⚜️⚜️⚜️ January 2️⃣3️⃣⚜️⚜️⚜️ രക്തസാക്ഷിയായ വിശുദ്ധ വിന്‍സെന്റ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
304-ല്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ രക്തസാക്ഷിത്വ മകുടം ചൂടിയ വിശുദ്ധ വിന്‍സെന്റ് സറഗോസ്സയിലെ ഒരു ഡീക്കന്‍ ആയിരുന്നു. 275ലെ മതപ്രഭാഷണത്തില്‍ വിശുദ്ധ അഗസ്റ്റിന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് പോലെ നാലാം നൂറ്റാണ്ടിന്റെ അവസാനംവരെ ആഫ്രിക്കയിലെ ദേവാലയങ്ങളില്‍ ഈ വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ വായിച്ചിരുന്നു. ഇപ്പോള്‍ അറിവായിട്ടുള്ളവ വിവരങ്ങള്‍ 8, 9 നൂറ്റാണ്ടുകളിലെ പാരമ്പര്യങ്ങളില്‍ നിന്ന് ശേഖരിച്ചവയാണ്.
വിശുദ്ധന്റെ രക്തസാക്ഷിത്വത്തെ കുറിച്ചുള്ള പ്രൂഡെന്റിയൂസിന്റെ ലേഖനപ്രകാരം സ്പെയിനിലെ സറഗോസയിലാണ് വിശുദ്ധന് ജനിച്ചത്. യൂത്തിസിയൂസ്-എനോല എന്നായിരുന്നു വിശുദ്ധന്റെ മാതാപിതാക്കളുടെ പേര്. സറഗോസയിലെ മെത്രാനായിരുന്ന വലേരിയൂസിന്റെ കീഴില്‍ വിശുദ്ധന് ഉന്നത വിദ്യാഭ്യാസം നേടി. അധികം താമസിയാതെ അദ്ദേഹം ശേമ്മാച്ചനായി (Deacon) നിയമിതനായി. സംസാര തടസ്സം ഉണ്ടായിരുന്ന മെത്രാന് വിശുദ്ധനെ തന്റെ രൂപതയില്‍ പ്രഘോഷണത്തിനായി നിയമിച്ചു.
ഗവര്‍ണര്‍ ആയിരുന്ന ഡാസിയാന്റെ ഉത്തരവിന്മേല് വിശുദ്ധനേയും അദ്ദേഹത്തിന്റെ മെത്രാനെയും ചങ്ങലകളാല്‍ ബന്ധനസ്ഥരാക്കി വലെന്‍സിയായിലെക്ക് വലിച്ചിഴച്ചു കൊണ്ടുവരികയും നീണ്ട കാലത്തേക്ക് തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു. വിശുദ്ധ വിന്‍സെന്റ് ചമ്മട്ടി ഉള്‍പ്പെടെയുള്ള മാരകമായ മര്‍ദ്ദന ഉപകരണങ്ങള്‍ കൊണ്ടുള്ള പലവിധ മര്‍ദ്ദനങ്ങള്‍ക്കും വിധേയനായി. അതിനു ശേഷം കൂര്‍ത്ത ഇരുമ്പ് കഷണങ്ങള്‍ വിതറിയ അറയില്‍ അദ്ദേഹത്തെ വീണ്ടും തടവിലാക്കി. പിന്നീട് അദ്ദേഹത്തെ മൃദുവായ മെത്തയില്‍ കിടത്തി അദ്ദേഹത്തിന്റെ സ്ഥിരത നഷ്ടപ്പെടുത്തുവാന്‍ വേണ്ടി മെത്ത നിരന്തരം കുലുക്കി കൊണ്ടിരുന്നു, ഇവിടെ വെച്ചു അദ്ദേഹം ദൈവസന്നിധിയില്‍ യാത്രയായി. വിശുദ്ധന്റെ മൃതദേഹം കഴുകന്മാര്ക്ക് ഭക്ഷണമാകുവാന്‍ എറിഞ്ഞുകൊടുത്തെങ്കിലും ഒരു കാക്ക അതിനു ചുറ്റും സംരക്ഷകനായി നിലകൊണ്ടു, പിന്നീട് ഗവര്‍ണറായ ഡാസിയന്, വിശുദ്ധന്റെ മൃതദേഹം കടലില്‍ ഏറിഞ്ഞെങ്കിലും അത് തീരത്തടിയുകയും, ഭക്തയായ ഒരു വിധവ അത് വേണ്ടും വിധം സംസ്കരിക്കുകയും ചെയ്തു.
പില്ക്കാലത്ത് സഭയില്‍ സമാധാനം നിലവില്‍ വന്നതിനു ശേഷം വലെന്‍സിയായുടെ പുറത്ത് ഒരു ദേവാലയം പണികഴിപ്പിച്ചു. 1175-ല്‍ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ ലിസ്ബണില്‍ കൊണ്ടുവന്നുവെന്ന് പറയപ്പെടുന്നു. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍, തിരുശേഷിപ്പ് കാസ്ട്രെസിലേക്ക് കൊണ്ടുവന്നു എന്നാണ് പറയുന്നത്. ക്രെമോണ, ബാരി എന്നിവിടങ്ങളിലും വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ ഉള്ളതായി അവകാശപ്പെടുന്നു.
ചില്‍ഡെറിക് ഒന്നാമന് വിശുദ്ധന്റെ പാദരക്ഷയുടെ അടിഭാഗവും, വസ്ത്രഭാഗവും 542-ല്‍ പാരീസിലേക്ക് കൊണ്ട് വരികയും വിശുദ്ധന്റെ ആദരണാര്‍ത്ഥം പില്ക്കാലത്ത് വിശുദ്ധ ജെര്മൈന്-ഡെസ്-പ്രിസ് എന്നറിയപ്പെട്ട ഒരു ദേവാലയം പണികഴിപ്പിക്കുകയും ചെയ്തു. 455 മുതലേ വിശുദ്ധന്റെ ഒരു ദേവാലയം ബെസിയേഴ്സിനു സമീപമുള്ള റെജിമോണ്ടില്‍ ഉണ്ടായിരുന്നു. റോമില്‍ മൂന്ന് ദേവാലയങ്ങള്‍ ഈ വിശുദ്ധനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു, ഒന്ന് സെന്റ് പീറ്റേഴ്സിനടുത്തും, മറ്റൊന്ന് ട്രാസ്റ്റ്വേരേയിലും, മൂന്നാമത്തേത് ഹോണോറിയൂസ് ഒന്നാമന് (625-38) പണികഴിപ്പിക്കുകയും ചെയ്തു.
ഡാല്‍മാഷിയായിലുള്ള സലോണയിലെ ബസലിക്കയില്‍ നിന്നും കണ്ടെത്തിയ ആറോ, ഏഴോ നൂറ്റാണ്ടിലെ ഒരു സ്തംഭത്തില്‍ വിശുദ്ധന്റെ സ്തുതികള്‍ കൊത്തിവെച്ചിരിക്കുന്നതായി കാണാന്‍ സാധിയ്ക്കും. റോമന്‍ രക്തസാക്ഷി പട്ടികയില്‍ ജനുവരി 22നാണ് ഈ വിശുദ്ധ വിന്‍സെന്റിന്റെ മധ്യസ്ഥ തിരുനാള്‍ ദിനമായി സൂചിപ്പിച്ചിട്ടുള്ളത്. ഗ്രീക്ക്കാര്‍ പേര്‍ഷ്യക്കാരനായ വിശുദ്ധ അനസ്താസിയൂസിനോടൊപ്പം, നവംബര്‍ 11ന് ഈ വിശുദ്ധന്റെയും മധ്യസ്ഥ തിരുനാള്‍ ആഘോഷിക്കുന്നു. സ്പെയിനിലെ രക്തസാക്ഷികളില്‍ ഏറ്റവും പ്രസിദ്ധനായ ഈ വിശുദ്ധന് ശെമ്മാച്ചന്‍മാരുടെ ഒരു പ്രതിനിധിയാണ്. ഇഷ്ടികനിര്‍മ്മാണക്കാര്‍, നാവികര്‍ തുടങ്ങിയവരും ഈ വിശുദ്ധന്റെ നാമം വിളിച്ചപേക്ഷിക്കാറുണ്ട്.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
- എട്രൂരിയായിലെ സോറായിലെ ഡൊമിനിക്കു
- ഇറ്റലിയില്‍ നൊവാരയിലെ ഗൗഡെന്‍സിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
ഞാന്‍ കര്‍ത്താവിനെ സ്നേഹിക്കുന്നു,
എന്റെ പ്രാര്‍ഥനയുടെ സ്വരംഅവിടുന്നു ശ്രവിച്ചു.
അവിടുന്ന് എനിക്കു ചെവിചായിച്ചുതന്നു,
ഞാന്‍ ജീവിതകാലം മുഴുവന്‍ അവിടുത്തെ വിളിച്ചപേക്ഷിക്കും.
മരണക്കെണി എന്നെ വലയംചെയ്തു;
പാതാളപാശങ്ങള്‍ എന്നെ ചുറ്റി; ദുരിതവും തീവ്രവേദനയും എന്നെ ഗ്രസിക്കുന്നു.
ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചു;കര്‍ത്താവേ, ഞാന്‍ യാചിക്കുന്നു;
എന്റെ ജീവന് രക്ഷിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 116 : 1-4
ചിലര്‍ വചനം കേള്‍ക്കുമ്പോള്‍ സന്തോഷപൂര്‍വം അതു സ്വീകരിക്കുന്നു. പാറപ്പുറത്തു വിതയ്ക്കപ്പെട്ട വിത്ത് ഇവരാണ്.
മര്‍ക്കോസ് 4 : 16
“കര്‍ത്താവേ, അവസാനമെന്തെന്നും
എന്റെ ആയുസ്സിന്റെ ദൈര്‍ഘ്യം എത്രയെന്നും എന്നെ അറിയിക്കണമേ!
എന്റെ ജീവിതം എത്ര ക്ഷണികമാണെന്നു ഞാനറിയട്ടെ!’ സങ്കീര്‍ത്തനങ്ങള്‍ 39 : 4
എന്നാല്‍, എന്നെ സ്നേഹിക്കുകയും എന്റെ കല്പനകള് പാലിക്കുകയുംചെയ്യുന്നവരോട് ആയിരം തലമുറവരെ ഞാന്‍ കാരുണ്യം കാണിക്കും.
നിയമാവര്‍ത്തനം 5 : 10
👏🍒🍃കർത്താവ് ആർദ്രഹൃദയനും കരുണാമയനുമാണ്. അവിടുന്ന് പാപങ്ങൾ ക്ഷമിക്കുകയും കഷ്ടതയുടെ ദിനങ്ങളിൽ രക്ഷയ്ക്കെത്തുകയും ചെയ്യുന്നു.🍃🍒👏
പ്രഭാഷകൻ 2 : 11
കര്‍ത്താവില്‍ ആശ്രയിക്കുന്നവന് അനുഗൃഹീതന്‍; അവന്റെ പ്രത്യാശ അവിടുന്നുതന്നെ.
ജറെമിയാ 17 : 7
അവന് ആറ്റുതീരത്തു നട്ട മരംപോലെയാണ്. അതു വെള്ളത്തിലേക്കു വേരൂന്നിയിരിക്കുന്നു. അതുവേനല്‍ക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകള്‍ എന്നും പച്ചയാണ്; വരള്‍ച്ചയുടെ കാലത്തും അതിന് ഉത്കണ്ഠയില്ല; അതു ഫലം നല്കിക്കൊണ്ടേയിരിക്കും.
ജറെമിയാ 17 : 8
ഹൃദയം മറ്റെന്തിനെക്കാളും കാപട്യമുള്ളതാണ്; ശോചനീയമാംവിധം ദുഷിച്ചതുമാണ്. അതിനെ ആര്‍ക്കാണു മനസ്സിലാക്കാന്‍ കഴിയുക?
ജറെമിയാ 17 : 9
കര്‍ത്താവായ ഞാന്‍ മനസ്സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവന്റെ ജീവിതരീതിക്കും പ്രവൃത്തിക്കും അനുസരിച്ച് ഞാന്‍ പ്രതിഫലം നല്‍കും.
ജറെമിയാ 17 : 10
താനിടാത്ത മുട്ടയ്ക്ക് അടയിരിക്കുന്നതിത്തിരിപ്പക്ഷിയെപ്പോലെയാണ് അന്യായമായി സമ്പത്തു സമ്പാദിക്കുന്നവന്. ജീവിതമധ്യത്തില്‍ അത് അവനെ പിരിയും; അവസാനം അവന് വിഡ്ഢിയാവുകയും ചെയ്യും.
ജറെമിയാ 17 : 11