2 രാജാക്കന്മാർ, അദ്ധ്യായം 5
നാമാനെ സുഖപ്പെടുത്തുന്നു
1 സിറിയാരാജാവിന്റെ സൈന്യാധിപനായിരുന്നു നാമാന്‍. രാജാവിന് അവനോടു പ്രീതിയും ബഹുമാനവുമായിരുന്നു. കാരണം, അവന്‍ മുഖാന്തരം കര്‍ത്താവ് സിറിയായ്ക്കു വിജയം നല്‍കി. ധീരനും പരാക്രമിയുമായിരുന്നെങ്കിലും അവന്‍ കുഷ്ഠരോഗിയായിരുന്നു.2 ഇസ്രായേലിനെ ആക്രമിച്ചപ്പോള്‍ സിറിയാക്കാര്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിരുന്നു. അവള്‍ നാമാന്റെ ഭാര്യയുടെ പരിചാരികയായി.3 അവള്‍ തന്റെ യജമാനത്തിയോടു പറഞ്ഞു: എന്റെ യജമാനന്‍ സമരിയായിലെ പ്രവാചകന്റെ അടുത്തായിരുന്നെങ്കില്‍! അവന്‍ യജമാനന്റെ കുഷ്ഠം മാറ്റുമായിരുന്നു.4 ഇസ്രായേല്‍ക്കാരി പെണ്‍കുട്ടി പറഞ്ഞവിവരം നാമാന്‍ രാജാവിനെ അറിയിച്ചു.5 സിറിയാരാജാവു പറഞ്ഞു: ഉടനെ പോവുക. ഞാന്‍ ഇസ്രായേലില്‍ രാജാവിന് ഒരു കത്തു തരാം. നാമാന്‍ പത്തു താലന്ത് വെള്ളിയും ആറായിരം ഷെക്കല്‍ സ്വര്‍ണവും പത്തു വിശിഷ്ടവസ്ത്രങ്ങളും എടുത്തുയാത്രയായി.6 അവന്‍ കത്ത് ഇസ്രായേല്‍രാജാവിനെ ഏല്‍പിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: എന്റെ ദാസന്‍ നാമാനെ കുഷ്ഠരോഗത്തില്‍നിന്നു സുഖപ്പെടുത്തണമെന്ന് അപേക്ഷിക്കാനാണ് ഈ എഴുത്ത്.7 ഇസ്രായേല്‍രാജാവു കത്തു വായിച്ചിട്ട് വസ്ത്രം കീറിക്കൊണ്ടു പറഞ്ഞു: കുഷ്ഠരോഗിയെ സുഖപ്പെടുത്താന്‍ എന്നോടാവശ്യപ്പെടുന്നു! ജീവന്‍ എടുക്കാനും കൊടുക്കാനും ഞാന്‍ ദൈവമാണോ? കണ്ടോ എന്നോടു മല്ലിടാന്‍ അവന്‍ പഴുതു നോക്കുന്നു!8 ഇസ്രായേല്‍രാജാവു വസ്ത്രം കീറിയെന്നുകേട്ട് ദൈവപുരുഷനായ എലീഷാ രാജാവിനെ അറിയിച്ചു: നീ എന്തിനാണ് വസ്ത്രം കീറിയത്? അവന്‍ എന്റെ അടുത്തുവരട്ടെ! ഇസ്രായേലില്‍ ഒരു പ്രവാചകന്‍ ഉണ്ടെന്ന് അറിയട്ടെ!9 നാമാന്‍ രഥങ്ങളും കുതിരകളുമായി എലീഷായുടെ വീട്ടുപടിക്കല്‍ എത്തി.10 എലീഷാ ദൂതനെ അയച്ച് അവനോടു പറഞ്ഞു: നീ ജോര്‍ദാനില്‍ പോയി ഏഴു പ്രാവശ്യം കുളിക്കുക; നീ ശുദ്ധനായി, ശരീരം പൂര്‍വസ്ഥിതിയെ പ്രാപിക്കും.11 എന്നാല്‍ നാമാന്‍ കുപിതനായി മടങ്ങിപ്പോയി. അവന്‍ പറഞ്ഞു: എലീഷാ എന്റെ അടുത്ത് ഇറങ്ങിവന്ന് തന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുമെന്നും കരം വീശി കുഷ്ഠം സുഖപ്പെടുത്തുമെന്നും ഞാന്‍ വിചാരിച്ചു.12 ദമാസ്‌ക്കസിലെ അബാനായും ഫാര്‍പാറും ഇസ്രായേലിലെ നദികളെക്കാള്‍ ശ്രേഷ്ഠമല്ലേ? അവയില്‍ കുളിച്ച് എനിക്കു ശുദ്ധി പ്രാപിച്ചു കൂടേ? അങ്ങനെ, അവന്‍ ക്രുദ്ധനായി അവിടെനിന്നു തിരിച്ചുപോയി.13 എന്നാല്‍, ഭൃത്യന്‍മാര്‍ അടുത്തുചെന്നു പറഞ്ഞു: പിതാവേ, പ്രവാചകന്‍ ഭാരിച്ച ഒരു കാര്യമാണു കല്‍പിച്ചിരുന്നതെങ്കില്‍ അങ്ങ് ചെയ്യുമായിരുന്നില്ലേ? അപ്പോള്‍, കുളിച്ചു ശുദ്ധനാകുക എന്നു പറയുമ്പോള്‍ എത്രയോ കൂടുതല്‍ താത്പര്യത്തോടെ അങ്ങ് അതു ചെയ്യേണ്ടതാണ്.14 അങ്ങനെ, ദൈവപുരുഷന്റെ വാക്കനുസരിച്ച് അവന്‍ ജോര്‍ദാനിലിറങ്ങി ഏഴുപ്രാവശ്യം മുങ്ങി. അവന്‍ സുഖം പ്രാപിച്ചു; ശരീരം ശിശുവിന്‍േറ തുപോലെയായി.15 അവന്‍ ഭൃത്യന്‍മാരോടൊത്ത് ദൈവപുരുഷന്റെ അടുത്തു തിരിച്ചുചെന്നു പറഞ്ഞു: ഭൂമിയില്‍ ഇസ്രായേലിന്‍േറ തല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നു. അങ്ങയുടെ ദാസനില്‍നിന്ന് ഒരു സമ്മാനം സ്വീകരിച്ചാലും.16 എലീഷാ പറഞ്ഞു: ഞാന്‍ സേവിക്കുന്ന കര്‍ത്താവാണേ, ഞാന്‍ സ്വീകരിക്കുകയില്ല. നാമാന്‍ നിര്‍ബന്ധിച്ചെങ്കിലും അവന്‍ വഴങ്ങിയില്ല.17 അപ്പോള്‍ നാമാന്‍ പറഞ്ഞു: സ്വീകരിക്കുകയില്ലെങ്കില്‍ രണ്ടു കഴുതച്ചുമടു മണ്ണു തരണമെന്നു ഞാന്‍ യാചിക്കുന്നു. ഇനിമേല്‍ കര്‍ത്താവിനല്ലാതെ മറ്റൊരു ദൈവത്തിനും അങ്ങയുടെ ദാസന്‍ ദഹനബലിയോ കാഴ്ചയോ അര്‍പ്പിക്കുകയില്ല.18 കര്‍ത്താവ് ഒരു കാര്യത്തില്‍ ഈ ദാസനോടു ക്ഷമിക്കട്ടെ! എന്റെ യജമാനന്‍ എന്റെ കൈയില്‍ ചാരിക്കൊണ്ട് റിമ്മോന്‍ക്‌ഷേത്രത്തില്‍ ആരാധനയ്ക്കുപോവുകയും ഞാന്‍ അവിടെ വണങ്ങുകയുംചെയ്യുമ്പോള്‍ കര്‍ത്താവ് അത് എന്നോടു ക്ഷമിക്കട്ടെ!19 എലീഷാ പറഞ്ഞു: സമാധാനമായി പോവുക. നാമാന്‍ കുറച്ചുദൂരംപോയി.20 അപ്പോള്‍ ദൈവപുരുഷനായ എലീഷായുടെ ഭൃത്യന്‍ ഗഹസി ചിന്തിച്ചു: എന്റെ യജമാനന്‍, സിറിയാക്കാരനായ നാമാന്‍കൊണ്ടുവന്നതൊന്നും സ്വീകരിക്കാതെ വിട്ടയച്ചിരിക്കുന്നു. കര്‍ത്താവാണേ, ഞാന്‍ അവന്റെ പുറകേ ചെന്ന് അവനോട് എന്തെങ്കിലും വാങ്ങും.21 ഗഹസി നാമാനെ പിന്തുടര്‍ന്നു. പിറകേ ഒരാള്‍ ഓടിവരുന്നതുകണ്ട്, നാമാന്‍ അവനെ സ്വീകരിക്കാന്‍ രഥത്തില്‍നിന്നിറങ്ങി കാര്യം തിരക്കി.22 അവന്‍ പറഞ്ഞു: എല്ലാം ശുഭംതന്നെ. എഫ്രായിംമലനാട്ടില്‍നിന്ന് പ്രവാചകഗണത്തില്‍പ്പെട്ട രണ്ടു ചെറുപ്പക്കാര്‍ ഇപ്പോള്‍ എന്റെ അടുക്കല്‍ വന്നിരിക്കുന്നു. അവര്‍ക്ക് ഒരു താലന്ത് വെള്ളിയും രണ്ടു വിശേഷവസ്ത്രങ്ങളും തന്നയയ്ക്കണമെന്ന് അപേക്ഷിക്കുന്നു എന്ന്‌യജമാനന്‍ പറഞ്ഞയച്ചിരിക്കുന്നു.23 രണ്ടു താലന്ത് സ്വീകരിച്ചാലും എന്നു നാമാന്‍ അവനെ നിര്‍ബന്ധിച്ചു: അവന്‍ രണ്ടു താലന്ത് വെള്ളിയും രണ്ടു വിശേഷവസ്ത്രങ്ങളും സഞ്ചിയിലാക്കി രണ്ടു ഭൃത്യന്‍മാരുടെ തോളില്‍ വച്ചുകൊടുത്തു. അവര്‍ അതു ചുമന്നുകൊണ്ട് ഗഹസിയുടെ മുന്‍പേ നടന്നു.24 മലയില്‍ എത്തിയപ്പോള്‍ അവന്‍ അതു വാങ്ങി വീട്ടിനുള്ളില്‍ വച്ചതിനുശേഷം ഭൃത്യന്‍മാരെ തിരിച്ചയച്ചു.25 അവന്‍ അകത്തു തന്റെ മുന്‍പില്‍ വന്നപ്പോള്‍ എലീഷാ ചോദിച്ചു: ഗഹസീ, നീ എവിടെയായിരുന്നു? അവന്‍ പറഞ്ഞു: അങ്ങയുടെ ദാസന്‍ എങ്ങും പോയില്ല.26 എന്നാല്‍, എലീഷാ പറഞ്ഞു: അവന്‍ നിന്നെ സ്വീകരിക്കാന്‍ രഥത്തില്‍നിന്ന് ഇറങ്ങിയപ്പോള്‍ എന്റെ ആത്മാവ് അവിടെ ഉണ്ടായിരുന്നില്ലേ? പണം, വസ്ത്രം, ഒലിവുതോട്ടങ്ങള്‍, മുന്തിരിത്തോട്ടങ്ങള്‍, ആടുമാടുകള്‍, ദാസീദാസന്‍മാര്‍ ഇവയൊക്കെസ്വീക രിക്കാനുള്ള സമയമായിരുന്നോ അത്?27 നാമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതികള്‍ക്കും എന്നേക്കുമായി വന്നുചേരും. അങ്ങനെ അവന്‍ കുഷ്ഠരോഗിയായി മഞ്ഞുപോലെ വെളുത്ത് എലീഷായുടെ സന്നിധി വിട്ടുപോയി.
The Book of 2 Kings | 2 രാജാക്കന്മാർ | Malayalam Bible | POC Translation

