നോമ്പ് മൂന്നാം ഞായർ | സുവിശേഷഭാഷ്യം അത്മായ വീക്ഷണത്തിൽ | മാർച്ച് 5, 2023

സുവിശേഷഭാഷ്യം അത്മായ വീക്ഷണത്തിൽ

മാർച്ച് 5, 2023
നോമ്പ് മൂന്നാം ഞായർ

ഉത്പ 7:6 – 24
റോമ 7:14 – 25
മത്താ 20: 17 – 28

ആരെയെങ്കിലുമൊക്കെ ഭരിക്കാനാഗ്രഹിക്കുന്ന നമ്മൾ!
🍁🍁🍁🍁🍁🍁🍁🍁

ഡോ. ചാക്കോച്ചൻ ജെ. ഞാവള്ളിൽ
🌿🌿🌿🌿🌿🌿🌿🌿

ഇംഗ്ലീഷ് ഭാഷ അത്യാവശ്യത്തിനൊക്കെ അറിയാമല്ലോ, എവിടെച്ചെന്നാലും തട്ടിയും മുട്ടിയുമാണെങ്കിലും പിടിച്ചു നിൽക്കാം എന്ന ധൈര്യത്തിലാണ് ഭാഷ വളരെ വ്യത്യസ്തമായ ആ നാട്ടിലെത്തിയത്. പട്ടണ പ്രദേശത്തൊന്നും പ്രശ്നമുണ്ടായിരുന്നില്ല. ഉൾപ്രദേശത്തുള്ള ഗ്രാമപ്രദേശത്തിലെ ആശുപത്രിയിൽ രോഗിയായി പ്രവേശിക്കപ്പെട്ടപ്പോഴാണ് ഭാഷ ഒരു പ്രശ്നമായിത്തീർന്നത്. ഡോക്ടറും നേഴ്സുമുൾപ്പെടെ അവിടെയുള്ളവർക്കാർക്കും ഇംഗ്ലീഷ് അക്ഷരമാല പോലും അറിയില്ല. എന്താണ് പ്രശ്നമെന്ന് പറഞ്ഞ് മനസ്സിലാക്കാൻ പെട്ട പാട് ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്തത്ര കഠിനമായിരുന്നു. പരസ്പരം ആശയ വിനിമയം നടത്താൻ ഭാഷയറിയാതെ വരുമ്പോഴുള്ള ബുദ്ധിമുട്ട് ആഴത്തിൽ അനുഭവിച്ചറിഞ്ഞ ഒരവസരമായിരുന്നത്.

താൻ പറയാൻ ശ്രമിക്കുന്നതൊന്നും മനസ്സിലാക്കാൻ കഴിയാത്ത, അതിന്റെ അർത്ഥമെന്തെന്ന് തിരിച്ചറിയാൻ സാധിക്കാത്ത, കുറച്ചു മനുഷ്യരുടെ ഇടയിൽ പെട്ട് വിഷമിക്കുന്ന ഈശോയെയാണിന്നത്തെ സുവിശേഷത്തിൽ കാണുന്നത്. താൻ സഹിക്കാൻ പോകുന്ന പീഡകളെക്കുറിച്ച് കേൾക്കുന്ന ശിഷ്യർ, എന്നാൽ രാജ്യഭരണമേൽക്കുമ്പോൾ തന്റെ മക്കൾക്ക് ചില പ്രധാന പോസ്റ്റുകൾ നൽകണമെന്ന ശുപാർശയുമായി വരുന്ന അമ്മ, ഈശോയുടെ ചില ചോദ്യങ്ങൾക്ക് അതിന്റെ അർത്ഥം മനസ്സിലാക്കാതെ ഉത്തരം നൽകുന്ന മക്കൾ, തങ്ങളുടെ ചില അധികാരസ്ഥാന തർക്കങ്ങൾക്കിടയിൽ അമ്മയുടെ കൂടെ സ്വാധീനമുപയോഗിച്ച് അഡ്വാൻസ് ബുക്കിംഗ് നടത്തുന്നതിനോട് അക്ഷമരായി പ്രതികരിക്കുകയും, പെട്ടെന്നൊരു ഐക്യമുന്നണി തട്ടിക്കൂട്ടുകയും ചെയ്യുന്ന ബാക്കിയുള്ള പത്തു പേർ, ഒന്നാമനാകാൻ ആഗ്രഹിക്കുന്നവർ എല്ലാവരുടെയും സേവകനാകൂ എന്ന സാധാരണ ലോജിക്കിലൊന്നും വർക്ക് ചെയ്യാത്ത ആശയങ്ങൾ പറയുന്ന ഈശോ എന്നിങ്ങനെ ചിന്തോദ്ദീപകവും, രസകരവുമായ നിരവധി രംഗങ്ങളുണ്ടീയാഴ്ചത്തെ സുവിശേഷ ഭാഗത്ത്.

“അരിയെത്ര? പയറഞ്ഞാഴി”

തന്റെ പ്രിയപ്പെട്ട മക്കൾക്ക് സംഭവിക്കാവുന്നതിൽ ഏറ്റവും മനോഹരമായ നന്മ ആഗ്രഹിക്കുക, അതിന് തന്നാലാവുന്നതൊക്കെ ചെയ്യുക എന്നതൊക്കെ ഏതൊരമ്മയുടെയും ഏറ്റവും സാധാരണമായ സ്വഭാവമല്ലേ? നീരസമൊന്നുമില്ലാതെയാ ആവശ്യം ഈശോ കേൾക്കുന്നുമുണ്ട്. അവർ ചോദിക്കുന്നതിന്റെ യഥാർത്ഥ അർത്ഥം അവരറിയുന്നില്ലെന്നവരെ മനസ്സിലാക്കിക്കാനാണ് ഈശോയുടെ പരാജയപ്പെട്ട പരിശ്രമം. പരീക്ഷാ ചോദ്യക്കടലാസിലെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലാക്കാതെ ഉത്തരം എഴുതിത്തുടങ്ങുന്ന വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കുന്നുണ്ട് സെബദി പുത്രന്മാർ. “അരിയെത്ര? പയറഞ്ഞാഴി” പരുവത്തിലാണവരുടെ മറുപടികൾ. വാക്കുകളും ശബ്ദങ്ങളും കേൾക്കുന്നുണ്ടെങ്കിലും, സ്വർഗ്ഗത്തിന്റെ ഭാഷയെന്നു പറയാവുന്ന, ഈശോയുടെ വാക്കുകളുടെ അർത്ഥം തിരിച്ചറിയാനാവാതെ പോകുന്നു എന്നതല്ലേ നാമൊക്കെ ഉൾപ്പെടുന്ന ഇന്നിന്റെയും ദുരന്തം.

ഈശോയുടെ മറുപടി കേട്ടു കഴിഞ്ഞപ്പോൾ പത്ത് ശിഷ്യർക്ക് ആ രണ്ടു പേരോട് അവജ്ഞ തോന്നിയെന്നാണ് വായിക്കുന്നത്. അവരുടെ ഇടയിലുണ്ടായിരുന്ന മൂപ്പിളമ തർക്കത്തിന്റെയും അധികാര വടംവലികളുടെയുമിടയിൽ, അമ്മയെന്ന തന്ത്രത്തിലൂടെ മുന്നോട്ടു കുതിക്കാനൊരുങ്ങുന്നവരെ തടഞ്ഞു നിർത്താനുള്ള, പത്തംഗ ഐക്യമുന്നണിയാണ് പെട്ടെന്ന് രൂപപ്പെടുന്നത്. മറ്റാരും എന്നെക്കാൾ അങ്ങനെ അങ്ങ് വളർന്ന്‌ വലുതാകണ്ട എന്ന കുശുമ്പിന്റെയും, അസൂയയുടെയും ആ വികാരങ്ങൾക്കൊക്കെ, വിദ്യാഭ്യാസവും വിവരവുമൊക്കെ കൂടിയിട്ടും, ഇന്നത്തെ ശിഷ്യന്മാർക്കും കുറവൊന്നുമില്ലാത്തതെന്തേ?

തെറ്റ് ആവർത്തിക്കുന്ന നമ്മൾ

മലയാള നാട്ടുകാരുടെ സ്വഭാവത്തിലെ ഏറ്റവും അടിസ്ഥാനപരമായൊരു ഭാവം പുച്ഛമാണെന്ന് പറഞ്ഞതാരാണെന്ന് അറിയില്ല. ഒരു രാഷ്ട്രീയക്കാരനും ശരിയല്ലെന്നതിൽ നമ്മൾ തർക്കമില്ലാതെ യോജിക്കും. സർക്കാർ ഉദ്യോഗസ്ഥരൊക്കെ ആത്മാർത്ഥതയില്ലാത്തവരും, അഴിമതിക്കാരുമാണ്, സിനിമക്കാരെല്ലാം മോശക്കാരാണ്, വലിയ ബിസിനസുകാരൊക്കെ കുത്തകകളും കൊള്ളക്കാരുമാണ്, വമ്പൻ സ്ഥാപനങ്ങൾ നടത്തുന്നവരൊക്കെ ആർഭാടത്തിലും ധൂർത്തിലും വിരാജിക്കുന്നവരാണ്, അഴിമതിയാണ്, അനീതിയാണ്. ഇതിനൊക്കെ ബദലായി, ചെറുകിടക്കാരനായ ഞാൻ, എന്നാലാവുംവിധം, അഴിമതിയും തട്ടിപ്പും വെട്ടിപ്പുമൊക്കെ നടത്തി, എല്ലാവരും ശരിയല്ലാത്തവരാണ് എന്ന് വിധി തീർപ്പും നടത്തി, വിമർശിക്കുന്ന തെറ്റുകളെല്ലാം സ്വയം ആവർത്തിച്ചങ്ങ് തുടരുകയാണ്.

അധികാരലഹരി

ഏറ്റവും വലിയ ലഹരി അധികാരത്തിൽ നിന്ന് ലഭിക്കുന്ന അഡിക്റ്റിവിറ്റി കൂടിയ ലഹരിയാണോ? ഒരിക്കലും അവസാനിക്കാത്ത ആർത്തി തോന്നുന്നത് അധികാര കസേരകളോടും, അതിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങൾക്കായി എന്തും ചെയ്യാൻ തയ്യാറായി ഓടിയെത്തുന്ന പിണിയാളുകളെ കണ്ടിരിക്കുന്നതിലുമാണെന്ന് തോന്നുന്നു. എല്ലാവർക്കും ആരെയെങ്കിലുമൊക്കെ ഭരിക്കണം. അധ്യാപകന് വിദ്യാർത്ഥിയെ, വിദ്യാർത്ഥിക്ക് അധ്യാപകനെ, വികാരിക്ക് വിശ്വാസിയെ, വിശ്വാസിക്ക് തിരിച്ചും, ഭാര്യയും ഭർത്താവും പരസ്പരവും ഭരിക്കാൻ ശ്രമിക്കുന്നതിനിടയിലാണത്രേ സംഘർഷങ്ങളൊക്കെ പൊട്ടിപ്പുറപ്പെടുന്നത്. ഇക്കാലത്ത് ഒറ്റയ്ക്ക് ജീവിക്കുന്നവർ കൂടുതലായി പട്ടികളെ വളർത്തുന്നതിനെക്കുറിച്ച് രസകരമായൊരു നിരീക്ഷണം കണ്ടു. പട്ടിയാണെങ്കിൽപ്പിന്നെ വഴിയെ ബുദ്ധിമുട്ടൊന്നുമില്ലാതെ വാലും ആട്ടി നിന്ന് അനുസരിച്ച് കൊള്ളും. ബുദ്ധിമുട്ടൊന്നുമില്ലാതതിനെ ഭരിക്കാം. ഉണ്ട ചോറിനോടത് തീർച്ചയായും നന്ദി കാണിക്കും.

പക്ഷേ, ഇക്കാര്യത്തിലും ഈശോ പറയുന്നത് നമ്മുടെ സാധാരണ ലോജിക്കിലൊന്നും പെടാത്ത, അല്ലെങ്കിൽ നമുക്ക് മനസ്സിലാവാത്ത പുതിയൊരു ഭാഷയാണ്. ഒന്നാമനാകാൻ ആഗ്രഹിക്കുന്നവർ എല്ലാവരുടെയും സേവകനാകണമത്രേ, വലിയവനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരെയും ശുശ്രൂഷിക്കണമത്രേ.

സർവ്വന്റ് ലീഡർഷിപ്പ് ക്ലിക്ക്ഡ്

ഈശോയും, ബൈബിളും, പള്ളി പ്രസംഗവുമൊക്കെ പഴഞ്ചനും കാലഹരണപ്പെട്ടതുമാണെന്ന് കരുതുന്നവരോടിത് പറയാം. ഏതാണ്ട് അരനൂറ്റാണ്ടു കാലമായി ബിസിനസ് മാനേജ്മെന്റ് രംഗത്ത് ഏറെ ശ്രദ്ധ നേടുകയും, പ്രയോഗവൽക്കരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നൊരു നേതൃത്വ ശൈലിയുണ്ട്. റോബർട്ട് ഗ്രീൻലീഫ് എന്നൊരു എഴുത്തുകാരനാണ് സർവന്റ് ലീഡർഷിപ് എന്ന തലക്കെട്ടിൽ അതിന് പ്രചുര പ്രചാരം നൽകിയിരിക്കുന്നത്. ലോകപ്രശസ്തമായ മാനേജ്മെന്റ് സ്ഥാപനങ്ങളിലൊക്കെ ഇത് പഠിക്കാം. നൂറുകണക്കിന് പുസ്തകങ്ങൾ പുറത്തിറങ്ങിയിരിക്കുന്നു ഈ വിഷയത്തെക്കുറിച്ച്. സർവന്റ് ലീഡർഷിപ്പ് പ്രയോഗിച്ചവരാണത്രേ വമ്പിച്ച വിജയം നേടിയിരിക്കുന്നത്. ഹോട്ടലിൽ റൂമിലേയ്ക്ക്, സ്വന്തം ബാഗ് താൻ തന്നെ എടുത്തുകൊള്ളാം എന്നു പറഞ്ഞ പോപ്പ് ഫ്രാൻസിസും, കൽക്കത്തയിലെ തെരുവിൽ നിന്ന് നോബൽ പ്രൈസും പിന്നെ വിശുദ്ധ എന്ന വില നിർണയിക്കാൻ വയ്യാത്ത സമ്മാനവുമൊക്കെ നേടിയ മദർ തെരേസയുമൊക്കെ എംബിഎ പഠിച്ചില്ലെങ്കിലും പ്രാവർത്തികമാക്കിയത് മത്തായിയുടെ സുവിശേഷം വായിച്ചപ്പോൾ കണ്ടെത്തിയ ദാസന്റെ നേതൃത്വമാണ്. വമ്പൻ ബിസിനസ് സ്ഥാപനങ്ങളിലൊക്കെ, ലോജിക്ക് കുറവുണ്ടെന്നു കരുതിയ സർവന്റ് ലീഡർഷിപ്പാണത്രേ ഇപ്പോൾ വർക്ക് ചെയ്യുന്നത്.

അധികാരമുള്ളവർ, അതൊക്കെ വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനവും അവഗണിക്കാനുള്ള അവകാശവും മറ്റുള്ളവർക്ക് കൈമാറുന്നതു പോലെയാകാം. ഉന്നത രാഷ്ട്രീയ നേതാക്കന്മാരുടെ അവസ്ഥ മാത്രമല്ലിത്. എല്ലാക്കാര്യങ്ങളും കൂട്ടായും ചർച്ച ചെയ്തും മാത്രം തീരുമാനമെടുത്തിരുന്ന ഒരു അധികാരി, സമയമെത്തുന്നതിനു മുൻപേ, സഹപ്രവർത്തകന് അധികാരം കൈമാറിയതിനുശേഷം, വല്ലാതെ അവഗണിക്കപ്പെട്ട ഒരു സാഹചര്യം നേരിട്ടറിയാം. പ്രായം കൂടുന്നതിനാൽ അധികാരവും നിയന്ത്രണവും
നഷ്ടപ്പെടുന്ന, കുടുംബങ്ങളിലെ പിതാക്കന്മാർ, അവഗണിക്കപ്പെടുകയും, കറിവേപ്പിലപോലെ ചവുട്ടി അരയ്ക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങൾ ചുറ്റുപാടുകളിൽ വിരളമല്ലല്ലോ. നമ്മളീ നാട്ടുകാരനേയല്ലല്ലോ, നമ്മൾ ഉപയോഗിക്കുന്ന കറൻസി ഇവിടുത്തേതല്ലല്ലോ, ഇവിടുത്തെയീ പത്രാസുകൾക്കൊന്നും അക്കരെ നാട്ടിൽ വിലയൊന്നുമില്ലല്ലോ എന്ന ഉറച്ച ബോധത്തോടുകൂടിയെ കസേരയൊക്കെ വിട്ടിറങ്ങാവൂ.

അപരന്റെ കണ്ണീര് കാണുന്നുണ്ടോ?

ദാസന്മാരുടെ കണ്ണുകൾ നാഥന്റെ പക്കലേയ്ക്കും, ദാസിയുടേത് നാഥയുടെ പക്കലേയ്ക്കും എന്നതുപോലെ എന്നാണല്ലോ നാം പ്രാർത്ഥിക്കുന്നത്. ദാസന്റെ/ദാസിയുടെ കണ്ണുകൾ എപ്പോഴും നോക്കുന്നത് നാഥനിലേയ്ക്ക്, മറ്റുള്ളവരിലേയ്ക്കാണ്. വലിയവരാകാനും, ഒന്നാമതെത്താനും ആഗ്രഹിക്കുന്നവർ എപ്പോഴും മറ്റുള്ളവരിലേയ്ക്ക്‌ നോക്കുകയും അവർക്ക് പ്രാധാന്യം നൽകുകയും ചെയ്യണമെന്നാണ്, പ്രധാന സ്ഥാനം തേടിയെത്തിയ, സെബദീ പുത്രന്മാരുടെ അമ്മയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിൽ ഈശോ വിശദീകരിക്കുന്നത്. തന്റെ മാസ്റ്റർ, രാത്രിയുടെ ഏതു സമയത്തെത്തിയാലും സേവനം നൽകുന്നതിനായി കാത്തിരിക്കുന്ന സർവന്റിനെക്കുറിച്ച് ഈശോ പറയുന്നുണ്ട്. ഒരു നിമിഷം പോലും, രാത്രിയുടെ അവസാന യാമങ്ങളിൽപ്പോലും, സ്വന്തം കാര്യം അന്വേഷിക്കാതെ അപരനിലേക്ക് നോക്കാൻ വെല്ലുവിളിക്കുന്നത് നമ്മളെയും കൂടിയാണോ? അപരന്റെ ആവശ്യങ്ങളാണ് നമ്മുടെ നിരന്തര ശ്രദ്ധ പതിയേണ്ട പ്രധാനപ്പെട്ട മേഖല. നമ്മുടെ നോമ്പ് ഫലം പുറപ്പെടുവിക്കണമെങ്കിൽ ശ്രദ്ധിക്കേണ്ടതിതാണെന്നും ഈ ഭാഗം പറയുന്നുണ്ടോ?

സർവന്റിന്റെ ആറ്റിറ്റ്യൂഡിനെക്കുറിച്ച് നമ്മൾ മറ്റൊരിടത്ത് കാണുന്നുണ്ട്. കുറ്റവും കുറവുമില്ലാതെ എല്ലാം ചെയ്തിട്ട്, ഞാനോ പ്രയോജനരഹിതനായ ദാസൻ, ഞാനെന്റെ ദൗത്യം മാത്രം ചെയ്തു, എന്ന് വാക്കുകളിൽ പറയുക മാത്രമല്ല, ഹൃദയത്തിന്റെ ആഴങ്ങളിൽത്തന്നെ വിശ്വസിക്കാനുമാവുമോ? ഒരു നന്ദി വാക്കുപോലും പ്രതീക്ഷിക്കാത്ത കർത്തവ്യ നിർവഹണമാകുമത്.

മറ്റൊരു രംഗം കൂടിയുണ്ട്. രണ്ട് സേവകരെ നല്ലവനും വിശ്വസ്തനുമായ ഭൃത്യനെന്ന് വിളിക്കുന്ന രംഗം. അവരുണ്ടാക്കിയ നേട്ടത്തിനനുസരിച്ച് അത്രയും നഗരങ്ങളുടെ ചുമതലയാണവരെ ഏല്പിക്കുന്നത്. ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ ദാസനാകാൻ പറഞ്ഞതിന്റെ ഗുട്ടൻസ് ഇതിലൊക്കെയായിരിക്കും കിടക്കുന്നത്.

നമ്മളെന്താ നന്നാവാത്തെ?

ഈശോയുടെ കൂടെ നടന്നപ്പോഴൊന്നും, ഈശോയുടെ ചിന്തകളും, ദർശനങ്ങളും, ഭാഷയും, വീക്ഷണവുമൊന്നും ശിഷ്യർക്ക് മനസിലായില്ലെന്നത് യാഥാർത്ഥ്യം. പക്ഷേ, യേശുവിന്റെ പീഡാസഹനവും, കുരിശു മരണവും ഉത്ഥാനവും പരിശുദ്ധാത്മാവിന്റെ ആഗമനവുമൊക്കെ, അവരെ ‘മരണം എനിക്ക് നേട്ടമത്രേ’ എന്ന് പറയത്തക്ക ബോധ്യമുള്ളവരാക്കി. എത്രയെത്ര ഈസ്റ്ററും പന്തക്കുസ്തയും നമ്മളെ കടന്നു പോയിരിക്കുന്നു. എന്നിട്ടുമെന്തേ നമ്മളിൽ പലരുമിങ്ങനെതന്നെയായിരിക്കുന്നത്. എന്താ ഭായ്, നമ്മളെന്താ നന്നാവാത്തെ?

സുരക്ഷാ സംവിധാനങ്ങളൊക്കെ വർദ്ധിച്ചതു കൊണ്ടാവാം, വിമാന റാഞ്ചൽ വാർത്തകളൊന്നുമിപ്പോൾ കേൾക്കാനില്ല. അതുകൊണ്ട് മോചിക്കുന്നതിനുവേണ്ടിയുള്ള റാൻസം മണി – മോചന ദ്രവ്യത്തെക്കുറിച്ചും കേൾക്കാനില്ല. എനിക്കും നിനക്കും വേണ്ടി, പീഡകൾ സഹിച്ച്, കുരിശിൽ ജീവൻ നല്കി, മോചനദ്രവ്യമാകുന്ന ഈശോയുടെ, മാതൃകയാണ് സുവിശേഷ ഭാഗത്തിന്റെ തുടക്കത്തിൽ കാണുന്നത്. ദൈവരാജ്യത്തിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്ന, ശുശ്രൂഷകന്റെ സ്വഭാവങ്ങളുള്ളവൻ, അപരനു വേണ്ടി, അവന്റെ ആവശ്യങ്ങൾക്കായി, ജീവൻ പോലും നഷ്ടപ്പെടുത്തുന്നവരായിരിക്കും. മത്സ്യത്തൊഴിലാളികൾക്കു വേണ്ടി മാത്രമല്ല, പരാജയപ്പെട്ടേക്കാമെങ്കിലും, മറ്റനേകം സംഘർഷ, പ്രതിരോധ സാഹചര്യങ്ങളിലും കുരിശെടുക്കാനും, മരണം വരിക്കാനുമവൻ തയ്യാറാകും. കാരണം അപരന്റെ കണ്ണീരിലാണല്ലോ അവന്റെ കണ്ണുടക്കിയിരിക്കുന്നത്.

വാൽക്കഷണം – സമൂഹത്തിലെ ആർക്കും വേണ്ടാത്ത കുറെയേറെ ജന്മങ്ങൾക്കുവേണ്ടി ഓടിപ്പാഞ്ഞു നടക്കുന്ന ആ മനുഷ്യനെ നാളുകളായി ദൂരെ നിന്ന് നോക്കിക്കാണു സുണ്ടായിരുന്നു. ഓരോ മാസവും ആവർത്തിക്കുന്ന അതിഭീമമായ സാമ്പത്തികാവശ്യങ്ങൾക്കായി തെണ്ടിത്തിരയുന്ന, പരിഹസിക്കപ്പെടുന്ന, മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെടുന്ന, ‘ഞാനാണോ ഇവരെ പ്രസവിച്ചത്’ എന്ന് കലഹിക്കുന്ന ഒരാളെയാണ് അടുത്തു കണ്ടത്. രാത്രിയുടെ അവസാന മണിക്കൂറിലും ശുഷ്ക്കാന്തി നഷ്ടപ്പെടാത്ത സേവകനാകാനാണല്ലോ എന്റെയും, നമ്മുടെയും വിളിയെന്നോർക്കുമ്പോൾ ഒരു നടുക്കം.

✝️ ✝️ ✝️ ✝️ ✝️

(കോളേജ് അദ്ധ്യാപകനും കെയ്റോസ് ഗ്ലോബൽ ചീഫ് എഡിറ്ററുമാണ് ലേഖകൻ)
……………………………………
Publisher: Fr Paul Kottackal (Sr)
Email: frpaulkottackal@gmail.com
homilieslaity.com

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s