തപസ്സു ചിന്തകൾ 11
ആത്മീയ ജീവിതത്തെ ആഴപ്പെടുത്തുന്ന കാലം
“നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തെ ഉപവാസത്തിലൂടെയും പ്രാർത്ഥനയിലൂടെയും ദാനധർമ്മത്തിലൂടെയും ആഴപ്പെടുത്തുവാനുള്ള ഏറ്റവും അനുയോജ്യമായ കാലമാണ് നോമ്പുകാലം.” ഫ്രാൻസീസ് പാപ്പ
ആത്മീയ ജീവിതത്തിനൊരു വസന്തകാലമുണ്ടെങ്കിൽ അതു നോമ്പുകാലമാണ്. ഈശോമിശിഹായുടെ രക്ഷാകര രഹസ്യങ്ങളുടെ ഓർമ്മ സവിശേഷമായികൊണ്ടാടുന്ന സമയം. സ്‌നേഹത്തില്‍ പ്രകാശിതമാകുന്ന പ്രവര്‍ത്തനനിരതമായ വിശ്വാസ ജീവിതത്തിൽ ഉപവാസത്തിൻ്റെയും പ്രാർത്ഥനയുടെയും ദാനധർമ്മത്തിൻ്റെയും വഴികൾ നാം ഒരിക്കലും വിസ്മരിക്കരുത്. ആത്മീയതയില്‍ ആഴപ്പെടുവാനും വിശ്വാസ ചൈതന്യത്തില്‍ ഉറച്ചുനില്‍ക്കുവാനും നോമ്പിലെ ഈ മൂന്നു ഇതളുകൾ നമ്മെ സഹായിക്കും. അപ്രകാരം ജീവിതം ക്രമപ്പെടുത്തിയിൽ ഈ ജീവിതത്തിൽ തന്നെ വിജയവും സംതൃപ്തിയും സന്തോഷവും സമാധാനവും നമുക്കാസ്വദിക്കാൻ കഴിയും.
സീറോ മലബാർ സഭയുടെ കുർബാന ക്രമത്തിലെ അനുസ്മരണ ഗീതത്തിൽ ത്രിത്വത്തെ പ്രസാദിപ്പിക്കാനുള്ള മൂന്നു മാർഗ്ഗങ്ങളായി ഉപവാസവും പ്രാർത്ഥനയും അനുതാപാവും നമുക്കു ദർശിക്കാൻ കഴിയും.
“അവിടുത്തെ സന്നിധിയിൽ നിങ്ങുടെ ഹൃദയങ്ങൾ തുറക്കുവിൻ, ഉപവാസവും പ്രാർത്ഥനയും അനുതാപാവും വഴി മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്കു പ്രസാദിപ്പിക്കാം.”
ഫാ. ജയ്സൺ കുന്നേൽ mcbs