“ഇതല്ല ഞങ്ങൾക്ക് മുൻപേ പോയ മെത്രാന്മാരിൽ നിന്ന് നിങ്ങൾ പഠിച്ചത്. അനുഗ്രഹീതനായ പോളികാർപ്പ് ദൈവവചനം എവിടെയിരുന്നാണ് പങ്കുവെച്ചിരുന്നതെന്ന് നിങ്ങളോടെനിക്ക് പറയാൻ പറ്റും. എത്ര ആകർഷണീയതയോടെയാണ് അദ്ദേഹം എല്ലായിടത്തും വരികയും പോവുകയും ചെയ്തിരുന്നത്. എന്തായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ വിശുദ്ധി, മുഖഭാവത്തിലും ബാഹ്യരൂപത്തിലുമുള്ള ഗാംഭീര്യം, എന്തായിരുന്നു ജനങ്ങളോടുള്ള പ്രബോധനങ്ങൾ! യോഹന്നാനോടും യേശുക്രിസ്തുവിനെ കണ്ടിട്ടുള്ള മറ്റുള്ളവരോടും സംസാരിച്ച കാര്യങ്ങളും അവരുടെ വായിൽ നിന്നു അദ്ദേഹം നേരിട്ട് കേട്ട കാര്യങ്ങളും അദ്ദേഹം വിവരിക്കുന്നത് ഇപ്പോഴും കേൾക്കുന്ന പോലെ എനിക്ക് തോന്നുന്നു. നിങ്ങളുടേത് പോലുള്ള തെറ്റായ കാര്യങ്ങൾ ആ വിശുദ്ധനായ മെത്രാൻ കെട്ടിരുന്നെങ്കിൽ അദ്ദേഹം ചെവി പൊത്തിക്കൊണ്ട്, ” പൊന്നു തമ്പുരാനേ ഇതെല്ലാം കേൾക്കാൻ എന്നെ ബാക്കി ബാക്കി വെച്ചല്ലോ!” എന്ന് പറഞ്ഞു നിലവിളിക്കുമായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കുന്ന ആ നിമിഷം തന്നെ ആ സ്ഥലത്തു നിന്ന് പാഞ്ഞു പോയേനെ “….
ചില പാഷണ്ഡതകളിൽ പെട്ടുപോയ ഫ്ലോറിനസിന് എഴുതിയ എഴുത്തിൽ വിശുദ്ധ ഇരണേവൂസ് തന്റെ ഗുരുവായിരുന്ന വിശുദ്ധ പോളികാർപ്പിനെ പറ്റി പറയുന്ന ഒരു ഭാഗമായിരുന്നു ഇത്.
അപ്പസ്തോലിക പിതാക്കന്മാർ എന്നറിയപ്പെടുന്ന ശ്രേഷ്ഠന്മാരുടെ നിരയിൽ അവസാനം ശേഷിച്ച കുറച്ചുപേരിൽ പെടാൻ ഭാഗ്യം ലഭിച്ച മെത്രാനാണ് വിശുദ്ധ പോളികാർപ്പ്. യേശുവോടൊപ്പം നടന്ന അപ്പസ്‌തോലന്മാരുടെ ശിഷ്യന്മാരും, അവരിൽ നിന്ന് നേരിട്ട് വിശ്വാസം സ്വീകരിച്ചവരുമാണ് ഈ ഗണത്തിലുള്ളവർ.
ആദ്യനൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് വിശുദ്ധ പോളിക്കാർപ്പ് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ ക്രിസ്ത്യാനിയായി മാറിയ അദ്ദേഹം യോഹന്നാൻ ശ്ലീഹയുടെ ശിഷ്യനായിരുന്നു. പിന്നീട് വിശുദ്ധ യോഹന്നാൻ തന്നെ പോളികാർപ്പിനെ ഏഷ്യമൈനറിന്റെ പടിഞ്ഞാറൻ തീരത്തുള്ള സ്മിർണയുടെ മെത്രാനായി വാഴിച്ചു.
വെളിപാടിന്റെ പുസ്തകത്തിൽ അദ്ദേഹം കൃപകളാൽ സമ്പന്നനാണെന്ന് ഈശോമിശിഹായാൽ പ്രകീർത്തിക്കപ്പെടുന്നുണ്ട്. മരണം വരെ വിശ്വസ്തനായിരിക്കാനും ജീവന്റെ കിരീടം നൽകുമെന്നും അദ്ദേഹത്തോട് പറയുന്നതായി കാണുന്നു.
A.D. 107 ൽ വിശുദ്ധ പോളികാർപ്പ് അദ്ദേഹത്തിന്റെ സുഹൃത്തും വിശുദ്ധ യോഹന്നാന്റെ മറ്റൊരു ശിഷ്യനും ആയിരുന്ന അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിനെ കാണുന്നുണ്ട്, സിംഹങ്ങൾക്കെറിയപ്പെടാനായി
ഇഗ്നേഷ്യസിനെ റോമിലേക്ക് കപ്പൽമാർഗ്ഗം കൊണ്ടുപോകുന്ന വഴിക്ക്. സ്മിർണയിലെ തുറമുഖത്ത് ഏറെ നേരം കപ്പൽ നിറുത്തിയിട്ടപ്പോൾ പോളികാർപ്പും ജനങ്ങളും രക്തസാക്ഷിയാകാൻ പോകുന്ന വിശുദ്ധന്റെ ചങ്ങല ചുംബിക്കാനായി വന്നു. അന്ത്യോക്യായിലെ സഭയുടെ കാര്യം കൂടി നോക്കാൻ ഇഗ്നേഷ്യസ് പോളികാർപ്പിനോട് ആവശ്യപ്പെട്ടു.
ഇഗ്നേഷ്യസ് പറഞ്ഞു, ” ഈ നിർണ്ണായക സമയങ്ങൾക്ക് അങ്ങയെ ആവശ്യമുണ്ട്, തോണിക്ക് അമരക്കാരൻ പോലെ, കൊടുങ്കാറ്റിൽ പെട്ട സഞ്ചാരിക്ക് ഒരു സങ്കേതം പോലെ.. അതിന്റെ പ്രതിഫലം അങ്ങേക്ക് അറിയുന്നത് പോലെ നിത്യജീവനാണ്. താങ്കൾക്ക് പകരമായി ഞാൻ എന്നെത്തന്നെയും താങ്കൾ സ്നേഹപൂർവ്വം താലോലിച്ച ഈ ചങ്ങലകളെയും ഒരു എളിയ ബലിയായി അർപ്പിക്കുന്നു”.
ക്രിസ്ത്യൻ സാഹിത്യത്തിൽ ആദ്യമായി കത്തോലിക്കസഭ എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നത് വിശുദ്ധ ഇഗ്നേഷ്യസ് സ്മിർണായിലെ സഭക്ക് എഴുതിയ കത്തിലാണ്. അദ്ദേഹം എഴുതി,
“എവിടെ മെത്രാനുണ്ടോ അവിടെയാണ് ജനങ്ങൾ ഉണ്ടാവേണ്ടത്, എവിടെ ക്രിസ്തുവുണ്ടോ അവിടെ കത്തോലിക്കസഭയുള്ളതുപോലെ”.
ആദിമക്രൈസ്തവർ രക്തസാക്ഷികളുടെ മരണവാർഷികങ്ങൾ സ്വർഗ്ഗത്തിലെ അവരുടെ ജന്മവാർഷികങ്ങളായി കരുതി, അവരുടെ സഹനങ്ങളെക്കുറിച്ച് വായിക്കുകയും പരസ്പരം പഠിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നു. ആ വർണ്ണനകൾ ചിലപ്പോൾ ഔദ്യോഗികരേഖകളിൽ നിന്നെടുത്തതായിരിക്കും, ചിലപ്പോൾ ദൃക്സാക്ഷിവിവരണങ്ങളും. പോളികാർപ്പിന്റെ കാര്യത്തിൽ, അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ പറ്റിയുള്ള വിവരങ്ങൾ നമുക്ക് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ആധികാരികമായ സാക്ഷ്യങ്ങളിലൊന്നാണെന്ന് മാത്രമല്ല ഏറ്റവും ആദ്യം ലഭിച്ചിട്ടുള്ളവയിൽ പെടുന്നതുമാണ്.
A.D 155ന് അടുത്ത് ഭീകരമായ മതപീഡനമാണ് ഉണ്ടായത്. പോളികാർപ്പിനോട് ഒളിക്കാൻ സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. ശത്രുക്കൾ തിരഞ്ഞെത്തിയപ്പോൾ അദ്ദേഹം ഒളിസങ്കേതം മാറിയെങ്കിലും പീഡിപ്പിക്കപ്പെട്ടപ്പോൾ ജീവനിൽ ഭയമുണ്ടായ ഒരാൾ ബിഷപ്പിനെ ഒറ്റിക്കൊടുത്തു. രാത്രി തന്നെ കുതിരപ്പടയാളികൾ അവിടം വളഞ്ഞു. രക്ഷപ്പെടാമായിരുന്നിട്ടും അതിന് മുതിരാതെ ‘ദൈവേഷ്ടം നടക്കട്ടെ’ എന്ന് പറഞ്ഞുകൊണ്ട്, തന്നെ പിടിക്കാൻ വന്നവർക്കും അത്താഴം വിളമ്പിയ പോളികാർപ്പ് പ്രാർത്ഥിക്കാൻ കുറച്ചു സമയം ആവശ്യപ്പെട്ടു. അതിന് ശേഷം അവരുടെ കൂടെ പോയി.
വന്ദ്യവയോധികനായ ബിഷപ്പിനെ വധിക്കാൻ മനസ്സ് വരാതിരുന്ന പീഡകർ ക്രിസ്തുവിനെ തള്ളി പറഞ്ഞുകൊണ്ട് സ്വതന്ത്രനായി പോകാൻ ആവശ്യപ്പെട്ടു. പോളികാർപ്പിന്റെ മറുപടി ഇങ്ങനെയായിരുന്നു, ” 86 വർഷത്തോളം അവന്റെ ദാസനായിരുന്ന എനിക്ക് അവൻ ഒരു ദോഷവും ചെയ്തിട്ടില്ല. അപ്പോൾ പിന്നെ, എന്റെ രാജാവും രക്ഷകനുമായ അവനെ ഞാനെങ്ങനെ തള്ളിപ്പറയും? “
തീയിൽ ദഹിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു, ” ഈ തീ കുറച്ചു നേരത്തേക്കേ കത്തുകയുള്ളു, പക്ഷേ ദുഷ്ടന്മാർക്കായി തയ്യാറാക്കപ്പെട്ടിരിക്കുന്ന അഗ്നി നിത്യകാലത്തേക്കാണ് ‘.
ആദ്യം ഒരു കുറ്റിയിൽ ചേർത്ത് തറക്കാൻ പോയെങ്കിലും പിന്നീട് കൈകൾ പുറകിലോട്ടായി കെട്ടുക മാത്രമേ ചെയ്തുള്ളു. സ്വർഗത്തിലേക്ക് നോക്കി പോളികാർപ്പ് പറഞ്ഞു, ” ഓ കർത്താവേ, സർവ്വശക്തനായ ദൈവമേ, നിനക്ക് ഞാൻ നന്ദി പറയുന്നു, കാരണം ഈ ദിവസത്തിലും മണിക്കൂറിലും ക്രിസ്തുവിന്റെ പാനപാത്രത്തിൽ നിന്ന് പങ്കുപറ്റാൻ യോഗ്യതയുള്ളവനായി നീയെന്നെ കരുതിയല്ലോ “.
തീയാളി പടർന്നപ്പോൾ തീനാളങ്ങൾ അദ്ദേഹത്തിന് ചുറ്റും ഒരു ചുവരിന്റെ ആകൃതി വരിച്ചു. മാംസം കത്തുന്നതുപോലെയല്ല, അപ്പം പാകമാകുന്നത് പോലെയോ സ്വർണ്ണമോ വെള്ളിയോ ചൂളയിൽ ഉരുകുന്നത് പോലെയോ ആണ് പോളികാർപ്പിന്റെ ദേഹം തീയിൽ തിളങ്ങിയത്. കുന്തിരിക്കത്തിന്റെയോ മറ്റേതോ വിലപിടിച്ച സുഗന്ധദ്രവ്യത്തിന്റെയോ പോലുള്ള പരിമളവും അവിടെങ്ങും വ്യാപിച്ചു.
അഗ്നി ബിഷപ്പിനെ ഉപദ്രവിക്കാതിരുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ഹൃദയത്തിൽ കുന്തം കൊണ്ട് കുത്തികൊല്ലുകയാണുണ്ടായത്. ശരീരം കത്തിച്ചു ചാരമാക്കുകയും ചെയ്തു. ക്രിസ്ത്യാനികൾ ചാരത്തിൽ നിന്നും കഷണങ്ങൾ ശേഖരിച്ചു. “എന്നിട്ട് “, അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം രേഖപ്പെടുത്തിയ ആൾ എഴുതി, “വിലയേറിയ രത്നത്തെക്കാളും സ്വർണ്ണത്തെക്കാളും മൂല്യമുള്ള ആ എല്ലുകൾ ഞങ്ങൾ എടുത്ത് അനുയോജ്യമായ ഒരു സ്ഥലത്ത് കൊണ്ടുവെച്ചു, ആ പുണ്യസാക്ഷിയുടെ സ്വർഗ്ഗജീവിതത്തിലെ ജന്മദിനം സന്തോഷപൂർവ്വം ഒത്തുചേർന്ന് ആഘോഷിക്കാൻ ദൈവം അവിടെ ഞങ്ങൾക്കിടയാക്കട്ടെ “. ഒരു രക്തസാക്ഷിയുടെ ഭൗതികാവശിഷ്ടങ്ങൾ വിശ്വാസികൾ വണങ്ങുന്നതായി ഏറ്റവും ആദ്യം രേഖപ്പെടുത്തപ്പെട്ട സംഭവമായിരുന്നു അത്. A. D. 155, ഫെബ്രുവരി 23, ഉച്ചക്ക് 2 മണി ആയിരുന്നു അപ്പോൾ.
വിശുദ്ധന്റെ രക്തസാക്ഷിത്വത്തിന്റെ വിവരണങ്ങൾ അടങ്ങിയ കുറിപ്പ് സ്മിർണായിലെ സമൂഹം മറ്റു ക്രിസ്ത്യൻ സമൂഹങ്ങൾക്ക് അയച്ചുകൊണ്ട് പറഞ്ഞു, “നിങ്ങൾ ഇത് വായിച്ചിട്ട് മറ്റു സഭകളുമായി പങ്കുവെക്കുക “.ഇങ്ങനെയാണ് വിശുദ്ധ പോളികാർപ്പിന്റെ പ്രശസ്തി ക്രിസ്തീയലോകത്ത് വ്യാപിച്ചത്. ഈ രക്തസാക്ഷിത്വത്തിന്റെ ഓർമയിൽ നിന്നാണ് രക്തസാക്ഷികളുടെ മരണദിവസം അവരുടെ ‘ dies natalis’ ( ജന്മദിനം ) അതായത് സ്വർഗ്ഗത്തിൽ അവരുടെ നിത്യജീവിതത്തിലെ ജന്മദിനം ആയി ആഘോഷിക്കാൻ തുടങ്ങിയത്.
ജിൽസ ജോയ്
