Our Lady of Lourdes | ലൂർദ്ദ് മാതാവ്: ഞാൻ അമലോൽഭവയാകുന്നു

ഫെബ്രുവരി 11, 1858. നല്ല തണുപ്പുള്ള ഒരു വ്യാഴാഴ്ച. ലൂർദ്ദിലെ അസ്വാഭാവികസംഭവങ്ങളുടെ നിര അന്നാണ് ആരംഭിച്ചത്.

ബെർണ്ണദീത്ത (14 വയസ്സ് ), അവളുടെ സഹോദരി അന്റോനെറ്റ് (9), അവരുടെ കൂട്ടുകാരി മേരി അബദി (12) എന്നിവർക്കൊപ്പം മസാബിയേൽ പാറകളുടെ സമീപത്തേക്ക് വിറക് പെറുക്കാൻ വന്നിരിക്കുകയാണ്.

*******

1844, ജനുവരി 7ന്, തെക്കൻ ഫ്രാൻസിലെ ഒരു ചെറിയ ഗ്രാമമായിരുന്ന ലൂർദ്ദിൽ ഫ്രാൻസിസ് സുബിരുവിന്റെയും ലൂയിസ് കസ്റ്റെറോയുടെയും മൂത്ത മകളായി ബെർണ്ണദീത്ത ജനിച്ചു. അവളുടെ മാമോദീസപേര് മേരി ബെർണാർഡ് എന്നായിരുന്നു. അവളുടെ ചെല്ലപ്പേരായ ബെർണ്ണദീത്ത എന്ന് എല്ലാവരും അവളെ സ്നേഹത്തോടെ വിളിച്ചു.

ഒരു മില്ല് വാടകക്ക് നടത്തിയിരുന്ന അവളുടെ പിതാവിന്റെ പിടിപ്പുകേട് നിമിത്തം അവർ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. മാതൃകാക്രിസ്ത്യാനി ആയിരുന്ന അവളുടെ അമ്മ അലക്കലും വീടുപണിയുമൊക്കെ ചെയ്യേണ്ടി വന്നു കുടുംബം പുലരാൻ. ബെർണ്ണദീത്ത പഠിക്കാൻ ഒട്ടും മിടുക്കി ആയിരുന്നില്ല. 14 വയസ്സുള്ള അവളുടെ ആദ്യകുർബ്ബാന സ്വീകരണം അതുവരെയും കഴിഞ്ഞിരുന്നില്ല. എഴുവയസ്സുള്ള കുട്ടികൾക്കൊപ്പം അവൾ അടിസ്ഥാന കാര്യങ്ങൾ പഠിപ്പിക്കുന്ന മതബോധനക്ലാസുകളിൽ പൊയ്ക്കൊണ്ടിരുന്നു.

***********

ഗാവ് നദിയിലേക്ക് ഒഴുകിക്കൊണ്ടിരുന്ന ഒരു ചെറിയ അരുവി, ബെർണ്ണദീത്തയുടെ കൂടെയുണ്ടായിരുന്ന രണ്ട് പേരും മുറിച്ചു കടന്നു അപ്പുറത്തെത്തി. അപ്പോഴും തന്റെ സ്റ്റോക്കിംഗ്സ് ഊരാൻ പരിശ്രമിച്ചുകൊണ്ടിരുന്ന ബെർണ്ണദീത്ത കാറ്റിന്റെ ഇരമ്പൽ പോലൊരു ശബ്ദം കേട്ടു. പാറമേലുള്ള ചെറിയ ഗുഹക്ക് നേരെ നോക്കിയപ്പോൾ അവിടെ കുറച്ചു ചില്ലകൾ അനങ്ങുന്നു അതാ, സ്വർണ്ണമേഘങ്ങൾക്കും പ്രകാശത്തിനും നടുവിൽ മനോഹരിയായ ഒരു സ്ത്രീ ഗ്രോട്ടോക്കുള്ളിലായി നിലയുറപ്പിച്ചിരിക്കുന്നു!!

ബെർണ്ണദീത്ത വിസ്മയത്തോടെയും പകപ്പോടെയും കണ്ണെടുക്കാതെ നോക്കിനിന്നു. പൊന്നൊളി പരത്തുന്ന ആ ദർശനത്തിലെ സ്ത്രീ, നല്ല മൃദുവെള്ളവസ്ത്രവും വീതിയുള്ള നീല അരപ്പട്ടയും മുടി ഭൂരിഭാഗവും മറയ്ക്കുന്ന വെള്ള ശിരോവസ്ത്രവും ധരിച്ചിരുന്നു.നീലനിറത്തിലുള്ളതും കരുണ വഴിയുന്നതുമായ കണ്ണുകൾ.. സുവർണ്ണറോസാ പുഷ്പങ്ങൾ അവളുടെ പാദാരവിന്ദങ്ങളിൽ തിളങ്ങി. അവൾ ബെർണ്ണദീത്തയെ നോക്കി പുഞ്ചിരിച്ച് അടുത്ത് ചെല്ലാൻ പറഞ്ഞു.

ബെർണ്ണദീത്തക്ക് പിന്നെ ഭയമൊന്നും തോന്നിയില്ല, അവൾ അടുത്തേക്ക് ചെന്നു. മുട്ടിൽ വീണ് പോക്കറ്റിൽ നിന്ന് അവളുടെ സന്തതസഹചാരിയായ ജപമാലയെടുത്ത് ചൊല്ലാൻ തുടങ്ങി, ഏത് വിഷമഘട്ടങ്ങളിലും അവൾ ചെയ്യാറുള്ളത് പോലെ.

അജ്ഞാതയായ ആ സ്ത്രീയുടെ കയ്യിലും വലിയ വെള്ളമണികളുള്ള ഒരു ജപമാല ഉണ്ടായിരുന്നു.

“അവൾ കയ്യിലുള്ള ജപമാലയിലെ മണികൾ വിരലുകൊണ്ട് ഉരുട്ടുക മാത്രം ചെയ്തുകൊണ്ട് ഒന്നും മിണ്ടാതെ എന്നെ തനിയെ പ്രാർത്ഥിക്കാൻ വിട്ടു, ഓരോ ദശകത്തിന്റെയും അവസാനമുള്ള ത്രിത്വസ്തുതി മാത്രം എന്നോടൊപ്പം ചൊല്ലി. ജപമാല ചൊല്ലിക്കഴിഞ്ഞപ്പോൾ ആ ഗുഹക്കുള്ളിൽ നിന്ന് അവൾ അപ്രത്യക്ഷയായി, സ്വർണ്ണനിറത്തിലുള്ള മുടൽമഞ്ഞും മാഞ്ഞുപോയി”…

അടുത്ത പ്രത്യക്ഷപ്പെടൽ ഞായറാഴ്ച ആയിരുന്നു, ഫെബ്രുവരി 14 ന്.

പിന്നീട് വന്ന വ്യാഴാഴ്ച, ഫെബ്രുവരി 18ന്, പുഞ്ചിരിച്ചു കൊണ്ടും ഏറെ സൗന്ദര്യവതിയായും ആ സ്ത്രീ വീണ്ടും പ്രത്യക്ഷപ്പെട്ടു. എന്താണ് പേരെന്നും താൻ എന്ത് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എഴുതിതരാമോ എന്ന് ബെർണ്ണദീത്ത അവളോട് ചോദിച്ചു.

“എനിക്ക് എന്ത് വേണമെന്ന് എഴുതേണ്ട ആവശ്യമില്ല. പതിനഞ്ചു പ്രാവശ്യം കൂടെ ഇവിടെ വരാൻ നീ ദയ കാണിക്കുമോ?”

“ഞാൻ വരാം”

ഫെബ്രുവരി 26ലെ പ്രത്യക്ഷപ്പെടലിന്റെ അന്ന് ബെർണ്ണദീത്ത ആ സ്ത്രീ പറഞ്ഞതനുസരിച്ച് ഗ്രോട്ടോക്ക് കൂടുതൽ അടുത്തേക്ക് പോയി അതിനരികിലായി വെറും കൈ കൊണ്ട് കുഴിച്ച്, അവിടെ ഉണ്ടായി വന്ന ഇത്തിരി വെള്ളം കുടിച്ച് അതിൽ മുഖം കഴുകി. വെള്ളം കൂടി കൂടി അടുത്ത ദിവസം ആകുമ്പോഴേക്കും അത് ഒരു അരുവിയായി ഒഴുകാൻ തുടങ്ങി. വളരെയേറെ പേർക്ക് രോഗശാന്തി ലഭിക്കാൻ കാരണമായ ആ അത്ഭുത ഉറവ ഇപ്പോഴും ഗ്രോട്ടോയിൽ നിന്ന് ഒഴുകി കൊണ്ടിരിക്കുന്നു.

മാർച്ച്‌ 2: ഒരു ചാപ്പൽ അവിടെ പണികഴിപ്പിക്കാനും അവിടെ പ്രദക്ഷിണം നടത്താനും വൈദികരോട് പറയാൻ ബെർണ്ണദീത്തയോട് ആ സ്ത്രീ പറഞ്ഞു. ഇതിനെല്ലാം ഇടയിൽ ബെർണ്ണദീത്ത ലൂർദ്ദ് നിവാസികളുടെയും മേലധികാരികളുടെയും സംശയവും കുറ്റാരോപണവും ഭീഷണിയും കൊണ്ട് വലയുകയായിരുന്നു.

മംഗളവാർത്ത തിരുന്നാൾ, മാർച്ച്‌ 25: ധൈര്യം സംഭരിച്ച് ബെർണ്ണദീത്ത ചോദിച്ചു, ” പ്രിയപ്പെട്ട സ്ത്രീയെ , താങ്കൾ ആരാണെന്ന് എന്നോട് പറയാനുള്ള ദയ കാണിക്കുമോ?” മൂന്ന് പ്രാവശ്യം ഈ ചോദ്യം ആവർത്തിക്കപെട്ടു. മുൻപൊക്കെ ഇത് കേൾക്കുമ്പോൾ പുഞ്ചിരിക്കുക മാത്രം ചെയ്തിരുന്ന, അല്ലെങ്കിൽ പരിഹാരപ്രവൃത്തികൾ ചെയ്യാനുള്ള ആഹ്വാനം നൽകിയിരുന്ന ആ സ്ത്രീ ഇപ്രാവശ്യം ചിരിച്ചില്ല. അവളുടെ കരങ്ങൾ തുറന്ന് ഭൂമിക്ക് നേരെ നീട്ടി, നോട്ടം സ്വർഗ്ഗത്തിലേക്കുയർത്തി, പിന്നെ അവളുടെ ഹൃദയത്തിന് മേൽ കൈകൾ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു,

“ഞാൻ അമലോൽഭവയാകുന്നു” ( I’m the Immaculate Conception’)

ചെറിയ കാര്യങ്ങൾ പോലും ഓർക്കാനും പറയാനും മുൻപ് ബുദ്ധിമുട്ടിയിരുന്ന ബെർണ്ണദീത്തക്ക് അത് അവളുടെ വായിലൊതുങ്ങാത്തതായിരുന്നു. മറക്കാതിരിക്കാൻ വഴിയിലുടനീളം ആവർത്തിച്ചു കൊണ്ട് അവൾ ഇടവക വികാരി ഫാദർ പിരമലിന്റെ അടുത്തേക്കോടി. അനേകം പ്രാവശ്യം അദ്ദേഹം അവളോട് ചോദിച്ചിട്ടുള്ള ചോദ്യത്തിന് ഇപ്പോഴാണ് അവൾക്ക് ഉത്തരം കിട്ടിയത്.

അവൾ അത് പറഞ്ഞതും അദ്ദേഹത്തിന്റെ ശ്വാസം നിന്നതുപോലെയായി.”അമലോൽഭവയോ?! നീ ശരിക്ക് ഓർക്കാത്തതായിരിക്കും'”.

“അല്ല ഫാദർ, മസാബിയേലിൽ നിന്ന് ഇതുവരെയും ഞാനത് ഉരുവിട്ടുകൊണ്ടാണ് വന്നത് “.

പഠിപ്പും വിവരവുമില്ലാത്ത ഈ കുട്ടിക്ക്, അക്കാലത്ത് വൈദികർക്ക് മാത്രം കേട്ടു പരിചയമുണ്ടായിരുന്ന ഇങ്ങനെയൊരു പേര് ഉണ്ടാക്കി പറയുക സാധ്യമല്ലെന്ന് വളരെ പെട്ടെന്ന് ആ വൈദികൻ ഓർത്തു. പീയൂസ് ഒൻപതാം പാപ്പ, മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചിട്ട് നാല് കൊല്ലങ്ങൾ ആകുന്നതേ ഉണ്ടായിരുന്നുള്ളു. അതിന് ഒന്നുകൂടി അടിവരയിട്ട് ഉറപ്പിക്കൽ ആയി ഈ വിസ്മയകരമായ സംഭവം.

പതിനേഴാമത്തെ പ്രത്യക്ഷപ്പെടൽ ഏപ്രിൽ 7ന് ആയിരുന്നു. ബെർണ്ണദീത്ത അവളുടെ ആദ്യകുർബ്ബാന സ്വീകരണത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ഒട്ടും വിവരമില്ല എന്ന് പറഞ്ഞു പതിനാല് വയസ്സ് വരെയും അവൾക്ക് നിഷേധിക്കപ്പെട്ട ആ സൗഭാഗ്യം ഇപ്പോൾ അവൾക്ക് ലഭിക്കാൻ പോകുന്നു. അവളുടെ സന്തോഷത്തിനതിരില്ലായിരുന്നു. ജൂൺ 3ന് അത് നടന്നു. വളരെ ഭക്തിയോടെ അവൾ ഈശോയെ ഹൃദയത്തിൽ സ്വീകരിച്ചു.

ജൂലൈ 16, സന്ധ്യാസമയം, ബെർണ്ണദീത്ത അവളുടെ ആന്റി ലുസീലിനെ അവളുടെ കൂടെ ഗ്രോട്ടോയിലേക്ക് വരാൻ നിർബന്ധിച്ചു. പരിശുദ്ധ അമ്മ കാത്തു നിൽക്കുന്നുന്നെന്ന് പറഞ്ഞുകൊണ്ടായിരുന്നു അത്. അത് പതിനെട്ടാമത്തെയും അവസാനത്തേതുമായ പ്രത്യക്ഷീകരണം ആയിരുന്നു. പരിശുദ്ധ അമ്മയുടെ രൂപം സാവധാനം മാഞ്ഞുപോകവേ, ബെർണ്ണദീത്തയുടെ മനസ്സിൽ മാധുര്യമുള്ള ഒരു സമാധാനം നിറഞ്ഞു.

” ഇനി ഈ ഭൂമിയിൽ വെച്ച് ഞാൻ അവളെ കാണില്ല ” അവൾ നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു, പിന്നെ കൂട്ടിച്ചേർത്തു,….” പക്ഷേ ഞാൻ അവളെ ഇനിയും കാണും….” (സ്വർഗ്ഗത്തിൽ…)

അവളുടെ പ്രവചനം നിറവേറി എന്നതിന് അഴുകാത്ത അവളുടെ ശരീരത്തിലും വലിയ തെളിവ് ആവശ്യമില്ലല്ലോ.

പ്രശസ്തിയുടെ നിറുകയിൽ കഴിയാമായിരുന്നിട്ടും ഒരു മഠത്തിന്റെ ആവൃതിയിലേക്ക് അഗാധമായ എളിമയോടെ അവൾ പിൻവാങ്ങി, പരിശുദ്ധ അമ്മ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്ന ‘ പരിഹാരപ്രവൃത്തികൾ ‘

(പാപികൾക്കായി) തന്റെ പിൽകാലജീവിതകാലം മുഴുവൻ നിവർത്തിച്ചു. നമുക്കും ഈ തിരുന്നാൾ ആഘോഷിക്കുമ്പോൾ മറക്കാതിരിക്കാം പരിശുദ്ധ അമ്മയുടെ സങ്കടത്തേയും ആഹ്വാനത്തേയും 🙏

” Penance, Penance, Penance “

Happy Feast of Our Lady of Lourdes

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a comment