2 രാജാക്കന്മാർ, അദ്ധ്യായം 19
1 വിവരമറിഞ്ഞു ഹെസക്കിയാരാജാവ് വസ്ത്രം കീറി ചാക്കുടുത്ത് കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ചു.2 അവന്‍ കൊട്ടാരവിചാരിപ്പുകാരന്‍ എലിയാക്കിമിനെയും കാര്യസ്ഥന്‍ ഷെബ്‌നായെയും, പുരോഹിതശ്രേഷ്ഠന്‍മാരെയും ചാക്കുടുപ്പിച്ച് ആമോസിന്റെ പുത്രന്‍ ഏശയ്യാപ്രവാചകന്റെ അടുത്തേക്ക് അയച്ചു.3 അവര്‍ അവനെ അറിയിച്ചു:ഹെസക്കിയാപറയുന്നു, ഇന്ന് ദുരിതത്തിന്റെയും അധിക്‌ഷേപത്തിന്റെയും നിന്ദയുടെയും ദിവസമാണ്. പിറക്കാറായ കുഞ്ഞിനെ പ്രസവിക്കാന്‍ ശക്തിയില്ലാത്ത സ്ത്രീയെപ്പോലെയാണു ഞങ്ങള്‍.4 ജീവിക്കുന്ന ദൈവത്തെ അധിക്‌ഷേപിക്കുന്നതിനു റബ്ഷക്കെവഴി അവന്റെ യജമാനനായ അസ്‌സീറിയാരാജാവ് പറഞ്ഞയച്ചവാക്കുകള്‍ നിന്റെ ദൈവമായ കര്‍ത്താവ് കേട്ടിരിക്കാം. അവിടുന്ന് കേട്ട ആ വാക്കുകള്‍ നിമിത്തം അവിടുന്ന് അവനെ ശിക്ഷിച്ചേക്കാം. അതുകൊണ്ട് അവശേഷിച്ചിരിക്കുന്ന ജനത്തിനുവേണ്ടി നീ പ്രാര്‍ഥിക്കുക.5 ഹെസക്കിയാ രാജാവിന്റെ സേവകന്‍മാര്‍ ഏശയ്യായുടെ അടുത്തുവന്നു.6 അവന്‍ അവരോടു പറഞ്ഞു: നിങ്ങളുടെയജമാനനോടു പറയുവിന്‍, കര്‍ത്താവ് അരുളിച്ചെയ്യുന്നു; അസ്‌സീറിയാരാജാവിന്റെ സേവകന്‍മാര്‍ എന്നെ അധിക്‌ഷേപിച്ചവാക്കുകള്‍ കേട്ട് നീ ഭയപ്പെടേണ്ടാ.7 ഞാന്‍ അവനില്‍ ഒരു ആത്മാവിനെ നിവേശിപ്പിക്കും. കിംവദന്തികള്‍ കേട്ട് അവന്‍ സ്വദേശത്തേക്കു മടങ്ങും. അവിടെവച്ചു വാളിനിരയാകാന്‍ ഞാന്‍ അവന് ഇടവരുത്തും.8 അസ്‌സീറിയാരാജാവ് ലാഖീഷ് വിട്ടു എന്നു റബ്ഷക്കെ കേട്ടു. അവന്‍ മടങ്ങിച്ചെന്നപ്പോള്‍, രാജാവ് ലിബ്‌നായോടുയുദ്ധം ചെയ്യുകയായിരുന്നു.9 എത്യോപ്യ രാജാവായ തിര്‍ഹാക്കാ തനിക്കെതിരേ വരുന്നു എന്നു കേട്ടപ്പോള്‍ രാജാവ് ദൂതന്‍മാരെ അയച്ച് യൂദാരാജാവായ ഹെസക്കിയായോട് ഇങ്ങനെ പറയണമെന്നു കല്‍പിച്ചു:10 ജറുസലെം അസ്‌സീറിയാരാജാവിന്റെ കൈയില്‍ ഏല്‍പിക്കപ്പെടുകയില്ലെന്നു വാഗ്ദാനം ചെയ്ത്, നീ ആശ്രയിക്കുന്ന ദൈവം നിന്നെ വഞ്ചിക്കാനനുവദിക്കരുത്.11 എല്ലാ രാജ്യങ്ങളെയും തീര്‍ത്തും നശിപ്പിക്കുന്ന അസ്‌സീറിയാരാജാക്കന്‍മാരുടെ പ്രവൃത്തികള്‍ നീ കേട്ടിട്ടില്ലേ? പിന്നെ നീ ഒഴിവാക്കപ്പെടുമോ?12 ഗോസാന്‍, ഹാരാന്‍, റേസെഫ് എന്നീ ദേശങ്ങളെയും തെലാസറിലെ ഏദന്‍കാരെയും എന്റെ പിതാക്കന്‍മാര്‍ നശിപ്പിച്ചപ്പോള്‍ അവരുടെ ദേവന്‍മാര്‍ അവരെ രക്ഷിച്ചോ?13 ഹമാത്, അര്‍പാദ്, സെഫാര്‍വയിം, ഹേന, ഇവ്വ എന്നിവയുടെ രാജാക്കന്‍മാരെ വിടെ?14 ഹെസക്കിയാ ദൂതന്‍മാരുടെ കൈയില്‍നിന്നു കത്തുവാങ്ങി വായിച്ചു. അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ച് അത് അവിടുത്തെ മുന്‍പില്‍ വച്ചു.15 അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ പ്രാര്‍ഥിച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, കെരൂബുകളുടെ മുകളില്‍ സിംഹാസനസ്ഥ നായിരിക്കുന്ന അവിടുന്നാണ് ദൈവം; അവിടുന്നുമാത്രമാണ് ഭൂമിയിലെ രാജ്യങ്ങള്‍ക്കെല്ലാം ദൈവം. അങ്ങ് ആകാശവും ഭൂമിയും സൃഷ്ടിച്ചു.16 കര്‍ത്താവേ, ചെവിക്കൊള്ളണമേ! കര്‍ത്താവേ, കടാക്ഷിക്കണമേ! ജീവിക്കുന്ന ദൈവത്തെ അധിക്‌ഷേപിക്കാന്‍സെന്നാക്കെരിബ് പറഞ്ഞയച്ചവാക്കു കേട്ടാലും!17 കര്‍ത്താവേ, അസ്‌സീറിയാ രാജാക്കള്‍ ജനതകളെയും അവരുടെ ദേശങ്ങളെയും സത്യമായും ശൂന്യമാക്കിയിരിക്കുന്നു.18 അവരുടെ ദേവന്‍മാരെ അഗ്‌നിയിലെറിഞ്ഞിരിക്കുന്നു. അവ ദൈവമായിരുന്നില്ല; മരത്തിലും കല്ലിലും മനുഷ്യര്‍ പണിതുണ്ടാക്കിയവയായിരുന്നു.19 അതിനാല്‍, അവനശിച്ചു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അവന്റെ കൈയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ! കര്‍ത്താവേ, അങ്ങു മാത്രമാണു ദൈവമെന്നു ഭൂമിയിലെ ജനതകള്‍ അറിയട്ടെ!20 ആമോസിന്റെ പുത്രനായ ഏശയ്യാ ഹെസക്കിയായ്ക്ക് ഈ സന്‌ദേശമയച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അസ്‌സീറിയാരാജാവായ സെന്നാക്കെരിബിനെക്കുറിച്ചു നീ ചെയ്ത പ്രാര്‍ഥന ഞാന്‍ കേട്ടിരിക്കുന്നു.21 അവനെക്കുറിച്ച് കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു: കന്യകയായ സീയോന്‍പുത്രി നിന്നെ നിന്ദിക്കുന്നു, അവള്‍ നിന്നെ പുച്ഛിക്കുന്നു. ജറുസലെംപുത്രി, നിന്റെ പിന്നില്‍ തലയാട്ടുന്നു.22 നീ ആരെയാണ് പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്തത്? ആര്‍ക്കെതിരേയാണ് ശബ്ദമുയര്‍ത്തുകയും ധിക്കാരപൂര്‍വം ദൃഷ്ടികളുയര്‍ത്തുകയും ചെയ്തത്? ഇസ്രായേലിന്റെ പരിശുദ്ധനെതിരേ!23 നിന്റെ ദൂതന്‍മാര്‍വഴി നീ കര്‍ത്താവിനെ പരിഹസിച്ചു. എന്റെ അസംഖ്യം രഥങ്ങള്‍കൊണ്ടുഞാന്‍ പര്‍വതശൃംഗങ്ങളിലുംലബനോന്റെ ഉള്‍പ്രദേശങ്ങളിലുംഎത്തിയെന്നും, ഉയര്‍ന്ന ദേവദാരുക്കളും ശ്രേഷ്ഠമായ സരളമരങ്ങളുംവീഴ്ത്തിയെന്നും അതിന്റെ വിദൂരസ്ഥമായകോണുകളിലുംനിബിഢമായ വനാന്തരങ്ങളിലുംപ്രവേശിച്ചു എന്നും നീ പറഞ്ഞു.24 ഞാന്‍ കിണറുകള്‍ കുഴിച്ചു;വിദേശജലം പാനം ചെയ്തു, ഈജിപ്തിലെ അരുവികളെയെല്ലാംഉള്ളംകാലുകൊണ്ടു ഞാന്‍ ഉണക്കിക്കളഞ്ഞു എന്നും നീ പറഞ്ഞു.25 ഞാന്‍ ഇതു പണ്ടേ നിശ്ചയിച്ചതാണ്. നീ അതു കേട്ടിട്ടില്ലേ? പണ്ടു നിശ്ചയിച്ചവ ഇന്നു ഞാന്‍ പ്രാവര്‍ത്തികമാക്കുന്നു. സുരക്ഷിത നഗരങ്ങളെ നീ നാശക്കൂമ്പാരമാക്കുമെന്നും26 അവയിലെ നിവാസികളുടെ ശക്തിഅറ്റുപോകുകയും അവര്‍ പരിഭ്രാന്തരായി വയലിലെചെടികള്‍ക്കും ഇളംപുല്ലുകള്‍ക്കും, വളരുന്നതിനുമുമ്പേ കരിഞ്ഞുപോകുന്നപുരപ്പുറത്തെ തൃണങ്ങള്‍ക്കുംതുല്യരാകുമെന്നും ഞാന്‍ പണ്ടേനിശ്ചയിച്ചത് ഇന്നു പ്രാവര്‍ത്തികമാക്കുന്നു.27 നിന്റെ ഇരിപ്പും നടപ്പും എന്റെ നേര്‍ക്കുള്ള നിന്റെ കോപാവേശവും ഞാന്‍ അറിയുന്നു.28 നീ എന്റെ നേരേ ക്രുദ്ധനായി; നിന്റെ ധിക്കാരം എന്റെ കാതുകളില്‍ എത്തിയിരിക്കുന്നു. അതിനാല്‍, നിന്റെ മൂക്കില്‍ കൊളുത്തും നിന്റെ വായില്‍ കടിഞ്ഞാണും ഇട്ട് വന്നവഴിയെ നിന്നെ ഞാന്‍ തിരിച്ചയയ്ക്കും.29 ഇതാണു നിനക്കുള്ള അടയാളം: താനേ മുളയ്ക്കുന്നവയില്‍നിന്ന് ഈ വര്‍ഷം നീ ഭക്ഷിക്കും. രണ്ടാംവര്‍ഷവും അങ്ങനെതന്നെ. മൂന്നാംവര്‍ഷം നീ വിതയ്ക്കുകയും കൊയ്യുകയും മുന്തിരിത്തോട്ടങ്ങള്‍ നട്ടുപിടിപ്പിക്കുകയും അവയുടെ ഫലം ഭക്ഷിക്കുകയും ചെയ്യും.30 യൂദാഭവനത്തില്‍ അവശേഷിക്കുന്നവര്‍, ആഴത്തില്‍ വേരോടിക്കുകയും ഫലം കായ്ക്കുകയും ചെയ്യുന്ന വൃക്ഷംപോലെ വളരും.31 എന്തെന്നാല്‍, ജറുസലെമില്‍നിന്ന് ഒരു അവശിഷ്ടഭാഗവും സീയോന്‍മലയില്‍നിന്ന് അതിജീവിക്കുന്നവരുടെ ഒരു ഗണവും പുറപ്പെടും. കര്‍ത്താവിന്റെ തീക്ഷണത ഇത് നിര്‍വഹിക്കും.32 അസ്‌സീറിയാ രാജാവിനെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്യുന്നു, അവന്‍ ഈ നഗരത്തില്‍ പ്രവേശിക്കുകയോ ഇവിടെ അസ്ത്രം എയ്യുകയോ പരിച ധരിച്ച് ഇവിടെ വരുകയോ നഗരത്തിനെതിരേ ഉപരോധം നിര്‍മിക്കുകയോ ചെയ്യുകയില്ല.33 അവന്‍ നഗരത്തില്‍ പ്രവേശിക്കാതെ വന്നവഴിയെ മടങ്ങുമെന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.34 എനിക്കും എന്റെ ദാസനായ ദാവീദിനുംവേണ്ടി ഞാന്‍ ഈ നഗരത്തെ പ്രതിരോധിച്ചു രക്ഷിക്കും.35 അന്നുരാത്രി കര്‍ത്താവിന്റെ ദൂതന്‍ അസ്‌സീറിയാപാളയത്തില്‍ കടന്ന് ഒരു ലക്ഷത്തിയെണ്‍പത്തയ്യായിരം പേരെ വധിച്ചു. പ്രഭാതത്തില്‍ ആളുകള്‍ ഉണര്‍ന്നപ്പോള്‍ ഇവര്‍ ജഡമായി മാറിയിരിക്കുന്നതു കണ്ടു.36 പിന്നെ അസ്‌സീറിയാരാജാവായ സെന്നാക്കെരിബ് അവിടെനിന്ന് നിനെവേയിലേക്കു പോയി, അവിടെ താമസിച്ചു.37 അവന്‍ തന്റെ ദേവനായ നിസ്‌റോക്കിന്റെ ആലയത്തില്‍ ആരാധന നടത്തുമ്പോള്‍ പുത്രന്‍മാരായ അദ്രാമ്മെലെക്കും ഷരേസറും കൂടി അവനെ വാള്‍കൊണ്ടുവെട്ടിക്കൊന്നതിനുശേഷം അറാറാത്‌ദേശത്തേക്ക് ഓടി രക്ഷപെട്ടു. പകരം പുത്രന്‍ എസാര്‍ഹദ്‌ദോന്‍ ഭരണമേറ്റു.
The Book of 2 Kings | 2 രാജാക്കന്മാർ | Malayalam Bible | POC Translation

