“എന്ത് കാണാനാണ് നിങ്ങൾ മരുഭൂമിയിലേക്ക് പോയത്? കാറ്റത്തുലയുന്ന ഞാങ്ങണയോ? ” എന്ന് ഈശോ ചോദിച്ച പോലെ, എന്ത് റിപ്പോർട്ട് ചെയ്യാനാണ് നമ്മൾ, നീണ്ട താടിയുമായി, നിങ്ങൾക്കറിയാൻ മാത്രം എന്നിൽ പ്രത്യേകിച്ചു എന്താണുള്ളതെന്ന മുഖഭാവത്തിൽ .. വളച്ച പുരികത്തോടെ , പുഞ്ചിരിയോടെ ഇരിക്കുന്ന ഈ പാവം തച്ചന്റെ അടുത്തേക്ക് വരേണ്ടത് ?
വാഗ്വിലാസമോ ? അതിന് ഈ പിതാവ് എവിടെയും പ്രസംഗിച്ചിട്ടില്ലല്ലോ. ചെയ്ത അത്ഭുതങ്ങളെപ്പറ്റിയാണോ പറയേണ്ടത് ? പക്ഷെ ഇദ്ദേഹം അത്ഭുതം പ്രവർത്തിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. രക്തസാക്ഷിത്വത്തെപറ്റി ചോദിക്കണോ ? പക്ഷെ ആൾ രക്തസാക്ഷി അല്ലല്ലോ, എങ്കിൽ ആളുടെ പ്രസിദ്ധമായ കുറച്ചു ഉദ്ധരണികളെപ്പറ്റി ആയാലോ? അതെങ്ങനെ ശരിയാകും ? സുവിശേഷത്തിൽ ഇദ്ദേഹത്തിന്റേതായി ഒരു വാക്ക് പോലുമില്ല.
ഇദ്ദേഹത്തിന്റെ പ്രത്യേകത അറിയാൻ ഇവരുടെ വീടിന് മുൻപിലെ സൈൻബോർഡിലേക്ക് ഒന്ന് നോക്കേണ്ടി വരും, “Joseph & Son, carpenters “ … ‘ഇവൻ ആ തച്ചന്റെ മകനല്ലേ?’ എന്ന ചോദ്യം കാതുകളിൽ അലയടിക്കുന്നു. തന്റേതായ വ്യക്തിപ്രഭാവം പ്രകടിപ്പിക്കാനോ വലിപ്പം കാണിക്കാനോ ശ്രമിക്കാതിരുന്ന ഈ മനുഷ്യൻ തിരുക്കുടുംബത്തിന്റെ ബ്രഡ് വിന്നറും പരിപാലകനും ആകുന്നതിലും ദൈവഹിതം പ്രവർത്തിക്കുന്നതിലും ദൈവമഹത്വം മാത്രം തേടുന്ന എളിയവനാകുന്നതിലുമാണ് ശ്രദ്ധിച്ചത്.
ഈശോയുടെ വളർത്തച്ഛൻ (foster – father) എന്ന പേരിനാൽ വാഴ്ത്തപ്പെടുന്ന ഈ പിതാവ് വാനവർക്കു പോലും അസൂയാവഹമായ പദവി ആണ് തൻറെ എളിമയാലും സെറാഫുമാർ പോലും അടിയറവു പറയുന്നത്ര എരിയുന്ന ദൈവസ്നേഹത്താലും നേടിയെടുത്തത്. നിയമപരമായി ഈശോയുടെ സംരക്ഷകനാവാൻ യോഗ്യതയുള്ളവൻ, പരിശുദ്ധ അമ്മ കഴിഞ്ഞാൽ ലോകത്തെ ഏതു മനുഷ്യരെക്കാളും ഈശോയുടെ തൊട്ടടുത്ത്, ആ സഹവാസത്തിൽ, നീണ്ട വർഷങ്ങൾ ജീവിച്ചവൻ, ഒരു മേശയിൽ നിന്ന് ഭക്ഷിച്ച്, ഒരു കൂരക്ക് കീഴിൽ ഉറങ്ങി ,ഒന്നിച്ചു പ്രാർത്ഥിച്ച്, ഒന്നിച്ചു ആശാരിപ്പണി ചെയ്ത് ജീവിച്ചവൻ .. ഈ വളർത്തച്ഛന്റെ പ്രിവിലേജസ് കുറച്ചൊന്നുമായിരുന്നില്ല. വിട്ടുമാറാത്ത സഹനങ്ങൾക്കും പലായനങ്ങൾക്കുമിടയിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുമ്പോഴും ആ പ്രിവിലേജസ് ഈ അപ്പനെ ഊർജ്ജസ്വലനാക്കിയിരിക്കണം .
ഈ സൃഷ്ടപ്രപഞ്ചം രൂപകല്പന ചെയ്ത് മെനഞ്ഞെടുത്തവൻ ഒരു തച്ചന്റെ കയ്യിൽ നിന്ന് മേശയും കസേരയും , വാതിലും ജനലും ഉണ്ടാക്കാനും പഠിച്ചു. രാജാക്കന്മാരുടെ രാജാവായവൻ , ‘ഞാൻ ആകുന്നവൻ ഞാനാകുന്നു’ എന്ന് പറഞ്ഞവൻ, ആ കണ്ണുകളിൽ സ്നേഹത്തോടെ നോക്കി ‘അപ്പാ’ എന്ന് വിളിച്ചു.ഇന്ന് നമ്മുടെ മുന്നിൽ ഇരിക്കുമ്പോൾ ആ പിതാവിന്റെ മനസ്സിലൂടെ പോകുന്ന ചിന്തകൾ എന്തെല്ലാമായിരിക്കണം ? ആ കഴുത്തിലേക്ക് കുഞ്ഞിക്കൈകൾ എത്തിപ്പിടിച്ച് ഉണ്ണീശോ ചേർത്തുപിടിച്ച ദിനങ്ങൾ, ഈ തോളിൽ തലചായ്ച്ചുറങ്ങിയ ഉണ്ണീശോയെ അനക്കാതെ കൊണ്ടുനടന്ന സമയങ്ങൾ, പണിത്തിരക്കിനിടയിൽ വരുന്ന കുഞ്ഞുണ്ണീശോ ചിന്തേര് തള്ളിയ ചീളും പൊടിയും വാരിത്തൂവി കളിക്കുന്നത് .അങ്ങനെ എന്തെല്ലാം ..
ഒരൊറ്റ വാക്ക് കൊണ്ട് ഈ മനുഷ്യന് തിരുലിഖിതങ്ങളിലൂടെ സ്വർഗ്ഗം സർട്ടിഫിക്കറ്റ് കൊടുത്തു. അത് ‘നീതിമാൻ’ എന്നാണ്. അത് വിശുദ്ധിയെ സൂചിപ്പിക്കുന്നു, അത് ദൈവത്തോട് ചേർന്നു നിൽക്കുന്നതിനെ സൂചിപ്പിക്കുന്നു, അത് എല്ലാ നന്മയും അതിന്റെ തികവിലുണ്ടായിരുന്നവനെ സൂചിപ്പിക്കുന്നു.
നമുക്ക് ഈ മനുഷ്യനെ അറിയുന്ന കുറച്ചുപേരോട് ഇദ്ദേഹത്തെ പറ്റി ചോദിക്കാം. എന്തായാലും ഈ പിതാവ് സംസാരിക്കുന്നതിൽ വിമുഖനാണല്ലോ. പ്രത്യേകിച്ച് ചോദ്യങ്ങൾ ആളെപ്പറ്റിതന്നെ ആവുമ്പോൾ പിന്നേ പറയുകയേ വേണ്ട. അപ്പോൾ പിന്നേ മറ്റുള്ളവരുടെ അഭിപ്രായം ആരായുന്നതാണ് ബുദ്ധി.
നമുക്ക് ആദ്യം പിതാവായ ദൈവത്തോട് തന്നെ ചോദിക്കാം. ഒരുപാട് നല്ല മനുഷ്യർ ദൈവത്തിനു മുൻപിലൂടെ കടന്നുപോയി . ഏറ്റവും ശാന്തനായി മാറിയ മോശ, ബുദ്ധിമാനായ സോളമൻ, ഏറ്റവും ക്ഷമയുള്ള ( സഹനശക്തിയുള്ള ) ജോബ് , പിതാക്കന്മാരായ അബ്രാഹം , ഇസഹാക്ക് , യാക്കോബ് , പ്രവാചകന്മാർ , സ്നാപകയോഹന്നാൻ … ദൈവം എല്ലാവരെയും കടന്നുപോകാൻ അനുവദിച്ചു. എല്ലാ മനുഷ്യരിൽ നിന്നും ഈ താഴ്മയുള്ള , സിമ്പിളായ , പാവം തച്ചനെ തൻറെ പൊന്നുമകന്റെ വളർത്തുപിതാവായും മേരിയുടെ വിരക്തഭർത്താവായും തിരഞ്ഞെടുത്തു.
സഭയോട് ചോദിക്കാം. അവളുടെ വിശുദ്ധരുടെ നിരയിൽ അപ്പസ്തോലരുണ്ട് , രക്തസാക്ഷികളുണ്ട് , കന്യകകളുണ്ട് , സഭാപിതാക്കന്മാരും മഠാധിപതികളുണ്ട് ,രാജാക്കന്മാരും രാജ്ഞികളുമുണ്ട് . എന്നിട്ടും , തൻറെ ദൈവജനത്തിനു മുഴുവനായി ഒരു പരിപാലകനെ, രക്ഷിതാവിനെ തീരുമാനിക്കാൻ അവൾ തിരുക്കുടുംബത്തിലെ രക്ഷാകർത്താവിന്റെ അടുക്കലേക്ക് തിരികെപോയി, സാർവ്വത്രികസഭയുടെ സംരക്ഷകനായി വിശുദ്ധ യൗസേപ്പിനെ തിരഞ്ഞെടുത്തു.
മാർപ്പാപ്പമാരോട് ചോദിക്കാം. പീയൂസ് ഒൻപതാമൻ പാപ്പയാണ് എല്ലാവർക്കും വേണ്ടി സംസാരിച്ചത്. മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി ഒൻപതാം പീയൂസ് പാപ്പ പ്രഖ്യാപിക്കുന്ന ചിത്രം വരക്കാനായി വലിയൊരു സ്കെച്ചും കൊണ്ട് ഒരു ചിത്രകാരൻ പാപ്പയെ സമീപിച്ചു. ” നോക്കൂ പരിശുദ്ധ പിതാവേ” , അയാൾ പറഞ്ഞു, ” അങ്ങ് മുൻഭാഗത്തുണ്ടായിരിക്കും കടലാസ്സിൽ നോക്കി പ്രഖ്യാപനം നടത്തുന്നതായി, അങ്ങേക്ക് ചുറ്റും മെത്രാന്മാരും കർദ്ദിനാൾമാരും അവരുടെ ഔദ്യോഗിക വസ്ത്രത്തിൽ. മുകളിൽ കണ്ണഞ്ചിപ്പിക്കുന്ന മേഘങ്ങൾക്കുള്ളിൽ പരിശുദ്ധ അമ്മയും പ്രധാനമാലാഖമാരും വാനവനിരയും”.. “എല്ലാം സമ്മതിച്ചു” പോപ്പ് പറഞ്ഞു , “പക്ഷെ ഇതിൽ വിശുദ്ധ യൗസേപ്പ് എവിടെ ?” “ഓ, വിശുദ്ധ യൗസേപ്പോ? , നമുക്ക് ആളെ ഇവിടെ വെക്കാം ” വരയ്ക്കാൻ പോകുന്ന സ്കെച്ചിന്റെ ഒരു മൂല കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു. ഒൻപതാം പീയൂസ് പാപ്പ തൻറെ വിരൽ ചിത്രത്തിന്റെ ഒത്ത നടുക്ക് വെച്ചു, “അവിടെയല്ല, ഇവിടെ” അദ്ദേഹം പറഞ്ഞു, ”ഇവിടെയാണ് താങ്കൾ യൗസേപ്പിതാവിനെ വരക്കേണ്ടത്. ഈശോക്കും മാതാവിനും അടുത്ത്. ഈ ലോകത്ത് ജീവിച്ചിരുന്നപ്പോൾ അതായിരുന്നു അദ്ദേഹത്തിന്റെ സ്ഥലം. ഇപ്പോൾ സ്വർഗ്ഗത്തിലും അവരുടെ അടുത്ത് തന്നെയാണ് വിശുദ്ധ യൗസേപ്പിന്റെ സ്ഥലം! “
നമുക്കിനി വിശുദ്ധരോട് ചോദിക്കാം . അവരിൽ കുറെ പേരുടെ ജീവിതങ്ങൾ എടുത്തുപരിശോധിച്ചാൽ, എത്രയധികം പേരാണ് വിശുദ്ധ യൗസേപ്പിനെ തങ്ങളുടെ പ്രത്യേക മധ്യസ്ഥനായി സ്വീകരിച്ചിരിക്കുന്നതെന്നു കണ്ടാൽ നമ്മൾ അത്ഭുതപ്പെട്ടു പോകും. ആവിലായിലെ അമ്മത്രേസ്സ്യയുടെ കാര്യമെടുക്കാം. ആദ്യമഠം സ്ഥാപിച്ചപ്പോഴും നിഷ്‌പാദുകസഭക്ക് വേണ്ടി കുറെയധികം മഠങ്ങൾ സ്ഥാപിച്ചപ്പോഴും അതെല്ലാം വിശുദ്ധ യൗസേപ്പിന്റെ നാമത്തിലായിരുന്നു. എല്ലാറ്റിലും ഗേറ്റിനരികിൽ വിശുദ്ധ യൗസേപ്പിന്റെ സ്വരൂപവും സ്ഥാപിച്ചിരുന്നു. യൗസേപ്പിതാവിലുള്ള അമ്മത്രേസ്സ്യയുടെ വിശ്വാസം അതിശക്തമായിരുന്നു. വിശുദ്ധ യൗസേപ്പിനോട് എന്തെങ്കിലും ഒരു കാര്യം ആവശ്യപ്പെട്ടിട്ട് അത് നിരസിക്കപ്പെട്ടതായി താനോർക്കുന്നില്ലെന്നാണ് വിശുദ്ധ പറഞ്ഞത്.
ഈ ഭൂമിയിലുണ്ടായിരുന്ന മരപ്പണിശാലക്കു പകരം സ്വർഗ്ഗത്തിൽ ഇപ്പോഴും ഒരു ഷോപ്പ് യൗസേപ്പിതാവിനുണ്ടെന്നു തോന്നുന്നു. അലമാരികൾക്കും പണിയായുധങ്ങൾക്കും പകരം മറ്റു പലതും ആണെന്ന് മാത്രം . തൊഴിലാളി മധ്യസ്ഥൻ തൊഴിൽരഹിതർക്ക് ജോലി കൊടുക്കുന്നു. മക്കൾ വഴിതെറ്റിപോയ അമ്മമാർ തന്നെ വിളിച്ചു കരയുമ്പോൾ ആശാരിയുടെ റൂൾവടി പിടിച്ച് അവരെ ശരിയായ വഴിയിലാക്കുന്നു. ദുശ്ശീലത്തിന്റെ കുഴിയിൽ അകപ്പെട്ടവർ തന്നെ വിളിച്ചു കരയുമ്പോൾ, വേഗം ഒരു ഏണിയുണ്ടാക്കി അത് ഇട്ടുകൊടുത്ത് അവരെ കരകയറ്റുന്നു. തമ്മിൽ പിരിയാറായ ജീവിതപങ്കാളികൾ ഒന്ന് വിളിച്ചാൽ മതി , മൂത്താശാരിയുടെ അദ്ഭുതകരമായ പശ ഇട്ടുകൊടുത്തു അവരെ തമ്മിൽ ഒന്നിപ്പിക്കുന്നു. കീറിമുറിക്കപ്പെട്ട ഹൃദയത്തെ പോലും മനോഹരമായി കൂട്ടിതയ്ക്കും. മരണനേരത്തു സഹായത്തിനു വിളിച്ചാലോ തൻറെ കുടുംബസമേതം പാഞ്ഞെത്തി നൻമരണം സമ്മാനിച്ച് , യോഗ്യതയുള്ളവരെ സ്വർഗ്ഗത്തിലേക്ക് അപ്പൊത്തന്നെ കൂട്ടിക്കൊണ്ടുപോകാനും റെഡി.
എന്ത് പ്രശ്നമുണ്ടേലും യൗസേപ്പിതാവിന്റെ അടുത്ത് പോകാമെന്നേ. കുഞ്ഞായിരിക്കുമ്പോൾ ഈശോയും അതല്ലേ ചെയ്തുകൊണ്ടിരുന്നത്. നമ്മൾ കുഞ്ഞുങ്ങളെപ്പോലെയാകുന്നതല്ലേ ഈശോക്കും ഇഷ്ടം.
അപ്പോൾ എല്ലാവർക്കും നമ്മുടെ സ്വന്തം യൗസേപ്പ് പിതാവിന്റെ തിരുന്നാൾ മംഗളങ്ങൾ നേരുന്നു കേട്ടോ .
ജിൽസ ജോയ്
