വിശുദ്ധ ലൂയിസ് ഡി മേരിലാക് വിശുദ്ധ വിൻസെന്റ് ഡി പോളുമായി ചേർന്ന് 1633ൽ ഉപവിയുടെ പുത്രിമാർ എന്ന സന്യാസിനിസമൂഹം സ്ഥാപിച്ചതിൽ പിന്നെയാണ് അതുവരെ മഠത്തിനുള്ളിൽ തന്നെയായിരുന്ന സന്യാസിനിമാർ ആവൃതിവിട്ട് പുറത്തിറങ്ങി പാവങ്ങളെയും ദരിദ്രരെയും അശരണരെയും സഹായിക്കാൻ തുടങ്ങിയത്. വിശുദ്ധ ലൂയിസ് ഡി മേരിലാക് അത്രയധികം ഈശോയെ സ്നേഹിച്ചിരുന്നതുകൊണ്ട്, സ്വയം മറന്ന്, മറ്റുള്ളവരിൽ അവന്റെ മുഖം കണ്ട്,അവർക്കായി സേവനം ചെയ്യാനായി അവളുടെ ജീവിതം സമർപ്പിച്ചു.
1610ൽ വിശുദ്ധ ഫ്രാൻസിസ് ഡി സാലസും വിശുദ്ധ ജെയിൻ ഫ്രാൻസിസ് ഡി ഷന്താളും കൂടെ വിസിറ്റേഷൻ സഭാസമൂഹം സ്ഥാപിച്ചിരുന്നു. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പാവങ്ങളെയും രോഗികളെയും പുറത്തുപോയി സന്ദർശിക്കുന്ന സന്യാസിനികളെയാണ് ഉദ്ദേശിച്ചത്. ആദ്യത്തെ 7 കൊല്ലം അതെല്ലാം വിചാരിച്ചതുപോലെ നടന്നെങ്കിലും സഭാധികാരികളുടെ അനുമതി ലഭിക്കാത്തതുകൊണ്ട് പിന്നീട് സന്യാസിനികൾക്ക് ആവൃതിയിൽ തന്നെ തുടരേണ്ടി വന്നു.
കോൺവെന്റിനു പുറത്തേക്ക് സേവനം വ്യാപിപ്പിക്കുന്നതിൽ വിജയിച്ചത് ഉപവിയുടെ പുത്രിമാർ ആയിരുന്നു. സഭാസമൂഹം എന്നതിനേക്കാൾ ഒരു കൂട്ടായ്മയായാണ് അവർ തങ്ങളെത്തന്നെ കരുതിയത്. നൊവിഷ്യേറ്റ് എന്നൊരു പദമൊന്നും അവർക്കുണ്ടായില്ല, അവരുടേത് ഒരു ഭവനമായിരുന്നെന്നല്ലാതെ. പക്ഷെ ദാരിദ്ര്യം,കന്യാവ്രതം, അനുസരണം എന്നിവ കർശനമായി പാലിച്ചു. മാത്രമല്ല മറ്റു സഭാസമൂഹങ്ങളെപ്പോലെ അവർ കൂട്ടായ്മയിൽ തന്നെ കഴിഞ്ഞു.
വിശുദ്ധ വിൻസെന്റ് ഡി പോൾ അവരോട് പറഞ്ഞു,” നിങ്ങളുടെ മഠം രോഗികൾക്ക് വേണ്ടിയുള്ള ഭവനങ്ങൾ ആയിരിക്കും ; നിങ്ങളുടെ അറകൾ ( cell ) അവരുടെ വാടകമുറികൾ ; നിങ്ങളുടെ ചാപ്പലുകൾ ഇടവകപള്ളി പോലെയും നിങ്ങളുടെ ആവൃതികൾ നഗരത്തിലെ തെരുവുകൾ പോലെയോ ഹോസ്പിറ്റൽ വാർഡ് പോലെയോ ആകട്ടെ ; അനുസരണ ആയിരിക്കും നിങ്ങളുടെ വേലിക്കെട്ട് ; നിങ്ങളുടെ ചട്ടക്കൂട് ദൈവഭയവും ശിരോവസ്ത്രം ശുദ്ധമായ എളിമയും ആകട്ടെ”
“ഇഷ്ടത്തോടെ സ്വീകരിക്കുന്ന സഹനങ്ങൾ നിത്യതയിലേക്കുള്ള പാസ്പോർട്ട് ഉറപ്പാക്കും” ലൂയിസ് എഴുതി. സഹനങ്ങളില്ലാത്ത സമയങ്ങൾ അവൾക്കുണ്ടായിരുന്നില്ല താനും. കുഞ്ഞുലൂയിസ് 1591 ഏപ്രിൽ 12 nu ഫ്രാൻസിൽ ജനിക്കുമ്പോൾ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയമായിരുന്നു. ഫ്രഞ്ചുകാർ എപ്പോഴും യുദ്ധത്തിലായിരുന്ന കാലഘട്ടം. പാരീസ് നീണ്ടകാലം ഉപരോധത്തിലായിരുന്നു. ദരിദ്രർ പട്ടിണിയും പരിവട്ടവുമായി മരിച്ചുവീണുകൊണ്ടിരുന്നു. ഭീതിയും അലമുറയും നിരാശയും എങ്ങും. മാനസികഭാരം താങ്ങാനാവാതെ ലൂയിസിനെ പ്രസവിച്ചതിനു ശേഷം അവളുടെ അമ്മ മരിച്ചു.
അവളുടെ അപ്പന്റെ തണലിലും സ്നേഹത്തിലും അവൾ വളർന്നു വന്നു. ‘ഈലോകത്തിലെ എന്റെ ആശ്വാസം’ എന്ന് അവളെ അപ്പൻ വിളിച്ചു. കത്തോലിക്കാസഭയിലെ സത്യങ്ങൾ ആ പിതാവ് മകളെ പഠിപ്പിച്ചു. കുറച്ചു കാലത്തേക്ക് ലൂയിസ് ഡൊമിനിക്കൻ സന്യാസിനികളുടെ സംരക്ഷണയിലായിരുന്നു. അവളെ അധികകാലം പിരിഞ്ഞിരിക്കാൻ വയ്യാത്തതുകൊണ്ട് അവളുടെ പിതാവ് അവളെ തിരിച്ചുകൊണ്ടുവന്ന് ഒരു നല്ല ടീച്ചറെ ഏൽപ്പിച്ചു. അവർ ലൂയിസിനെ ലാറ്റിനും സംഗീതവും ചിത്രരചനയും പടംവരയും തുന്നൽപ്പണിയും വീട്ടുജോലിയുമെല്ലാം പഠിപ്പിച്ചു. അവളുടെ ചെറുഹൃദയം അപ്പോഴേ ഈശോയോടുള്ള സ്നേഹത്താൽ തുള്ളിത്തുളുമ്പുകയായിരുന്നു. ഒരു ചിത്രം വരച്ചതിനു ശേഷം അതിനു ചുറ്റും അവളെഴുതി “ഈശോ , ഞാൻ സ്നേഹിക്കുന്നവനാരോ അവന്റെ പേര് “.
അവൾക്ക് 13 വയസ്സുള്ളപ്പോൾ അവളുടെ പിതാവ് മരിച്ചു. അപ്പോൾ ശരിക്കും അവളൊരനാഥയായി. വളരെ കർക്കശമായ രീതിയിൽ ജീവിച്ചിരുന്ന ഡോട്ടേഴ്സ് ഓഫ് പാഷൻ എന്ന് പേരുള്ള മഠത്തിൽ ചേരാൻ അവൾ ആഗ്രഹിച്ചു. അവളുടെ അനാരോഗ്യം കാരണം
അവളുടെ അവളുടെ കുമ്പസാരക്കാരൻ അതിൽ നിന്നവളെ പിന്തിരിപ്പിച്ചു. അദ്ദേഹം പറഞ്ഞു, “ദൈവത്തിന് നിന്നെക്കുറിച്ച് വേറെ പ്ലാനുകളാണ് ഉള്ളത്”
അവളുടെ അമ്മാവന്റെ നിർദ്ദേശപ്രകാരം ആന്റണി ലെ ഗ്രാസിനെ 1613ൽ അവൾ വിവാഹം കഴിച്ചു.അദ്ദേഹം ഒരു കത്തോലിക്കനും രാജ്ഞിയുടെ സെക്രട്ടറിയുമായിരുന്നു. അവർക്കുണ്ടായ മകന് മൈക്കിൾ എന്ന് പേരിട്ടു. അവർ രാവിലെയും വൈകീട്ടും ഒരുമിച്ചു പ്രാർത്ഥിച്ചു, ബൈബിൾ വായിച്ചു, ഇടവകപള്ളിയോട് ചേർന്നുനിന്നു, മകന് നല്ല കഥകൾ പറഞ്ഞു കൊടുത്തു. പാവങ്ങളെ പരിചരിച്ചുകൊണ്ടാണ് ലൂയിസ് ഒഴിവുസമയം ചിലവിട്ടത്. അവൾ അവരെ സന്ദർശിച്ച് ഭക്ഷണം കൊടുക്കുകയും കുളിപ്പിക്കുകയും മുടി ചീകിക്കൊടുക്കുകയും ആരോഗ്യപരിരക്ഷ നൽകുകയും ചെയ്തു.
1625ലാണ് ഒരു വിശുദ്ധനായ പുരോഹിതനെ ലൂയിസ് പരിചയപ്പെട്ടത്. പിൽക്കാലത്ത് വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ട വിൻസെന്റ് ഡി പോൾ ആയിരുന്നു അത്. അദ്ദേഹത്തിന്റെ ആത്മീയോപദേശം അവൾ വിലമതിച്ചു. ദൈവത്തിനോടും പാവങ്ങളോടുമുള്ള സ്നേഹത്തിൽ വളരാൻ അദ്ദേഹം അവൾക്ക് പ്രചോദനമായി. 35 കൊല്ലത്തോളം അവരൊന്നിച്ചു ചെയ്ത ബൃഹത്തായ ഉപവിപ്രവൃത്തികൾ എന്നും സ്മരണീയമാണ്.
അതിനിടയിൽ ആന്റണിക്ക് സുഖമില്ലാതായി. ഓരോ ദിവസവും ക്ഷീണിച്ചു ക്ഷീണിച്ചു വന്നു. ലൂയിസ് മാറാതെ രാവും പകലും ഭർത്താവിനടുത്തു നിന്നു. 1625 ഡിസംബർ 21 നു ആന്റണി ശാന്തനായി മരിച്ചു. അദ്ദേഹത്തിന്റെ മരണത്തിനു മുൻപ് തന്നെ തനിക്കൊരു പുനർവിവാഹം ഉണ്ടാവില്ലെന്നും ദൈവത്തിനായി ജീവിതം കൊടുക്കുമെന്നു ലൂയിസ്
തീരുമാനിച്ചിരുന്നു . ദൈവഹിതം പോലെ തൻറെ ജീവിതം ആക്കിത്തീർക്കാൻ ലൂയിസ് അവിടുത്തോട് അപേക്ഷിച്ചു. പാവപ്പെട്ടവരുടെ ഏരിയയിലേക്ക് അവൾ താമസം മാറി. അവൾ തൻറെ ഡയറിയിലെഴുതി, “എന്റെ ശിഷ്ടജീവിതം, ഈ ലോകത്തിൽ വിശുദ്ധിയുള്ളതും മറഞ്ഞിരിക്കുന്നതുമായ ജീവിതം കഴിച്ച യേശുക്രിസ്തുവിനെ അനുകരിച്ചു കൊണ്ടുള്ളതായിരിക്കണം”.
30 കൊല്ലത്തെ യുദ്ധം ഫ്രാൻസിൽ കൊടുമ്പിരി കൊണ്ട സമയം. ദരിദ്രരായിരുന്നു കൂടുതലും സഹിക്കേണ്ടി വന്നത്. അഗതികൾക്ക് ആശ്വാസമാകാൻ വിന്സെന്റച്ചൻ ഓട്ടോ ഗ്രാമത്തിലും കൂട്ടായ്മകൾ രൂപീകരിച്ചു. ചാരിറ്റിസ് എന്ന പേരിൽ കൂട്ടായ്മയും സംഘാംഗങ്ങൾ ‘പാവങ്ങളുടെ ദാസർ’ എന്ന പേരിൽ അതിലെ അംഗങ്ങളും. ഈ ഗ്രൂപ്പുകളെ സന്ദർശിക്കാനും അവരുടെ ധൈര്യവും അർപ്പണബോധവുമൊക്കെ നിലനിർത്താനുമുള്ള ചുമതല ലൂയിസിന്റെതായിരുന്നു. അവളുടെ ആദ്യഘട്ടസന്ദർശനങ്ങൾ വിന്സെന്റച്ചനെ വളരെയധികം സന്തോഷിപ്പിച്ചു.ഉപവിപ്രവർത്തനങ്ങൾ പാരീസിലും വ്യാപിപ്പിക്കാൻ അവളോട് പറഞ്ഞു. ലൂയിസിന് അതിൽ സന്തോഷമേ ഉണ്ടായുള്ളൂ .
ഗ്രാമത്തിലെ കുട്ടികളുടെ അറിവില്ലായ്മ കണ്ടറിഞ്ഞ് ലൂയിസ് അവരെ ഒരുമിച്ചുകൂട്ടാനും അവരോട് കഥകൾ പറയാനും അവരെ വേദോപദേശം പഠിപ്പിക്കാനും തുടങ്ങി. അവൾ ഒരു നഗരത്തിൽ നിന്ന് യാത്രയാവുമ്പോൾ കുട്ടികളും മുതിർന്നവരും അവളുടെ വാഹനത്തിന്റെ കൂടെ നടന്ന് അവളോട് നന്ദിയും സ്നേഹവും ചൊരിയുന്നത് പതിവുകാഴ്ചയായിരുന്നു
പെൺകുട്ടികൾ താമസിയാതെ അവരുടെ ജീവിതം സ്വയം പരിത്യജിക്കലിന്റെ പാതയിലൂടെ പാവങ്ങളുടെയും രോഗികളുടെയും ശുശ്രൂഷക്കായി സമർപ്പിക്കാനാരംഭിച്ചു. നവംബർ 29 1633ൽ ലൂയിസ് സുപ്പീരിയറായിക്കൊണ്ടുള്ള ഉപവിയുടെ പുത്രിമാരുടെ ആദ്യസംഘം രൂപമെടുത്തു. എണ്ണം പെട്ടെന്ന് വർദ്ധിച്ചു.ഫ്രാൻസിലെ മറ്റു നഗരങ്ങളിലേക്കും പോളണ്ടിലേക്കുമൊക്കെ അത് വ്യാപിച്ചു. വിശുദ്ധ വിൻസെന്റ് ഡി പോൾ അദ്ദേഹത്തിന്റെ സ്നേഹവും പരിഗണനയും അഭയാർത്ഥികൾ ,അനാഥർ, ഭിക്ഷക്കാർ, മുറിവേറ്റ പടയാളികൾ , ജയിൽപുള്ളികൾ, അടിമകൾ, പ്രായമായവർ തുടങ്ങിയവരിലേക്ക് വ്യാപിപ്പിച്ചു. ഇവരെയെല്ലാം ശുശ്രൂഷിക്കാൻ ലൂയിസിനെയും കൂട്ടാളികളെയും വിശ്വസിച്ചേൽപ്പിക്കാൻ വിന്സെന്റച്ചന് കഴിഞ്ഞു.
മാർച്ച് 15 1660 ൽ ജീവിച്ചിരുന്നപ്പോഴെന്നതുപോലെ മരണത്തിലും എളിമയിൽ, ഇങ്ങനെ പറഞ്ഞുകൊണ്ട് ലൂയിസ് യാത്രയായി, “പാവങ്ങളെ ശുശ്രൂഷിക്കാൻ എപ്പോഴും സന്നദ്ധയുള്ളവരായിരിക്കുക.” പീയൂസ് പതിനൊന്നാമൻ പാപ്പ 1934 മാർച്ച് 11ന് അവളെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ ഉപവിയുടെ പുത്രിമാരുടെ എണ്ണം 40000 കവിഞ്ഞ് ലോകത്തിലെങ്ങും വ്യാപിച്ചിരുന്നു.
1960 ൽ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ അവളെ സാമൂഹ്യപ്രവർത്തകരുടെ മധ്യസ്ഥ ആയി ഉയർത്തി.
ജിൽസ ജോയ്
