പുരോഹിതൻ ഊറാറ ധരിച്ചു രൂപം സ്ഥാപിച്ചിരിക്കുന്ന മുറിയിൽനിന്നുകൊണ്ട് കുരിശുവരച്ചു പ്രാർത്ഥന ആരംഭിക്കുന്നു. അലങ്കരിച്ച രൂപങ്ങളുടെ മുന്നിൽ ചന്ദനത്തിരികളും മെഴുകുതിരികളും ഒരുക്കി വക്കുന്നു (കത്തിക്കുന്നില്ല).
കാർമ്മി: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും + നാമത്തിൽ
സമൂ: ആമ്മേൻ
കാർമ്മി: \ സമൂ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാ രൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, ഈ ഭവനത്തേയും ഇതിലെ നിവാസികളെയും + ആശീർവദിക്കണമേ. ആത്മീയവും ശാരീരികവുമായ എല്ലാ അപകടങ്ങളിൽ നിന്നും ഇവരെ കാത്തുരക്ഷിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.
സമൂ: ആമ്മേൻ
സങ്കീർത്തനം
കാർമ്മി: സൈന്യങ്ങളുടെ ദൈവമായ കർത്താവേ, അങ്ങയുടെ ഭവനം എത്ര മനോഹരമാകുന്നു.
സമൂ: അങ്ങയുടെ ഭവനത്തിൽ വസിക്കുന്നവർ എത്ര ഭാഗ്യവാന്മാരാകുന്നു.
കാർമ്മി: അന്യസ്ഥലത്തു ആയിരം ദിവസത്തേക്കാൾ അങ്ങയുടെ അങ്കണത്തിൽ ഒരുദിവസം കൂടുതൽ അഭികാമ്യമാണല്ലോ.
സമൂ: ദുഷ്ടന്മാരുടെ കൂടാരങ്ങളേക്കാൾ ദൈവഭവനത്തിന്റെ വാതിൽപ്പടി ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു.
കാർമ്മി: പതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ: ആദിമുതൽ എന്നേക്കും, ആമ്മേൻ
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമ്മി: കാരുണ്യവാനായ കർത്താവേ, ഞങ്ങളുടെ ഈ ഭവനത്തെ അങ്ങയുടെ ആലയമായി സ്വീകരിക്കേണമേ. ദുഖങ്ങളിൽ ആശ്വാസവും, ആവശ്യങ്ങളിൽ സഹായവും നൽകി എല്ലാദിവസവും ഞങ്ങളോടുകൂടെ വസിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.
സമൂ: ആമ്മേൻ
രൂപത്തിന്റെ മുൻപിൽ വച്ചിരിക്കുന്ന നിലവിളക്കു / മെഴുകുതിരി കത്തിച്ചുകൊണ്ട് കാർമ്മികൻ ചൊല്ലുന്നു.
കാർമ്മി: “ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു. എന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കുകയില്ല.” എന്ന് അരുളിച്ചെയ്ത കർത്താവു ഈ ഭവനത്തിന്റെ പ്രകാശവും ജീവനും ആയിരിക്കട്ടെ.
അനന്തരം കുടുംബാംഗങ്ങൾ മറ്റു തിരികളും ചന്ദനത്തിരികളും കത്തിക്കുന്നു.
കാർമ്മി: \ സമൂ:
സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമ്മി: എന്റെ കർത്താവേ നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനും ആകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാണ് സകലത്തെയും നാഥാ എന്നേക്കും.
സമൂ: ആമ്മേൻ
ശുശ്രൂഷി: ശബ്ദമുയർത്തി പാടിടുവിൻ
സർവ്വരുമൊന്നായി പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ
സമൂ: പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമ്മി: വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.
സമൂ: ആമ്മേൻ
വേദപുസ്തകവായനകൾ
വിജ്ഞാപനം: തന്റെ ജനമായ ഇസ്രായേൽക്കാരെ ഈജിപ്തിലെ അടിമത്തത്തിൽനിന്നു മോചിപ്പിക്കുവാൻ ദൈവം നിശ്ചയിച്ചു. എന്നാൽ ഈജിപ്തുകാർ അതിനു വഴങ്ങിയില്ല. അതിനാൽ ഈജിപ്തുകാരെ അവിടുന്ന് ശിക്ഷിക്കുകയും അവരുടെ കടിഞ്ഞൂൽ പുത്രന്മാരെ സംഹരിക്കുകയും ചെയ്തു. ആ സംഹാരത്തിൽ ഇസ്രായേൽക്കാരുടെ ഭവനങ്ങൾക്ക് യാതൊരു ഉപദ്രവവും വരാതെ ദൈവം എങ്ങനെ കാത്തുസൂക്ഷിച്ചു എന്ന് പുറപ്പാടിന്റെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു.
ശുശ്രൂഷി: പുറപ്പാടിന്റെ പുസ്തകത്തിൽ നിന്നുള്ള വായന (പുറപ്പാട് പുസ്തകം, അദ്ധ്യായം 12)
കര്‍ത്താവ് ഈജിപ്തില്‍ വച്ചു മോശയോടും അഹറോനോടും അരുളിച്ചെയ്തു: ഇസ്രായേല്‍ സമൂഹത്തോടു മുഴുവന്‍ പറയുവിന്‍: ഈ മാസം പത്താംദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍കുട്ടിയെ കരുതിവയ്ക്കണം; ഒരു വീടിന് ഒരാട്ടിന്‍കുട്ടി വീതം. ഏതെങ്കിലും കുടുംബം ഒരാട്ടിന്‍കുട്ടിയെ മുഴുവന്‍ ഭക്ഷിക്കാന്‍മാത്രം വലുതല്ലെങ്കില്‍ ആളുകളുടെ എണ്ണം നോക്കി അയല്‍ക്കുടുംബത്തെയും പങ്കുചേര്‍ക്കട്ടെ. ഇസ്രായേല്‍ സമൂഹം മുഴുവന്‍ തങ്ങളുടെ ആട്ടിന്‍കുട്ടികളെ അന്നു സന്ധ്യയ്ക്കു കൊല്ലണം. അതിന്റെ രക്തത്തില്‍ നിന്നു കുറച്ചെടുത്ത് ആടിനെ ഭക്ഷിക്കാന്‍ കൂടിയിരിക്കുന്ന വീടിന്റെ രണ്ടു കട്ടിളക്കാലുകളിലും മേല്പടിയിലും പുരട്ടണം.
ആ രാത്രി ഞാന്‍ ഈജിപ്തിലൂടെ കടന്നുപോകും. ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതരെയെല്ലാം ഞാന്‍ സംഹരിക്കും. ഈജിപ്തിലെ ദേവന്മാര്ക്കെല്ലാം എതിരായി ഞാന്‍ ശിക്ഷാവിധി നടത്തും. ഞാനാണ് കര്‍ത്താവ്. കട്ടിളയിലുള്ള രക്തം നിങ്ങള്‍ ആ വീട്ടില്‍ താമസിക്കുന്നുവെന്നതിന്റെ അടയാളമായിരിക്കും. അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും. ഞാന്‍ ഈജിപ്തിനെ പ്രഹരിക്കുമ്പോള്‍ ആ ശിക്ഷ നിങ്ങളെ ബാധിക്കുകയില്ല.
സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
സുവിശേഷം
കാർമ്മികൻ കുടുംബങ്ങൾക്ക് നേരെ തിരിഞ്ഞു നിന്നുകൊണ്ട്
കാർമ്മി:വിശുദ്ധ ലൂക്ക അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം (ലൂക്ക 19, 1-9)
സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
യേശു ജറീക്കോയില്‍ പ്രവേശിച്ച് അതിലൂടെ കടന്നുപോവുകയായിരുന്നു. അവിടെ സക്കേവൂസ് എന്നു പേരായ ഒരാളുണ്ടായിരുന്നു. അവന് ചുങ്കക്കാരില്‍ പ്രധാനനും ധനികനുമായിരുന്നു. യേശു ആരെന്നു കാണാന്‍ അവന് ആഗ്രഹിച്ചു. പൊക്കം കുറവായിരുന്നതിനാല്‍ ജനക്കൂട്ടത്തില്‍ നിന്നുകൊണ്ട് അതു സാധ്യമായിരുന്നില്ല. യേശുവിനെ കാണാന്‍വേണ്ടി അവന് മുമ്പേ ഓടി, ഒരു സിക്കമൂര്‍ മരത്തില്‍ കയ റിയിരുന്നു. യേശു അതിലേയാണ് കടന്നുപോകാനിരുന്നത്. അവിടെയെത്തിയപ്പോള്‍ അവന് മുകളിലേക്കു നോക്കിപ്പറഞ്ഞു: സക്കേവൂസ്, വേഗം ഇറങ്ങിവരുക. ഇന്ന് എനിക്കു നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു. അവന് തിടുക്കത്തില്‍ ഇറങ്ങിച്ചെന്ന് സന്തോഷത്തോടെ അവനെ സ്വീകരിച്ചു. ഇതു കണ്ടപ്പോള്‍ അവരെല്ലാവരും പിറുപിറുത്തു: ഇവന് പാപിയുടെ വീട്ടില്‍ അതിഥിയായി താമസിക്കുന്നല്ലോ. സക്കേവൂസ് എഴുന്നേറ്റു പറഞ്ഞു: കര്‍ത്താവേ, ഇതാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍, നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു. യേശു അവനോടു പറഞ്ഞു: ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു.
സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
പ്രസംഗം
സമൂഹപ്രാർത്ഥന
ശുശ്രൂഷി: നമുക്കെല്ലാവർക്കും സന്തോഷത്തോടും ഭക്തിയോടും കൂടെ നിന്ന് “കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ” എന്ന് പ്രാർത്ഥിക്കാം.
സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.
ശുശ്രൂഷി: അദ്ധ്വാനവും പ്രാർത്ഥനയും വഴി യഥാർത്ഥമായ ക്രിസ്തീയ ജീവിതം നയിച്ചുകൊണ്ട് നിരന്തരം അങ്ങയെ പ്രീതിപ്പെടുത്താൻ
സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.
ശുശ്രൂഷി: അങ്ങയുടെ പുതിയ കല്പന അനുസരിച്ചു ഉപവിയോട് കൂടെ ജീവിക്കാനും പരസ്പരം ക്ഷമിക്കാനും
സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.
ശുശ്രൂഷി: ദരിദ്രരെ സഹായിക്കുവാനും എല്ലാ മനുഷ്യരോടും അനുകമ്പ കാണിക്കുവാനും.
സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.
ശുശ്രൂഷി: ജീവിതകർത്തവ്യങ്ങളെല്ലാം കൃത്യമായി നിർവ്വഹിക്കുവാനും അങ്ങയുടെ സ്നേഹത്തിന് അർഹരായിത്തീരാനും.
സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.
ശുശ്രൂഷി: സാമ്പത്തികമായ ബുദ്ധിമുട്ടുകളും ജീവിതത്തിലെ മറ്റു ക്ലേശങ്ങളും സന്തോഷപൂർവ്വം സഹിച്ചുകൊണ്ട് അങ്ങയെ പിന്തുടരാൻ.
സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.
ശുശ്രൂഷി: തിരുകുടംബത്തിന്റെ മാതൃകയനുസരിച്ചു സമാധാനപൂർവ്വം ജീവിക്കുവാൻ.
സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.
ശുശ്രൂഷി: ഭാഗ്യമുള്ള മരണംവഴി അവസാനം അങ്ങയെ പ്രാപിക്കുവാൻ
സമൂ: കർത്താവേ, ഈ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ.
ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.
കാർമ്മി: ഈജിപ്തിലെ അടിമത്തത്തിൽ വച്ച് ഇസ്രായേൽക്കാരുടെ കുടുംബങ്ങളെ അപകടങ്ങളിൽനിന്നും രക്ഷിച്ച കാരുണ്യവാനായ കർത്താവേ, പുതുതായി രൂപംകൊണ്ടിരിക്കുന്ന (ഈ കുടുംബത്തെ) + ആശീർവദിക്കണമേ.
അങ്ങയുടെ തിരുസഭയിൽ സജീവമായി പ്രവർത്തിക്കുന്ന പ്രധാന ഘടകം കുടുംബമാകയാൽ പൈതൃകമായ അനുഗ്രഹം നൽകി ഇതിനെ കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ ഈ ഭവനം അങ്ങയുടെ ആലയമായി സ്വീകരിക്കേണമേ. നസ്രസ്സിലെ തിരുകുടുംബം പോലെ ഇത് സമാധാനത്തിന്റെയും പ്രാർത്ഥനയുടെയും ഒരു ഭവനമായി തീരട്ടെ. സന്തോഷത്തിലും സന്താപത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും അങ്ങയുടെ തിരുമനസ്സ് നിറവേറ്റുവാൻ ഞങ്ങളെ സഹായിക്കണമേ. ശിശുക്കളെ സംരക്ഷിക്കുകയും പരിശുദ്ധരായി വളർന്നുവരുവാൻ അവരെ അനുഗ്രഹിക്കുകയും ചെയ്യണമേ.
പിതാവും + പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.
സമൂ: ആമ്മേൻ
(താഴെവരുന്ന പ്രാർത്ഥന ചൊല്ലിക്കൊണ്ട് കാർമ്മികൻ പ്രധാന വാതിലിന്റെ മുകൾ ഭാഗത്തു കുരിശുവരക്കുന്നു.)
കാർമ്മി: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും + നാമത്തിൽ വിശുദ്ധകുരിശിന്റെ അടയാളത്താൽ മുദ്രയിടപ്പെടുന്ന ഈ ഭവനം എന്നേക്കും അനുഗൃഹീതമാകട്ടെ.
സമൂ: ആമ്മേൻ
(കുടുംബങ്ങളുടെ നേരെ തിരിഞ്ഞു കാരമുയർത്തി)
കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിനെ സഹവാസവും നാം എല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂ: ആമ്മേൻ
കുടുംബാംഗങ്ങളുടെ മേലും, മുറികളിലും, പരിസരങ്ങളിലും, കിണർ, ടാങ്ക് ആദിയായവയിലും വെഞ്ചരിച്ച പനിനീർ തളിക്കുന്നു.
ഈ സമയം സമൂഹം കർത്താവിന്റെയോ മാതാവിന്റെയോ ലുത്തിനിയ പാടുന്നു.
കുടുംബ പ്രതിഷ്ഠാ ജപം / തിരുഹൃദയ പ്രതിഷ്ഠാ ജപം
(കാർമ്മികൻ സമൂഹത്തിനു ചൊല്ലിക്കൊടുക്കുന്നു)
കാർമ്മി: ഈശോയുടെ തിരുഹൃദയമേ, / ഈ കുടുംബത്തെയും, / ഞങ്ങളെ ഓരോരുത്തരേയും / ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. / ഞങ്ങളുടെ ഈ കുടുംബത്തില്‍ / അങ്ങ് രാജാവായി വാഴേണമേ. / ഞങ്ങളുടെ പ്രവര്‍ത്തികളെല്ലാം / അങ്ങ് തന്നെ നിയന്ത്രിക്കേണമേ. / ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം / ആശീര്‍വദിക്കയും, / ഞങ്ങളുടെ സന്തോഷങ്ങള്‍ / വിശുദ്ധീകരിക്കയും, / സങ്കടങ്ങളില്‍ / ആശ്വാസം നല്‍കുകയും ചെയ്യേണമേ. / ഞങ്ങളില്‍ ആരെങ്കിലും / അങ്ങയെ ഉപദ്രവിക്കാന്‍ ഇടയായാല്‍, / ഞങ്ങളോടു ക്ഷമിക്കേണമേ. / ഈ കുടുംബത്തിലുള്ളവരെയും, / ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും, / സമൃദ്ധമായി അനുഗ്രഹിക്കേണമേ. / ഞങ്ങളുടെ മരിച്ചുപോയ കുടുംബാംഗങ്ങളെ / നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കേണമേ. / ആല്മീയവും ശാരീരികവുമായ / എല്ലാ വിപത്തുകളിലും നിന്ന്, / ഞങ്ങളെ കാത്തുകൊള്ളേണമേ. / സ്വര്‍ഗത്തില്‍ അങ്ങയെ കണ്ടാനന്ദിക്കുവാന് / ഞങ്ങല്‍ക്കെല്ലാവര്‍ക്കും / അനുഗ്രഹം നല്കണമേ. / മറിയത്തിന്റ് വിമല ഹൃദയവും, / മാര്‍ യൌസേപ്പ് പിതാവും, / ഞങ്ങളുടെ പ്രതിഷ്ടയെ / അങ്ങേക്ക് സമര്‍പ്പിക്കുകയും / ജീവിതകാലം മുഴുവനും / ഇതിന്റെ സജീവസ്മരണ / ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ. / ആമ്മേൻ
ഈശോയുടെ തിരുഹൃദയമേ, / ഞങ്ങളെ അനുഗ്രഹിക്കണമേ.
മറിയത്തിന്റ് വിമല ഹൃദയമേ, / ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.
വി. യൌസേപ്പ് പിതാവേ, / ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.
വി. മാര്‍ഗരീത്തമറിയമേ, / ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.
പുതിയ വീടാണെങ്കിൽ വൈദീകൻ രൂപത്തിന്റെ മുൻപിലെ കത്തിച്ച തിരിയിൽ നിന്നും തീ പകർന്നു കുടുംബനാഥയെ ഏല്പിക്കുന്നു. കുടുംബനാഥ കുടുംബാംഗങ്ങളോടൊത്തു പുതിയ അടുപ്പിൽ തീ കത്തിക്കുന്നു. പുതിയ പാത്രത്തിൽ പാൽ തിളപ്പിച്ച് എല്ലാവർക്കും കുറേശ്ശെ നൽകുന്നു.
കാച്ചിയപാൽ ആദ്യവും അതിനുശേഷം ഭക്ഷണവും ആശീർവദിച്ചു വിതരണം ചെയ്യുന്നു.
ഭക്ഷണം ആശീർവദിക്കാനുള്ള പ്രാർത്ഥന
കാർമ്മി: അനന്തമായ കാരുണ്യത്താൽ ഞങ്ങളെ അനുദിനം പരിപാലിച്ചുകൊണ്ടിരിക്കുന്ന ദൈവമേ, ഈ ഭക്ഷണപാനീയങ്ങൾ ആശീർവദിക്കണമേ. ഇവ ഞങ്ങൾക്ക് ആരോഗ്യവും ബലവും പ്രധാനം ചെയ്യട്ടേ. ഇവയെല്ലാം അങ്ങയുടെ മഹത്വത്തിന് ഉപകരിക്കത്തക്കവിധം ഉപയോഗിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.
സമൂ: ആമ്മേൻ
വെഞ്ചരിച്ച പനിനീർ തളിക്കുന്നു
