2 രാജാക്കന്മാർ, അദ്ധ്യായം 16
ആഹാസ് യൂദാരാജാവ്
1 റമാലിയായുടെ പുത്രനായ പെക്കാഹിന്റെ പതിനേഴാംഭരണവര്‍ഷം യൂദാരാജാവായ യോഥാമിന്റെ പുത്രന്‍ ആഹാസ് ഭരണം തുടങ്ങി.2 അപ്പോള്‍, അവന് ഇരുപതു വയസ്‌സായിരുന്നു. അവന്‍ പതിനാറു വര്‍ഷം ജറുസലെമില്‍ ഭരിച്ചു. പിതാവായ ദാവീദിനെപ്പോലെയല്ല അവന്‍ ജീവിച്ചത്. അവന്‍ തന്റെ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചില്ല.3 ഇസ്രായേല്‍രാജാക്കന്‍മാരുടെ പാതയില്‍ അവന്‍ ചരിച്ചു. കര്‍ത്താവ് ഇസ്രായേല്‍ജനത്തിന്റെ മുന്‍ പില്‍നിന്ന് ഉച്ചാടനം ചെയ്ത ജനതകളുടെ മ്ലേച്ഛമായ ആചാരമനുസരിച്ച് അവന്‍ സ്വന്തം പുത്രനെ ബലിയര്‍പ്പിക്കുകപോലും ചെയ്തു.4 അവന്‍ പൂജാഗിരികളിലും കുന്നുകളിലും മരച്ചുവട്ടിലും ബലികളും ധൂപവും അര്‍പ്പിച്ചു.5 സിറിയാ രാജാവായ റസീനും, ഇസ്രായേല്‍ രാജാവും റമാലിയായുടെ പുത്രനുമായ പെക്കാഹും ജറുസലെമിനെതിരേ വന്ന് ആഹാസിനെ ആക്രമിച്ചു; എങ്കിലും തോല്‍പിക്കാന്‍ കഴിഞ്ഞില്ല.6 അക്കാലത്ത്, ഏദോംരാജാവ് ഏലാത്ത് വീണ്ടെടുത്ത് ഏദോമിനോടു ചേര്‍ക്കുകയും ഏലാത്തില്‍ നിന്നു യൂദാജനത്തെ ഓടിച്ചുകളയുകയും ചെയ്തു. ഏദോമ്യര്‍ ഏലാത്തില്‍വന്നു. അവര്‍ ഇന്നോളം അവിടെ താമസിക്കുന്നു.7 ആഹാസ് ദൂതന്‍മാരെ അയച്ച് അസ്‌സീറിയാ രാജാവായ തിഗ്ലാത്പിലേസറിനെ അറിയിച്ചു: ഞാന്‍ അങ്ങയുടെ ദാസനും പുത്രനുമാണ്. എന്നെ ആക്രമിക്കുന്ന സിറിയാരാജാവിന്റെയും ഇസ്രായേല്‍രാജാവിന്റെയും കൈകളില്‍നിന്ന് അങ്ങ് എന്നെ രക്ഷിക്കണം.8 ആഹാസ് ദേവാലയത്തിലെ സ്വര്‍ണവും വെള്ളിയും കൊട്ടാരത്തിലെ നിധികളും അസ്‌സീറിയാരാജാവിനു സമ്മാനമായി അയച്ചു.9 അസ്‌സീറിയാരാജാവ് അപേക്ഷ സ്വീകരിച്ചു. അവന്‍ ചെന്നു ദമാസ്‌ക്കസ് കീഴടക്കി, നിവാസികളെ ബന്ധിച്ചു കീറിലേക്കു കൊണ്ടുപോയി. റസീനെ കൊല്ലുകയും ചെയ്തു.10 ആഹാസ്‌രാജാവ് അസ്‌സീറിയാരാജാവായ തിഗ്ലാത്പിലേസറിനെ സന്ദര്‍ശിക്കാന്‍ ദമാസ്‌ക്കസില്‍ ചെന്നപ്പോള്‍ അവിടത്തെ ബലിപീഠം കണ്ടു. ആഹാസ്‌രാജാവ് പുരോഹിതന്‍ ഊറിയായ്ക്കു ബലിപീഠത്തിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാതൃകയും അളവുകളും കൊടുത്തയച്ചു.11 ആഹാസ്‌രാജാവ് ദമാസ്‌ക്കസില്‍നിന്നു തിരിച്ചെത്തുന്നതിനു മുമ്പ് അവന്‍ കൊടുത്തയച്ച മാതൃകയില്‍ പുരോഹിതന്‍ ഊറിയാ ബലിപീഠം നിര്‍മിച്ചു.12 ദമാസ്‌ക്കസില്‍നിന്നു വന്നപ്പോള്‍ രാജാവ് ബലിപീഠം നോക്കിക്കണ്ടു.13 അവന്‍ അതിന്‍മേല്‍ ദഹനബലിയും ധാന്യബലിയും പാനീയബലിയും സമാധാന ബലിയുടെ രക്തവും അര്‍പ്പിച്ചു.14 അവന്‍ കര്‍ത്താവിന്റെ മുന്‍പിലുണ്ടായിരുന്ന ഓടുകൊണ്ടുള്ള ബലിപീഠം ദേവാലയത്തിന്റെയും ബലിപീഠത്തിന്റെയും മധ്യേനിന്നു മാറ്റി ബലിപീഠത്തിനു വടക്കുവശത്തു സ്ഥാപിച്ചു.15 ആഹാസ്‌രാജാവ് പുരോഹിതന്‍ ഊറിയായോടു കല്‍പിച്ചു: മഹാബലിപീഠത്തില്‍ പ്രഭാതദഹനബലിയും, സായാഹ്‌നധാന്യബലിയും, രാജാവിന്റെ ദഹനബലിയും ധാന്യബ ലിയും, ജനത്തിന്റെ ദഹനബലിയോടും ധാന്യബലിയോടും പാനീയബലിയോടുംചേര്‍ത്ത് അര്‍പ്പിക്കണം. ദഹനബലിയുടെയും മറ്റുബലികളുടെയും രക്തം അതിന്‍മേല്‍ തളിക്കണം. ഓട്ടു ബലിപീഠം എനിക്ക് ഉപദേശമാരായാനാണ്.16 ആഹാസ് കല്‍പിച്ചതുപോലെ അവന്‍ പ്രവര്‍ത്തിച്ചു.17 രാജാവ് പീഠങ്ങളുടെ ചട്ടം മുറിച്ചു മാറ്റുകയും ക്ഷാളനപാത്രം നീക്കം ചെയ്യുകയും ഓട്ടുകാളകള്‍ താങ്ങുന്ന ജലസംഭരണി അവിടെനിന്ന് എടുത്തു കല്ലില്‍ തീര്‍ത്ത പീഠത്തിന്‍മേല്‍ സ്ഥാപിക്കുകയും ചെയ്തു.18 സാബത്തില്‍ ഉപയോഗിക്കാന്‍ കൊട്ടാരത്തില്‍ നിര്‍മിച്ചിരുന്ന മേല്‍പുരയുള്ള വഴിയും രാജാവിനു ദേവാലയത്തിലേക്കു വരാനുള്ള ബാഹ്യകവാടവും അസ്‌സീറിയാരാജാവിനെ പ്രീതിപ്പെടുത്താന്‍വേണ്ടി അവന്‍ നീക്കം ചെയ്തു.19 ആഹാബിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.20 ആഹാസ് പിതാക്കന്‍മാരോടു ചേര്‍ന്നു. ദാവീദിന്റെ നഗരത്തില്‍ അവരോടൊപ്പം സംസ്‌കരിക്കപ്പെട്ടു. പുത്രന്‍ ഹെസക്കിയാ രാജാവായി.
The Book of 2 Kings | 2 രാജാക്കന്മാർ | Malayalam Bible | POC Translation

