എന്റെ സ്നേഹമുള്ള രാജ്ഞിയെ, വ്യാകുലമാതാവേ, ദൈവപുത്രൻ നിന്റെ ഉദരത്തിൽ മനുഷ്യാവതാരം ചെയ്തത് എനിക്ക് വേണ്ടി ആയിരുന്നല്ലോ. കുരിശിലെ പീഡകൾക്ക് അവനെ നീ വിട്ടുകൊടുത്തതും എനിക്ക് വേണ്ടിയായിരുന്നു…
അവൻ പിറന്ന ഉടനെ അവന്റെ പാദങ്ങളെ നിന്റെ സൃഷ്ടാവിന്റെ പാദങ്ങളായും അവന്റെ കരങ്ങളെ നിന്റെ കർത്താവിന്റെ കരങ്ങളായും അവന്റെ മുഖം നിന്റെ പുത്രന്റെ മുഖമായും നീ ചുംബിച്ചു… ബെദ്ലഹേംമിലെ പുൽക്കൂട്ടിൽ വെച്ച് ‘എന്റെ മകനെ! എന്റെ ദൈവമേ! എന്റെ കർത്താവേ’ എന്ന് നീ ഈശോയെ വിളിച്ചു…
ഇത്ര ഉന്നതനായ പുത്രന്റെ മാതാവേ, സൃഷ്ടാവിനെ ഗർഭപാത്രത്തിൽ വഹിക്കാൻ നിനക്ക് സാധിച്ചതിനെക്കുറിച്ച് എന്റെ അപേക്ഷകൾ അവനോട് പറയാൻ തീരുമനസ്സാകണേ. എന്റെ കുരിശുകൾ പരാതിയില്ലാതെ ഏറ്റെടുക്കാൻ സഹായിക്കണേ..എന്റെ പാപങ്ങളാലും നിത്യസ്തുതിയ്ക്ക് യോഗ്യമായ ദിവ്യകാരുണ്യം യോഗ്യതയില്ലാതെ കൈക്കൊണ്ടതിനാലും അവനെ വേദനിപ്പിച്ചതിന് പൊറുതി മേടിച്ചു തരണേ. എന്റെ പാപങ്ങളാൽ നിന്റെ തിരുക്കുമാരനെ ഞാൻ തള്ളിക്കളയാനിടവരരുതേ.
ദൈവദൂതന്മാരുടെയും മനുഷ്യരുടെയും രാജ്ഞിയേ, പാപത്തെ വിട്ടുപേക്ഷിച്ച് പുണ്യത്തിന്റെ പാതയിൽ നടക്കാനും എരിവുള്ള ഹൃദയത്താൽ നിന്റെ മകനെ സ്നേഹിക്കാനും ബുദ്ധിമുട്ടുന്ന എന്റെ, ആവശ്യങ്ങൾ നല്ലപോലെ അറിയാവുന്ന നീ എനിക്കായി അവനോട് അപേക്ഷിക്കണേ. എന്റെ ഈശോയുടെ അമ്മേ, എന്റെ ആത്മാവിനെ സദ്ഗുണങ്ങളാൽ അലങ്കരിച്ച് അങ്ങേ പുത്രന് പ്രിയപ്പെട്ട പൂങ്കാവനമാക്കാൻ മനസ്സാവണെ. എനിക്കായി ചൊരിഞ്ഞ അവന്റെ തിരുച്ചോര വ്യർത്ഥമായി പോകാതിരിക്കട്ടെ…
എന്റെ നല്ല ഈശോയെ, വ്യാകുലമടിയിൽ ഇരുന്നുകൊണ്ട് നിന്റെ വസ്ത്രാഞ്ചലത്തിൽ ഞാൻ മുറുകെ പിടിക്കുന്നു. എന്റെ അശുദ്ധചിന്തകൾ വഴിയായി മുള്ളുകൾ ആഴ്ത്തപ്പെട്ട നിന്റെ തിരുത്തലയെ കണ്ണുനീരോടെ ഞാൻ മുത്തുന്നു. ഓ, നല്ല ഈശോയെ, എന്റെ ദുഷ്ട കാഴ്ചകൾ വഴിയായി ഞെരുക്കത്താൽ മൂടപ്പെട്ട നിന്റെ തൃക്കണ്ണുകളെ ഞാൻ മുത്തുന്നു. നല്ല ഈശോയെ, എന്റെ അശുദ്ധമായ സംസാരം വഴി ചോരയാൽ നനഞ്ഞ നിന്റെ തിരുവായയെ ഞാൻ മുത്തുന്നു. സ്നേഹമുള്ള ഈശോയെ എന്റെ ദുഷ്ടപ്രവൃത്തികൾ മൂലം ആണികളാൽ തുളക്കപ്പെട്ട അങ്ങേ തിരുക്കരങ്ങളെ ഞാൻ മുത്തുന്നു. എന്റെ ആത്മാവിനെ അതിൽ ഞാൻ വെക്കുന്നു. കഠിനപരീക്ഷകളിൽപെടുമ്പോൾ അങ്ങേ മടിയിലേക്ക് എന്നെ എടുത്തുവെക്കണേ.
തിരുകുരിശിനാൽ ലോകത്തെ വീണ്ടുരക്ഷിച്ച കർത്താവേ, ആത്മാർത്ഥമായ അനുതാപം എനിക്ക് നീ നൽകണേ… നിന്നെ വേദനിപ്പിച്ച എന്റെ പാപങ്ങളോർത്ത് ഞാൻ കരയട്ടെ… നീ എന്റെ ആശ്രയവും രക്ഷയും മഹിമയും ബലവുമാണെന്ന് ഓർക്കണമേ.
പരിശുദ്ധ ദൈവമാതാവേ, അങ്ങേ പുത്രന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ… എന്റെ കുരിശുകൾ ഞാൻ സന്തോഷത്തോടെ വഹിക്കട്ടെ…
