ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ താപസ സന്യാസിനി അന്തരിച്ചു. ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ തപസ്സനുഷ്‌ഠിച്ചിരുന്ന സന്യാസിനിയാണ് പ്രസന്നാദേവി. സിംഹവും പുലികളും അട്ടഹസിച്ചുനടക്കുന്ന ഗീര്‍വനത്തില്‍ മലയാളിയായ സന്യാസിനി ഒറ്റയ്‌ക്ക് ജീവിക്കുന്നത് ഒരു അത്ഭുതം തന്നെയാണ്.
മാര്‍പ്പാപ്പാ പ്രത്യേക അനുമതി നല്‍കിയാണ് പ്രസന്നാദേവിയുടെ സന്യാസജീവിതത്തിന് അംഗീകാരം നൽകിയത്. ഒട്ടേറെ ഗുണപാഠങ്ങളുടെ ഒരു സര്‍വ്വകലാശാലയായാണ് പ്രസന്നാദേവി വിശേഷിക്കപ്പെട്ടിരുന്നത്.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും മാസങ്ങളായി ജൂനാഗഡ് സെന്റ് ആൻസ് പള്ളി വികാരി പള്ളി വികാരി ഫാ. വിനോദ് കാനാട്ടിൻറെ പരിചരണത്തിൽ കഴിയവേ ഇന്നലെ (27 / 2 / 2023 ) ലാണ് അന്ത്യം. മൃതസംസ്‌കാരം ഇന്ന് ജൂനാഗഡിൽ.
തൊടുപുഴ എഴുമുട്ടം കുന്നപ്പള്ളിൽ അന്നക്കുട്ടി തന്റെ 22 ആം വയസിൽ കന്യാസ്ത്രിയായി. ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് സേക്രഡ് ഹാർട്ട് എന്ന സന്യാസിനീ സമൂഹത്തിലെ ഗുജറാത്തിലെ മഠത്തിലായിരുന്നു കന്യാസ്ത്രീയായുള്ള ജീവിതത്തിന് തുടക്കം. പിന്നീട് താപസ ജീവിതം തെരഞ്ഞെടുത്ത അന്നക്കുട്ടി പ്രസന്നാ ദേവി എന്ന പേരു സ്വീകരിച്ചു ഗീർ വനാന്തരങ്ങളിൽ തപസാരംഭിച്ചു. പക്ഷേ 1997 ലാണ് വത്തിക്കാൻ പ്രസന്നാ ദേവിയെ സന്യാസിനിയായി അംഗീകരിച്ചത്.
ഗീർ വനത്തിലെ ഗിർനാർ പ്രദേശത്തെ ഗുഹയിൽ താപസ ജീവിതം നയിച്ച പ്രസന്നാ ദേവിക്ക് കാട്ടിലെ ഫലമൂലാദികളായിരുന്നു ഭക്ഷണം. ഒറ്റക്കെങ്ങനെ കാട്ടിൽ കഴിയുന്നു എന്ന ചോദ്യത്തിന് “ഞാൻ ഒറ്റക്കല്ലല്ലോ ദൈവമില്ലേ കൂടെ” എന്നായിരുന്നു മറുചോദ്യം. ഗീർ വനത്തിലെ സിംഹങ്ങൾ പോലും പ്രസന്നാ ദേവിയുടെ കൂട്ടുകാർ ആയിരുന്നു.
താപസ കന്യകക്ക് വിട
