The Book of 1 Kings, Chapter 1 | 1 രാജാക്കന്മാർ, അദ്ധ്യായം 1 | Malayalam Bible | POC Translation

Advertisements

1 രാജാക്കന്മാർ, അദ്ധ്യായം 1

സോളമന്‍ കിരീടാവകാശി

1 ദാവീദ്‌രാജാവു വൃദ്ധനായി. പരിചാര കര്‍ അവനെ പുതപ്പിച്ചിട്ടും കുളിര്‍ മാറിയില്ല.2 അവര്‍ അവനോടു പറഞ്ഞു:യജമാനനായരാജാവിനുവേണ്ടി ഒരുയുവതിയെ ഞങ്ങള്‍ അന്വേഷിക്കട്ടെ; അവള്‍ അങ്ങയെ പരിചരിക്കുകയും അങ്ങയോടു ചേര്‍ന്നുകിടന്ന് ചൂടു പകരുകയും ചെയ്യട്ടെ.3 അവര്‍ സുന്ദരിയായ ഒരുയുവതിയെ ഇസ്രായേലിലെങ്ങും അന്വേഷിച്ചു; ഷൂനാംകാരി അബിഷാഗിനെ കണ്ടെത്തി, അവളെ രാജസന്നിധിയില്‍ കൊണ്ടുവന്നു.4 അതീവ സുന്ദരിയായിരുന്ന അവള്‍ രാജാവിനെ ശുശ്രൂഷിച്ചു. എന്നാല്‍, രാജാവ് അവളെ അറിഞ്ഞില്ല.5 അക്കാലത്ത്, ഹഗ്ഗീത്തിന്റെ മകന്‍ അദോനിയ താന്‍ രാജാവാകുമെന്നു വന്‍പുപറഞ്ഞു. അവന്‍ രഥങ്ങളെയും കുതിരക്കാരെയും അന്‍പതു അകമ്പടിക്കാരെയും ഒരുക്കി.6 നീ എന്താണ് ചെയ്യുന്നത് എന്നു ചോദിച്ച് ഒരിക്കലും പിതാവായ ദാവീദ് അവനെ ശാസിച്ചിരുന്നില്ല. അബ്‌സലോമിനു ശേഷം ജനിച്ച അവനും അതികോമളനായിരുന്നു.7 അവന്‍ സെരൂയായുടെ മകന്‍ യോവാബിനോടും പുരോഹിതന്‍ അബിയാഥറിനോടും ആലോചിച്ചു. അവര്‍ അവനു പിന്തുണ നല്‍കി.8 എന്നാല്‍, പുരോഹിതന്‍ സാദോക്ക്,യഹോയാദായുടെ മകന്‍ ബനായാ, പ്രവാചകന്‍ നാഥാന്‍, ഷിമെയി, റേയി എന്നിവരും ദാവീദിന്റെ അംഗരക്ഷകരായ ധീരയോ ദ്ധാക്കളും അവന്റെ പക്ഷത്തു ചേര്‍ന്നില്ല.9 ഒരു ദിവസം അദോനിയാ എന്റോഗെല്‍ അരുവിയുടെ സമീപത്തുള്ള സൊഹെലെത്ത്കല്ലിനരികേ ആടുകളെയും കാളക്കുട്ടികളെയും മെഴുത്ത കാലികളെയും ബലിയര്‍പ്പിച്ചു. ബലിയോടനുബന്ധിച്ചവിരുന്നിന് ദാവീദ്‌രാജാവിന്റെ പുത്രന്‍മാരായ തന്റെ എല്ലാ സഹോദരന്‍മാരെയും യൂദായിലെ എല്ലാ രാജസേവകന്‍മാരെയും അവന്‍ ക്ഷണിച്ചിരുന്നു.10 എന്നാല്‍, പ്രവാചകന്‍ നാഥാന്‍, ബനായാ, രാജാവിന്റെ അംഗരക്ഷകരായ യോദ്ധാക്കള്‍, തന്റെ സഹോദരന്‍ സോളമന്‍ എന്നിവരെ അവന്‍ ക്ഷണിച്ചില്ല.11 സോളമന്റെ അമ്മ ബത്‌ഷെബായോടു നാഥാന്‍ പറഞ്ഞു: നമ്മുടെയജമാനനായ ദാവീദ് അറിയാതെ, ഹഗ്ഗീത്തിന്റെ മകന്‍ അദോനിയാ രാജാവായിരിക്കുന്നുവെന്ന് നീ കേട്ടില്ലേ?12 നിന്റെയും നിന്റെ പുത്രന്‍സോളമന്റെയും ജീവന്‍ രക്ഷിക്കാന്‍ എന്റെ ഉപദേശം സ്വീകരിക്കുക.13 ഉടന്‍ചെന്ന് ദാവീദ്‌രാജാവിനോടു പറയുക, എന്റെ യജമാനനായരാജാവേ, എന്റെ മകന്‍ സോളമന്‍ അങ്ങയുടെ പിന്‍ഗാമിയായി സിംഹാസനത്തില്‍ ഉപവിഷ്ടനാകുമെന്ന് ഈ ദാസിയോട് അങ്ങു ശപഥം ചെയ്തിട്ടില്ലേ? പിന്നെ എന്തുകൊണ്ടാണ്, അദോനിയാ രാജാവായിരിക്കുന്നത്?14 നീ രാജാവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഞാന്‍ വന്ന് നിന്നെ പിന്താങ്ങിക്കൊള്ളാം.15 ബത്‌ഷെബാ ശയനമുറിയില്‍ രാജാവിന്റെ അടുക്കല്‍ ചെന്നു. ഷൂനാംകാരി അബിഷാഗ് വൃദ്ധനായ അവനെ പരിചരിക്കുകയായിരുന്നു.16 ബത്‌ഷെബാ രാജാവിനെ താണുവണങ്ങി. എന്താണ് നിന്റെ ആഗ്രഹം? രാജാവ് അവളോടു ചോദിച്ചു.17 അവള്‍ പറഞ്ഞു:യജമാനനേ, എന്റെ മകന്‍ സോളമന്‍ അങ്ങേക്കുശേഷം സിംഹാസനത്തില്‍ ഉപവിഷ്ടനാകുമെന്ന് ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ അങ്ങ് എന്നോടു സത്യം ചെയ്തിരുന്നല്ലോ.18 ഇപ്പോഴിതാ, അദോനിയാ രാജാവായിരിക്കുന്നു.യജമാനനായരാജാവ് ഇതറിയുന്നുമില്ല.19 അവന്‍ കാളകളെയുംകൊഴുത്ത അനേകം ആടുമാടുകളെയും ബലിയര്‍പ്പിക്കുകയും അങ്ങേഎല്ലാ പുത്രന്‍മാരെയും പുരോഹിതന്‍ അബിയാഥറിനെയും സേനാനായകന്‍ യോവാബിനെയും വിരുന്നിനു ക്ഷണിക്കുകയും ചെയ്തു. എന്നാല്‍, അങ്ങയുടെ ദാസനായ സോളമനെ ക്ഷണിച്ചില്ല.20 എന്റെ യജമാനനായരാജാവേ, അങ്ങയുടെ പിന്‍ഗാമിയായി ആരാണ് സിംഹാസനത്തില്‍ വാഴുകയെന്ന് അങ്ങു പ്രഖ്യാപിക്കുന്നതുകേള്‍ക്കാന്‍ ഇസ്രായേല്‍ജനം കാത്തിരിക്കുകയാണ്.21 അങ്ങ് പിതാക്കന്‍മാരോട് ചേരുമ്പോള്‍ എന്നെയും എന്റെ മകന്‍ സോളമനെയും അവര്‍ രാജ്യദ്രോഹികളായി കണക്കാക്കും.22 അവള്‍ രാജാവിനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രവാചകന്‍ നാഥാന്‍ കടന്നുവന്നു.23 അവന്‍ വന്നവിവരം രാജാവിനെ അറിയിച്ചു. നാഥാന്‍ രാജസന്നിധിയില്‍ താണുവണങ്ങി.24 അവന്‍ രാജാവിനോടു ചോദിച്ചു: എന്റെ യജമാനനായരാജാവേ, അദോനിയാ അങ്ങയുടെ പിന്‍ഗാമിയായി ഭരിക്കണമെന്നും അവനാണ് അങ്ങയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകേണ്ടതെന്നും അങ്ങു കല്‍പിച്ചിട്ടുണ്ടോ?25 അവന്‍ ഇന്നു കാളകളെയും കൊഴുത്ത അനേകം ആടുമാടുകളെയും ബലിയര്‍പ്പിച്ചു. എല്ലാ രാജകുമാരന്‍മാരെയും സേനാധിപന്‍മാരെയും പുരോഹിതന്‍ അബിയാഥറിനെയും വിരുന്നിനു ക്ഷണിച്ചിരിക്കുന്നു. അവര്‍ അവനോടുകൂടെ തിന്നുകുടിക്കുകയും അദോനിയാരാജാവ് നീണാള്‍ വാഴട്ടെ എന്ന് ആര്‍പ്പുവിളിക്കുകയും ചെയ്യുന്നു.26 എന്നാല്‍, അങ്ങേദാസനായ എന്നെയും പുരോഹിതന്‍ സാദോക്കിനെയുംയഹോയാദായുടെ മകന്‍ ബനായായെയും അങ്ങയുടെ ദാസനായസോളമനെയും ക്ഷണിച്ചിട്ടില്ല.27 യജമാനനായരാജാവിന്റെ പിന്‍ഗാമിയായി സിംഹാസനത്തില്‍ ഇരിക്കേണ്ടത് ആരെന്ന് അങ്ങയുടെ ദാസരെ അറിയിച്ചിട്ടില്ലല്ലോ. ഇക്കാര്യം അങ്ങയുടെ കല്‍പനയനുസരിച്ചുതന്നെയാണോ നടന്നത്?28 അപ്പോള്‍, ബത്‌ഷെബായെ വിളിക്കാന്‍ രാജാവ് ആജ്ഞാപിച്ചു. അവള്‍ രാജാവിന്റെ മുന്‍പാകെ വന്നു നിന്നു.29 അവന്‍ ശപഥം ചെയ്തു: സകല കഷ്ടതകളിലുംനിന്ന് എന്നെ രക്ഷിച്ച കര്‍ത്താവാണേ,30 നിന്റെ മകനായ സോളമന്‍ എനിക്കുശേഷം എന്റെ സിംഹാസനത്തില്‍ വാഴുമെന്ന് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ നിന്നോടു ഞാന്‍ സത്യംചെയ്തിട്ടുള്ളതനുസരിച്ച് ഇന്നു ഞാന്‍ പ്രവര്‍ത്തിക്കും.31 ബത്‌ഷെബാ രാജാവിനെ സാഷ്ടാംഗം നമസ്‌കരിച്ചു കൊണ്ടു പറഞ്ഞു: എന്റെ യജമാനനായ ദാവീദ്‌രാജാവ് എന്നേക്കും ജീവിക്കട്ടെ!32 പുരോഹിതന്‍ സാദോക്കിനെയും പ്രവാചകന്‍ നാഥാനെയുംയഹോയാദായുടെ മകന്‍ ബനായായെയും തന്റെ അടുത്തേക്കു വിളിക്കുവാന്‍ ദാവീദ്‌രാജാവ് കല്‍പിച്ചു.33 അവര്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ രാജസേവകന്‍മാരെ കൂട്ടിക്കൊണ്ട്, എന്റെ മകന്‍ സോളമനെ എന്റെ കോവര്‍കഴുതയുടെ പുറത്ത് ഇരുത്തി, ഗീഹോനിലേക്കു കൊണ്ടു പോകുവിന്‍.34 അവിടെവച്ചു പുരോഹിതന്‍ സാദോക്കും പ്രവാചകന്‍ നാഥാനും അവനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യട്ടെ. സോളമന്‍രാജാവ് നീണാള്‍ വാഴട്ടെ എന്ന് കാഹളം മുഴക്കി ആര്‍പ്പിടുവിന്‍.35 അതിനുശേഷം നിങ്ങള്‍ അവന്റെ പിന്നാലെ പോരുക. അവന്‍ വന്ന് എന്റെ സിംഹാസനത്തിലിരുന്ന് എനിക്കു പകരം ഭരണം നടത്തട്ടെ; ഇസ്രായേലിന്റെയും യൂദായുടെയും അധിപനായി അവനെ ഞാന്‍ നിയമിച്ചിരിക്കുന്നു.36 യഹോയാദായുടെ മകന്‍ ബനായാ രാജാവിനോടു പറഞ്ഞു: അപ്രകാരം സംഭവിക്കട്ടെ;യജമാനനായരാജാവിന്റെ ദൈവമായ കര്‍ത്താവ് അപ്രകാരംതന്നെ കല്‍പിക്കുമാറാകട്ടെ!37 കര്‍ത്താവ്‌യജമാനനായരാജാവിനോടു കൂടെയെന്നതുപോലെ സോളമനോടുകൂടെയും ആയിരിക്കട്ടെ! അവന്റെ ഭരണം എന്റെ യജമാനനായ ദാവീദ് രാജാവിന്‍േറതിനെക്കാള്‍ മഹത്വപൂര്‍ണമാകട്ടെ!38 പുരോഹിതന്‍ സാദോക്കും പ്രവാചകന്‍ നാഥാനുംയഹോയാദായുടെ മകന്‍ ബനായായും കെറേത്യരും പെലേത്യരും സോളമനെ ദാവീദ് രാജാവിന്റെ കോവര്‍കഴുതയുടെ പുറത്ത് ഇരുത്തി ഗീഹോനിലേക്കു കൊണ്ടുപോയി.39 പുരോഹിതന്‍ സാദോക്ക് വിശുദ്ധകൂടാരത്തില്‍നിന്നു തൈലം നിറച്ച കൊമ്പെടുത്ത് സോളമനെ അഭിഷേ കം ചെയ്തു. അവര്‍ കാഹളം മുഴക്കി; സോളമന്‍രാജാവ് നീണാള്‍ വാഴട്ടെ! ജനം ആര്‍പ്പുവിളിച്ചു.40 കുഴലൂതുകയും ഭൂമി പിളരുമാറ് ആഹ്‌ളാദാരവം മുഴക്കുകയും ചെയ്തുകൊണ്ട് ജനം അവനെ അനുഗമിച്ചു.41 അദോനിയായും അതിഥികളും ആ സ്വരം കേട്ടു. അപ്പോഴേക്കും വിരുന്നു കഴിഞ്ഞിരുന്നു. കാഹളനാദം കേട്ടപ്പോള്‍, എന്താണ് നഗരത്തില്‍ ഘോഷം എന്നു യോവാബ്‌ചോദിച്ചു.42 അവര്‍ സംസാരിച്ചുകൊണ്ടിരിക്കേ പുരോഹിതന്‍ അബിയാഥറിന്റെ മകന്‍ ജോനാഥാന്‍ അവിടെ വന്നു. അദോനിയാ അവനോടു പറഞ്ഞു: വരുക; ധീരനായ നീ സദ്വാര്‍ത്തയും കൊണ്ടായിരിക്കുമല്ലോ വരുന്നത്.43 അങ്ങനെയല്ല, ജോനാഥാന്‍ പറഞ്ഞു: നമ്മുടെയജമാനന്‍ ദാവീദ് രാജാവ് സോളമനെ രാജാവാക്കിയിരിക്കുന്നു.44 പുരോഹിതന്‍ സാദോക്കിനെയും പ്രവാചകന്‍ നാഥാനെയുംയഹോയാദായുടെ മകന്‍ ബനായായെയും കെറേത്യരെയും പെലേത്യരെയും രാജാവ് അവനോടൊപ്പം അയച്ചിട്ടുണ്ട്. അവര്‍ അവനെ രാജാവിന്റെ കോവര്‍കഴുതയുടെ പുറത്താണ് എഴുന്നള്ളിച്ചത്.45 പുരോഹിതന്‍ സാദോക്കും പ്രവാചകന്‍ നാഥാനും അവനെ ഗീഹോനില്‍വച്ചു രാജാവായി അഭിഷേകം ചെയ്തു. പട്ടണം ഇളകിമറിയത്തക്കവണ്ണം ആഹ്‌ളാദാരവം മുഴക്കിക്കൊണ്ട് അവര്‍ അവിടെ നിന്നു മടങ്ങിപ്പോയി. അതാണ് നിങ്ങള്‍ കേട്ട ശബ്ദം.46 സോളമന്‍ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്നു.47 മാത്രമല്ല, രാജസേവകന്‍മാരും നമ്മുടെയജമാനന്‍ ദാവീദ്‌രാജാവിനെ അഭിനന്ദിക്കാന്‍ ചെന്നിരുന്നു. അങ്ങയുടെ ദൈവം സോളമന്റെ നാമത്തെ അങ്ങയുടേതിനെക്കാള്‍ മഹനീയവും അവന്റെ ഭരണം അങ്ങയുടേതിനേക്കാള്‍ശ്രേഷ്ഠവുമാക്കട്ടെ എന്ന് അവര്‍ ആശംസിച്ചു. രാജാവു കിടക്കയില്‍ കിടന്നുകൊണ്ട് നമിച്ചു.48 അനന്തരം, ദാവീദ് പറഞ്ഞു: ഇസായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ! എന്റെ മക്കളിലൊരുവന്‍ സിംഹാസനത്തിലിരിക്കുന്നതു കാണാന്‍ അവിടുന്ന് എനിക്ക് ഇട വരുത്തി.49 അപ്പോള്‍ അദോനിയായുടെ അതിഥികള്‍ ഭയന്നെഴുന്നേറ്റ് താന്താങ്ങളുടെ വഴിക്കു പോയി.50 സോളമനോടുള്ള ഭയംനിമിത്തം അദോനിയാ ഓടിച്ചെന്ന് ബലിപീഠത്തിന്റെ വളര്‍കോണില്‍ പിടിച്ചു.51 സോളമന്‍ രാജാവ് എന്നെ വാളിനിരയാക്കുകയില്ലെന്ന് സത്യംചെയ്യട്ടെ എന്നു പറഞ്ഞു. അദോനിയാ തന്നെ ഭയന്ന് ബലിപീഠത്തിന്റെ വളര്‍കോണില്‍ പിടിച്ചുകൊണ്ടു നില്‍ക്കുന്നുവെന്ന് സോളമന്‍ അറിഞ്ഞു.52 അപ്പോള്‍ സോളമന്‍ പറഞ്ഞു: അവന്‍ വിശ്വസ്തനെങ്കില്‍ അവന്റെ തലയില്‍നിന്ന് ഒരു രോമംപോലും വീഴുകയില്ല; കുറ്റക്കാരനെങ്കില്‍ മരിക്കുകതന്നെവേണം.53 സോളമന്‍ രാജാവ് അവനെ ബലിപീഠത്തിങ്കല്‍നിന്ന് ആളയച്ചുവരുത്തി. അവന്‍ രാജാവിനെ നമിച്ചു. സോളമന്‍ അവനോട് വീട്ടില്‍പൊയ്‌ക്കൊള്ളുക എന്നാജ്ഞാപിച്ചു.

Advertisements

The Book of 1 Kings | 1 രാജാക്കന്മാർ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Prophet Elijah
Advertisements
`1 Kings 19, 1-18
Advertisements
Advertisements

Leave a comment