണ് പലേർമോ നഗരം ഇത്രയും വലിയ ഒരു സംസ്കാര ചടങ്ങ് നടത്തുന്നത്. കഴിഞ്ഞ 30 വർഷത്തോളം സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരുടെ ഇടയിൽ അവരിൽ ഒരാളായി ജീവിച്ച് ജനുവരി 12 ന് മരണമടഞ്ഞ അൽമായ മിഷനറി സഹോദരൻ ബിയാജിയോ കോണ്ടെയുടെ (എല്ലാവരും അദ്ദേഹത്തിന്റെ പേരിന് മുമ്പ് സഹോദരൻ എന്ന് കൂട്ടി ചേർത്തിരുന്നു) വേർപാട് അനേകായിരങ്ങളെ കണ്ണുനീരിലാഴ്ത്തി.

ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച് വളർന്ന ബിയാജിയോ കോണ്ടെ ലൗകിക ജീവിതത്തിൽ മതിമറന്ന് ജീവിക്കവേ പൊടുന്നനെ ഉണ്ടായ ഒരു ആത്മീയ പ്രതിസന്ധിയെ തുടർന്ന് ദൈവത്തെ തേടിയലയുവാൻ തുടങ്ങി. അനേകം ദിവസം സ്വന്തം ഭവനത്തിൽ ഏകാന്തതയിൽ കഴിഞ്ഞ ബിയാജിയോ 1983-ൽ ഫ്ലോറൻസിലേയ്ക്ക് താമസം മാറി.1990 മെയ് മാസത്തിൽ അദ്ദേഹം ഒരു സന്യാസിയായി ജീവിക്കാൻ തീരുമാനിച്ച് സിസിലിയൻ ദ്വീപിലെ ഉൾപ്രദേശങ്ങളിലെ പർവതങ്ങളിലേക്ക് ഉൾവലിഞ്ഞു. ഏതാനും മാസത്തെ ഏകാന്തവാസത്തിന് ശേഷം അസ്സീസി നഗരത്തിലേക്ക് കാൽനടയായി യാത്ര ആരംഭിച്ചു (ഏകദേശം 1100 Km).

വർഷങ്ങളോളം തങ്ങളുടെ മകനെക്കുറിച്ച് അറിവില്ലാതിരുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഇറ്റാലിയൻ ചാനലായ റായി (RAI), കാണാതെ പോയവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രോഗ്രാമിൽ പങ്കെടുത്ത് തങ്ങളുടെ മകനെ കാണാനില്ല എന്ന വേദന ലോകത്തോട് പങ്കിട്ടുകൊണ്ട് ഇരിക്കുന്നതിനിടയിൽ തന്നെ ചില സുഹൃത്തുക്കളുടെ സഹായത്താൽ ബിയാജിയോ കോണ്ടെ TV പ്രോഗ്രാമിന്റെ ലൈവിൽ വന്ന് തന്റെ മാനസാന്തര കഥ കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തുകയും താൻ ഇപ്പോൾ അസീസിയിലേക്കുള്ള യാത്രാമധ്യ ആണെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഒരു മിഷനറിയായി ആഫ്രിക്കയിലേക്ക് പോവുക എന്ന ഉദ്ദേശ്യത്തോടെ അസീസ്സിയിൽ നിന്ന് പലേർമോയിൽ തിരിച്ച് എത്തി കുടുംബാംഗങ്ങളെ കണ്ട് യാത്ര പറഞ്ഞിറങ്ങി. എന്നാൽ ഒത്തിരി വർഷങ്ങൾക്ക് ശേഷം മടങ്ങി വന്ന അദ്ദേഹം സ്വന്തം നഗരത്തിലെ ദാരിദ്ര്യം നിറഞ്ഞ അവസ്ഥ കണ്ട് ആഫ്രിക്കയ്ക്ക് പോകുക എന്ന തീരുമാനം മാറ്റി സ്വന്തം നഗരത്തിൽ തന്നെ “മിഷണറി” പ്രവർത്തനം ചെയ്യാൻ തീരുമാനിച്ചു. പലേർമോ സെൻട്രൽ സ്റ്റേഷന്റെ പരിസരത്ത് ജീവിക്കുന്ന ഭവനരഹിതരെ മാറ്റിപാർപ്പിക്കാൻ 1991 മുതൽ അദ്ദേഹം വിവിധ പ്രതിഷേധങ്ങളിലൂടെയും ഉപവാസത്തിലൂടെയും പോരാടി.

ഉപയോഗിക്കാതെ കിടന്ന ചില പഴയ കെട്ടിടങ്ങൾ പലരുടെയും സഹായത്താൽ പുതുക്കി പണിത് 1993-ൽ അദ്ദേഹം “മിഷൻ ഓഫ് ഹോപ്പ് ആൻഡ് ചാരിറ്റി” സ്ഥാപിച്ചു. ഈ പ്രസ്ഥാനം 600-ലധികം ഭവനരഹിതരെയും കുടിയേറ്റക്കാരായ അനേകരെയും സഹായിക്കുന്നതിന് ഒപ്പം 1000 പേർക്ക് അനുദിനവും ഭക്ഷണം, മരുന്നുകൾ മുതലായവ നൽകി സഹായിക്കുന്നു. ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കു വേണ്ടി യൂറോപ്യൻ യൂണിയന്റെ കേന്ദ്രത്തിലും കടന്ന് ചെല്ലുവാൻ അദ്ദേഹത്തിന് ധൈര്യം ഉണ്ടായി. ഒരു അൽമായ വിശ്വാസിയായി അനേകായിരങ്ങൾക്ക് നന്മ ചെയ്യുമ്പോഴും, പലേർമോ അതിരൂപതയുമായി അദ്ദേഹം വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു.

2018 ൽ, പലേർമോയിലെ തെരുവുകളിൽ ഭവനരഹിതരായ ചിലരുടെ മരണം അദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചു. ദാരിദ്ര്യത്തിനെതിരായ പ്രതിഷേധത്തിന്റെ അടയാളമായി, തെരുവിൽ ഉറങ്ങാൻ അദ്ദേഹം തീരുമാനിച്ചു, സെൻട്രൽ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ കവാടത്തിന് കീഴിൽ അദ്ദേഹം നിരാഹാരസമരം ആരംഭിച്ചു. പത്ത് ദിവസത്തെ നിരാഹാര സമരത്തിന് ശേഷം അദ്ദേഹത്തിന്റെ ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചു.

2018 ഒക്‌ടോബർ 15-ന്, ഫ്രാൻസിസ് മാർപാപ്പ, പാലെർമോയിലെ ആർച്ച് ബിഷപ്പിനൊപ്പം സഹോദരൻ ബിയാജിയോയുടെ “മിഷൻ ഓഫ് ഹോപ്പ് ആൻഡ് ചാരിറ്റി” സെന്റർ സന്ദർശിക്കുകയും അവിടെയുണ്ടായിരുന്നവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.

ഏതാനും നാളുകളായി വൻകുടലിൽ അർബുദം ബാധിച്ചതിനെ തുടർന്ന് ക്ലേശിച്ച് കഠിനമായി തളർന്നെങ്കിലും, മരണത്തിന് മുമ്പ് വി. കുർബാനയിൽ പങ്കെടുക്കണം എന്ന് നിർബന്ധപൂർവ്വം ആവശ്യപ്പെട്ടതിനാൽ അദ്ദേഹത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി. വി. കുർബാന സ്വീകരിച്ച് ഏതാനും മണിക്കൂറുകൾക്ക് ഉള്ളിൽ 2023 ജനുവരി 12ന്, 59-ആം വയസ്സിൽ പലേർമോയിൽ വച്ച് അദ്ദേഹം മരിച്ചു.

“ദാനധർമ്മത്തിന്റെ ഉദാരമായ മിഷനറിയും പാവപ്പെട്ടവരുടെ സുഹൃത്തും” എന്നാണ് ഫ്രാൻസിസ് മാർപാപ്പ അനുശോചന സന്ദേശമായി കുറിച്ചത്. ഇറ്റാലിയൻ പ്രസിഡന്റ് സെർജോ മാത്തരേല്ല “വിലമതിച്ചതും അനുകരണീയനുമായ വ്യക്തി, മനുഷ്യന്റെ അന്തസ്സിനെ സംരക്ഷിക്കുന്നതിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ ധീരാത്മകമായിരുന്നു” എന്ന് വിശേഷിപ്പിച്ചു. ഇന്നലെ ഇറ്റലിയിലെ പലേർമോയിലെ കത്തീഡ്രലിലെ മൃതസംസ്കാര ദിവ്യബലിയിൽ നിരവധി മെത്രാൻമാർ ഉൾപ്പടെ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

✍🏼 സി. സോണിയ തെരേസ് ഡി. എസ്. ജെ

Advertisements
Biagio Conte of Palermo, Italy
Advertisements

https://www.catholicnewsagency.com/news/253370/thousands-attend-funeral-of-modern-day-st-francis-in-italy

https://news.italy24.press/trends/331216.html

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s