2 രാജാക്കന്മാർ, അദ്ധ്യായം 23
ജോസിയായുടെ നവീകരണം
1 രാജാവ് യൂദായിലെയും ജറുസലെമിലെയും ശ്രേഷ്ഠന്‍മാരെ ആളയച്ചുവരുത്തി.2 അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ചു. യൂദായിലെയും ജറുസലെമിലെയും നിവാസികളും പുരോഹിതന്‍മാരും പ്രവാചകന്‍മാരും വലിയവരും ചെറിയവരുമായ എല്ലാ ആളുകളും അവനോടൊപ്പം ആലയത്തില്‍ പ്രവേശിച്ചു. അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍നിന്നു കണ്ടു കിട്ടിയ ഉടമ്പടിഗ്രന്ഥം എല്ലാവരും കേള്‍ക്കെ വായിച്ചു.3 സ്തംഭത്തിനുസമീപം നിന്നുകൊണ്ട് ഉടമ്പടിഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും അനുശാസനങ്ങളും പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ പാലിച്ച്, അവിടുത്തെ പിന്‍തുടര്‍ന്നുകൊള്ളാമെന്നു രാജാവ് കര്‍ത്താവുമായി ഉടമ്പടിചെയ്തു. ജനവും ഉടമ്പടിയില്‍ പങ്കുചേര്‍ന്നു.4 ബാലിനും അഷേരായ്ക്കും ആകാശഗോളങ്ങള്‍ക്കുംവേണ്ടി ഉണ്ടാക്കിയ പാത്രങ്ങള്‍ കര്‍ത്താവിന്റെ ആലയത്തില്‍നിന്ന് എടുത്തുകൊണ്ടുവരാന്‍ പ്രധാനപുരോഹിതനായ ഹില്‍ക്കിയായോടും സഹപുരോഹിതന്‍മാരോടും വാതില്‍ക്കാവല്‍ക്കാരോടും രാജാവ് ആജ്ഞാപിച്ചു. അവന്‍ അവ ജറുസലെമിനു പുറത്തു കിദ്രോന്‍വയലുകളില്‍വച്ചു ദഹിപ്പിച്ചു ചാരം ബഥേലിലേക്കു കൊണ്ടുപോയി.5 യൂദായിലും ജറുസലെമിനു ചുറ്റുമുള്ള നഗരങ്ങളിലെ പൂജാഗിരികളിലും ധൂപാര്‍ച്ചന നടത്താന്‍ യൂദാരാജാക്കന്‍മാര്‍ നിയമിച്ചവിഗ്രഹാരാധകരായ പുരോഹിതന്‍മാരെയും, ബാലിനും സൂര്യചന്ദ്രന്‍മാര്‍ക്കും താരാഗണങ്ങള്‍ക്കും ആകാശഗോളങ്ങള്‍ക്കും ധൂപാര്‍ച്ചന നടത്തിയവരെയും അവന്‍ സ്ഥാനഭ്രഷ്ടരാക്കി.6 അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍നിന്ന് അഷേരാപ്രതിഷ്ഠഎടുത്ത് ജറുസലെമിനു പുറത്തു കിദ്രോന്‍ അരുവിക്കരികേ കൊണ്ടുവന്നു ദഹിപ്പിച്ചു ചാരമാക്കി. പൊതു ശ്മശാനത്തില്‍ വിതറി.7 കര്‍ത്താവിന്റെ ആലയത്തിലെ ദേവപ്രീതിക്കായുള്ള പുരുഷവേശ്യാവൃത്തിക്കാരുടെ ഭവനങ്ങള്‍ അവന്‍ തകര്‍ത്തു. അവിടെയാണ് സ്ത്രീകള്‍ അഷേരായ്ക്കു തോരണങ്ങള്‍ നെയ്തുണ്ടാക്കിയിരുന്നത്.8 അവന്‍ യൂദാനഗരങ്ങളില്‍നിന്ന് പുരോഹിതന്‍മാരെ പുറത്തുകൊണ്ടുവരുകയും അവര്‍ ഗേബാമുതല്‍ ബേര്‍ഷെബാവരെ ധൂപാര്‍ച്ചന നടത്തിയിരുന്ന പൂജാഗിരികള്‍ മലിനമാക്കുകയും ചെയ്തു. നഗരാധിപനായ ജോഷ്വയുടെ പ്രവേശനകവാടത്തില്‍ ഇടത്തുവശത്തുള്ള പൂജാഗിരികള്‍ അവന്‍ തകര്‍ത്തു.9 പൂജാഗിരികളിലെ പുരോഹിതന്‍മാര്‍ ജറുസലെമിലെ കര്‍ത്താവിന്റെ ബലിപീഠത്തിങ്കലേക്കു വന്നില്ല. അവര്‍ പുളിപ്പില്ലാത്ത അപ്പം തങ്ങളുടെ സഹോദരന്‍മാരോടൊത്തു ഭക്ഷിച്ചു.10 പുത്രീപുത്രന്‍മാരെ ആരും മോളെക്കിനു ബലിയര്‍പ്പിക്കാതിരിക്കാന്‍ അവന്‍ ബന്‍ഹിന്നോംതാഴ്‌വരയിലുള്ള തോഫെത്ത് മലിനമാക്കി.11 കര്‍ത്താവിന്റെ ആലയത്തിനടുത്ത് പള്ളിയറവിചാരിപ്പുകാരനായ നാഥാന്‍മെലേക്കിന്റെ വസതിക്കു സമീപം, ദേവാലയകവാടത്തില്‍ യൂദാരാജാക്കന്‍മാര്‍ സൂര്യനു പ്രതിഷ്ഠിച്ചിരുന്ന അശ്വരൂപങ്ങള്‍ അവന്‍ നീക്കം ചെയ്ത്, സൂര്യരഥങ്ങള്‍ അഗ്‌നിക്കിരയാക്കി.12 ആഹാസിന്റെ മേടയില്‍ യൂദാരാജാക്കന്‍മാര്‍ നിര്‍മിച്ച ബലിപീഠങ്ങളും കര്‍ത്താവിന്റെ ആലയത്തിന്റെ രണ്ട് അങ്കണങ്ങളില്‍ മാനാസ്‌സെ ഉണ്ടാക്കിയ ബലിപീഠങ്ങളും അവന്‍ തകര്‍ത്ത് ധൂളിയാക്കി കിദ്രോന്‍ അരുവിയില്‍ ഒഴുക്കി.13 ഇസ്രായേല്‍രാജാവായ സോളമന്‍, സീദോന്യരുടെ മ്ലേച്ഛവിഗ്രഹമായ അസ്താര്‍ത്തെയ്ക്കും മൊവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോഷിനും അമ്മോന്യരുടെ മ്ലേച്ഛ വിഗ്രഹമായ മില്‍ക്കോവിനും വേണ്ടി ജറുസലെമിനു കിഴക്ക് നാശഗിരിയുടെ തെക്ക് സ്ഥാപിച്ചിരുന്ന പൂജാഗിരികള്‍ രാജാവു മലിനമാക്കി.14 അവന്‍ സ്തംഭങ്ങള്‍ തകര്‍ക്കുകയും, അഷേരാപ്രതിഷ്ഠകള്‍ വെട്ടിവീഴ്ത്തുകയും, അവനിന്നിരുന്ന സ്ഥലങ്ങള്‍ മനുഷ്യാസ്ഥികള്‍കൊണ്ടു മൂടുകയും ചെയ്തു.15 ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ ജറോബോവാം ബഥേലിലെ പൂജാഗിരിയില്‍ നിര്‍മിച്ച ബലിപീഠം ജോസിയാ തകര്‍ത്തു; അഷേരാപ്രതിഷ്ഠഅഗ്‌നിക്കിരയാക്കുകയും ചെയ്തു.16 തിരിഞ്ഞുനോക്കിയപ്പോള്‍ അവന്‍ അവിടെ, മലയില്‍ ശവകുടീരങ്ങള്‍ കണ്ടു. അവയില്‍നിന്ന് അസ്ഥികള്‍ എടുപ്പിച്ചുകൊണ്ടുവന്ന് ബലിപീഠത്തില്‍വച്ചു കത്തിച്ച് അതു അശുദ്ധമാക്കി. കര്‍ത്താവ് ദൈവപുരുഷന്‍വഴി അരുളിച്ചെയ്തത് അനുസരിച്ചാണ് ഇങ്ങനെ സംഭവിച്ചത്.17 രാജാവു ചോദിച്ചു; ഈ സ്മാരകം എന്താണ്? നഗരവാസികള്‍ പ്രതിവചിച്ചു: നീ ബഥേലിലെ ബലിപീഠത്തിനെതിരേ ചെയ്ത കാര്യങ്ങള്‍ പ്രവചിച്ചിരുന്ന യൂദായിലെ ദൈവപുരുഷന്റെ ശവകുടീരമാണിത്.18 അവന്‍ പറഞ്ഞു: അത് അവിടെയിരിക്കട്ടെ. അവന്റെ അസ്ഥികള്‍ ആരും മാറ്റരുത്. അങ്ങനെ സമരിയായില്‍നിന്നുവന്ന പ്രവാചകന്റെ അസ്ഥികളെപ്പോലെ അതും അവര്‍ സ്പര്‍ശിച്ചില്ല.19 കര്‍ത്താവിനെ പ്രകോപിപ്പിച്ചുകൊണ്ട് സമരിയാ നഗരങ്ങളില്‍ ഇസ്രായേല്‍രാജാക്കന്‍മാര്‍ നിര്‍മിച്ച പൂജാഗിരികളും ക്‌ഷേത്രങ്ങളും ജോസിയാ നശിപ്പിച്ചു. അവന്‍ ബഥേലില്‍ ചെയ്തതുപോലെ ഇവിടെയും ചെയ്തു.20 പൂജാഗിരികളിലെ പുരോഹിതന്‍മാരെ ബലിപീഠങ്ങളില്‍വച്ചു കൊല്ലുകയും മനുഷ്യാസ്ഥികള്‍ അവിടെ ദഹിപ്പിക്കുകയും ചെയ്തു. പിന്നെ അവന്‍ ജറുസലെമിലേക്കു മടങ്ങിപ്പോയി.21 രാജാവ് ജനത്തോടു കല്‍പിച്ചു: ഈ ഉടമ്പടി ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ചു നിങ്ങളുടെ ദൈവമായ കര്‍ത്താവിന് നിങ്ങള്‍ പെസഹാ ആചരിക്കണം.22 ഇസ്രായേലില്‍ന്യായപാലനം ചെയ്തന്യായാധിപന്‍മാരുടെയോ ഇസ്രായേലിലെയും യൂദായിലെയും രാജാക്കന്‍മാരുടെയോ കാലത്ത് പെസഹാ ആചരിച്ചിരുന്നില്ല.23 എന്നാല്‍, ജോസിയാരാജാവിന്റെ പതിനെട്ടാം ഭരണ വര്‍ഷം ജറുസലെമില്‍ കര്‍ത്താവിനു പെസ ഹാ ആചരിച്ചു.24 കൂടാതെ, പുരോഹിതന്‍ ഹില്‍ക്കിയാ കണ്ടെണ്ടത്തിയ നിയമഗ്രന്ഥത്തില്‍ എഴുതിയിരുന്നവനടപ്പിലാക്കാന്‍ ജോസിയാ യൂദായിലും ജറുസലെമിലും ഉണ്ടായിരുന്ന ആഭിചാരക്കാരെയും ശകുനക്കാരെയും, കുലവിഗ്രഹങ്ങളെയും ബിംബങ്ങളെയും, മറ്റു മ്ലേച്ഛതകളെയും നിര്‍മാര്‍ജനം ചെയ്തു.25 മോശയുടെ നിയമങ്ങളനുസരിച്ച് പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ ശക്തിയോടും കൂടെ കര്‍ത്താവിനെ പിന്‍ചെന്ന മറ്റൊരു രാജാവു മുന്‍പോ പിന്‍പോ ഉണ്ടായിട്ടില്ല.26 എങ്കിലും, മനാസ്‌സെ നിമിത്തം യൂദായ്‌ക്കെതിരേ ജ്വലിച്ച കര്‍ത്താവിന്റെ ഉഗ്രകോപം ശമിച്ചില്ല.27 അവിടുന്ന് അരുളിച്ചെയ്തു: ഇസ്രായേലിനെപ്പോലെ യൂദായെയും എന്റെ കണ്‍മുന്‍പില്‍നിന്നു ഞാന്‍ തൂത്തെറിയും. ഞാന്‍ തെരഞ്ഞെടുത്ത ജറുസലെമിനെയും എന്റെ നാമം ഇവിടെ ആയിരിക്കുമെന്നു ഞാന്‍ അരുളിച്ചെയ്ത ആലയത്തെയും ഞാന്‍ നിര്‍മാര്‍ജനം ചെയ്യും.28 ജോസിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.29 അവന്റെ കാലത്ത് ഈജിപ്തിലെ ഫറവോ ആയ നെക്കോ,യൂഫ്രട്ടീസ് നദിയുടെ സമീപത്ത് അസ്‌സീറിയാരാജാവിന്റെ അടുത്തേക്കു പോയി. ജോസിയാരാജാവ് അവനെ നേരിട്ടു. മെഗിദോയില്‍വച്ചു നെക്കോ അവനെയുദ്ധത്തില്‍ നിഗ്രഹിച്ചു.30 സേവകന്‍മാര്‍ മൃതശരീരം ഒരു രഥത്തില്‍ മെഗിദോയില്‍നിന്നു ജറുസലെമില്‍ കൊണ്ടുവന്ന്, അവന്റെ കല്ലറയില്‍ സംസ്‌കരിച്ചു. അനന്തരം, ജനം ജോസിയായുടെ മകന്‍ യഹോവാഹാസിനെ രാജാവായി അഭിഷേകം ചെയ്തു.
യഹോവാഹാസ് രാജാവ്
31 ഭരണമേല്‍ക്കുമ്പോള്‍യഹോവാഹാസിന് ഇരുപത്തിമൂന്നു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ മൂന്നുമാസം ഭരിച്ചു. ലിബ്‌നായിലെ ജറെമിയായുടെ പുത്രി, ഹമുത്താല്‍ ആയിരുന്നു അവന്റെ മാതാവ്.32 പിതാക്കന്‍മാരെപ്പോലെ അവനും കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു.33 അവന്‍ ജറുസലെമില്‍ ഭരിക്കാതിരിക്കാന്‍ നെക്കോ അവനെ ഹമാത്തിലെ റിബ്‌ലായില്‍ തടവിലാക്കി. നൂറു താലന്തു വെള്ളിയും ഒരു താലന്തു സ്വര്‍ണവും ദേശത്തു നികുതി ചുമത്തി.34 ഫറവോ ആയ നെക്കോ ജോസിയായുടെ മകന്‍ എലിയാക്കിമിനെ രാജാവാക്കുകയും അവന്റെ പേര്‌യഹോയാക്കീം എന്നു മാറ്റുകയും ചെയ്തു.യഹോവാഹാസിനെ നെക്കോ ഈജിപ്തിലേക്കു കൊണ്ടുപോയി. അവന്‍ അവിടെ വച്ചു മരിച്ചു.
യഹോയാക്കിംരാജാവ്
35 യഹോയാക്കിം ദേശത്തുനിന്നു പിരിച്ചെടുത്ത വെള്ളിയും സ്വര്‍ണവും ഫറവോയ്ക്കു കപ്പമായി കൊടുത്തു. അതിനുവേണ്ടി ഓരോരുത്തരിലും നിന്നു നിശ്ചിതതൂക്കം വെള്ളിയും സ്വര്‍ണവും പിരിച്ചെടുത്തു.36 ഭരണമേല്‍ക്കുമ്പോള്‍യഹോയാക്കിമിന് ഇരുപത്തഞ്ചു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ പതിനൊന്നുവര്‍ഷം ഭരിച്ചു. റൂമായിലെ പെദായായുടെ പുത്രി സെബീദാ ആയിരുന്നു അവന്റെ അമ്മ.37 പിതാക്കന്‍മാരെപ്പോലെ അവനും കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു.
The Book of 2 Kings | 2 രാജാക്കന്മാർ | Malayalam Bible | POC Translation

