1 രാജാക്കന്മാർ, അദ്ധ്യായം 6
ദേവാലയനിര്‍മാണം
1 ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നുമോചിതരായതിന്റെ നാനൂറ്റിയെണ്‍പതാം വര്‍ഷം, അതായത്, സോളമന്റെ നാലാം ഭരണവര്‍ഷം രണ്ടാമത്തെ മാസമായ സീവില്‍ അവന്‍ ദേവാലയത്തിന്റെ പണി ആരംഭിച്ചു.2 സോളമന്‍ കര്‍ത്താവിനു വേണ്ടി പണിയിച്ച ഭവനത്തിന് അറുപതുമുഴംനീളവും ഇരുപതുമുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു.3 ദേവാലയത്തിന്റെ മുന്‍ഭാഗത്ത് പത്തു മുഴം ഉയരവും ആലയത്തിന്റെ വീതിക്കൊപ്പം ഇരുപതു മുഴം നീളവുമുള്ള ഒരു പൂമുഖം ഉണ്ടായിരുന്നു.4 ദേവാലയഭിത്തിയില്‍ പുറത്തേക്കു വീതി കുറഞ്ഞുവരുന്ന ജനലുകള്‍ ഉണ്ടായിരുന്നു.5 ശ്രീകോവിലടക്കംദേവാലയത്തിന്റെ ചുറ്റുമുള്ള ഭിത്തികളോടുചേര്‍ന്ന് തട്ടുകളായി മുറികള്‍ നിര്‍മിച്ചു.6 താഴത്തെനിലയ്ക്ക് അഞ്ചു മുഴവും നടുവിലത്തേതിന് ആറുമുഴവും മുകളിലത്തേതിന് ഏഴു മുഴവും വീതിയുണ്ടായിരുന്നു. തുലാങ്ങള്‍ ദേവാലയഭിത്തിയില്‍ തുളച്ചു കടക്കാതിരിക്കാന്‍ ആലയത്തിനു പുറമേ ഭിത്തികളില്‍ ഗളം നിര്‍മിച്ച് അവ ഘടിപ്പിച്ചു.7 നേരത്തേ ചെത്തിമിനുക്കിയ കല്ലുകളായിരുന്നതുകൊണ്ട് പണി നടക്കുന്ന സമയത്തു മഴുവിന്റെ യോ ചുറ്റികയുടേയോ മറ്റ് ഇരുമ്പായുധങ്ങളുടെയോ ശബ്ദം ദേവാലയത്തില്‍ കേട്ടിരുന്നില്ല.8 താഴത്തെനിലയുടെ വാതില്‍ ദേവാലയത്തിന്റെ തെക്കുവശത്തായിരുന്നു. ഗോവണിയിലൂടെ നടുവിലത്തെനിലയിലേക്കും അവിടെനിന്നു മൂന്നാമത്തേതിലേക്കും മാര്‍ഗമുണ്ടായിരുന്നു.9 ഇങ്ങനെ അവന്‍ ദേവാലയം പണി തീര്‍ത്തു. ദേവദാരുവിന്റെ പലകയും തുലാങ്ങളും കൊണ്ടാണു മച്ചുണ്ടാക്കിയത്.10 തട്ടുകള്‍ പണിയിച്ചത് ആലയത്തിനു ചുറ്റും അഞ്ചു മുഴം ഉയരത്തിലാണ്. ദേവ ദാരുത്തടികൊണ്ട് അവ ആലയവുമായി ബന്ധിപ്പിച്ചു.11 സോളമനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:12 നീ എനിക്കു ഭവനം പണിയുകയാണല്ലോ. എന്റെ ചട്ടങ്ങള്‍ ആചരിച്ചും എന്റെ അനുശാസനങ്ങള്‍ അനുസരിച്ചും എന്റെ കല്‍പനകള്‍ പാലിച്ചും നടന്നാല്‍ ഞാന്‍ നിന്റെ പിതാവായ ദാവീദിനോടു ചെയ്ത വാഗ്ദാനം നിന്നില്‍ നിറവേറ്റും.13 ഞാന്‍ ഇസ്രായേല്‍മക്കളുടെ മധ്യേ വസിക്കും. എന്റെ ജനമായ ഇസ്രായേലിനെ ഞാന്‍ ഉപേക്ഷിക്കുകയില്ല.14 സോളമന്‍ ദേവാലയത്തിന്റെ പണി പൂര്‍ത്തിയാക്കി.15 അവന്‍ ദേവാലയഭിത്തികളുടെ ഉള്‍വശം തറമുതല്‍ മുകളറ്റംവരെ ദേവദാരുപ്പലകകൊണ്ടു പൊതിഞ്ഞു. തറയില്‍ സരളമരപ്പ ലകകളും നിരത്തി.16 ദേവാലയത്തിന്റെ പിന്‍ഭാഗത്തെ ഇരുപതു മുഴം തറമുതല്‍ മുകളറ്റംവരെ ദേവദാരുപ്പലകകൊണ്ടു വേര്‍തിരിച്ചു. അങ്ങനെയാണ് അതിവിശുദ്ധമായ ശ്രീകോവില്‍ നിര്‍മിച്ചത്.17 ശ്രീകോവിലിന്റെ മുമ്പിലുള്ള ദേവാലയഭാഗത്തിന് നാല്‍പതു മുഴമായിരുന്നു നീളം.18 ഫലങ്ങളും വിടര്‍ന്ന പുഷ്പങ്ങളും കൊത്തിയ ദേവദാരുപ്പ ലകകൊണ്ട് ആലയത്തിന്റെ ഉള്‍വശം മുഴുവന്‍ പൊതിഞ്ഞിരുന്നു. എല്ലായിടത്തും ദേവദാരുപ്പലകകള്‍; കല്ല് തെല്ലും ദൃശ്യമായിരുന്നില്ല.19 കര്‍ത്താവിന്റെ വാഗ്ദാനപേ ടകം സ്ഥാപിക്കുന്നതിന്, ആലയത്തിന്റെ ഉള്ളില്‍ ശ്രീകോവില്‍ സജ്ജമാക്കി.20 അതിന് ഇരുപതുമുഴം വീതം നീളവും വീതിയും ഉയരവും ഉണ്ടായിരുന്നു. അവന്‍ അത് തങ്കംകൊണ്ടു പൊതിഞ്ഞു. ദേവദാരുകൊണ്ട് ബലിപീഠവും നിര്‍മിച്ചു.21 ദേവാലയത്തിന്റെ ഉള്‍വശം തങ്കംകൊണ്ടു പൊതിഞ്ഞ് ശ്രീകോവിലിന്റെ മുന്‍വശത്തു കുറുകെ സ്വര്‍ണ ച്ചങ്ങലകള്‍ ബന്ധിച്ചു. അവിടവും സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.22 ദേവാലയം മുഴുവന്‍ സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. ശ്രീകോവിലിലെ ബലിപീഠവും അവന്‍ സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.23 പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെ ഒലിവുതടികൊണ്ട് നിര്‍മിച്ച് അവന്‍ ശ്രീകോവിലില്‍ സ്ഥാപിച്ചു.24 കെരൂബിന്റെ ഇരുചിറകുകള്‍ക്കും അഞ്ചു മുഴം നീളമുണ്ടായിരുന്നു. ഒരു ചിറകിന്റെ അറ്റം മുതല്‍ മറ്റേ ചിറകിന്റെ അറ്റം വരെ ആകെ പത്തു മുഴം.25 രണ്ടാമത്തെ കെരൂബിനും പത്തു മുഴം. രണ്ടു കെരൂബുകളുടെയും വലുപ്പവും രൂപവും ഒന്നുപോലെതന്നെ.26 ഒരു കെരൂബിന്റെ ഉയരം പത്തു മുഴം; മറ്റേതും അങ്ങനെതന്നെ.27 സോളമന്‍ കെരൂബുകളെ ശ്രീകോവിലില്‍ സ്ഥാപിച്ചു. ഒരു കെരൂബിന്റെ ചിറക് ഒരു ചുമരിലും മറ്റേ കെരൂബിന്റെ ചിറക് മറുചുമരിലും തൊട്ടിരിക്കത്തക്കവിധം ചിറകുകള്‍ വിടര്‍ത്തിയാണ് സ്ഥാപിച്ചത്. മറ്റു രണ്ടു ചിറകുകള്‍ മധ്യത്തില്‍ പരസ്പരം തൊട്ടിരുന്നു.28 അവന്‍ കെരൂബുകളെ സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.29 അകത്തും പുറത്തുമുള്ള മുറികളുടെ ഭിത്തികളില്‍ കെരൂബുകളും ഈന്തപ്പനകളും വിടര്‍ന്ന പുഷ്പങ്ങളും കൊത്തിവച്ചിരുന്നു.30 അവയുടെ തറയില്‍ സ്വര്‍ണം പതിച്ചിരുന്നു.31 ശ്രീകോവിലിന്റെ കതകുകള്‍ ഒലിവുതടികൊണ്ടു നിര്‍മിച്ചു; മേല്‍പടിയും കട്ടിളക്കാലുകളും ചേര്‍ന്ന് ഒരു പഞ്ചഭുജമായി.32 ഒലിവുതടിയില്‍തീര്‍ത്ത ഇരു കതകുകളിലും കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പങ്ങള്‍ എന്നിവകൊത്തി, എല്ലാം സ്വര്‍ണം കൊണ്ടു പൊതിഞ്ഞു.33 ദേവാലയത്തിന്റെ കവാടത്തില്‍ ഒലിവുതടികൊണ്ടു ചതുരത്തില്‍ കട്ടിളയുണ്ടാക്കി.34 അതിന്റെ കതകു രണ്ടും സരള മരംകൊണ്ടു നിര്‍മിച്ചു. ഓരോന്നിനും ഈരണ്ടു മടക്കുപാളിയുണ്ടായിരുന്നു.35 അവന്‍ അവയില്‍ കെരൂബുകളും ഈന്തപ്പനകളും വിടര്‍ന്ന പുഷ്പങ്ങളും കൊത്തിച്ചു. അവയുംകൊത്തുപണികളും സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.36 അകത്തേ അങ്കണം ചെത്തിമിനുക്കിയ മൂന്നു നിര കല്ലും ഒരു നിര ദേവദാരുത്തടിയും കൊണ്ടു നിര്‍മിച്ചു.37 നാലാംവര്‍ഷം സീവു മാസത്തിലാണ് ദേവാലയത്തിന് അടിസ്ഥാനമിട്ടത്.38 പതിനൊന്നാംവര്‍ഷം എട്ടാം മാസം, അതായത്, ബൂല്‍മാസം ദേവാലയത്തിന്റെ എല്ലാ ഭാഗങ്ങളുംയഥാവിധി പൂര്‍ത്തിയായി. അങ്ങനെ ദേവാലയനിര്‍മാണത്തിന് ഏഴു വര്‍ഷം വേണ്ടിവന്നു.
The Book of 1 Kings | 1 രാജാക്കന്മാർ | Malayalam Bible | POC Translation

