The Book of 2 Samuel, Chapter 14 | 2 സാമുവൽ, അദ്ധ്യായം 14 | Malayalam Bible | POC Translation

Advertisements

2 സാമുവൽ, അദ്ധ്യായം 14

അബ്‌സലോമിന്റെ തിരിച്ചുവരവ്

1 രാജാവിന്റെ ഹൃദയം അബ്‌സലോമിനെ പാര്‍ത്തിരിക്കുന്നെന്ന് സെരൂയയുടെ മകന്‍ യോവാബ് ഗ്രഹിച്ചു.2 അതുകൊണ്ട്, അവന്‍ തെക്കോവായിലേക്ക് ആളയച്ചു സമര്‍ഥയായ ഒരു സ്ത്രീയെ വരുത്തി. നീ ഒരു വിലാപക്കാരിയായി നടിക്കുക. വിലാപവസ്ത്രം ധരിച്ച് തൈലം പൂശാതെ, മരിച്ചവനെക്കുറിച്ച് വളരെ ദിവസങ്ങളായി ദുഃഖിച്ചിരിക്കുന്ന സ്ത്രീയെപ്പോലെ പെരുമാറുക.3 എന്നിട്ട് രാജസന്നിധിയില്‍ച്ചെന്ന് ഞാന്‍ പറയുന്നതു പറയുക എന്ന് യോവാബ് അവളോട് ആവശ്യപ്പെട്ടു. പിന്നെ, പറയേണ്ട കാര്യം അവന്‍ അവള്‍ക്കു വിവരിച്ചു കൊടുത്തു.4 തെക്കോവാക്കാരി രാജസന്നിധിയില്‍ച്ചെന്ന് സാഷ്ടാംഗം നമസ്‌കരിച്ചു. അവള്‍ പറഞ്ഞു: തിരുമേനീ, സഹായിക്കണമേ!5 എന്താണ് നിന്റെ പ്രശ്‌നം? രാജാവു ചോദിച്ചു. അവള്‍ പറഞ്ഞു: അടിയന്‍ ഒരു വിധവയത്രെ; എന്റെ ഭര്‍ത്താവ് മരിച്ചുപോയി.6 അങ്ങയുടെ ദാസിക്ക് രണ്ടു പുത്രന്‍മാരുണ്ടായിരുന്നു. അവര്‍ വയലില്‍വച്ചു വഴക്കിട്ടു. അവരെ പിടിച്ചുമാറ്റാന്‍ ആരുമില്ലായിരുന്നു.7 ഒരുവന്‍ മറ്റവനെ അടിച്ചുകൊന്നു. ഇപ്പോഴോ എന്റെ ചാര്‍ച്ചക്കാരെല്ലാവരും ഈ ദാസിക്കെതിരേ തിരിഞ്ഞിരിക്കുന്നു. സഹോദരനെ കൊന്നവനെ വിട്ടുതരുക. മരിച്ചവനുവേണ്ടി ഞങ്ങള്‍ പ്രതികാരം ചെയ്യട്ടെ. അങ്ങനെ അവന്റെ വംശം നശിപ്പിക്കട്ടെ എന്നു പറയുന്നു.ശേഷിച്ചിരിക്കുന്ന കനല്‍കൂടി അവര്‍ കെടുത്തും; എന്റെ ഭര്‍ത്താവിന്റെ നാമം നിലനിര്‍ത്താന്‍ ഭൂമുഖത്ത് ഒരവകാശിപോലും ഇല്ലാതെയാകും.8 അപ്പോള്‍, രാജാവു പറഞ്ഞു: വീട്ടിലേക്കു മടങ്ങുക. നിന്റെ കാര്യത്തിന് ഞാന്‍ നിര്‍ദേശം കൊടുത്തുകൊള്ളാം.9 തെക്കോവാക്കാരി പറഞ്ഞു: തിരുമേനീ, കുറ്റം എന്റെയും എന്റെ പിതൃഗൃഹത്തിന്റെയും മേല്‍ ഇരിക്കട്ടെ! രാജാവും സിംഹാസനവും കുറ്റസ്പര്‍ശമേല്‍ക്കാതിരിക്കട്ടെ!10 ആരെങ്കിലും നിന്നെ ഭീഷണിപ്പെടുത്തിയാല്‍ അവനെ എന്റെയടുക്കല്‍ കൊണ്ടുവരുക. അവന്‍ നിന്നെ വീണ്ടും ശല്യപ്പെടുത്തുകയില്ല. രാജാവ് കല്‍പിച്ചു.11 അപ്പോള്‍, അവള്‍ പറഞ്ഞു: രക്തത്തിനു പ്രതികാരം ചെയ്യാന്‍ വീണ്ടും കൊലനടത്തി എന്റെ മകനെ നശിപ്പിക്കാനിടവരാതിരിക്കാന്‍ തിരുമേനി, അങ്ങയുടെ ദൈവമായ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കേണമേ! രാജാവു പറഞ്ഞു: കര്‍ത്താവാണേ, നിന്റെ മകന്റെ തലയിലെ ഒരു മുടിപോലും വീണുപോവുകയില്ല.12 അപ്പോള്‍ അവള്‍ പറഞ്ഞു: തിരുമേനീ അങ്ങയുടെ ദാസി ഒരു വാക്കുകൂടി ബോധിപ്പിച്ചുകൊള്ളട്ടെ.13 പറയുക, രാജാവ് അനുവദിച്ചു. അവള്‍ പറഞ്ഞു: പിന്നെന്തുകൊണ്ട് ദൈവത്തിനെതിരായി അങ്ങ് ഇതേ തെറ്റുചെയ്തിരിക്കുന്നു? പ്രവാസത്തില്‍നിന്ന് സ്വപുത്രനെ മടക്കിക്കൊണ്ടുവരാത്തതുകൊണ്ട് അങ്ങ് അങ്ങയെത്തന്നെ കുറ്റം വിധിച്ചിരിക്കുന്നു.14 നാമെല്ലാവരും മരിക്കും; നിലത്തുവീണു ചിതറിയാല്‍ തിരിച്ചെടുക്കാന്‍ വയ്യാത്ത, വെള്ളംപോലെയാണു നാം. ബഹിഷ്‌കരിച്ചവനെ എന്നും പരിത്യക്തനായി ഉപേക്ഷിക്കാതിരിക്കാനുള്ള മാര്‍ഗം തേടുന്നവന്റെ ജീവനില്‍ ദൈവം കൈവയ്ക്കുകയില്ല.15 ജനം എന്നെ ഭയപ്പെടുത്തിയതുകൊണ്ടാണ് ഇക്കാര്യം എന്റെ യജമാനനായരാജാവിനോടു പറയാന്‍ ഞാന്‍ വന്നിരിക്കുന്നത്. ഞാന്‍ ചിന്തിച്ചു; രാജാവിനോടു പറയാം; ഈ ദാസിയുടെ അപേക്ഷ രാജാവു നിറവേറ്റിത്തരും.16 എന്നെയും എന്റെ പുത്രനെയും കൊന്നു ദൈവത്തിന്റെ അവകാശത്തില്‍നിന്ന് അകറ്റാന്‍ ശ്രമിക്കുന്നവരുടെ കൈയില്‍നിന്ന് അങ്ങ് എന്റെ വാക്കു കേട്ട് എന്നെ രക്ഷിക്കും;17 എന്റെ യജമാനനായ രാജാവിന്റെ വാക്ക് എനിക്കു സ്വസ്ഥത തരും. എന്തെന്നാല്‍, നന്‍മയും തിന്‍മയും വിവേചിച്ചറിയുന്നതില്‍ എന്റെ യജമാനനായ രാജാവ് ദൈവദൂതനെപ്പോലെയാണ്. അങ്ങയുടെ ദൈവമായ കര്‍ത്താവ് അങ്ങയുടെകൂടെ ഉണ്ടായിരിക്കട്ടെ!18 ഞാന്‍ നിന്നോടൊരു ചോദ്യം ചോദിക്കട്ടെ. നീ സത്യം പറയണം. രാജാവ് അവളോടു പറഞ്ഞു.യജമാനനേ, അരുളിച്ചെയ്താലും, അവള്‍ പറഞ്ഞു.19 രാജാവ് ചോദിച്ചു: ഇതിന്റെ യെല്ലാം പിന്നില്‍ യോവാബിന്റെ കരങ്ങളാണോ ഉള്ളത്?യജമാനനേ, അവിടുത്തേ ചോദ്യത്തിനു മറുപടി പറയാതെ രക്ഷപെടാന്‍ ആര്‍ക്കും സാധിക്കുകയില്ല. അങ്ങയുടെ ദാസന്‍ യോവാബു തന്നെയാണ് എന്നെ പ്രേരിപ്പിച്ചത്. അവന്‍ തന്നെയാണ് ഈ വാക്കുകളൊക്കെ എനിക്കു പറഞ്ഞുതന്നത്.20 എന്നാല്‍, കാര്യങ്ങളെല്ലാം നേരേയാക്കാനാണ് യോവാബ് ഇതു ചെയ്തത്. ഭൂമിയിലുള്ള സകലതും അറിയത്തക്കവിധം ദൈവദൂതനെപ്പോലെ ജ്ഞാനിയാണ് അവിടുന്ന്, അവള്‍ പറഞ്ഞു. രാജാവു യോവാബിനോടു പറഞ്ഞു:21 ശരി, ഞാന്‍ സമ്മതിച്ചിരിക്കുന്നു. ചെന്ന് അബ്‌സലോം കുമാരനെ കൂട്ടിക്കൊണ്ടുവരുക.22 യോവാബ് രാജസന്നിധിയില്‍ സാഷ്ടാംഗം പ്രണമിച്ചു പറഞ്ഞു: യജമാനനേ, ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ! അങ്ങേക്ക് അടിയനില്‍ പ്രീതിയുണ്ടെന്നു ഞാനിപ്പോള്‍ അറിയുന്നു; അങ്ങ് അടിയന്റെ അപേക്ഷ അനുവദിച്ചല്ലോ.23 യോവാബ് ഗഷൂറില്‍ച്ചെന്ന് അബ്‌സലോമിനെ ജറുസലെമില്‍ കൂട്ടിക്കൊണ്ടുവന്നു.24 അവന്‍ സ്വഭവനത്തില്‍ താമസിക്കട്ടെ. എനിക്ക് അവനെ കാണേണ്ടാ, രാജാവ് കല്‍പിച്ചു. അങ്ങനെ അബ്‌സലോം രാജസന്നിധിയില്‍ വരാതെ സ്വന്തം വീട്ടില്‍ കഴിഞ്ഞു.25 ഇസ്രായേലിലെങ്ങും അബ്‌സലോമിനെപ്പോലെ സൗന്ദര്യവാനായി ആരും ഉണ്ടായിരുന്നില്ല. അടിമുതല്‍ മുടിവരെ തിക വുറ്റവനായിരുന്നു അവന്‍ .26 അവന്റെ മുടിവെട്ടുമ്പോള്‍- വര്‍ഷത്തിലൊരിക്കലാണതുവെട്ടുക; മുടിവളര്‍ന്ന് ഭാരമാകുന്നതുകൊണ്ടത്രെ വെട്ടുന്നത് – കത്രിച്ചുകളയുന്ന മുടി രാജതൂക്കത്തിന് ഇരുനൂറുഷെക്കെല്‍ ഭാരമുണ്ടായിരുന്നു.27 അബ്‌സലോമിന് മൂന്നു പുത്രന്‍മാരും താമാര്‍ എന്നു പേരുള്ള ഒരു പുത്രിയും ജനിച്ചു. അവള്‍ അതീവസുന്ദരിയുമായിരുന്നു.28 രാജസന്നിധിയില്‍ ചെല്ലാതെ രണ്ടു സംവത്‌സരം അബ്‌സലോം ജറുസലേമില്‍ താമസിച്ചു.29 രാജാവിന്റെ അടുത്തേക്ക് അയയ്‌ക്കേണ്ടതിന് അവന്‍ യോവാബിനെ വിളിപ്പിച്ചു. എന്നാല്‍, യോവാബ് അവന്റെ അടുക്കല്‍ ചെന്നില്ല. അവന്‍ രണ്ടാമതും ആളയച്ചു.30 യോവാബ് ചെന്നില്ല. അപ്പോള്‍ അബ്‌സലോം ദാസന്‍മാരോടു പറഞ്ഞു:നോക്കൂ, യോവാബിന്റെ വയല്‍ എന്‍േറതിനടുത്താണല്ലോ. അതില്‍ യവം വളരുന്നു. നിങ്ങള്‍ ചെന്ന് അതിനു തീവയ്ക്കൂ. അങ്ങനെ അബ്‌സലോമിന്റെ ഭൃത്യന്‍മാര്‍ വയലിനു തീവച്ചു.31 യോവാബ് അബ്‌സലോമിന്റെ വീട്ടില്‍ച്ചെന്ന് നിന്റെ ദാസന്‍മാര്‍ എന്റെ വയലിനു തീവച്ചതെന്തിന് എന്ന് അവനോടു ചോദിച്ചു.32 ഞാന്‍ വിളിപ്പിച്ചിട്ടു നീ വരാഞ്ഞതുകൊണ്ടുതന്നെ. ഗഷൂറില്‍നിന്നു ഞാന്‍ ഇവിടെ വന്നതെന്തിന്? അവിടെ താമസിക്കുകയായിരുന്നു കൂടുതല്‍ നല്ലത് എന്ന് നിന്നെ അയച്ച രാജാവിനോട് എനിക്കു പറയണമായിരുന്നു. അബ്‌സലോം മറുപടി പറഞ്ഞു. അവന്‍ തുടര്‍ന്നു: ഞാന്‍ രാജസന്നിധിയില്‍ ചെല്ലട്ടെ; എന്നില്‍ കുറ്റമുണ്ടെങ്കില്‍ അവന്‍ എന്നെ കൊല്ലട്ടെ.33 അപ്പോള്‍ യോവാബ് രാജസന്നിധിയില്‍ച്ചെന്നു വിവരം പറഞ്ഞു. രാജാവ് അബ്‌സലോമിനെ വിളിപ്പിച്ചു. അങ്ങനെ അവന്‍ വന്ന് രാജസന്നിധിയില്‍ സാഷ്ടാംഗം പ്രണമിച്ചു. രാജാവ് അബ്‌സലോമിനെ ചുംബിച്ചു.

Advertisements

The Book of 2 Samuel | 2 സാമുവൽ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
2 Samuel 6
Advertisements
2 Samuel 18
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s