എന്താണ് വില്‍പത്രം?

എന്താണ് വില്‍പത്രം?

ജീവിതകാലത്ത് തങ്ങള്‍ ആര്‍ജിച്ച സ്വത്തുവകകള്‍ തങ്ങളുടെ കാലശേഷം ആരുടെ കൈവശം എത്തിച്ചേരണമെന്ന് ഒരു രേഖയുമുണ്ടാകാതെ കടന്നു പോയ ഒട്ടേറെപ്പേർ നമുക്കിടയിലുണ്ട്. ആ ഒരു കാരണത്താല്‍ തന്നെ അവരുടെ കുടുംബങ്ങളില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളും ചെറുതല്ല.വ്യക്തമായ പ്ലാനിങ്ങിലൂടെ, കഷ്ടപ്പെട്ട് സ്വരുകൂട്ടിയ സ്വത്ത്, കാലശേഷം ആരുടെ കൈവശം എത്തിച്ചേരണമെന്ന് ഒരാള്‍ ആഗ്രഹിക്കുന്നോ, ആ ആളിലോ, ആളുകളിലോ നിയമപരമായി തന്റെ സ്വത്തുക്കള്‍ എത്തിച്ചേരുന്നതിന് എസ്റ്റേറ്റ് പ്ലാനിങ് സഹായിക്കുന്നു. അതിനായി നിയമപരമായ ഒരു രേഖ (Will) ഉണ്ടാക്കുകയാണ് ആദ്യപടി. തങ്ങളുടെ കാലശേഷം തങ്ങള്‍ക്കുള്ള സ്വത്തുവകകള്‍ ആരുടെയൊക്കെ കൈവശം ഏതൊക്കെ അനുപാതത്തിലാണ് എത്തിച്ചേരേണ്ടതെന്ന് വില്‍പത്രത്തില്‍ പറഞ്ഞിരിക്കും. നിയമപരമായ സാധുതയുള്ള വില്‍പത്രം എഴുതുന്നയാള്‍ ജീവിച്ചിരിക്കെ എപ്പോള്‍ വേണമെങ്കിലും റദ്ദാക്കാവുന്നതാണെന്നതാണ് ഒരു പ്രത്യേകത.

മാനസിക പ്രശ്‌നങ്ങളില്ലാത്ത, 18 വയസ്സിനുമേല്‍ പ്രായമുള്ള ഒരാള്‍ക്ക് വില്‍പത്രം തയ്യാറാക്കാവുന്നതാണ്. ഏതെങ്കിലും ഒരു പ്രത്യേക രീതിയില്‍ത്തന്നെ വേണം എന്നൊന്നും ഇല്ലെങ്കിലും, ഇത് ഡ്രാഫ്റ്റ് ചെയ്ത് പരിചയമുള്ള ഒരു ലീഗല്‍ പ്രാക്ടീഷണറെ ഏല്പിക്കുകയാവും ഭംഗി. വ്യക്തമായ ശൈലിയില്‍ ഏതു ഭാഷയില്‍ വേണമെങ്കിലും വില്‍പത്രം തയ്യാറാക്കാവുന്നതാണ്.രജിസ്‌ട്രേഷന്‍ അനിവാര്യമാണോ എന്നതാണ് വില്‍പത്രത്തെ സംബന്ധിച്ചുള്ള ഒരു സംശയം. ഇന്ത്യയില്‍ വില്‍പത്രത്തിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ല. എങ്കിലും വില്‍പത്രം രജിസ്റ്റര്‍ ചെയ്തതാണെങ്കില്‍, രജിസ്ട്രാറുടെ കൈവശം രേഖയുള്ളതിനാല്‍ അതില്‍ തിരുത്ത് വരുത്തുകയോ , നശിപ്പിക്കുകയോ ചെയ്യുന്നത് എളുപ്പമല്ല. വില്‍പത്രത്തിന് സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലായെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. ഓരോ പേജിലും ഒപ്പോ , നിരക്ഷരരെങ്കില്‍ വിരലടയാളമോ പതിക്കേണ്ടതാണ്. വെട്ടിത്തിരുത്തുകള്‍ ഉണ്ടെങ്കില്‍ അവിടെയും ഒപ്പോ വിരലടയാളമോ പതിപ്പിക്കേണ്ടതുണ്ട്. രണ്ടോ, അതിലധികമോ ആളുകള്‍ സാക്ഷികളായി ഉണ്ടായിരിക്കണം എന്നുള്ളതാണ് മറ്റൊരു നിബന്ധന. പക്ഷേ, ഈ സാക്ഷികളോ, സാക്ഷികളുടെ ഭാര്യയോ , ഭര്‍ത്താവോ വില്‍പത്രം അനുസരിച്ച് അടുത്ത അവകാശികളാകാന്‍ പാടില്ലെന്നതും മറക്കാതിരിക്കുക. ഇങ്ങനെ കൃത്യമായി ഉണ്ടാക്കപ്പെട്ട വില്‍പത്രം, പില്‍ക്കാലത്ത് ഇല്ലാതാക്കുന്നതിനോ മാറ്റം വരുത്തുന്നതിനോ വില്‍പത്രം എഴുതിയ ആള്‍ക്ക് അവകാശമുണ്ട്. മരണശേഷം തന്റെ സ്വത്തുക്കളെ സംബന്ധിച്ച് നിയമാനുസൃതമായി നടപ്പില്‍ വരുത്തണമെന്ന് ഒരാള്‍ ആഗ്രഹിക്കുന്ന ഉദ്ദേശങ്ങളുടെ നിയമപരമായ രേഖയാണ് വില്‍പത്രം എന്നറിയപ്പെടുന്നത്. ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം 1925 (Indian Succession Act, 1925) സെക്ഷന്‍ 59 മുതലുള്ള ഭാഗങ്ങളിലാണ് ഇതിന്റെ വിവരണം ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

രണ്ടുതരം വില്‍പത്രങ്ങള്‍ ആണ് നിലവില്‍ ഉള്ളത്.

  1. പ്രിവിലേജ്ഡ് വില്‍ : സായുധസേനയിലെ അംഗങ്ങള്‍ തയാറാക്കുന്ന വില്‍പ്പത്രമാണ് പ്രിവിലേജ്ഡ് വില്‍. തങ്ങളുടെ ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും മരണം സംഭവിക്കാം എന്നുള്ളതുകൊണ്ടാണ് അവ പ്രിവിലേജ്ഡ് വില്‍ എന്നറിയപ്പെടുന്നത്.
  2. അണ്‍ പ്രിവിലേജ്ഡ് വില്‍ : മറ്റുള്ള ആളുകള്‍ തയാറാക്കുന്ന വില്‍പ്പത്രങ്ങള്‍ എല്ലാം അണ്‍പ്രിവിലേജ്ഡ് വില്‍പത്രങ്ങള്‍ ആണ്. പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും തന്റെ വില്‍പത്രം എഴുതാം. അന്ധ , ബധിര , മൂകരോ മാനസികവിഭ്രാന്തി ഉള്ളവരോ എഴുതുന്ന വില്‍പത്രങ്ങള്‍ അസാധുവാണ്. വില്‍പത്രം എന്നത് സ്വത്തുക്കള്‍ നമ്മുടെ അവകാശികള്‍ക്കു ലഭിക്കുവാന്‍ വേണ്ടി എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമാണ്. വില്‍പത്രം എഴുതുന്നതിന് മുദ്രപ്പത്രം ആവശ്യമില്ല. ഒരു വെള്ളപേപ്പറില്‍ വില്‍പ്പത്രം എഴുതാം. സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെറും 500 രൂപ ഫീസടച്ച് വില്‍പത്രം രജിസ്റ്റര്‍ ചെയ്യാം. സാധാരണഗതിയില്‍ ഒരു വസ്തു ഭാഗം വയ്ക്കുകയാണെങ്കില്‍ അതിന്റെ വിലയ്ക്കനുസരിച്ചുള്ള മുദ്രപ്പത്രങ്ങള്‍ വാങ്ങേണ്ടതും ഫീസും ഒടുക്കേണ്ടിയും വരും. ഇത്തരം വലിയ ബാധ്യത വില്‍പത്രം എഴുതുന്നതുമൂലം ഒഴിവാകുന്നു.

വില്‍പത്രത്തില്‍ തന്റെ സ്വത്തുക്കള്‍ താന്‍ ആഗ്രഹിക്കുന്ന ആള്‍ക്ക് കിട്ടത്തക്കവിധം (ബന്ധുക്കള്‍ ആവണം എന്നില്ല) എഴുതി വയ്ക്കാവുന്നതാണ്. വില്‍പത്രം അത് എഴുതുന്ന ആള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം യാതൊരു സാധുതയും ഉണ്ടായിരിക്കുന്നതല്ല. എഴുതിയ ആളുടെ മരണശേഷം അതിനു നിയമസാധുത കൈവരുകയും അത് അവകാശികള്‍ക്ക് ലഭിക്കുകയും ചെയ്യും. കൂടാതെ അത് എഴുതുന്ന ആള്‍ക്ക് വില്‍പത്രം റദ്ദ് ചെയ്യുവാനോ എത്രപ്രാവശ്യം വേണമെങ്കിലും മാറ്റി എഴുതുന്നതിനോ ഉള്ള അവകാശം ഉണ്ടായിരിക്കും.

വില്‍പ്പത്രം തയാറാക്കുമ്പോള്‍ താന്‍ ചെയ്യുവാന്‍ പോകുന്ന കര്‍മത്തെക്കുറിച്ച് സ്വയം പൂര്‍ണബോധ്യം ഉണ്ടായിരിക്കണം. അതു നന്നായി വായിച്ച് മനസിലാക്കിയശേഷം വേണം അതില്‍ ഒപ്പ് വയ്ക്കാന്‍. രണ്ട് സാക്ഷികള്‍കൂടി വില്‍പത്രത്തില്‍ ഒപ്പുവയ്‌ക്കേണ്ടതാണ്.

വില്‍പത്രം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ആര്‍ക്കും അതിന്റെ പകര്‍പ്പ് ലഭിക്കുകയില്ല. എഴുതിയ ആളുടെ മരണശേഷം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഏതൊരാള്‍ക്കും അതിന്റെ പകര്‍പ്പുകള്‍ ലഭിക്കും. തന്റെ മരണശേഷം വില്‍പത്രം നടപ്പാക്കുന്നതിന് ഒരു ബന്ധുവിനെയോ , അഭിഭാഷകനെയോ ചുമതലപ്പെടുത്താം. ഇതിനായി അവര്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി നല്കി ചുമതലപ്പെടുത്തണം.

വില്‍പത്രത്തില്‍ ഉള്‍പ്പെടുത്തേണ്ട വസ്തുവകകള്‍

സ്ഥലം, വീട്, ഫ്‌ളാറ്റ്, ബാങ്ക് ഡെപ്പോസിറ്റുകള്‍, ജൂവലറി, കമ്പനി ഷെയറുകള്‍ എന്നിവയും ഇപ്പോള്‍ ഉള്ളതും ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ളവയും വില്‍പത്രത്തില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ സാധിക്കും. തന്റെ മരണശേഷം എങ്ങനെ ശവസംസ്‌കാരം നടത്തണം എന്നതും മരണപത്രത്തില്‍ പ്രതിപാദിക്കുവാന്‍ സാധിക്കും.

ഇതൊക്കെ എവിടെ സൂക്ഷിച്ചിരിക്കുന്നു എന്നും വ്യക്തമാക്കണം.മേൽ സൂചിപ്പിച്ച സമ്പാദ്യങ്ങൾ ആർക്കൊക്കെ, എന്തൊക്കെ, എത്ര വീതം എന്നു കൃത്യമായി രേഖപ്പെടുത്തണം. ഒരാൾക്കു അധികമായി നൽകാനും ഒന്നും നൽകാതിരിക്കാനും എഴുതുന്നയാൾക്ക് സ്വാതന്ത്ര്യമുണ്ട്.മൈനർക്ക് എന്തെങ്കിലും വച്ചിട്ടുണ്ടെങ്കിൽ അവർ പ്രായപൂർത്തിയാകുന്നതുവരെ വിശ്വസ്തനായ ഗാർഡിയനെ നിയമിക്കണം .

വില്‍പത്രങ്ങള്‍ പ്രധാനമായും മൂന്ന് വിധത്തില്‍ ഉണ്ട്.

  1. രജിസ്റ്റര്‍ ചെയ്യപ്പെട്ട വില്‍പത്രങ്ങള്‍
    വില്‍പത്രം തയാറാക്കിയശേഷം സബ് രജ്‌സ്ട്രാര്‍ ഓഫീസില്‍ പോയി 500 രൂപ ഫീസ് ഒടുക്കിയാല്‍ അത് രജിസ്റ്റര്‍ ചെയ്യാം. സ്വന്തമായി തയാറാക്കുവാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരു അഭിഭാഷകന്റെ സേവനം തേടാവുന്നതാണ്. അസുഖബാധിതന്‍ ആണെങ്കില്‍ പ്രത്യേകം ഫീസ് അടച്ചശേഷം അപേക്ഷിച്ചാല്‍ സബ് രജിസ്ട്രാര്‍ വീട്ടില്‍ വന്ന് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കും.
  2. വെള്ള കടലാസില്‍ എഴുതുന്ന വില്‍പത്രങ്ങള്‍
    വെള്ളക്കടലാസില്‍ വില്‍പത്രങ്ങള്‍ എഴുതാം. ടൈപ്പ് ചെയ്‌തോ, സ്വന്തം കൈപ്പടയിലോ എഴുതാവുന്നതാണ്. ഇതിനു താഴെ എഴുതിയ ആള്‍ ഒപ്പുവയ്ക്കണം. എഴുതിയ ആളുടെ മരണശേഷം തര്‍ക്കമുണ്ടാകാതിരിക്കാന്‍ ഇത്തരം വില്‍പ്പത്രങ്ങള്‍ Probate (കോടതി മുഖേന അംഗീകരിപ്പിക്കല്‍) ചെയ്യേണ്ടതാണ്.
  3. ഡിപ്പോസിഷന്‍
    തന്റെ മരണശേഷം മാത്രമേ മറ്റുള്ളവര്‍ക്ക് വില്‍പത്രം വായിക്കാവൂ എന്നുള്ളവര്‍ക്കാണ് ഇത്തരം രീതികള്‍ അനുയോജ്യം. വില്‍പത്രം വെള്ളപ്പേപ്പറില്‍ തയാറാക്കി അത് മുദ്രവച്ച കവറില്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ കൊണ്ടുപോയി D-eposition of will ന് അപേക്ഷിക്കാം. ജില്ലാ രജിസ്ട്രാര്‍ അത് ഭദ്രമായി സൂക്ഷിക്കും. വില്‍പത്രം എഴുതിയ ആള്‍ മരിച്ചശേഷം അവകാശികള്‍ അപേക്ഷിക്കുന്ന മുറയ്ക്ക് അത് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്‌ട്രേഷനുവേണ്ടി ഹാജരാക്കുന്നു.
    എഴുതിവച്ച ആളുടെ മരണശേഷം വസ്തു ലഭിക്കുന്നവിധം

വില്‍പത്രം എഴുതിയ ആളുടെ മരണശേഷം അയാളുടെ ഒറിജിനല്‍ വില്‍പത്രവും , മരണ സര്‍ട്ടിഫിക്കറ്റും കൊണ്ട് അതത് വില്ലേജ് ഓഫീസില്‍ ചെന്ന് കഴിഞ്ഞാല്‍ ആരൊക്കെയാണോ അവകാശികള്‍ അവരെക്കൊണ്ട് കരം അടച്ചതിനുശേഷം വസ്തുക്കള്‍ അവരുടെ പേരിലേക്ക് മാറ്റിക്കൊടുക്കും. പിന്നീട് ആധാരം രജിസ്റ്റര്‍ ചെയ്യണം എന്ന് നിര്‍ബന്ധമില്ല.

ഏതൊക്കെ സാഹചര്യത്തില്‍ വില്‍പത്രം റദ്ദാക്കാം ?

വഞ്ചന, ബലപ്രയോഗം, ഭീഷണി എന്നിവകൊണ്ട് എഴുതിയ വില്‍പത്രമാണെന്ന് തെളിഞ്ഞാല്‍ അവ റദ്ദാക്കാം.

രജിസ്റ്റര്‍ ചെയ്യപ്പെട്ട വില്‍പത്രം ആണെങ്കില്‍കൂടിയും ഒറിജിനല്‍ നഷ്ടപ്പെട്ടാല്‍ ആ വില്‍പത്രം റദ്ദ് ചെയ്തതായി കണക്കാക്കാം.

വില്‍പത്രം എഴുതിയ ആള്‍ വിവാഹിതന്‍ ആയാല്‍ ആ വില്‍പത്രം റദ്ദ് ചെയ്യാം.

വില്‍പത്രം കത്തിച്ചു കളയുകയോ , കീറിക്കളയുകയോ ചെയ്താല്‍ ആ വില്‍പത്രം അസാധുവായി കണക്കാക്കാവുന്നതാണ്.

വില്‍പത്രത്തിലെ പ്രധാന ഭാഗങ്ങള്‍.

വ്യക്തിഗത വിവരങ്ങള്‍: എഴുതുന്ന ആളുടെ പേര്, പിതാവിന്റെ പേര്, വിലാസം, ജനനത്തീയതി ഇവ പ്രസ്താവിക്കണം.

തീയതി പ്രഖ്യാപനം: വില്‍പ്പത്രം തയാറാക്കുന്ന തീയതി വ്യക്തമായി പരാമര്‍ശിക്കേണ്ടത് പ്രധാനമാണ്
സ്വതന്ത്രമായ ഒരു ഇച്ഛാശക്തി സാധൂകരിക്കുക: നിങ്ങള്‍ ഒരു വ്യക്തിയുടെ സ്വാധീനവലയത്തില്‍ അല്ല എന്നും ഏതെങ്കിലും ഒരു വ്യക്തിയുടെ താത്പര്യപ്രകാരമല്ല വില്‍പത്രം തയാറാക്കുന്നത് എന്നും വില്‍പത്രത്തില്‍ പ്രതിപാദിക്കേണ്ടതാണ്.

എക്‌സിക്യൂട്ടറുടെ വിശദാംശങ്ങള്‍ നല്കുക: വില്‍പത്രം നടപ്പാക്കേണ്ടുന്ന വ്യക്തിയാണ് എക്‌സിക്യൂട്ടര്‍. അതിനാല്‍ അയാളുടെ പേര്, വിലാസം അയാളുമായുള്ള ബന്ധം, പ്രായം എന്നിവ പരാമര്‍ശിക്കേണ്ടതാണ്.

സ്വത്തുക്കളുടെയും ഗുണഭോക്താക്കളുടെയും വിശദാശങ്ങള്‍: ഇതു വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ്. വ്യക്തമായിത്തന്നെ എല്ലാ വിവരങ്ങളും ഇനംതിരിച്ച് പ്രതിപാദിക്കുക, ഓരോ വസ്തുവിന്റെയും ഗുണഭോക്താവിന്റെ പേര് പരാമര്‍ശിക്കുക, ബാങ്ക് അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, ഇന്‍ഷ്വറന്‍സ് എന്നിവയുടെ കൃത്യമായ വിവരങ്ങള്‍, ബാങ്കിന്റെ പേര്, നിക്ഷേപ നമ്പരുകള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തണം.

ഒപ്പ്: മുകളിലുള്ള വിവരങ്ങള്‍ പരാമര്‍ശിച്ച ശേഷം വില്‍പത്രത്തില്‍ ഒപ്പുവയ്ക്കുക.

സാക്ഷികളുടെ ഒപ്പ്: രണ്ടു സാക്ഷികളെങ്കിലും വില്‍പത്രത്തില്‍ ഒപ്പുവയ്‌ക്കേണ്ടതാണ്. അവര്‍ തങ്ങളുടെ പേരും പിതാവിന്റെ പേരും വിലാസവും ഇതില്‍ പരാമര്‍ശിക്കണം.

മാതാപിതാക്കളുടെ മരണശേഷം സ്വത്തുവകകൾ വീതം വയ്ക്കുന്നതിനെ ച്ചൊല്ലിയുള്ള മക്കളുടെ തർക്കവും ,വഴക്കും പതിവാണ്. സ്വന്തമായുള്ളത് എന്തായാലും വിൽപത്രം നേരത്തെ എഴുതി തയാറാക്കിയിട്ടുണ്ടെങ്കിൽ അനന്തരാവകാശികൾ തമ്മിലുള്ള വഴക്കും കേസും ഒഴിവാക്കാനാകും.ഇംഗ്ലീഷ് കോമൺലോയിൽ നിന്ന് ലഭിച്ച വാക്കാണ് will. ആഗ്രഹം എന്നാണ് അർത്ഥം. അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് തന്റെ കാലശേഷം ആര് എങ്ങനെ വിനിയോഗിക്കണം എന്ന ഒരു വ്യക്തിയുടെ ആഗ്രഹം ആണ് വിൽപത്രത്തിലൂടെ വ്യക്തമാക്കുന്നതെന്നു പറയാം.അടുത്ത ബന്ധുവിനോ , ശുശ്രൂഷിക്കുന്നവർക്കോ എന്തെങ്കിലും കൊടുക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിൽപത്രത്തിൽ രേഖപ്പെടുത്താതെ അതു സാധിക്കില്ല. ഓരോ മതത്തിന്റെയും പിന്തുടർച്ചാവകാശ നിയമങ്ങൾ സങ്കീർണവും , വ്യത്യസ്തവുമായതിനാൽ വിൽപത്രം ഇല്ലാതെ മരണപ്പെട്ടാൽ കുടുംബാംഗങ്ങൾ തമ്മിൽ വഴക്ക്, തർക്കം നിയമവ്യവഹാരങ്ങൾ, ധനഷ്ടം, സമയനഷ്ടം എന്നിവയ്ക്കൊക്കെ ഇടയാക്കും. അതിലും ഭേദം കുറച്ചുസമയം ഇതിനായി ചെലവഴിച്ചാൽ ഒരു ഗിഫ്റ്റ് പോലെ വേണ്ടപ്പെട്ടവർക്കു നമ്മുടെ സമ്പാദ്യം കൈമാറാൻ സാധിക്കും. പലരും വിൽപത്രത്തെ ശരിയായ കാഴ്ചപ്പാടിലല്ല സമീപിക്കുന്നത്. വിൽപത്രത്തെക്കുറിച്ചു സംസാരിക്കുന്നതു പോലും പലരെയും അസ്വസ്ഥരാക്കുന്നു. തന്റെ മരണമാഗ്രഹിക്കുന്നതുകൊണ്ടോ സ്വത്തുവകകളിൽ കണ്ണുള്ളതുകൊണ്ടോ ആണ് ഇതിനെക്കുറിച്ചു സംസാരിക്കുന്നത് എന്നാണു പലരും ചിന്തിക്കുന്നത്. എന്നാൽ വിൽപത്രം എഴുതുന്നത് പേഴ്സണൽ ഫിനാൻസിലെ ഏറെ പ്രധാനപ്പെട്ട ചുവടു തന്നെയാണ്. ഇത് അടുത്ത മാസമോ അടുത്ത വർഷമോ ചെയ്യേണ്ടതല്ല; ഇന്നിന്റെ ആവശ്യം തന്നെയാണ്.വിൽപത്രം എഴുതുന്നയാളെ ‘Testator’ എന്നും ആരുടെ പേരിലാണോ ഓരോ സമ്പാദ്യവും എഴുതുന്നത് അവരെ ‘Beneficiary’ എന്നും പറയുന്നു. വിൽപത്രം നടപ്പിലാക്കാൻ നിയോഗിക്കുന്നയാളെ ‘Executor’ എന്നു വിളിക്കും.

സ്വന്തമായുള്ള കെട്ടിടം, ഭൂമി, പണം, ജ്വവല്ലറി, ബാങ്ക് നിക്ഷേപം, വാഹനങ്ങൾ എന്നിവയെല്ലാം വില്ലിൽ ഉൾപ്പെടുത്താം. താമസസൗകര്യം പോലുള്ളവ ചേർക്കാൻ കഴിയില്ല. ലീസ് വഴി ലഭിച്ചവ ചേർക്കാമെങ്കിലും ബെനിഫിഷ്യറിക്കു ലീസ് കാലാവധി മാത്രമേ ഉപയോഗിക്കാനാകൂ.

വിൽപത്രത്തിനു കൃത്യമായ നിയമപരമായി തയാറാക്കിയ ഫോർമാറ്റ് ഇല്ല. എന്നാൽ കാലക്രമേണ ഉരുത്തിരിഞ്ഞതും യുക്തിസഹമായ ചിന്തയുടെയും അടിസ്ഥാനത്തിലാണു തയാറാക്കുന്നത്.
തുടക്കത്തിൽ ഡിക്ലറേഷനാണ് വേണ്ടത്. ഇതിൽ വിൽ എഴുതുന്നയാളുടെ പേര്, മേൽവിലാസം, പ്രായം, വിൽ എഴുതുന്ന തീയതി, സമയം എന്നിവയുണ്ടാകണം. സ്വതന്ത്രമായ മനസ്സോടെയും സമ്മർദങ്ങളുമില്ലാതെയുമാണ് തയാറാക്കുന്നതെന്നു രേഖപ്പെടുത്തണം.

വിൽപത്ര വ്യവസ്ഥകൾ നടപ്പാക്കാനായി Indian Succession Act വകുപ്പ് 2 (സി) പ്രകാരം ആവശ്യമെങ്കിൽ Executor നെ നിയമിക്കാം.

എല്ലാ പേജുകളിലും നമ്പരിടണം.വിൽ എഴുതിക്കഴിഞ്ഞാൽ കുറ‍ഞ്ഞത് രണ്ടു സാക്ഷികളുടെ മുൻപാകെ ഒപ്പിടണം. ഒപ്പിടുന്ന സ്ഥലം, തീയതി, സമയം എന്നിവ സഹിതം ആണ് ഇതു ചെയ്യേണ്ടത്. സാക്ഷികളും മേൽപറഞ്ഞ രീതിയിൽ ഒപ്പിട്ട ശേഷം വിൽ കവറിലാക്കി സീൽ ചെയ്ത് ഒപ്പിടണം. സാക്ഷികൾ സുഹൃത്തുക്കളോ ,വിശ്വസ്തരോ ആകുന്നതാണ് ഉചിതം. ബെനിഫിഷ്യറീസും എക്സിക്യൂട്ടറും സാക്ഷിയാകരുത്.

കടപ്പാട്

ജെയിംസ് ജോസഫ് അധികാരത്തിൽ
ഫോർമർ ഡെപ്യൂട്ടി കളക്ടർ, ആലപ്പുഴ

Source: WhatsApp

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s