വിശുദ്ധ ജെമ്മ ഗല്‍ഗാനിയുടെ പ്രാർത്ഥന
ഓ ക്രൂശിതനായ ദൈവമേ, അങ്ങേ കാൽക്കൽ വീണുകിടക്കുന്ന എന്നെ തൃക്കൺപാർക്കണമേ. എന്നെ തള്ളിക്കളയരുതേ. ഒരു പാപിയായി അങ്ങയുടെ മുന്നിലിതാ ഞാൻ നിൽക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ ഞാൻ അങ്ങയോട് വളരെയധികം മറുതലിച്ചെങ്കിലും ഈശോയെ, ഇനിയങ്ങനെ ചെയ്യുകയില്ല.
ഇതാ അങ്ങയുടെ മുൻപിൽ എന്റെ പാപങ്ങളെല്ലാം ഞാൻ നിരത്തിവെയ്ക്കുന്നു. അങ്ങയുടെ പീഡാനുഭവങ്ങൾ ഞാൻ അനുസ്മരിക്കുന്നു, അങ്ങിൽ നിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തത്തിന്റെ മൂല്യം എത്രയെന്ന് ഞാൻ അറിയുന്നു.
ഓ! എന്റെ ദൈവമേ, എനിക്കുണ്ടായിരിക്കേണ്ട യോഗ്യതകളുടെ നേർക്ക് അങ്ങ് ഈ സമയത്ത് കണ്ണടക്കണമേ. എന്റെ പാപങ്ങളെ പ്രതി മരിക്കാൻ തിരുമനസ്സായ അങ്ങ്, ഇനിയൊരിക്കലും അവയെ പ്രതി ഞാൻ ഭാരപ്പെടാതിരിക്കാനായി എനിക്ക് അതെല്ലാം പൊറുത്തുതരേണമേ, കാരണം… നല്ല ഈശോയെ, എന്റെ പാപങ്ങൾ എനിക്ക് താങ്ങാവുന്നതിലപ്പുറം എന്നെ ഭാരപ്പെടുത്തുന്നു.
എന്തുതന്നെ വിലയായി കൊടുക്കേണ്ടി വന്നാലും ഇനി നന്നായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നത് കൊണ്ട് ഈശോയെ, എന്നെ സഹായിക്കണേ. അങ്ങയുടെ തിരുവിഷ്ടത്തിനെതിരായി എന്നിൽ കാണുന്നതെല്ലാം അങ്ങ് എടുത്തുമാറ്റണമേ, നശിപ്പിക്കണമേ, വേരോടെ പിഴുതുകളയണമേ. അതേസമയം അങ്ങയോടു ഞാൻ യാചിക്കുന്നു, അങ്ങയുടെ വിശുദ്ധമായ വെളിച്ചത്തിന്റെ പാതയിൽ നടക്കാനായി കർത്താവായ ഈശോയെ, എന്നെ പ്രകാശിപ്പിക്കണമേ. ആമ്മേൻ.
