അവസാനത്തെ ന്യായാധിപനായ സാമുവലിന്റെ കാലംമുതല്‍ ദാവീദിന്റെ ഭരണത്തിന്റെ അവസാനംവരെയുള്ള ചരിത്രമാണു സാമുവലിന്റെ പേരിലുള്ള രണ്ടു പുസ്തകങ്ങളുടെ ഉള്ളടക്കം. 1-2 സാമുവല്‍, 1-2 രാജാക്കന്‍മാര്‍ എന്നീ പുസ്തകങ്ങള്‍ 1-4 രാജാക്കന്‍മാര്‍ എന്ന പേരിലാണ് ഗ്രീക്കുപരിഭാഷയില്‍ പ്രത്യക്ഷപ്പെടുന്നത്. ചില ആധുനിക വിവര്‍ത്തനങ്ങളും ഈ പാരമ്പര്യം സ്വീകരിച്ചു കാണുന്നു. ബി.സി.1050-നോടുകൂടി ഇസ്രായേലിനു ഫിലിസ്ത്യരുടെ ഭീഷണി വര്‍ധിച്ചു.ന്യായാധിപന്‍മാരുടെ നേതൃത്വത്തില്‍ ഫിലിസ്ത്യരെ അവിടവിടെ അമര്‍ച്ച ചെയ്യാന്‍ സാധിച്ചെങ്കിലും ശാശ്വതപരിഹാരം ഉണ്ടായില്ല. മറ്റു ജനതകളുടേതുപോലെ ഒരു രാജാവുണ്ടായാല്‍ തങ്ങള്‍ക്കു സമാധാനവും ഐശ്വര്യവും ലഭിക്കുമെന്ന് ജനം പ്രതീക്ഷിച്ചു. സാമുവലിന്റെ പുത്രന്‍മാരുടെ നേതൃത്വം ജനത്തിനു സ്വീകാര്യമായില്ല. തങ്ങള്‍ക്കൊരു രാജാവ് വേണമെന്ന് അവര്‍ ശഠിച്ചു (1 സാമു 8,15). കര്‍ത്താവല്ലാതെ മറ്റൊരു രാജാവ് ആവശ്യമില്ല എന്ന അഭിപ്രായമാണ് സാമുവലിനുണ്ടായിരുന്നതെങ്കിലും ജനഹിതമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അദ്‌ദേഹത്തിനു കര്‍ത്താവിന്റെ നിര്‍ദേശം ലഭിച്ചു. സാമുവല്‍ സാവൂളിനെ രാജാവായി അഭിഷേകം ചെയ്തു (1 സാമു 10,1). ഫിലിസ്ത്യര്‍ക്കെതിരേയുള്ളയുദ്ധങ്ങളില്‍ വിജയം വരിച്ചെങ്കിലും ദൈവഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതുകൊണ്ട് സാവൂള്‍ തിരസ്‌കൃതനായി. പകരം ജസ്‌സെയുടെ പുത്രനായ ദാവീദിനെ സാവൂള്‍ അറിയാതെ സാമുവല്‍ അഭിഷേകംചെയ്തു (1 സാമു 16, 13). ഫിലിസ്ത്യരുമായുള്ളയുദ്ധത്തില്‍ മുറിവേറ്റ സാവൂള്‍ സ്വന്തം വാളില്‍ വീണു മരിച്ചു. ദാവീദ് ഹെബ്രോണില്‍വച്ച് പരസ്യമായി അഭിഷിക്തനായി, അവിടെ ഏഴുവര്‍ഷം ഭരിച്ചു ( 2 സാമു 2, 1-10). തുടര്‍ന്നു തലസ്ഥാനം ജറുസലെമിലേക്കു മാറ്റി. ആകെ നാല്‍പതുവര്‍ഷം ദീര്‍ഘിച്ച ദാവീദിന്റെ ഭരണകാലം (1010 – 970) സംഭവബഹുലമായിരുന്നു. സാവൂളിന്റെ മകന്‍ ഇഷ്ബാലും സ്വന്തം മകന്‍ അബ്‌സലോമും സിംഹാസനം തട്ടിയെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. ബാഹ്യശത്രുക്കളായ ഫിലിസ്ത്യര്‍, അമലേക്യര്‍, മൊവാബ്യര്‍, എദോമ്യര്‍ എന്നിവരെയെല്ലാം തോല്‍പിച്ച് ദാവീദ് രാജ്യത്ത് സമാധാനം സ്ഥാപിച്ചു. ഇസ്രായേലില്‍ ഐശ്വര്യം കളിയാടി. ഐശ്വര്യം കൈവന്നപ്പോള്‍ ദാവീദ് കര്‍ത്താവിന് ഒരാലയം പണിയാന്‍ ആഗ്രഹിച്ചു. എന്നാല്‍, നാഥാന്‍പ്രവാചകന്‍വഴി കര്‍ത്താവ് അതു വിലക്കി. ദാവീദിന്റെ സിംഹാസനം എന്നേക്കും നിലനില്‍ക്കുമെന്ന വാഗ്ദാനം നാഥാന്‍വഴി കര്‍ത്താവ് നല്‍കി. വരാനിരിക്കുന്ന രക്ഷകന്‍ ദാവീദിന്റെ പുത്രന്‍ ആയിരിക്കുമെന്ന വിശ്വാസത്തിന്റെ ഉറവിടം ഇവിടെയാണ്. നീതിനിഷ്ഠനായരാജാവായിരുന്നെങ്കിലും ബലഹീനതയുടെ നിമിഷങ്ങള്‍ ദാവീദിന്റെ ജീവിതത്തിലുമുണ്ടായിരുന്നു. ഊറിയായുടെ ഭാര്യയായ ബത്‌ഷെബായെ സ്വന്തമാക്കാന്‍ ദാവീദ് കാട്ടിയ വന്‍ചതി നാഥാന്റെ ശക്തമായ വിമര്‍ശനത്തിനു വിഷയമായി. തെറ്റു മനസ്‌സിലാക്കിയ ദാവീദ് ഉള്ളുരുകി അനുതപിച്ചു (സങ്കീ 51). ദാവീദിന് ബത്‌ഷെബായില്‍ ജനിച്ച പുത്രനാണ് കിരീടാവകാശിയായിത്തീര്‍ന്ന സോളമന്‍. ദൈവഹിതത്തിനു വിരുദ്ധമായി ജനസംഖ്യയെടുത്തതിനു ശിക്ഷയായി വന്ന മഹാമാരിയില്‍നിന്നു ജനത്തെ രക്ഷിക്കണമേ എന്നയാചനയുമായി ബലിയര്‍പ്പിക്കുന്ന ദാവീദിനെയാണ് രണ്ടാംപുസ്തകത്തിന്റെ അവസാനഭാഗത്തു കാണുക (24, 25).
ഘടന
1 സാമുവല്‍
1-3:സാമുവലിന്റെ ബാല്യകാലം;
4-7: സാമുവല്‍ന്യായാധിപന്‍;
8-12: സാവൂള്‍ രാജാവാകുന്നു;
13-15: സാവൂളിന്റെ ഭരണത്തിന്റെ ആദ്യവര്‍ഷങ്ങള്‍;
16-30: സാവൂളും ദാവീദും;
31, 1-13: സാവൂളിന്റെ അവസാനം.
2 സാമുവല്‍
1, 1-4, 12:ദാവീദ് യൂദാ രാജാവ്;
5, 1-24, 25: ദാവീദ് ഇസ്രായേല്‍ മുഴുവന്റെയും രാജാവ്;
5, 1-10, 19: ആദ്യവര്‍ഷങ്ങള്‍;
11, 1-12, 25: ദാവീദും ബത്‌ഷെബായും;
12, 26-20, 26: സിംഹാസനത്തിനു ഭീഷണികള്‍;
21, 1-24, 25: അവസാന നാളുകള്‍.
The Book of 2 Samuel | 2 സാമുവൽ | Malayalam Bible | POC Translation

