1 രാജാക്കന്മാർ, അദ്ധ്യായം 19
ഏലിയാ ഹോറെബില്‍
1 ഏലിയാ ചെയ്ത കാര്യങ്ങളും, പ്രവാചകന്‍മാരെ വാളിനിരയാക്കിയ വിവരവും ആഹാബ് ജസെബെലിനോടു പറഞ്ഞു:2 അപ്പോള്‍ അവള്‍ ദൂതനെ അയച്ച് ഏലിയായോടു പറഞ്ഞു: നാളെ ഈ നേരത്തിനുമുന്‍പു ഞാന്‍ നിന്റെ ജീവന്‍ ആ പ്രവാചകന്‍മാരിലൊരുവന്‍േറ തുപോലെ ആക്കുന്നില്ലെങ്കില്‍ ദേവന്‍മാര്‍ അതും അതിലപ്പുറവും എന്നോടു ചെയ്യട്ടെ.3 ഏലിയാ ഭയപ്പെട്ട് ജീവരക്ഷാര്‍ഥം പലായനം ചെയ്തു. അവന്‍ യൂദായിലെ ബേര്‍ഷെബായിലെത്തി. അവിടെവച്ച് ഭൃത്യനെ വിട്ടുപിരിഞ്ഞു.4 അവിടെനിന്ന് അവന്‍ തനിയെ മരുഭൂമിയിലൂടെ ഒരു ദിവസത്തെ വഴി നടന്ന് ഒരു വാടാമുള്‍ച്ചെടിയുടെ തണലിലിരുന്നു. അവന്‍ മരണത്തിനായി പ്രാര്‍ഥിച്ചു: കര്‍ത്താവേ, മതി; എന്റെ പ്രാണനെ സ്വീകരിച്ചാലും! ഞാന്‍ എന്റെ പിതാക്കന്‍മാരെക്കാള്‍ മെച്ചമല്ല.5 അവന്‍ ആ ചെടിയുടെ തണലില്‍ കിടന്നുറങ്ങി. കര്‍ത്താവിന്റെ ദൂതന്‍ അവനെ തട്ടിയുണര്‍ത്തി, എഴുന്നേറ്റു ഭക്ഷിക്കുക എന്നുപറഞ്ഞു.6 എഴുന്നേറ്റുനോക്കിയപ്പോള്‍ ചുടുകല്ലില്‍ ചുട്ടെടുത്ത അപ്പവും ഒരു പാത്രം വെള്ളവും ഇതാ തലയ്ക്കല്‍ ഇരിക്കുന്നു. അതു കഴിച്ച് അവന്‍ വീണ്ടും കിടന്നു.7 കര്‍ത്താവിന്റെ ദൂതന്‍ വീണ്ടും അവനെ തട്ടിയുണര്‍ത്തി പറഞ്ഞു: എഴുന്നേറ്റു ഭക്ഷിക്കുക. അല്ലെങ്കില്‍യാത്ര ദുഷ്‌കരമായിരിക്കും.8 അവന്‍ എഴുന്നേറ്റു ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. അതിന്റെ ശക്തികൊണ്ടു നാല്‍പതു രാവും നാല്‍പതു പകലും നടന്നു കര്‍ത്താവിന്റെ മലയായ ഹോറെബിലെത്തി.9 അവന്‍ അവിടെ ഒരു ഗുഹയില്‍ വസിച്ചു. അവിടെവച്ച് കര്‍ത്താവിന്റെ സ്വരം അവന്‍ ശ്രവിച്ചു: ഏലിയാ, നീ ഇവിടെ എന്തുചെയ്യുന്നു?10 ഏലിയാ ഉത്തരം പറഞ്ഞു: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനെപ്രതിയുള്ള തീക്ഷ്ണതയാല്‍ ഞാന്‍ ജ്വലിക്കുകയാണ്. ഇസ്രായേല്‍ജനം അവിടുത്തെ ഉടമ്പടി ലംഘിച്ചു. അവര്‍ അങ്ങയുടെ ബലിപീഠങ്ങള്‍ തകര്‍ക്കുകയും അങ്ങയുടെ പ്രവാചകന്‍മാരെ വാളിനിരയാക്കുകയും ചെയ്തു. ഞാന്‍ മാത്രമേ ശേഷിച്ചിട്ടുള്ളു; എന്റെ ജീവനെയും അവര്‍ വേട്ടയാടുകയാണ്.11 നീ ചെന്ന് മലയില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നില്‍ക്കുക, അവിടുന്ന് അരുളിച്ചെയ്തു. കര്‍ത്താവു കടന്നുപോയി. അവിടുത്തെ മുന്‍പില്‍ മലകള്‍ പിളര്‍ന്നും പാറകള്‍ തകര്‍ത്തുംകൊണ്ടു കൊടുങ്കാറ്റടിച്ചു; കൊടുങ്കാറ്റില്‍ കര്‍ത്താവില്ലായിരുന്നു. കാറ്റുകഴിഞ്ഞു ഭൂകമ്പമുണ്ടായി. ഭൂകമ്പത്തിലും കര്‍ത്താവില്ലായിരുന്നു.12 ഭൂകമ്പത്തിനുശേഷം അഗ്‌നിയുണ്ടായി. അഗ്‌നിയിലും കര്‍ത്താവില്ലായിരുന്നു. അഗ്‌നി അടങ്ങിയപ്പോള്‍ ഒരു മൃദുസ്വരം കേട്ടു.13 അപ്പോള്‍ ഏലിയാ മേലങ്കികൊണ്ടു മുഖം മറച്ചു, പുറത്തേക്കുവന്ന്, ഗുഹാമുഖത്തുനിന്നു. അപ്പോള്‍ അവന്‍ ഒരു സ്വരം കേട്ടു: ഏലിയാ, നീ ഇവിടെ എന്തു ചെയ്യുന്നു?14 അവന്‍ പ്രതിവചിച്ചു: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനെപ്രതി ഞാന്‍ അതീവതീക്ഷണതയാല്‍ ജ്വലിക്കുകയാണ്. ഇസ്രായേല്‍ജനം അവിടുത്തെ ഉടമ്പടി ലംഘിച്ചു. അവര്‍ അങ്ങയുടെ ബലിപീഠങ്ങള്‍ തകര്‍ക്കുകയും അങ്ങയുടെ പ്രവാചകന്‍മാരെ വാളിനിരയാക്കുകയും ചെയ്തു. ഞാന്‍ മാത്രമേ ശേഷിച്ചിട്ടുള്ളു. എന്റെയും ജീവന്‍ അവര്‍ വേട്ടയാടുന്നു.15 കര്‍ത്താവ് കല്‍പിച്ചു: നീ ദമാസ്‌ക്കസിനടുത്തുള്ള മരുഭൂമിയിലേക്കു മടങ്ങുക. അവിടെ ഹസായേലിനെ സിറിയാ രാജാവായി അഭിഷേകം ചെയ്യുക.16 നിംഷിയുടെ മകന്‍ യേഹുവിനെ ഇസ്രായേല്‍ രാജാവായും ആബെമെഹോലായിലെ ഷാഫാത്തിന്റെ മകന്‍ എലീഷായെ നിനക്കു പകരം പ്രവാചകനായും അഭിഷേകം ചെയ്യുക.17 ഹസായേലിന്റെ വാളില്‍നിന്നു രക്ഷപെടുന്നവനെ യേഹു വധിക്കും; യേഹുവിന്റെ വാളില്‍നിന്നു രക്ഷപെടുന്നവനെ എലീഷാ വധിക്കും.18 എന്നാല്‍, ബാലിന്റെ മുന്‍പില്‍ മുട്ടുമടക്കുകയോ അവനെ ചുംബിക്കുകയോ ചെയ്യാത്ത ഏഴായിരം പേരെ ഞാന്‍ ഇസ്രായേലില്‍ അവശേഷിപ്പിക്കും.
എലീഷായെ വിളിക്കുന്നു
19 ഏലിയാ അവിടെനിന്നു പുറപ്പെട്ടു. പന്ത്രണ്ട് ഏര്‍ കാള ഉഴുതുകൊണ്ടിരുന്ന സ്ഥലത്ത് അവന്‍ ഷാഫാത്തിന്റെ മകന്‍ എലീഷായെ കണ്ടു. അവന്‍ പന്ത്രണ്ടാമത്തെ നിരയിലായിരുന്നു. ഏലിയാ അവന്റെ സമീപത്തുകൂടെ കടന്നുപോകുമ്പോള്‍ തന്റെ മേലങ്കി അവന്റെ മേല്‍ ഇട്ടു.20 ഉടനെ അവന്‍ കാളകളെ വിട്ട് ഏലിയായുടെ പിന്നാലെ ഓടിച്ചെന്നു പറഞ്ഞു: മാതാപിതാക്കന്‍മാരെ ചുംബിച്ചു യാത്ര പറഞ്ഞിട്ട് ഞാന്‍ അങ്ങയെ അനുഗമിക്കാം. ഏലിയാ പറഞ്ഞു: പൊയ് ക്കൊള്ളൂ; ഞാന്‍ നിന്നോട് എന്തുചെയ്തു?21 അവന്‍ മടങ്ങിച്ചെന്ന് ഒരേര്‍ കാളയെ കൊന്ന് കലപ്പ കത്തിച്ച് മാംസം വേവിച്ച് ജനത്തിനു കൊടുത്തു. അവര്‍ ഭക്ഷിച്ചു. എലീഷാ ഏലിയായെ അനുഗമിച്ച്, അവന്റെ ശുശ്രൂഷകനായിത്തീര്‍ന്നു.
The Book of 1 Kings | 1 രാജാക്കന്മാർ | Malayalam Bible | POC Translation

