St. Scholastica | വിശുദ്ധ സ്കോളാസ്റ്റിക്ക

ഇന്ന് വിശുദ്ധ സ്കോളാസ്റ്റിക്കയുടെ തിരുന്നാളാണ്. വിശുദ്ധ ബെനഡിക്റ്റിന്റെ ഇരട്ടസഹോദരി. ഇരട്ടസഹോദരങ്ങളായ രണ്ടു പേരും വിശുദ്ധരാവുക. എത്ര അപൂർവ്വമായ സൗഭാഗ്യം! എത്ര അനുഗ്രഹിക്കപ്പെട്ട മാതാപിതാക്കൾ എന്ന് തോന്നുമല്ലേ? പക്ഷേ വില കൊടുക്കാതെ അനുഗ്രഹമുണ്ടോ ? ഇവിടെയും, മക്കളെ ദൈവത്തിനായി വിട്ടുകൊടുത്ത് ഹൃദയത്തിൽ രക്തസാക്ഷിയായ ഒരു പിതാവുണ്ട്. പക്ഷേ കാലക്രമേണ ആ തീരുമാനം തനിക്കും അവർക്കും എത്രയധികം പേർക്കും അനുഗ്രഹമായി എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കും, അദ്ദേഹത്തെ പോലെ, മക്കളെ ദൈവത്തിനായി വിട്ടുകൊടുത്ത ആയിരങ്ങളും പതിനായിരങ്ങളും വരുന്ന അനേകം മാതാപിതാക്കളും.

ബെനഡിക്റ്റ് എന്നു വെച്ചാൽ ‘ the blessed one’ എന്നാണ് അർത്ഥം. സ്കോളാസ്റ്റിക്ക എന്നുവെച്ചാൽ ‘the learned one ‘. അനുഗ്രഹിക്കപ്പെട്ടവരും പാണ്ഡിത്യമുള്ളവരുമായ ആ മക്കൾ സഭയുടെ ചരിത്രത്തിലെ വൈശിഷ്ട്യമാർന്ന ഇരട്ടകളായി തീർന്നു. ആശ്രമങ്ങൾ സ്ഥാപിച്ച അവർ രണ്ടുപേർക്കും ഒരേ മുദ്രാവാക്യമായിരുന്നു ‘ പ്രാർത്ഥിക്കുക.. അധ്വാനിക്കുക’.

ഇറ്റലിയിലെ നർസിയായിൽ 480ൽ ജനിച്ച അവരുടെ, അമ്മ പ്രസവത്തോടെ തന്നെ മരിച്ചുപോയി. ബെനഡിക്റ്റ് ചെറുപ്പത്തിൽ തന്നെ പഠിക്കാനായി റോമിലേക്ക് പോയി. സ്‌കോളാസ്റ്റിക്കയുടെ ‘പേരിൽ’ പഠിപ്പ് ഉണ്ടെങ്കിലും അവൾക്ക് ലൗകികവിദ്യാഭ്യാസം കുറവായിരുന്നു. പക്ഷേ നന്നേ ചെറുപ്പത്തിലേ ദൈവത്തിന് അവൾ തന്നെത്തന്നെ സമർപ്പിച്ചു. പിതാവായ യൂട്രോപിയസിനെ നോക്കാൻ മക്കളാരും അടുത്തുണ്ടാവില്ലല്ലോ എന്ന ചിന്തയിലാണ് അവൾ അവിടെ തന്നെ നിൽക്കാൻ തീരുമാനിച്ചത്. ആത്മജ്ഞാനം വേണ്ടുവോളം ഉണ്ടായിരുന്ന അവൾ പ്രാർത്ഥിച്ചത് ദേവാലയത്തിലായിരിക്കുമ്പോൾ മാത്രമല്ല, ഭക്ഷണം പാകം ചെയ്യുമ്പോഴും വീട് വൃത്തിയാക്കുമ്പോഴും എല്ലാം ആയിരുന്നു. ഇടവിടാതെ പ്രാർത്ഥിക്കുന്ന, ദൈവസാന്നിധ്യാവബോധം കൊണ്ടുനടക്കുന്ന പതിവ് അവൾ എപ്പോഴും കാത്തുസൂക്ഷിച്ചു.

വിദ്യാഭ്യാസത്തിനു ശേഷം ബെനഡിക്റ്റ് നർസിയായിലേക്ക് തിരിച്ചുവന്നെങ്കിലും ഏകാന്തതയിൽ ദൈവത്തെ കണ്ടെത്താൻ വേണ്ടി ആദ്യം സുബിയാക്കോയിലെ ഗുഹയിലേക്കും പിന്നീട് മോന്തേ കസ്സീനോയിലേക്കും പോയി. സ്‌കോളാസ്റ്റിക്ക, സഹോദരന്റെ കാലടികൾ പിന്തുടരാൻ ആഗ്രഹിച്ച് പിതാവിനോട് അനുവാദം ആവശ്യപ്പെട്ടു, വീട് വിട്ടു പോകാനായി. ആ പിതാവിന് ഭവനത്തിൽ ഉണ്ടായിരുന്ന ഏക ആശ്വാസവും ആശ്രയവുമായ മകളെ വേർപിരിയുന്നതിൽ അഗാധമായ ദുഖമുണ്ടായിരുന്നു എങ്കിൽ കൂടി ദൈവഹിതത്തിന് എതിരാകുവാൻ ആഗ്രഹിച്ചില്ല. അവൾക്ക് പിതാവിന്റെ അനുവാദം ലഭിച്ചു.

സ്‌കോളാസ്റ്റിക്ക സ്ത്രീകൾക്കായി ആശ്രമം സ്ഥാപിച്ചു. പോപ്പ് ഗ്രിഗറി പറയുന്നത്, സന്യാസിനികൾക്കായി നിയമം എഴുതിയുണ്ടാക്കിയത് ബെനഡിക്റ്റ് ആണെങ്കിലും, അവർ അതൊക്കെ തങ്ങളുടെ വിശുദ്ധീകരണത്തിനായാണ് ഈ നിയമങ്ങൾ എന്ന ചിന്തയോടെ, വിശ്വസ്തതാപൂർവ്വം, സന്തോഷത്തോടെ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്ന ചുമതല സ്‌കോളാസ്റ്റിക്കയുടേതായിരുന്നു. അങ്ങനെ, ലോകത്തിലെ ഏറ്റവും ആദ്യത്തെ ബെനഡിക്ടൈൻ ആശ്രമത്തിന്റെ ആബസ്സ് ആയി തീർന്നു സ്‌കോളാസ്റ്റിക്ക.

വിശുദ്ധ ഗ്രിഗറിയുടെ വിവരണത്തിൽ നിന്ന്, വിശുദ്ധ സ്‌കോളാസ്റ്റിക്കയുടെയും വിശുദ്ധ ബെനഡിക്റ്റിന്റെയും അവസാന കൂടിക്കാഴ്ച എങ്ങനെയായിരുന്നെന്ന് നമുക്കറിയാം. വർഷത്തിലൊരിക്കൽ അവർ തമ്മിൽ കാണാറുണ്ടായിരുന്നു. സന്യാസിനികൾ പുരുഷന്മാരുടെ ആശ്രമത്തിൽ പ്രവേശിക്കുന്നത് അനുവദനീയമല്ലാതിരുന്നതിനാൽ അടുത്ത് തന്നെയുള്ള ഒരു ഭവനത്തിലേക്ക് ബെനഡിക്റ്റ് കുറച്ചു സന്യാസിമാരുടെ കൂടെ പോയി സഹോദരിയെ കാണുകയായിരുന്നു പതിവ്. ആ സമയം അവർ ചിലവഴിക്കുന്നത് ദൈവസ്തുതിയിൽ മുഴുകിയും ആത്മീയ കാര്യങ്ങളെപറ്റി സംസാരിച്ചും ആയിരിക്കും.

547 ൽ നടന്ന ആ അവസാന കൂടികാഴ്ചയിൽ, ആ ദിവസം ആത്മീയജീവിതത്തെ പറ്റി സംസാരിച്ചും ദൈവത്തെ സ്തുതിച്ചും അവർ ചിലവിട്ടു. ഇരുട്ടായി. അത്താഴം കഴിച്ചതിനു ശേഷവും രാത്രി വളരെ വൈകുന്നതു വരെ സംസാരിച്ചിട്ട് ബെനഡിക്റ്റ് പോകാനായി എഴുന്നേറ്റു. ഇത് തന്റെ സഹോദരനുമായുള്ള അവസാന കൂടിക്കാഴ്ച ആണെന്ന് അറിഞ്ഞ സ്‌കോളാസ്റ്റിക്ക, അന്ന് രാത്രി പോണ്ടെന്നും രാത്രി മുഴുവൻ സ്വർഗ്ഗത്തിലെ സന്തോഷത്തെക്കുറിച്ച് സംസാരിക്കാമെന്നും ബെനഡിക്റ്റിനോട് പറഞ്ഞു.

“നീയെന്താണ് പറയുന്നത് സഹോദരി?”ബെനഡിക്റ്റ് പറഞ്ഞു. “നിനക്കറിയില്ലേ ആശ്രമത്തിലേ എനിക്ക് താമസിക്കാൻ പറ്റുള്ളൂന്ന്?”.

സ്‌കോളാസ്റ്റിക്ക പിന്നൊന്നും പറഞ്ഞില്ല. മേശയിൽ കൈ കൂപ്പി പിടിച്ച് അതിൽ മുഖം വെച്ച് നിശബ്ദമായി പ്രാർത്ഥിച്ചു. അവൾ തലയുയർത്തിയപ്പോൾ ഇടിമുഴക്കത്തോടെ മഴ കോരിച്ചൊരിയാൻ തുടങ്ങി. “ദൈവം നിന്നോട് ക്ഷമിക്കട്ടെ സഹോദരി, നീയെന്താണീ ചെയ്തത്? ” ബെനഡിക്റ്റ് ചോദിച്ചു. കിട്ടിയ മറുപടി ഇതായിരുന്നു, “ഞാൻ എത്ര പറഞ്ഞിട്ടും കേട്ടില്ലല്ലോ. അതുകൊണ്ട് ഞാൻ ദൈവത്തിനോട്‌ പറഞ്ഞു, അവനെന്റെ പ്രാർത്ഥന കേട്ടു. പറ്റുമെങ്കിൽ ഇപ്പോൾ പൊക്കോളൂ. എന്നെ ഇവിടെ വിട്ട് ആശ്രമത്തിലേക്ക് പോകാൻ പറ്റുമോ എന്ന് കാണട്ടെ!!”

നിയമങ്ങൾ കർശനമായി പാലിക്കപ്പെടണമെന്ന് നിഷ്കർഷിച്ചിരുന്ന ബെനഡിക്റ്റിന്, മനസ്സില്ലെങ്കിലും അവിടെ നിൽക്കുകയല്ലാതെ വേറൊന്നും ചെയ്യാനുണ്ടായില്ല. രാത്രി മുഴുവൻ അങ്ങനെ അവർ ആന്തരികജീവിതത്തിന്റെ മനോഹാരിതയെയും നിത്യജീവിതത്തെകുറിച്ചുമൊക്കെയുള്ള വിശുദ്ധസംഭാഷണത്തിൽ കഴിച്ചുകൂട്ടി.

മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ബെനഡിക്റ്റിനു മനസ്സിലായി സഹോദരി മരിച്ചെന്ന്. ആളുകളെ വിട്ട് മൃതദ്ദേഹം ആശ്രമത്തിലേക്ക് കൊണ്ടുവന്ന് തനിക്കായി സ്വയം കുഴിച്ചുവെച്ചിരുന്ന കല്ലറയിൽ അടക്കി. കുറച്ചു ആഴ്ചകൾക്ക് ശേഷം മാർച്ച്‌ 21, 547 ൽ ബെനഡിക്റ്റും തന്റെ ആത്മാവിനെ ദൈവത്തിന് സമർപ്പിച്ചു. സഹോദരിയുടെ അടുത്ത് തന്നെ അദ്ദേഹത്തെയും അടക്കി. ഒരുമിച്ചു ജനിച്ചവർ മരണശേഷവും ഒരേ കല്ലറയിൽ അന്ത്യവിശ്രമം ചെയ്തു. മോന്തേ കസ്സീനോയിൽ പോകുന്ന സന്ദർശകർ, അവരെ ഒന്നിച്ചു അടക്കിയിരിക്കുന്ന, പ്രധാന അൾത്താരക്ക് സമീപമുള്ള സ്ഥലം കാണാറുണ്ട്.

ലാളിത്യവും വിശ്വാസതീക്ഷ്‌ണതയുമാണ് സ്‌കോളാസ്റ്റിക്ക നമ്മെ കാണിച്ചു തരുന്നത്. വളരെ അടുപ്പത്തോടെയും പരിചയത്തോടെയുമാണ് അവൾ ദൈവത്തോട് ഇടപഴകിയത്. ‘എല്ലാറ്റിലും ദൈവം മഹത്വപ്പെടട്ടെ ‘ എന്ന ബെനഡിക്റ്റയിൻ തത്വമനുസരിച്ചു ജീവിക്കാൻ അവൾ തന്റെ ആശ്രമത്തിൽ സന്യാസിനികളെ പഠിപ്പിച്ചിരുന്നു.

നിത്യസമ്മാനം ലഭിക്കാൻ സഹായിക്കുന്ന നിഷ്കളങ്കതയുടെ പാത അവൾ നമ്മെ പഠിപ്പിക്കട്ടെ…

Happy Feast of St. Scholastica

ജിൽസ ജോയ് ✍️

Advertisements
Advertisements
Advertisements

Leave a comment