2 സാമുവൽ, അദ്ധ്യായം 20
ഷേബയുടെ വിപ്ളവം
1 ഷേബ എന്നു പേരുള്ള ഒരു നീചന് ഉണ്ടായിരുന്നു. ബഞ്ചമിന്‍ഗോത്രത്തില്‍പെട്ട ബിക്രിയുടെ മകനായ അവന് കാഹളമൂതി വിളിച്ചുപറഞ്ഞു: ദാവീദുമായി നമുക്കു പങ്കില്ല. ജസ്സെയുടെ പുത്രനുമായി നമുക്ക് ഇടപാടില്ല. ഇസ്രായേലേ, നിങ്ങള്‍ വീട്ടിലേക്കു മടങ്ങുവിന്‍.2 അങ്ങനെ ഇസ്രായേല്യര്‍ ദാവീദിനെ വിട്ടു ബിക്രിയുടെ മകന് ഷേബയോടു ചേര്‍ന്നു. യൂദായിലെ ജനമാകട്ടെ ദാവീദുരാജാവിനോടുകൂടെ ഉറച്ചുനിന്ന് ജോര്‍ദാന്‍മുതല്‍ ജറുസലെംവരെ അവനെ അനുഗമിച്ചു.3 ദാവീദ് ജറുസലെമില്‍ തന്റെ കൊട്ടാരത്തിലെത്തി. കൊട്ടാരം സൂക്ഷിക്കാന്‍ ഏല്പിച്ചിരുന്ന പത്ത് ഉപനാരികളെ വീട്ടുതടങ്കലിലാക്കി. അവരുടെ ജീവിതാവശ്യങ്ങള്‍ നല്‍കിയെങ്കിലും അവരുമായി അവന് ശയിച്ചില്ല. അവര്‍ മരണംവരെ വീട്ടുതടങ്കലില്‍ വിധവകളെപ്പോലെ ജീവിച്ചു.4 രാജാവ് അമാസയോടു പറഞ്ഞു: യൂദായിലെ പുരുഷന്മാരെയുംകൂട്ടി മൂന്നു ദിവസത്തിനകം എന്റെ മുന്പില് വരുക.5 അമാസ അവരെ വിളിച്ചുകൂട്ടാന്‍ പോയി. എന്നാല്‍, രാജാവു കല്പിച്ചിരുന്ന സമയത്ത് അവന് തിരിച്ചെത്തിയില്ല.6 അതുകൊണ്ട്, ദാവീദ് അബിഷായിയോടു പറഞ്ഞു: ബിക്രിയുടെ മകന് ഷേബ അബ്സലോമിനെക്കാള്‍ കൂടുതല്‍ ശല്യംചെയ്യും. അതുകൊണ്ട് സൈന്യവുമായി അവനെ പിന്തുടരുക. അല്ലെങ്കില്‍, അവന് കോട്ടകളുള്ള വല്ലപട്ടണങ്ങളും കൈക്കലാക്കി നമ്മെ ശല്യപ്പെടുത്തും.7 അങ്ങനെ യോവാബും ക്രേത്യരും പെലേത്യരും സകല വീരന്മാരും ബിക്രിയുടെ മകന് ഷേബയെ പിന്തുടരാന് ജറുസലെമില്‍നിന്നു പുറപ്പെട്ടു.8 അവര്‍ ഗിബയോനിലെ വലിയ പാറയുടെ അടുത്തെത്തിയപ്പോള്‍ അമാസ അവരെ സ്വീകരിക്കാന്‍ വന്നു. യോവാബ് പടച്ചട്ടയും അതിനുമീതേ വാള് ഉറപ്പിച്ച അരപ്പട്ടയും ധരിച്ചിരുന്നു. അവന് മുന്നോട്ടു നടന്നപ്പോള്‍ വാള് പുറത്തേക്കു തള്ളിനിന്നു.9 സഹോദരാ, സുഖംതന്നെയോ എന്നു ചോദിച്ചുകൊണ്ട് യോവാബ് അമാസയെ ചുംബിക്കാന്‍ വലത്തുകൈകൊണ്ട് അവന്റെ താടിക്കു പിടിച്ചു.10 യോവാബിന്റെ കൈയിലുണ്ടായിരുന്ന വാള് അമാസ ശ്രദ്ധിച്ചില്ല.യോവാബ് അവന്റെ വയറ്റത്തു കുത്തി. കുടല് തറയില്‍ തെറിച്ചുവീണു; രണ്ടാമതു കുത്തേണ്ടിവന്നില്ല; അവന് മരിച്ചു. പിന്നെയോവാബും അവന്റെ സഹോദരന് അബിഷായിയും ബിക്രിയുടെ മകന് ഷേബയെ അനുധാവനം ചെയ്തു.11 യോവാബിന്റെ പടയാളികളിലൊരുവന്‍ അമാസയുടെ മൃത ശരീരത്തിനരികെ നിന്നു വിളിച്ചുപറഞ്ഞു:യോവാബിന്റെയും ദാവീദിന്റെയും പക്ഷത്തുള്ളവര്‍ യോവാബിനെ അനുഗമിക്കട്ടെ.12 അമാസയുടെ ശരീരം രക്തത്തില്‍ മുങ്ങി വഴിമധ്യേ കിടക്കുകയായിരുന്നു. കടന്നുവന്നവര്‍ അതു കണ്ടുനിന്നു. എല്ലാവരും നില്ക്കുന്നു എന്നു കണ്ടിട്ട് ഒരുവന് അമാസയുടെ ശരീരം വലിച്ച് വയലിലിട്ട് ഒരു തുണികൊണ്ടു മൂടി.13 അവനെ വഴിയില്‍നിന്നു നീക്കംചെയ്തപ്പോള്‍ സകലരും ബിക്രിയുടെ മകന് ഷേബയെ പിടികൂടാന്‍ യോവാബിനോടു കൂടെ പോയി.14 ഷേബ എല്ലാ ഇസ്രായേല്‍ഗോത്രങ്ങളുടെയും പ്രദേശങ്ങളില്‍കൂടി കടന്ന് ആബേല്‍ബേത്ത്-മാഖായില്‍ എത്തി. ബിക്രിയുടെ കുലത്തില്‍പ്പെട്ടവരെല്ലാം ഒരുമിച്ചുകൂടി പട്ടണത്തിലേക്ക് അവനെ അനുഗമിച്ചു.15 യോവാബിന്റെ അനുയായികള്‍ ആബേല്‍ബേത്ത്- മാഖാ വളഞ്ഞു. പട്ടണത്തിനു നേരേ അവര്‍ ഒരു മണ്‍തിട്ട ഉയര്‍ത്തി. മതില് ഇടിച്ചുവീഴ്ത്താന്‍ തുടങ്ങി.16 അപ്പോള്‍ വിവേകവതിയായ ഒരുവള്‍ പട്ടണത്തില്‍നിന്നു വിളിച്ചുപറഞ്ഞു: കേള്‍ക്കുക, ഞാന്‍, യോവാബിനോടു സംസാരിക്കേണ്ടതിന് അവനോട് ഇങ്ങോട്ടു വരാന്‍ പറയുക.17 യോവാബ് അവളുടെ അടുത്തുചെന്നു. നീ യോവാബോ? അവള് ചോദിച്ചു. അതേ, ഞാന്‍ തന്നെ, അവന് പറഞ്ഞു. നിന്റെ ദാസി പറയുന്നതു ശ്രവിച്ചാലും, അവള് അപേക്ഷിച്ചു. ഞാന്‍ ശ്രദ്ധിക്കുന്നു, അവന് മറുപടി പറഞ്ഞു.18 അപ്പോള്‍ അവള് പറഞ്ഞു: ആബേലില്‍ച്ചെന്ന് ഉപദേശം സ്വീകരിപ്പിന് എന്നു മുന്‍പൊക്കെ പറയുക പതിവായിരുന്നു.19 അങ്ങനെ അവര്‍ കാര്യം തീര്‍ത്തുവന്നു. ഇസ്രായേലിലെ സമാധാനപ്രിയരും വിശ്വസ്തരുമായവരില്‍ ഒരാളാണ് ഞാന്‍. ഇസ്രായേലിലെ ഒരു മാതാവായ ഈ നഗരത്തെനീ നശിപ്പിക്കാനൊരുങ്ങുന്നു. നീ കര്‍ത്താവിന്റെ അവകാശംവെട്ടി വിഴുങ്ങുമോ?20 യോവാബ് മറുപടി പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല; നിങ്ങളുടെ പട്ടണം നശിപ്പിക്കുകയോ തകര്‍ക്കുകയോചെയ്യുകയില്ല. അതല്ല ഞങ്ങളുടെ ഉദ്ദേശ്യം.21 എഫ്രായിം മലനാട്ടില്‍നിന്നുള്ള ബിക്രിയുടെ മകന് ഷേബ എന്നൊരുവന്‍ ദാവീദ് രാജാവിനെതിരേ കരം ഉയര്‍ത്തിയിരിക്കുന്നു. അവനെമാത്രം ഏല്‍പിച്ചുതരുക; ഞാന്‍ പട്ടണംവിട്ടു പൊയ്ക്കൊള്ളാം. ഇതാ, അവന്റെ തല മതിലിനു മീതേകൂടി നിന്റെ അടുത്തേക്ക് എറിഞ്ഞുതരാം, അവള് പറഞ്ഞു.22 അവള് ജനത്തെ സമീപിച്ച് തന്റെ ജ്ഞാനത്താല്‍ അവരെ സമ്മതിപ്പിച്ചു. ബിക്രിയുടെ മകന് ഷേബയുടെ തല അവര്‍ വെട്ടി യോവാബിന്റെ അടുത്തേക്ക് എറിഞ്ഞുകൊടുത്തു. അവന് കാഹളമൂതി; സൈന്യം പട്ടണംവിട്ടു സ്വന്തം വീടുകളിലേക്കു പോയി;യോവാബ് ജറുസലെമില്‍ രാജാവിന്റെ അടുത്തേക്കും.23 യോവാബ് ഇസ്രായേല്‍സൈന്യത്തിന്റെ അധിപതിയായിരുന്നു.യഹോയാദായുടെ മകന് ബനായ ക്രേത്യരുടെയും പെലേത്യരുടെയും തലവനും,24 അദോറാമിന് അടിമകളുടെ മേല്‍നോട്ടമായിരുന്നു. അഹിലൂദിന്റെ മകന് യഹോഷാഫാത്ത് എഴുത്തുകാരനും25 ഷെവാ കാര്യസ്ഥനും സദോക്കും, അബിയാഥറും പുരോഹിതന്മാരും ആയിരുന്നു.26 ജായിറുകാരന്‍ ഈരയും ദാവീദിന്റെ പുരോഹിതനായിരുന്നു.
The Book of 2 Samuel | 2 സാമുവൽ | Malayalam Bible | POC Translation

