തപസ്സു ചിന്തകൾ 43
“സഹിക്കുക ആരാധിക്കുക”
“നിൻ്റെ ഹൃദയത്തിൽ എരിഞ്ഞു കാണാൻ ഞാൻ ആഗ്രഹിക്കുന്ന രണ്ടു സ്നേഹ പ്രകടനങ്ങളാണ് സഹനവും ആരാധനയും .എന്നോടുള്ള സ്നേഹത്തിൽ സഹിക്കുക, എന്നോടുള്ള സ്നേഹം കൊണ്ട് ആരാധിക്കുക. എൻ്റെയും എൻ്റെ പിതാവിൻ്റെയും കണ്ണുകളിൽ സഹനത്തിനു മൂല്യം നൽകുന്നത് സ്നേഹമാണ്. “
ഇൻ സിനു ജേസു :ഹൃദയം ഹൃദയത്തോട് സംസാരിക്കുമ്പോൾ ഒരു വൈദികൻ്റെ പ്രാർത്ഥനാ ഡയറിക്കുറിപ്പുകൾ എന്ന ഗ്രന്ഥത്തിലെ 2010 മാർച്ചുമാസം ഒന്നാം തീയതി തിങ്കളാഴ്ചയിലെ കുറിപ്പ് വലിയ ആഴ്ചയിൽ നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തുന്നതിനു സഹായകരമാണ്:
“സഹിക്കുക ആരാധിക്കുക ” എന്ന ശീർഷകത്തിലാണ് സന്ദേശം ആരംഭിക്കുന്നത്.
“നിൻ്റെ ഹൃദയത്തിൽ എരിഞ്ഞു കാണാൻ ഞാൻ ആഗ്രഹിക്കുന്ന രണ്ടു സ്നേഹ പ്രകടനങ്ങളാണ് സഹനവും ആരാധനയും .എന്നോടുള്ള സ്നേഹത്തിൽ സഹിക്കുക, എന്നോടുള്ള സ്നേഹം കൊണ്ട് ആരാധിക്കുക. എൻ്റെയും എൻ്റെ പിതാവിൻ്റെയും കണ്ണുകളിൽ സഹനത്തിനു മൂല്യം നൽകുന്നത് സ്നേഹമാണ്. ആരാധന എനിക്കു വിലപിടിപ്പുള്ളതാക്കുന്നതും എൻ്റെ ഹൃദയത്തിനു പ്രീതികരമാക്കുന്നതും സ്നേഹമാണ്. ഇതാണ് നിൻ്റെ ദൈവവിളി. എപ്പോഴും സ്നേഹത്തിൽ സഹിക്കുക, ആരാധിക്കുക.” (പേജ് 269).
ഒശാന പാടി വലിയ ആഴ്ചയിലേക്കു പ്രവേശിച്ചരിക്കുന്ന നമുക്കു വേണ്ട അടിസ്ഥാന മനോഭാവങ്ങളാണ് സഹനവും ആരാധനയും. അവ തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണി സ്നേഹമാണ്. സ്നേഹത്തിൽ നിറഞ്ഞ വ്യക്തിക്കു മാത്രമേ സഹനവും ആരാധനയും അർത്ഥവത്താക്കാൻ കഴിയു. ദൈവത്തെ സ്നേഹിക്കുന്ന മനുഷ്യൻ്റെ ഹൃദയവികാരങ്ങൾ സഹനത്തിലും ആരാധനയിലും പ്രതിഫലിക്കുമ്പോൾ അവയ്ക്കു ദൈവതിരുമുമ്പിൽ ഏറെ മൂല്യമുണ്ട്. അവ ജീവിതത്തിൽ പരിവർത്തനത്തിൻ്റെ നിഴലാട്ടം നമുക്കനുഭവവേദ്യമാക്കിത്തരും. സഹനത്തെ ആരാധനയാക്കി മാറ്റുമ്പോൾ കുരിശിൻ്റെ കൃപകൾ ജീവിതത്തിൽ വസന്തം വിരിയിക്കാൻ ആരംഭിക്കും.
സ്വീഡനിലെ വിശുദ്ധ ബ്രിജിത്ത പലപ്പോഴും “ക്രൂശിതനോട് ചേര്‍ന്ന് എന്‍റെ സ്നേഹം ക്രൂശിക്കപ്പെട്ടു” എന്നു പറയുമായിരുന്നു. ക്രൂശിതനായ ഈശോയോടുള്ള സ്നേഹം കൊണ്ട് ഹൃദയം നിറയുമ്പോൾ സഹനങ്ങൾ ചോദിച്ചു വാങ്ങാൻ തുടങ്ങും, ദൈവം അനുവദിക്കുന്ന സഹനങ്ങൾ ഹൃദയപൂർവ്വം നിറവേറ്റുമ്പോൾ അത് ആരാധനയായി മാറും.
വലിയ ആഴ്ച സഭ നമ്മളെ വിളിക്കുന്നത് ക്രൂശിതനോടുള്ള സ്നേഹത്തിൽ സഹിക്കാനും ആരാധനയിൽ അവനോടൊപ്പമായിരിക്കുവാനുമാണ്.
ഫാ. ജയ്സൺ കുന്നേൽ mcbs