വിശുദ്ധ ഓസ്കാർ റോമെരോ | March 24 | St Oscar Romero

“പാവപ്പെട്ടവരോട് ചെയ്യപ്പെടുന്ന അനീതികളെ അപലപിക്കാൻ അവരുള്ളിടത്തു പോയി അവരോട് ഐക്യപ്പെട്ടിരിക്കാത്ത സഭ സത്യമായും യേശുക്രിസ്തുവിന്റെ സഭയല്ല”…

‘ശബ്ദമില്ലാത്തവരുടെ ശബ്ദം’ ആവാനുള്ള വിശ്വാസതീക്ഷ്‌ണതയും അലിവും ധൈര്യവും ഉണ്ടായിരുന്നതുകൊണ്ട് ജീവൻ വെടിയേണ്ടി വന്ന, സാൻ സാൽവഡോറിലെ ആർച്ച് ബിഷപ്പ് വിശുദ്ധ ഓസ്‌കാർ റൊമേരോയുടെ വാക്കുകളാണിവ. മരണമടഞ്ഞെങ്കിലും, എൽ സാൽവഡോറിലെ മാത്രമല്ല ലാറ്റിൻ അമേരിക്ക മുഴുവനിലുമുള്ള ജനഹൃദയങ്ങളിൽ ഇന്നും അദ്ദേഹത്തിന്റെ വാക്കുകളും ഓർമ്മയും ജീവിക്കുന്നു കാരണം പാവങ്ങളോടുള്ള അനീതിക്കും അക്രമത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ ശബ്ദമുയർത്താൻ അദ്ദേഹം ധൈര്യപ്പെട്ടു.

1970കളിൽ സാൻ സാൽവഡോറിലെ ജനങ്ങൾ ദാരിദ്യം കൊണ്ടും സാമൂഹിക അനീതികൾ കൊണ്ടും സ്വേഛാധിപത്യം കൊണ്ടും പരക്കെയുള്ള അക്രമങ്ങൾ കൊണ്ടും വലഞ്ഞിരുന്നു.

ഓസ്‌കാർ അർണൂൾഫോ റൊമേരോ ആർച്ചുബിഷപ്പായപ്പോൾ അവിടെയുള്ള വരേണ്യവർഗ്ഗം (സമ്പന്നർ) സന്തോഷിച്ചു. കർമ്മോന്മുഖരായ വൈദികർ നിരാശപ്പെട്ടു. വളരെ യാഥാസ്ഥിതികസ്വഭാവക്കാരനായിരുന്നു അദ്ദേഹം എന്നതായിരുന്നു കാരണം. വലിയ പ്രത്യേകതകളൊന്നും പറയാനില്ലാതിരുന്ന, പ്രാർത്ഥിക്കുന്ന ഒരു വൈദികൻ. പക്ഷേ മൂന്നേ മൂന്ന് വർഷത്തിനുള്ളിൽ തന്നെ ‘voice of the voiceless’ എന്നും ‘the Gospel of El Salvador’ എന്നുമൊക്കെ അറിയപ്പെടാൻ തുടങ്ങും വിധം പ്രവർത്തിച്ചുകൊണ്ട് അദ്ദേഹം എല്ലാവരെയും അമ്പരപ്പിച്ചു.

ആ മാറ്റത്തിന് കാരണമായി ഒരു സംഭവമുണ്ടായി. ആർച്ച് ബിഷപ്പായി ആഴ്ചകൾക്കുള്ളിൽ തന്നെ ബിഷപ്പ് റൊമേരോയുടെ സുഹൃത്തായിരുന്ന, സാമൂഹിക നീതിക്ക് വേണ്ടി പോരാടിക്കൊണ്ടിരുന്ന, ജെസ്യൂട്ട് പുരോഹിതൻ റുജിലിയോ ഗ്രാൻഡേ ദാരുണമായി കൊലചെയ്യപ്പെട്ടു. ഈ സംഭവവും എൽ സാൽവഡോറിൽ നടമാടുന്ന അക്രമസംഭവങ്ങളും റൊമേരോയെ വല്ലാതെ പിടിച്ചുകുലുക്കി.

ഒതുങ്ങികഴിഞ്ഞിരുന്ന ഒരു സാധാരണ പുരോഹിതനിൽ നിന്ന് നീതിക്ക് വേണ്ടി നിർഭയനായി ശബ്ദമുയർത്തുന്നവനിലേക്കുള്ള ആഴമേറിയ ഒരു രൂപാന്തരീകരത്തിനാണ് പിന്നെ ആളുകൾ സാക്ഷ്യം വഹിച്ചത്. പള്ളിയിലെ പ്രസംഗപീഠങ്ങളിൽ തീ പാറി. സാധാരണക്കാരുടെ ആവശ്യങ്ങൾ അടിച്ചമർത്തുന്ന ഫാസിസ്റ്റു ഭരണത്തെ നിരന്തരം ശക്തമായ ഭാഷയിൽ വിമർശിച്ചു. കത്തീഡ്രലിൽ ആയിരങ്ങളും, റേഡിയോയിൽ പ്രക്ഷേപണം ചെയ്യപ്പെട്ടിരുന്ന പ്രഭാഷണങ്ങൾ ലക്ഷങ്ങളും ശ്രവിച്ചു കൊണ്ടിരുന്നു.

സുവിശേഷത്തിന്റെ വെളിച്ചത്തിലാണ് ബിഷപ്പ് റൊമേരോ തനിക്ക് ചുറ്റും നടക്കുന്നതിനെ കണ്ടുകൊണ്ടിരുന്നതും അധികാരവർഗത്തെ വിമർശിച്ചതും.

കുറച്ചു പേർക്ക് എല്ലാം ഉള്ളതും ബാക്കിയുള്ളവർക്ക് ഒന്നുമില്ലാത്തതും അല്ല ദൈവഹിതം എന്ന് തുറന്നടിച്ചു. നിങ്ങൾ കൊല്ലുന്നത് നിങ്ങളുടെ തന്നെ സഹോദരിസഹോദരന്മാരെ ആണെന്നും ‘കൊല്ലരുത് ‘ എന്ന ദൈവകല്പന മറക്കരുതെന്നും പറഞ്ഞു. “ദൈവനാമത്തിലും കഷ്ടപ്പെടുന്ന ജനങ്ങളുടെ പേരിലും ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു, അഭ്യർത്ഥിക്കുന്നു, ആജ്ഞാപിക്കുന്നു, അടിച്ചമർത്തൽ അവസാനിപ്പിക്കുക “. ആർച്ച് ബിഷപ്പ് വിളിച്ചുപറഞ്ഞു.

രാജ്യത്തിന്റെ മനസാക്ഷിയായി സാമൂഹിക അസമത്വത്തിനെതിരെ ആഞ്ഞടിക്കുന്നതുകൊണ്ട്, സമ്പന്നരുടെയും വലതുപക്ഷത്തിന്റെയും മാത്രമല്ല യാഥാസ്ഥിതികരായ ചില ബിഷപ്പുമാരുടെയും കണ്ണിലെ കരടായി അദ്ദേഹം. ഒരു വിധ്വംസകപ്രവർത്തകനായാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് പോലും ചില ബിഷപ്പുമാർ കുറ്റപ്പെടുത്തി. കൂടെ നിൽക്കേണ്ടവർ എതിർക്കുന്നത് ബിഷപ്പ് റൊമേരോയെ വേദനിപ്പിച്ചു.

ക്രിസ്ത്യാനികളെന്ന് സ്വയം വിളിച്ചിരുന്ന പീഡകരാലും എൽ സാൽവഡോറിലെ സഭ കഷ്ടപ്പെട്ടു. വിശ്വാസത്തെ പ്രതിയല്ല, പാവങ്ങളുടെ പക്ഷം ചേർന്നതുകൊണ്ടാണ് ആളുകൾ അവിടെ മരിച്ചുവീണിരുന്നത്. ആ ഉൾക്കാഴ്ച ബിഷപ്പ് റൊമേരോയുടെ സന്ദേശങ്ങൾക്ക് ദൈവശാസ്ത്രപരമായ പിൻബലം നൽകി.

ദരിദ്രരോടൊപ്പം നിൽക്കുക എന്ന് പറയുന്നത് അദ്ദേഹത്തിന്, ഇടയൻ മുൻഗണന കൊടുക്കേണ്ട കാര്യമെന്നതിലുപരി ക്രിസ്തീയ വിശ്വാസത്തിന്റെ സവിശേഷതയെ നിർവ്വചിക്കലായിരുന്നു. “നിഷ്പക്ഷത എന്നത് ഈ സന്ദർഭത്തിൽ പ്രയോഗികമല്ല. ഒന്നുകിൽ സൽവഡോറിയനുകളെപ്പോലെ പ്രവർത്തിച്ചു ജീവിച്ചുകാണിക്കുക , അല്ലെങ്കിൽ മരണത്തിൽ അവരുടെ കൂട്ടാളികളാകുക… ഒന്നുകിൽ ജീവന്റെ നാഥനിൽ വിശ്വസിക്കുക.. അല്ലെങ്കിൽ മരണത്തിന്റെ ദേവന്മാരെ സേവിക്കുക!”

തന്റെ ദൗത്യത്തെകുറിച്ച് വ്യക്തത വന്നപ്പോൾ റോമെരോ അചഞ്ചലനായി, ധൈര്യപൂർവ്വം ആ പാതയിൽ മുന്നോട്ടുനീങ്ങി. ഏത് നിമിഷവും അഭിമുഖീകരിക്കപ്പെടാവുന്ന മരണത്തെ അദ്ദേഹം ഭയപ്പെട്ടില്ല. പക്ഷെ ഏകാന്തതയും, മറ്റു ബിഷപ്പുമാരുടെ എതിർപ്പും, രാഷ്ട്രീയത്തിന് മുൻപിൽ സുവിശേഷത്തെ അടിയറ വെക്കുന്നെന്ന വിമർശനങ്ങളും ഇടക്കെങ്കിലും അദ്ദേഹത്തെ തളർത്തി. സ്നേഹത്തോടെ, വാത്സല്യത്തോടെ തന്നെ ആലിംഗനം ചെയ്തിരുന്ന പാവപ്പെട്ട കർഷകരിൽ റൊമേരോ ഊർജ്ജവും ധൈര്യവും കണ്ടെത്തി. “ഇവർ കൂടെയുള്ളപ്പോൾ ഒരു നല്ലിടയനാകുവാൻ അധികം പ്രയാസമില്ല” അദ്ദേഹം പറഞ്ഞു.

ആഭ്യന്തരയുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത് അവസ്ഥ കൂടുതൽ ദുരിതപൂർണ്ണമാക്കി. മിലിട്ടറി ഉദ്യോഗസ്ഥരോട് കൊല്ലരുതെന്നും പാവപ്പെട്ടവരെ അടിച്ചമർത്തരുതെന്നും റൊമേരോ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.

1980, മാർച്ച്‌ 24 ന് ആശുപത്രി ചാപ്പലിൽ ദിവ്യബലി അർപ്പിച്ചുകൊണ്ടിരിക്കെ ചാപ്പലിന്റെ പിൻഭാഗത്തുനിന്ന് വന്ന ഒരു ബുള്ളറ്റ് ആർച്ചുബിഷപ്പ് റൊമേരോയുടെ ഹൃദയത്തിൽ തുളച്ചുകയറി. മിനിറ്റുകൾക്കുള്ളിൽ ആ മനുഷ്യസ്നേഹി മരിച്ചു വീണു. വിശുദ്ധനായ രക്തസാക്ഷി എന്നാണ് അപ്പോഴേ ലാറ്റിൻ അമേരിക്കയിലെ പാവപ്പെട്ട ജനങ്ങൾ അദ്ദേഹത്തെ വിളിച്ചത്.

മരിക്കുന്നതിന് രണ്ടാഴ്ച മുൻപ് റൊമേരോ പറഞ്ഞിരുന്നു , “രക്തസാക്ഷിത്വം നേടാൻ എനിക്ക് അർഹതയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല, അത് ദൈവത്തിന്റെ വലിയ ദാനമാണ്. എന്നാലും എന്റെ ജീവിതം ബലിയായി ദൈവം സ്വീകരിക്കുകയാണെങ്കിൽ, എന്റെ രക്തം, അടുത്ത് തന്നെ യാഥാർഥ്യമാകാൻ പോകുന്ന സ്വാതന്ത്ര്യത്തിന്റെ വിത്തായി, പ്രതീക്ഷയുടെ അടയാളമായി തീരട്ടെ. മെത്രാൻ മരിച്ചേക്കാം പക്ഷേ ദൈവത്തിന്റെ സഭ, ജനങ്ങൾ, ഒരിക്കലും മരിക്കില്ല…ഉയിർപ്പില്ലാത്ത മരണത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. അവരെന്നെ കൊന്നാലും സാൽവഡോരിയൻ ജനങ്ങളിൽ ഞാൻ ഉയിർത്തെണീക്കും”…

2000 മെയ്‌ 7ന് കോളോസിയത്തിൽ ജൂബിലി ആഘോഷം നടക്കുമ്പോൾ ഇരുപതാം നൂറ്റാണ്ടിലെ രക്തസാക്ഷികളെ സ്മരിക്കവേ, എതിർപ്പുകൾ നിഷ്പ്രഭമാക്കി, വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ ആർച്ചുബിഷപ്പ് ഓസ്‌കാർ റൊമേരോയെ ‘സുവിശേഷത്തിന്റെ വലിയ സാക്ഷി’ ആയി പ്രഖ്യാപിക്കാൻ സംഘാടകരോട് ആവശ്യപ്പെട്ടു. വിമോചനദൈവശാസ്ത്രത്തെ അത്രക്ക് പിന്താങ്ങിയിരുന്നില്ലെങ്കിലും കർദ്ദിനാൾ റാറ്റ്സിംഗറുടെ (ബെനഡിക്റ്റ് പതിനാറാമൻ പാപ്പ) നേതൃത്വത്തിൽ റൊമേരോയുടെ നാമകരണനടപടികൾ പുരോഗമിച്ചിരുന്നു. 2018 ഒക്ടോബർ 14ന് ഫ്രാൻസിസ് പാപ്പ, സെന്റ്‌ പീറ്റേഴ്സ് സ്ക്വയറിൽ വെച്ച് ആർച്ചുബിഷപ്പ് ഓസ്കാർ റോമെരോയെ വിശുദ്ധവണക്കത്തിലേക്കുയർത്തി. മാർച്ച്‌ 24 ആണ് തിരുന്നാൾ ദിവസം.

മറ്റുള്ളവർക്ക് ജീവൻ നൽകാനായി സ്വന്തം ജീവൻ വെടിഞ്ഞ ബിഷപ്പ് റൊമേരോ, നീതി സംസ്ഥാപിക്കാനായി, സാമൂഹിക അസമത്വങ്ങൾക്കെതിരെ ക്രിസ്തീയ ചൈതന്യത്തിൽ പോരാടാനായി, ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനായി നമ്മെ വിളിക്കുന്നു. വിഭാഗീയ ചിന്തകളും മാത്സര്യവും ആധിപത്യചിന്തകളും വെടിഞ്ഞ് സമാധാനത്തിന്റെ, ഐക്യദാർഢ്യത്തിന്റെ, ക്രിസ്തീയസ്വാതന്ത്ര്യത്തിന്റെ പാലങ്ങൾ പണിയാം… പ്രത്യാശയേകാം…

ജിൽസ ജോയ് ✍️

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s