വാഴ്ത്തപ്പെട്ട രക്തസാക്ഷി സി. റാണി മരിയയോടുള്ള നൊവേന
പരിശുദ്ധാത്മാവിന്റെ ഗാനം
പ്രാരംഭ പ്രാർത്ഥന
കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവമേ സി. റാണി മരിയയെ രക്തസാക്ഷി മകുടം ചാർത്തി വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയർത്തി അൾത്താര വണക്കത്തിന് അർഹയാക്കിയതിന് അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു. “സ്നേഹിതർക്കു വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല ” എന്ന അങ്ങയുടെ വചനത്തിന് തന്റെ അവസാന തുള്ളി രക്തവും ചിന്തി സാക്ഷ്യം വഹിക്കുവാൻ സി. റാണി മരിയായെ ശക്തിപ്പെടുത്തിയ അങ്ങ് ത്യാഗ നിർഭരവും അനുകമ്പാർ ദ്രവുമായ ജീവിതത്തിലൂടെ പാവങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുവാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സത്യത്തിന്റെയും നീതിയുടെയും പ്രവാചികയായി , ദരിദ്രരുടേയും, മർദ്ദിതരുടെയും , ചൂഷിതരുടെയും പക്ഷം ചേർന്ന് അവരുടെ മാനുഷികാവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുവാൻ സി. റാണി മരിയാ യെ ശക്തിപ്പെടുത്തിയ അങ്ങ് വേദനിക്കുന്ന മനുഷ്യ ജീവിതങ്ങളെ ദൈവീക ഛായയിലേയ്ക്ക് രൂപാന്തരപ്പെടുത്തുവാൻ ഞങ്ങളെ അവിടുത്തെ ഉപകരണങ്ങളാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും സമൂഹം: ആമ്മേൻ
എട്ടാം ദിവസം: വാ. റാണി മരിയയുടെ ക്ഷമിക്കുന്ന സ്നേഹത്തിന്റെ ജീവിതം
കർത്താവേ, ഈ പാപം ഇവരുടെ മേൽ ആരോപിക്കരുതേ . (നട. 7/60) ഇത് റാണി മരിയയുടെ ആന്തരിക ദാഹത്തിന്റെ പ്രഘോഷണമായിരുന്നു. അവളുടെ ഘാതകന് ക്ഷമയുടെ ഉദാത്തവും, പ്രകടവുമായ അനുഭവം നൽകാൻ അവളുടെ കുടുംബാംഗങ്ങൾ ഉപകരണങ്ങളായി മാറി. വാ. റാണി മരിയയുടെ ഘാതകനോടുള്ള അവളുടെ സഹോദരി സി. സെൽമി പോളിന്റേയും കുടുംബാംഗങ്ങൾ ഏവരുടേയും, വിശിഷ്യ പ്രിയപ്പെട്ട അമ്മയുടെ ഹൃദയപൂർവ്വകമായ ക്ഷമിക്കുന്ന സ്നേഹം കരളലിയിക്കുന്നതായിരുന്നു.
ഒരു ദിവസം സി. റാണി മരിയയുടെ കബറിടം സന്ദർശിച്ചു തിരിച്ചു വരുന്നതിനിടെ സി. സെൽമി, തന്റെ അമ്മയോട് ചോദിച്ചു അമ്മേ വഴിയിൽ വെച്ച് ചേച്ചിയുടെ ഘാതകനെ കണ്ടാൽ അമ്മ എന്തു ചെയ്യും ? അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു. ഞാനവന്റെ കൈകൾ പിടിച്ച് ചുംബിക്കും. കാരണം എന്റെ പൊന്നോമന മകളുടെ രക്തം വീണ കൈയല്ലേ അത്. തെറ്റ് പറ്റുക സ്വാഭാവികമാണ്. എന്നാൽ ക്ഷമിക്കുക എന്നത് ദൈവീകമാണ്. ക്ഷമിക്കാനുള്ള കൃപയാൽ ദൈവം തന്നെ അനുഗഹിച്ചിരിക്കുന്നു എന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു.
“ക്ഷമിക്കാനുള്ള കൃപയ ഞാൻ നിന്നിൽ നിറച്ചിരിക്കുന്നു. പിന്നെ എന്തുകൊണ്ടാണ് നീ ക്ഷമിക്കാൻ ബുദ്ധിമുട്ടുന്നത്.” അവളുടെ ഉള്ളിൽ മുഴങ്ങി കേട്ടിരുന്ന യേശുവിന്റെ വെല്ലുവിളിയുടെ ശബ്ദമായിരുന്നു അത്. ക്ഷമയെക്കുറിച്ചുള്ള അവളുടെ ഡയറിക്കുറിപ്പിൽ നാം ഇപ്രകാരം വായിക്കുന്നു. “ക്ഷമിക്കുന്ന സ്നേഹം നിറയാൻ ഞാൻ എല്ലാദിവസവും മൂന്ന് പ്രാവശ്യം പ്രത്യേകമായി പ്രാർത്ഥിച്ചിരുന്നു”. ക്ഷമ എന്നത് തുടർച്ചയായ പരിശ്രമത്തിലൂടെ വളർത്തിയെടുക്കേണ്ടതും ദൈവം ദാനമായി നൽകുന്നതുമായ അമൂല്യ കൃപയാണ്. തന്നെ പീഡിപ്പിക്കുന്നവരെ ദൈവ കരങ്ങളിലെ ഉപകരണമായി നോക്കിക്കാണാൻ അവളെ ശക്തയാക്കിയത് ക്ഷമിക്കുന്ന സ്നേഹമായിരുന്നു. താൻ ദൈവത്തിന്റെ കരങ്ങളിൽ സുരക്ഷിതയാണ് എന്ന അവബോധം അവളിൽ ആഴപെട്ടിരുന്നതു കൊണ്ട് അനുദിന ജീവിതത്തിന്റെ ബുദ്ധിമുട്ടുകളും ക്ലേശങ്ങളും കൃപയോടെ സ്വീകരിക്കാൻ അവൾക്ക് കഴിഞ്ഞു.എന്നാൽ എല്ലാം ക്ഷമിക്കാനും മറക്കാനും അവളിൽ അമാനുഷികമായി ഒന്നും ഉണ്ടായിരുന്നില്ല. അവൾ ഓരോ ദിനത്തിലും തന്നെ വേദനിപ്പിച്ചവർക്ക് ക്ഷമ കൊടുത്തു കൊണ്ട് എങ്ങനെ ജീവിതത്തിൽ ക്ഷമ അഭ്യസിക്കണമെന്ന് പരിശുദ്ധാത്മാവിനാൽ പരിശീലിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു.
ദൈവ വചനം.
വി. ലൂക്കാ 6, 27-36
(പ്രഭാഷണം / മൗന പ്രാർത്ഥന)
ലുത്തിനിയ
കർത്താവേ, അനുഗ്രഹിക്കണമേ… കർത്താവേ, അനുഗ്രഹിക്കണമേ
മിശിഹായേ അനുഗ്രഹിക്കണമേ… മിശിഹായേ അനുഗ്രഹിക്കണമേ
കർത്താവേ അനുഗ്രഹിക്കണമേ… കർത്താവേ അനുഗ്രഹിക്കണമേ.
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ… മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ… മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ
സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ… ഞങ്ങളെ അനുഗ്രഹിക്കണമേ
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ… ഞങ്ങളെ അനുഗ്രഹിക്കണമേ
പരിശുദ്ധാത്മാവായ ദൈവമേ… ഞങ്ങളെ അനുഗ്രഹിക്കണമേ
ഏക ദൈവമായ പരി. ത്രിത്വമേ… ഞങ്ങളെ അനുഗ്രഹിക്കണമേ
പരി. മറിയമേ… ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ദൈവത്തിന്റെ മാതാവേ… ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
ക്രൂശിതന്റെ ആത്മ മിത്രമായ റാണി മരിയായേ… ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
തിരുസഭയുടെ വത്സലപുത്രിയേ…
സീറോ മലബാർ സഭയുടെ അഭിമാന പാത്രമേ…
ഫ്രാൻസിസ്ക്കൻ ആരാമത്തിലെ രക്ത പുഷ്പമേ..
സുവിശേഷത്തിന്റെ ധീരയായ പ്രവാചികയേ..
ഇൻഡോറിന്റെ ധീര റാണിയേ..
നീതിയുടെ പ്രവാചക ശബ്ദമേ
ബലഹീനരുടെ അത്താണിയേ
ക്ഷമയുടെ മാലാഖയേ
ഏകാന്ത പഥികരുടെ മിത്രമേ
ആനന്ദത്തിന്റെ നിറകുടമേ
ദിവ്യ കാരുണ്യത്തിന്റെ ആരാധികയേ
ദൈവ സ്നേഹത്തിന്റെ കിരണമേ
പുഞ്ചിരിയുടെ അപ്പസ്തോലയേ
സുവിശേഷ വത്കരണത്തിന്റെ ഉത്തമ മാതൃകയേ
പ്രേഷിത രംഗത്തെ പ്രകാശഗോപുരമേ
ചൂഷിതരുടെ ഉറ്റമിത്രമേ
മിഷനറിമാരുടെ ധീരമാതൃകയേ
സുക്യതങ്ങളുടെ ഉദ്യാനമേ
ദൈവൈക്യത്തിന്റെ കണ്ണാടിയേ
പരിത്യാഗത്തിന്റെ പരിമളമേ
പാവങ്ങളിൽ ദൈവത്തെ ദർശിച്ചവളേ
ഈശോയ്ക്കായി മുറിവുകൾ ഏറ്റവളേ
നോച്ചൻപൂർ മലയിൽ ബലിയായവളേ
ധീരരക്തസാക്ഷി റാണി മരിയയേ
അർപ്പണത്തിന്റെ മാതൃകയായ റാണി മരിയയേ
ദൈവ വചനത്തിന്റെ വീണയായ റാണി മരിയയേ
പ്രാർത്ഥനയുടെ പ്രേഷിതയായ റാണി മരിയയേ
പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട റാണി മരിയയേ
കാരുണ്യത്തിന്റെ മകുടമായ റാണി മരിയയേ
അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായിരുന്ന റാണി മരിയയേ
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ… കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ… കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ …കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ .
കാർമ്മി: ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ
സമൂഹം: വാഴ്ത്തപ്പെട്ട രക്തസാക്ഷി സി. റാണി മരിയയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ .
സമാപന പ്രാർത്ഥന
കാർമ്മി: ഓ യേശു നാഥാ അങ്ങ് മറ്റാരെയും കാൾ അധികമായി വ്യവസ്ഥകളില്ലാതെ ഞങ്ങളെ സ്നേഹിക്കുന്നുവല്ലോ. മറ്റുള്ളവരോട് വ്യവസ്ഥകളില്ലാതെ ക്ഷമിക്കുവാനും ആത്മാർത്ഥമായി അവരെ സ്നേഹിക്കുവാനുള്ള കൃപയും മനശക്തിയും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ. ക്ഷമിക്കാൻ സന്നദ്ധതയുള്ള മനസ്സും , ഹൃദയവും അതുല്യ ദൈവിക ദാനമായ ക്ഷമയും സ്വായത്തമാക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ. തന്റെ ഘാതകനോട് ക്ഷമിച്ചുകൊണ്ട് ക്ഷമയുടെ മാതൃക നൽകിയ സിറാണി മരിയയുടെ മാദ്ധ്യസ്ഥ്യത്താൽ ശത്രുക്ക ളോട് ക്ഷമിക്കാനുള്ള കൃപ ഞങ്ങൾക്കും നൽകണമേ . പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും
സമൂഹം: ആമേൻ
