ദൈവത്തിന്റെ വിശുദ്ധ ജോൺ (St. John of God)
ജീവിതത്തിലെ കുറേയധികം വർഷങ്ങൾ ദൈവത്തോട് ചേർന്നുനിൽക്കാതെ, ഫലം ചൂടാതെ, പാഴാക്കിയതായി തോന്നിയിട്ടുണ്ടോ? ഇനിയുള്ള കൊല്ലങ്ങളിൽ പ്രാർത്ഥനയും പരിഹാരവുമെല്ലാം മെച്ചപ്പെടുത്തി ദൈവത്തെ ആഴത്തിൽ സ്നേഹിക്കും എന്ന് തീരുമാനിച്ചിട്ടും ഓരോ കൊല്ലങ്ങൾ കൊഴിഞ്ഞു പോവുമ്പോൾ നിരാശ തോന്നിയിട്ടുണ്ടോ? എങ്കിൽ നിരാശപ്പെടേണ്ട. ഈ സ്വീകാര്യമായ സമയത്തിൽ , രക്ഷയുടെ ദിവസത്തിൽ, നിങ്ങളുടെ പൂർണ്ണസമ്മതം മാത്രം മതി. വയസ്സൊരു പ്രശ്നമേയല്ല. ദൈവത്തിന്റെ വിശുദ്ധ ജോണിന് (St. John of God) ഇതുപോലെ ചിന്തകൾ വന്നപ്പോൾ വയസ്സ് 40 ആയിരുന്നു. പിന്നെയും അഞ്ച് വർഷമെടുത്തു തൻറെ ശരിയായ വിളി തിരിച്ചറിയുവാൻ. പാഴായ വർഷങ്ങൾക്ക് പകരം അടുത്ത പത്തു കൊല്ലം ജോൺ ദൈവത്തിന് സ്വീകാര്യമായ ഒരു അർച്ചനയാക്കി.
1495ൽ പോർച്ചുഗലിൽ ജനിച്ച ജോൺ മാതാപിതാക്കൾക്ക് ഏകമകനായിരുന്നു. എട്ടുവയസ്സുള്ളപ്പോൾ പൊടുന്നനെ അവൻ അപ്രത്യക്ഷനായി. ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ അതോ ഗ്രാമത്തിൽ പുതുതായി പ്രത്യക്ഷപ്പെട്ട ഒരു പുരോഹിതൻ പുറമെയുള്ള ലോകത്തെപ്പറ്റി പറയുന്ന നിറം പിടിപ്പിച്ച കഥകൾ കേട്ട് അയാളുടെ പിന്നാലെ പോയതാണോ എന്ന് ആർക്കുമുറപ്പില്ല. തൻറെ മാതാപിതാക്കളെ പിന്നീടൊരിക്കലും ജോൺ കണ്ടില്ല.
സ്പെയിനിൽ ഓറോപാസക്കടുത്ത് തെരുവുകളിലും കുന്നുകളിലും ജോൺ അലഞ്ഞുതിരിഞ്ഞു. ശേഷം ഒരു ആട്ടിടയനായി ജോലി നോക്കി. യുദ്ധങ്ങൾ സാധാരണമായിരുന്ന ഒരു സമയമായിരുന്നു അത്. കുറെ കൊല്ലങ്ങൾക്കു ശേഷം ചാൾസ് അഞ്ചാമന്റെ കാലാൾപടയിൽ ജോണും ചേർന്നു. ഫ്രഞ്ച് സൈന്യത്തിനെതിരായും തുർക്കിപ്പടക്കെതിരായുമൊക്കെ യുദ്ധം ചെയ്തു. മലഞ്ചെരിവിൽ ആട്ടിടയനായിരിക്കുമ്പോഴും ഉള്ളിൽ കാത്തുസൂക്ഷിച്ചിരുന്ന വിശ്വാസവും പ്രാർത്ഥനാചൈതന്യവും പതിയെ അവന് നഷ്ടപ്പെട്ടു. ദൈവത്തിൽ നിന്നകന്നു.
എങ്കിലും സ്നേഹമുള്ള മാതാപിതാക്കളോടൊത്തുള്ള ജീവിതവും ആടുകളെ മേയ്ച്ചുകൊണ്ടിരുന്നപ്പോഴത്തെ സമാധാനവും ഇടക്കിടെ അവന്റെ ചിന്തയിൽ വന്നിരുന്നു. മനുഷ്യരെ കൊന്നൊടുക്കുന്ന, അശാന്തി നിറഞ്ഞ യുദ്ധസാഹചര്യങ്ങൾ ജോണിന് ഒട്ടും തന്നെ സന്തോഷം നൽകിയില്ല. പാവങ്ങളോടും ദുരിതമനുഭവിക്കുന്നരോടും അന്നേ ജോണിന് കരുണ ഉണ്ടായിരുന്നു. ഭിക്ഷക്കാരെ ഒന്നും കൊടുക്കാതെ പറഞ്ഞയച്ചിരുന്നില്ല.
ഒരിക്കൽ കുതിരപ്പുറത്തു നിന്ന് വീണു സാരമായി പരിക്കേറ്റ ജോൺ ശത്രുക്കളുടെ കൈകളിൽ അകപ്പെടുമോ എന്ന പേടിയിൽ കിടക്കുമ്പോൾ കുട്ടിക്കാലത്തെ പ്രാർത്ഥനകൾ ചുണ്ടിൽ വരാൻ തുടങ്ങി. തന്നെ രക്ഷിക്കണമെന്ന് പരിശുദ്ധ അമ്മയോട് യാചിച്ചു . എന്തായാലും ജോൺ അന്ന് രക്ഷപ്പെട്ടു. മറ്റൊരിക്കൽ യുദ്ധാനന്തരം പിടിച്ചെടുത്ത കൊള്ളമുതലിനു കാവൽ നിൽക്കുന്ന പണി ജോണിന് കിട്ടി. പക്ഷെ അതിൽ ഭൂരിഭാഗവും ആരോ കടത്തിക്കൊണ്ടുപോയി . സംശയത്തിന്റെ നിഴലിലായ ജോണിനെ വെടിവെച്ചുകൊല്ലാൻ വിധിച്ചു. അവൻറെ ഭാഗ്യത്തിന്, കരുണയുള്ള ഒരു ഓഫീസറുടെ ഇടപെടൽ മൂലം അവൻ രക്ഷപ്പെട്ടു. ഇത്രയുമൊക്കെ ആയപ്പോഴേക്ക് ഒരു സൈനികനായുള്ള ജീവിതത്തോട് അവനു മടുപ്പായി.
ജോണിന് 40 വയസ്സുള്ളപ്പോൾ അവനു സൈന്യസേവനത്തിൽ നിന്ന് വിടുതൽ കിട്ടി. ഇനിയുള്ള അവന്റെ ജീവിതം ശരിയായി വിനിയോഗിക്കാൻ അവൻ തീരുമാനിച്ചു. ഒരു തീർത്ഥാടനത്തിന് പോയ അവൻ കുമ്പസാരത്തിനു ശേഷം, ഇനിയുള്ള തൻറെ ജീവിതം പാപപരിഹാരത്തിനായി അർപ്പിക്കുമെന്നു പ്രതിജ്ഞ ചെയ്തു. അവന്റെ കുട്ടിക്കാലത്തെപ്പറ്റിയുള്ള ചിന്ത വന്നപ്പോൾ ജോൺ താൻ ജീവിച്ചിരുന്ന സ്ഥലം തപ്പിപ്പിടിച്ച് മാതാപിതാക്കളെ കുറിച്ച് അന്വേഷിച്ചു.മകനെ കാണാതായ വിഷമത്തിൽ അമ്മ ഹൃദയം പൊട്ടി മരിച്ചെന്നും ഫ്രാൻസിസ്കൻ സഭയിൽ ചേർന്ന പിതാവും താമസിയാതെ മരിച്ചെന്നുമാണ് അറിഞ്ഞത്. താൻ കാരണമാണ് ഈ ദുരന്തമെല്ലാം എന്ന് മനസ്സിലാക്കിയ ജോൺ പിന്നീട് അവിടെ നിന്നില്ല. വീണ്ടും സ്പെയിനിലേക്ക് പോയ ജോണിന് ഇടയൻറെ ജോലി തന്നെയാണ് കിട്ടിയത്.
പക്ഷെ ജീവിതം ആകെ വ്യത്യാസപ്പെട്ടിരുന്നു. കൂടുതൽ സമയം പ്രാർത്ഥനയിലും ധ്യാനത്തിലും ചിലവഴിച്ചു. താൻ പാഴാക്കി കളഞ്ഞ വർഷങ്ങളെപ്പറ്റി ഓർത്ത് പാപം നിറഞ്ഞ ഭൂതകാലത്തിനു പകരമായി എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചു. ആഫ്രിക്കയിലെ ക്രിസ്ത്യൻ അടിമകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നോർത്ത് ജിബ്രാൾട്ടറിലേക്ക് പോയെങ്കിലും അവിടെ അധികം നാൾ നില്ക്കാൻ പറ്റിയില്ല. തൻറെ പാപങ്ങൾക്ക് പരിഹാരവും മറ്റുള്ളവർക്ക് സഹായവുമെന്ന രീതിയിൽ ഒരു പണി ജോൺ കണ്ടുപിടിച്ചു. ഒരു ഉന്തുവണ്ടിയിൽ ഈശോയുടെയും മാതാവിന്റെയും കുറച്ചു ചിത്രങ്ങളും പുണ്യവസ്തുക്കളും മെഡലുകളും കൊണ്ടുനടന്നു വിൽക്കാൻ തുടങ്ങി . സാധനങ്ങൾ മേടിക്കുന്നവർക്ക് അതെങ്ങനെ ഉപയോഗിക്കണമെന്ന ഉപദേശവും കൊടുത്തു.ഈ വിധം ജോൺ ഗ്രാനഡയിൽ എത്തി.
മറ്റുള്ളവരിലേക്ക് ആത്മീയഉപദേശങ്ങൾ എത്തിക്കാൻ കഴിയുമെന്നുള്ളതുകൊണ്ട് ഈ രീതി ജോണിനിഷ്ടപ്പെട്ടു . അവൻ ഗ്രാനഡയിൽ ഒരു മുറി വാടകക്കെടുത്ത് പ്രാർത്ഥനപുസ്തകങ്ങളുടെയും മറ്റു പുണ്യവസ്തുക്കളുടെയും വിൽപ്പന തുടർന്നു. അടുത്തുള്ള പള്ളിയിലേക്ക് എന്നും അവൻ പോകാറുണ്ടായിരുന്നു.
വിശുദ്ധ സെബാസ്ററ്യന്റെ തിരുന്നാൾ സ്പെയിനിൽ വലിയ ആഘോഷമാണ്. അന്നേ ദിവസം ആവിലായിലെ വിശുദ്ധ ജോണിന്റെ ( വി.ജോൺ ഓഫ് ദി ക്രോസ്സ് അല്ല ) പ്രസംഗം കേൾക്കാനിടയായി. ജോണിന്റെ ഉള്ളിൽ അത് വല്ലാതെ പതിഞ്ഞു. യേശുക്രിസ്തുവിനു വേണ്ടി സ്വയം ഒരു വിഡ്ഢിയാകുന്നതിന്റെ ലാഭത്തെകുറിച്ചായിരുന്നു ആ പ്രസംഗം. മറ്റുള്ളവരിൽ നിന്ന് ശിക്ഷ ലഭിക്കുന്നത് തൻറെ പാപങ്ങൾക്ക് പരിഹാരമാകുമെന്ന് ചിന്തിച്ച ജോണിന് അത് വളരെ ഇഷ്ടപ്പെട്ടു.
ആളുകൾ തെരുവിലേക്കൊഴുകിയപ്പോൾ ജോൺ ഉറക്കെകരഞ്ഞുകൊണ്ട് മുടി വലിച്ചു പറിച്ച് ചെളിയിൽ കിടന്നുരുണ്ടു. ആളുകൾ ചിരിക്കുംതോറും ജോൺ കൂടുതൽ അഭിനയിച്ചു. ജോണിന് കാര്യമായെന്തോ പറ്റിയിട്ടുണ്ടെന്ന് വിചാരിച്ച ആളുകൾ അവനെ മെന്റൽ ഹോസ്പിറ്റലിലാക്കി. വളരെ ക്രൂരമായി ആയിരുന്നു അവിടുള്ളവർ പീഡിപ്പിക്കപ്പെട്ടിരുന്നത്. അവിടുത്തെ അന്തേവാസികളുടെ ശോചനീയാവസ്ഥ കണ്ട് ജോണിന് സങ്കടമായി. ആവിലയിലെ വിശുദ്ധ ജോൺ വന്നിട്ട് ജോണിനെ അവന്റെ അഭിനയത്തിന് വഴക്കു പറഞ്ഞു അവിടെ നിന്ന് വിടുവിച്ചു. ഒരു ശല്യക്കാരൻ ആകാതെ മറ്റുള്ളവരെ സഹായിക്കാൻ ക്രിയാത്മകമായ എന്തെങ്കിലും ചെയ്യാൻ അവനോട് പറഞ്ഞു.
അങ്ങനെ 1540ൽ തൻറെ നാല്പത്തിയഞ്ചാം വയസ്സിൽ ഗുഡലുപ്പേ മാതാവിന്റെ അടുത്തേക്ക് ഒരു തീർത്ഥയാത്ര പോയി ഗ്രാനഡയിലേക്ക് മടങ്ങുമ്പോൾ ജോണിന്റെ മനസ്സിൽ ഒരു ആശുപത്രി തുടങ്ങാനുള്ള ആലോചനയായിരുന്നു,രോഗികളോടുള്ള സ്നേഹത്തിന് മുൻഗണന കൊടുക്കുന്ന ഒരാശുപത്രി. ദൈവത്തോടുള്ള അർപ്പണത്തിൽ നിന്നും പ്രാർത്ഥനയിൽ നിന്നും ഉടലെടുക്കുന്ന സ്നേഹമാകണം അതെന്നു ജോൺ തീരുമാനിച്ചു. വിറകും മറ്റും വിറ്റുകൊണ്ട് കിട്ടുന്ന തുച്ഛമായ പണം കൊണ്ട് ജോൺ ചുറ്റിനും ഉള്ള പാവങ്ങൾക്ക് ഭക്ഷണം മേടിച്ചു കൊടുത്തിരുന്നു.
ജോണിന്റെ മനസ്സ് ദൈവം കണ്ട് സഹായിച്ചെന്ന് തോന്നിക്കുംവിധം ‘പാവങ്ങളെ താമസിപ്പിക്കാനാണെങ്കിൽ വീട് കൊടുക്കാനുണ്ട് ‘ എന്ന ബോർഡ് തൂക്കിയിട്ടിരിക്കുന്നത് കണ്ട പാടേ ജോൺ ആ വീട് വാടകക്കെടുത്തു. കിടക്കക്കുള്ള പണം യാചിച്ചുണ്ടാക്കിയതിനു ശേഷം ആ നാട്ടിലെ മുടന്തരെയും യാചകരെയും മറ്റു രോഗികളെയും ജയിൽ മോചിതരെയുമൊക്കെ അങ്ങോട്ടേക്ക് നയിച്ചു . നടക്കാൻ പറ്റാത്തവരെ സ്വന്തം തോളിൽ ചുമന്നു കൊണ്ടുവന്നു. ജോൺ അവരുടെയെല്ലാം മുറിവുകൾ വൃത്തിയാക്കി , കുളിപ്പിച്ചു , പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവരുടെ വസ്ത്രങ്ങൾ തുന്നി ശരിയാക്കി. ജോൺ അവർക്ക് ഹോസ്പിറ്റൽ നടത്തിപ്പുകാരനും ഡോക്ടറും നഴ്സും ആത്മീയ ഉപദേശകനും എല്ലാമായിരുന്നു. പൈസക്ക് വേണ്ടി ഒരു പാത്രം കയ്യിലെടുത്ത് , തൻറെ ഏറ്റവും ഉയർന്ന ശബ്ദത്തിൽ നാട്ടിലൂടെ വിളിച്ചു പറഞ്ഞു നടന്നു, “ദൈവസ്നേഹത്തേ ഓർത്ത്, നിങ്ങൾക്ക് തന്നെ നന്മ ചെയ്യൂ .. സഹോദരരെ നന്മ ചെയ്യൂ” അവർ ചെയ്യുന്ന നന്മക്ക് ദൈവം പ്രത്യുപകാരം ചെയ്യുന്നവനാണ് എന്നാണ് ജോൺ അതിലൂടെ ഉദ്ദേശിച്ചത്. അവൻ എന്തുമാത്രം മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്നു എന്ന് കണ്ടപ്പോൾ ആളുകൾ സഹായിക്കാൻ തയ്യാറായി.
പക്ഷെ ആരാണ്, എന്താണ് എന്നൊന്നും അറിയാതെ സഹായം ആവശ്യമായ എല്ലവരെയും ജോൺ സ്വാഗതം ചെയ്യുന്നത് കണ്ട് ആളുകൾ കുറ്റപ്പെടുത്തി . വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ സഹചാരിയായ ബ്രദർ ജൂനിപ്പറിനെ പോലെ നിഷ്കളങ്കമായി, എന്ത് ചെയ്തും ആവശ്യക്കാരെ സഹായിക്കുന്നത് പലപ്പോഴും പ്രശ്നങ്ങളിൽ കൊണ്ടെത്തിച്ചു.വിശക്കുന്ന കുറെ പേരെ കണ്ടപ്പോൾ ഒരു വീട്ടിൽ നിന്ന് ഭക്ഷണം മോഷ്ടിച്ച് കൊടുത്തതും പഴന്തുണി ഇട്ടുനടക്കുന്ന കുട്ടികളെ കണ്ടപ്പോൾ തുണിക്കടയിൽ പോയി ഡ്രെസ്സുകൾ സ്വയം എടുത്ത് അവരെ ഇടുവിച്ചതുമെല്ലാം ഇതിൽ പെടും.
പക്ഷെ, ആലോചിക്കാൻ നിക്കാതെ ആളുകളെ സഹായിക്കുന്ന സ്വഭാവം നന്മയും കൊണ്ടുവന്നിട്ടുണ്ട്. റോയൽ ഹോസ്‌പിറ്റലിനു തീ പിടിച്ചപ്പോൾ ആളുകൾ കാഴ്ചക്കാരായി നിൽക്കുമ്പോൾ ജോൺ ഉള്ളിൽ കയറി രോഗികളെയെല്ലാം പുറത്തേക്കു കൊണ്ടുവന്നു. അതുകഴിഞ്ഞ് പുതപ്പ്, വിരി, കിടക്ക ഒക്കെ കഴിയും പോലെ പുറത്തേക്കു കൊണ്ടുവന്നു. അതു പോലുള്ള സാധനങ്ങൾ രോഗികൾക്കായി മേടിക്കാൻ താൻ പെട്ട പാട് ഓർക്കുമ്പോൾ അതെല്ലാം കത്തിപോകാൻ അനുവദിക്കാൻ അവനെങ്ങനെ കഴിയും.
ഒരിക്കൽ ഗ്രാനഡയിലെ മേയർ കൂടിയായിരുന്ന അവിടുത്തെ ബിഷപ്പ് ജോണിനെ വിളിപ്പിച്ചു. ബിഷപ്പ് പേര് ചോദിച്ചപ്പോൾ ജോൺ പറഞ്ഞു ഒരിക്കൽ അവൻ സഹായിച്ച ഒരു കുട്ടി അവനെ ദൈവത്തിന്റെ ജോൺ എന്ന് വിളിച്ചിട്ടുണ്ടെന്ന്. “എങ്കിൽ നിന്റെ പേര് എന്നേക്കും ദൈവത്തിന്റെ ജോൺ എന്ന് തന്നെ ആയിരിക്കട്ടെ” എന്ന് ബിഷപ്പ് പറഞ്ഞു. അങ്ങനെയാണ് ആ പേര് ജോണിന് കിട്ടിയത്.
Order of Brothers Hospitallers എന്ന സഭസ്ഥാപകനാണ് ജോൺ. Brothers of St . John of God എന്നും അതറിയപ്പെടുന്നു. പക്ഷെ ഒരു സഭ സ്ഥാപിക്കാനൊന്നും ജോൺ വിചാരിച്ചിട്ടുണ്ടായില്ല. അവന്റെ മാതൃകയും പ്രചോദനവും മൂലം അത് വളരുകയാണുണ്ടായത്. അവനെപ്പോലെ ജീവിതം പാഴാക്കികൊണ്ടിരുന്ന, അവനിൽ നിന്നു പ്രായശ്ചിത്തം ചെയ്യാൻ പിന്നീട് പഠിച്ച, ആളുകളാണ് അതിന്റെ ആദ്യഅംഗങ്ങൾ. സഭയുടെ നിയമാവലിക്ക് അംഗീകാരം കിട്ടിയത് ജോൺ മരിച്ച് ആറു വര്ഷങ്ങള്ക്കു ശേഷമാണ്.
പത്തുകൊല്ലത്തെ കഠിനപരിശ്രമങ്ങൾ ജോണിനെ പരിക്ഷീണനാക്കി. അതിനിടയിൽ പുഴയിൽ വീണ ഒരു കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചത് ന്യൂമോണിയ വരാനും കാരണമായെന്ന് പറയുന്നു. ബിഷപ്പ് വന്നാണ് ജോണിന് അന്ത്യകൂദാശ നൽകിയത്. ബിഷപ്പിന്റെ നിർദ്ദേശ പ്രകാരം ജോൺ നഗരത്തെ അനുഗ്രഹിച്ചു. പിന്നീട് തന്നെ കുറച്ചുനേരത്തേക്ക് തനിയെ വിടാൻ ജോൺ എല്ലാവരോടും അപേക്ഷിച്ചു. തനിച്ചായപ്പോൾ ജോൺ കിടക്കയിൽ നിന്നെഴുന്നേറ്റ് ക്രൂശിതരൂപത്തിന്റെ അടുത്തുചെന്ന് മുട്ടുകുത്തി. പിന്നീട് നഴ്‌സുമാർ വരുമ്പോഴും ജോൺ മുട്ടുകുത്തിനിൽക്കുകയായിരുന്നു , തന്റെ രക്ഷകന്റെ പാദത്തിൽ മുഖമർത്തിക്കൊണ്ട്. പക്ഷെ ജോൺ മരിച്ചുകഴിഞ്ഞിരുന്നു. അപ്പോൾ മാർച്ച് 8, 1550 പാതിര കഴിഞ്ഞ സമയമായിരുന്നു.
ജോണിനെ വിശുദ്ധപദവിയിലേക്കുയർത്തിയത് 1690 ൽ ആണ്. ആദ്യകാലജീവിതത്തിൽ ദൈവത്തെ മാനിച്ചില്ലെങ്കിലും തിരിച്ചറിവ് വന്നുകഴിഞ്ഞപ്പോൾ ഉത്സാഹത്തോടെ ദൈവസ്നേഹത്തേ പ്രതി സഹജീവികൾക്ക് വേണ്ടി ജീവിതം അർപ്പിച്ച ദൈവത്തിന്റെ വിശുദ്ധ ജോൺ നമുക്ക് മാതൃകയായിരിക്കട്ടെ…
ജിൽസ ജോയ്

