1 രാജാക്കന്മാർ, അദ്ധ്യായം 17
ഏലിയായും വരള്‍ച്ചയും
1 ഗിലയാദിലെ തിഷ്‌ബെയില്‍നിന്നുള്ള ഏലിയാപ്രവാചകന്‍ ആഹാബിനോടു പറഞ്ഞു: ഞാന്‍ സേവിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവാണേ, വരുംകൊല്ലങ്ങളില്‍ ഞാന്‍ പറഞ്ഞല്ലാതെ മഞ്ഞോ മഴയോ പെയ്യുകയില്ല.2 കര്‍ത്താവ് ഏലിയായോട് അരുളിച്ചെയ്തു:3 നീ പുറപ്പെട്ട് ജോര്‍ദാനു കിഴക്കുള്ള കെറീത്ത് അരുവിക്കു സമീപം ഒളിച്ചുതാമസിക്കുക.4 നിനക്ക് അരുവിയില്‍നിന്നു വെള്ളം കുടിക്കാം. ഭക്ഷണം തരുന്നതിന് കാക്കകളോട് ഞാന്‍ കല്‍പിച്ചിട്ടുണ്ട്.5 അവന്‍ കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് ജോര്‍ദാനു കിഴക്കുള്ള കെറീത്ത് നീര്‍ച്ചാലിനരികേ ചെന്നു താമസിച്ചു.6 കാക്കകള്‍ കാലത്തും വൈകിട്ടും അവന് അപ്പവും മാംസവും കൊണ്ടുവന്നു കൊടുത്തു. അരുവിയില്‍ നിന്ന് അവന്‍ വെള്ളം കുടിച്ചു.7 മഴ പെയ്യായ്കയാല്‍, കുറെനാളുകള്‍ കഴിഞ്ഞപ്പോള്‍ അരുവി വറ്റി.
ഏലിയാ സറേഫാത്തില്‍
8 കര്‍ത്താവ് ഏലിയായോട് അരുളിച്ചെയ്തു:9 നീ സീദോനിലെ സറേഫാത്തില്‍ പോയി വസിക്കുക. അവിടെ നിനക്കു ഭക്ഷണം തരുന്നതിനു ഞാന്‍ ഒരു വിധവയോടു കല്‍പിച്ചിട്ടുണ്ട്.10 ഏലിയാ സറേഫാത്തിലേക്കു മടങ്ങി. പട്ടണകവാടത്തിലെത്തിയപ്പോള്‍ ഒരു വിധവ വിറകു ശേഖരിക്കുന്നതു കണ്ടു. അവന്‍ അടുത്തുചെന്ന് കുടിക്കാന്‍ ഒരു പാത്രം വെള്ളം തരുക എന്നുപറഞ്ഞു.11 അവള്‍ വെള്ളം കൊണ്ടുവരാന്‍ പോകുമ്പോള്‍ അവന്‍ അവളോടു പറഞ്ഞു: കുറച്ച് അപ്പവും കൊണ്ടുവരുക.12 അവള്‍ പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവാണേ, എന്റെ കൈയില്‍ അപ്പമില്ല. ആകെയുള്ളത് കലത്തില്‍ ഒരുപിടി മാവും ഭരണിയില്‍ അല്‍പംഎണ്ണയുമാണ്. ഞാന്‍ രണ്ടു ചുള്ളിവിറക്‌പെറുക്കുകയാണ്. ഇതു കൊണ്ടുചെന്ന് അപ്പമുണ്ടാക്കി എനിക്കും എന്റെ മകനും കഴിക്കണം. പിന്നെ ഞങ്ങള്‍ മരിക്കും.13 ഏലിയാ അവളോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നീ ചെന്നു പറഞ്ഞതുപോലെ ചെയ്യുക. എന്നാല്‍, ആദ്യം അതില്‍നിന്നു ചെറിയ ഒരപ്പം ഉണ്ടാക്കി എനിക്കു കൊണ്ടുവരണം; പിന്നെ നിനക്കും മകനുംവേണ്ടി ഉണ്ടാക്കിക്കൊള്ളുക.14 എന്തെന്നാല്‍, താന്‍ ഭൂമിയില്‍ മഴ പെ യ്യിക്കുന്നതുവരെ കലത്തിലെ മാവു തീര്‍ന്നുപോവുകയില്ല; ഭരണിയിലെ എണ്ണ വറ്റുകയുമില്ല എന്ന് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.15 അവള്‍ ഏലിയാ പറഞ്ഞതുപോലെ ചെയ്തു. അങ്ങനെ അവളും കുടുംബവും അവനും അനേകദിവസം ഭക്ഷണം കഴിച്ചു.16 ഏലിയാ വഴി കര്‍ത്താവ് അരുളിച്ചെയ്തതുപോലെ കലത്തിലെ മാവു തീര്‍ന്നുപോയില്ല, ഭരണിയിലെ എണ്ണ വറ്റിയുമില്ല.17 ആ ഗൃഹനായികയുടെ മകന്‍ ഒരുദിവസം രോഗബാധിതനായി; രോഗം മൂര്‍ഛിച്ച് ശ്വാസം നിലച്ചു.18 അവള്‍ ഏലിയായോടു പറഞ്ഞു: ദൈവപുരുഷാ, എന്തുകൊണ്ടാണ് അങ്ങ് എന്നോട് ഇങ്ങനെ ചെയ്തത്? എന്റെ പാപങ്ങള്‍ അനുസ്മരിപ്പിക്കാനും എന്റെ മകനെ കൊല്ലാനുമാണോ അങ്ങ് ഇവിടെ വന്നത്?19 ഏലിയാ പ്രതിവചിച്ചു: നിന്റെ മകനെ ഇങ്ങു തരുക. അവനെ അവളുടെ മടിയില്‍നിന്നെടുത്ത് ഏലിയാ താന്‍ പാര്‍ക്കുന്ന മുകളിലത്തെ മുറിയില്‍ കൊണ്ടുപോയി കട്ടിലില്‍ കിടത്തി.20 അനന്തരം, അവന്‍ ഉച്ചത്തില്‍ പ്രാര്‍ഥിച്ചു: എന്റെ ദൈവമായ കര്‍ത്താവേ, എനിക്ക് ഇടം തന്നവളാണ് ഈ വിധവ. അവളുടെ മകന്റെ ജീവന്‍ എടുത്തുകൊണ്ട് അവിടുന്ന് അവളെ പീഡിപ്പിക്കുകയാണോ?21 പിന്നീട് അവന്‍ ബാലന്റെ മേല്‍ മൂന്നുപ്രാവശ്യം കിടന്ന്, കര്‍ത്താവിനോടപേക്ഷിച്ചു: എന്റെ ദൈവമായ കര്‍ത്താവേ, ഇവന്റെ ജീവന്‍ തിരികെക്കൊടുക്കണമേ!22 കര്‍ത്താവ് ഏലിയായുടെ അപേക്ഷ കേട്ടു. കുട്ടിക്കു പ്രാണന്‍ വീണ്ടുകിട്ടി; അവന്‍ ജീവിച്ചു.23 ഏലിയാ ബാലനെ മുകളിലത്തെ മുറിയില്‍നിന്നു താഴെ കൊണ്ടുവന്ന് അമ്മയെ ഏല്‍പിച്ചുകൊണ്ട് ഇതാ നിന്റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നുപറഞ്ഞു.24 അവള്‍ ഏലിയായോടു പറഞ്ഞു. അങ്ങ് ദൈവപുരുഷനാണെന്നും അങ്ങയുടെ വാക്ക് സത്യമായും കര്‍ത്താവിന്റെ വചനമാണെന്നും ഇപ്പോള്‍ എനിക്ക് ഉറപ്പായി.
The Book of 1 Kings | 1 രാജാക്കന്മാർ | Malayalam Bible | POC Translation

