അത്ഭുതങ്ങളിലേക്ക് വഴിതുറക്കുന്ന പ്രാര്‍ത്ഥനാരീതി

മകളുടെ മാനസാന്തരം രണ്ട് ദിവസത്തിനകം

അത്ഭുതങ്ങളിലേക്ക് വഴിതുറക്കുന്ന പ്രാര്‍ത്ഥനാരീതി

പരിചയക്കാരിയായ ഒരു അമ്മ അവരുടെ അനുഭവം പങ്കുവച്ചതിങ്ങനെയാണ്. ഉറച്ച ക്രൈസ്തവവിശ്വാസം പുലര്‍ത്തുന്ന സ്ത്രീയാണവര്‍. പക്ഷേ അവരുടെ ഏകമകന്‍ ഒരു അക്രൈസ്തവ പെണ്‍കുട്ടിയുമായി പ്രണയത്തിലായി. വരുംതലമുറയില്‍പ്പോലും ക്രൈസ്തവവിശ്വാസം നഷ്ടപ്പെടാന്‍ സാധ്യതയുള്ള ബന്ധമായിരുന്നതുകൊണ്ട് ഒരു കാരണവശാലും അമ്മ ആ വിവാഹത്തിന് സമ്മതം കൊടുക്കാന്‍ തയാറല്ലായിരുന്നു. മകനെയും കൂട്ടി പല വൈദികരെയും സമീപിച്ചെങ്കിലും എല്ലാവരും നിര്‍ദേശിച്ചത് മകന്‍ ആ പെണ്‍കുട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തയാറല്ലെങ്കില്‍ ആ വിവാഹം നടത്തിക്കൊടുത്തോളൂ എന്നാണ്. പക്ഷേ അമ്മയ്ക്ക് അതിന് മനസുവന്നില്ല.
~’മറ്റാരില്‍നിന്നും തനിക്ക് ഒരു പിന്തുണയും ലഭിക്കില്ലെന്ന് ആ അമ്മക്ക് ഉറപ്പായി. അതിനാല്‍ അമ്മ തീരുമാനിച്ചു, ‘ഒരു ലക്ഷം നന്മനിറഞ്ഞ മറിയമേ ചൊല്ലി പ്രാര്‍ത്ഥിക്കും.’ അങ്ങനെ അവര്‍ നന്മനിറഞ്ഞ മറിയമേ എന്ന ജപം ചൊല്ലാന്‍ തുടങ്ങി. 30,000 നന്മനിറഞ്ഞ മറിയമേ ചൊല്ലിക്കഴിഞ്ഞപ്പോഴേക്കും മകന്‍ സ്വമനസാലെ തെറ്റായ ബന്ധത്തില്‍നിന്ന് പിന്‍മാറി. അതുവഴി കുടുംബത്തില്‍ സമാധാനം ഉളവായി.
ഈ സംഭവം കേട്ടപ്പോള്‍ എനിക്കും ഒരാഗ്രഹം. സ്വയംവിശുദ്ധീകരണത്തിനായി 10,000 നന്മ നിറഞ്ഞ മറിയമേ ചൊല്ലി പ്രാര്‍ത്ഥിക്കണം. അതിനാല്‍ ആ സമയത്ത് ചെയ്തുകൊണ്ടിരുന്ന വിമലഹൃദയപ്രതിഷ്ഠയോടനുബന്ധിച്ച് ഞാന്‍ നന്മനിറഞ്ഞ മറിയമേ ചൊല്ലാന്‍ തുടങ്ങി. രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് എന്റെ മകളില്‍ വലിയൊരു മാറ്റം കണ്ടത്.
അവള്‍ 16 വയസ്സുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. എപ്പോഴും കൊറിയന്‍ പാട്ട് കേള്‍ക്കുക, കൊറിയന്‍ ഡ്രാമ കാണുക-ഇതൊക്കെയാണ് താത്പര്യം. കൂടാതെ ഡാന്‍സിനോടും പാട്ടിനോടും ഭയങ്കര കമ്പവും. എപ്പോഴും അവളുടെ കൈവശം ഐപാഡ് ഉണ്ടാവും. എന്നാല്‍ ആദ്ധ്യാത്മികവിഷയങ്ങളില്‍ അവള്‍ക്ക് ഒട്ടുംതന്നെ താല്പര്യമുണ്ടായിരുന്നില്ല.
ഞായറാഴ്ച ദിവസം മാത്രം പള്ളിയില്‍ പോകും. കുമ്പസാരിക്കാന്‍ പറയുമ്പോള്‍ എന്തിനാണ് കുമ്പസാരിക്കുന്നത് എന്ന് ചോദിക്കും. കുടുംബ പ്രാര്‍ത്ഥനയ്ക്ക് ഇരിക്കാന്‍ പറയുമ്പോള്‍ പെട്ടെന്ന് തീര്‍ക്കണം എന്ന് പറയും. 10 വര്‍ഷം വേദപാഠം പഠിച്ചിട്ടും ഒരു ദൈവസ്‌നേഹവും അവളുടെ ഉള്ളില്‍ ഇല്ല എന്ന് ഞാന്‍ മനസ്സിലാക്കി. എന്നെ ദൈവത്തിലേക്കും ദൈവസ്‌നേഹബന്ധത്തിലേക്കും നയിച്ചത് മാതാവായിരുന്നു. എന്നെ പഠിപ്പിച്ച മാതാവ് അവളെയും പഠിപ്പിക്കും എന്ന് ഞാന്‍ ഉറച്ച് വിശ്വസിച്ചു. വിശുദ്ധ അഗസ്തീനോസിനോടും വിശുദ്ധ മോണിക്കയോടും ഞാന്‍ ഇടയ്ക്ക് മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറുമുണ്ട്. അത്രമാത്രമേ ഞാന്‍ ചെയ്തിരുന്നുള്ളൂ. അല്ലാതെ അവളുടെ കാര്യത്തില്‍ അടിയന്തിരമായ ഒരു പ്രാര്‍ത്ഥനാസഹായം ആവശ്യമാണ് എന്ന് എനിക്ക് തോന്നിയിരുന്നില്ല.
പക്ഷേ ഞാന്‍ എന്നെത്തന്നെ കൂടുതല്‍ വിശുദ്ധീകരിക്കാന്‍ ശ്രമിച്ചു. അതുകൊണ്ടുതന്നെ എല്ലാ ദിവസവും പള്ളിയില്‍ പോകും. ആഴ്ചയില്‍ ഒരിക്കല്‍ കുമ്പസാരിക്കും. നന്നായി പ്രാര്‍ത്ഥിക്കാന്‍ ശ്രമിക്കും. മാത്രവുമല്ല എന്റെ സമയം പാഴാക്കുന്നതിന് പലപ്പോഴും കാരണമാകുന്ന യൂട്യൂബ് ഫോണില്‍നിന്ന് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ഫേസ്ബുക്ക് നോക്കുന്നതും നിര്‍ത്തി. ആവശ്യങ്ങള്‍ക്കായി വാട്ട്‌സാപ്പ് മാത്രം നിലനിര്‍ത്തി. ആ സമയത്തുതന്നെയാണ് എന്റെ സ്വഭാവം കൂടുതല്‍ മെച്ചപ്പെടാനായി വിമല ഹൃദയപ്രതിഷ്ഠയോടനുബന്ധിച്ച് രണ്ടായിരത്തി ഒരുനൂറ് നന്മ നിറഞ്ഞ മറിയമേ ജപവും ചൊല്ലിയത്. പക്ഷേ മാറിയത് എന്റെ സ്വഭാവമല്ല മകളുടെ സ്വഭാവമാണ്. അവള്‍ എല്ലാ ദിവസവും ദൈവാലയത്തില്‍ പോകാനും ബൈബിള്‍ വായിക്കാനും തുടങ്ങി. എന്തിനാണ് കുമ്പസാരിക്കുന്നതെന്ന് ചോദിച്ചയാള്‍ പിറ്റേ ആഴ്ചയില്‍ മൂന്ന് പ്രാവശ്യം കുമ്പസാരിച്ചു. പിന്നീട് ആഴ്ചയില്‍ ഒരിക്കല്‍ കുമ്പസാരിക്കാന്‍ തുടങ്ങി. അരമണിക്കൂര്‍ നീളുന്ന കുരിശിന്റെ വഴി മുട്ടിന്‍മേല്‍ നിന്ന് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. കൊറിയന്‍ ഡ്രാമയും പാട്ട് കേള്‍ക്കലും നിര്‍ത്തി ഐപാഡ് എന്നെ ഏല്പിച്ചു. അവളുടെ സംസാരത്തില്‍ ഒരു ദൈവിക ജ്ഞാനം ഞാന്‍ കണ്ടു. ”നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും” (ജോഷ്വ 3 / 5) തിരുവചനം എന്റെ ജീവിതത്തില്‍ അക്ഷരംപ്രതി നിറവേറുകയായിരുന്നു.
എനിക്ക് 15 വര്‍ഷംകൊണ്ട് സംഭവിച്ച മാറ്റം അവളില്‍ വെറും രണ്ടുദിവസം കൊണ്ട് സംഭവിച്ചതുകണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. ദൈവസ്‌നേഹബന്ധത്തിലേക്ക് അവള്‍ വളര്‍ന്നുവന്നു. പരിശുദ്ധ അമ്മയിലൂടെ കിട്ടിയ ദൈവകൃപയ്ക്കും വിശുദ്ധ മോണിക്കയുടെയും അഗസ്തീനോസിന്റയും മധ്യസ്ഥതക്കും ഒരുപാട് നന്ദി പറയുന്നു.

നമ്മുടെ മക്കള്‍ക്കു വേണ്ടി വിശുദ്ധ മോണിക്കയോടും വിശുദ്ധ അഗസ്റ്റിനോടും ഉള്ള അപേക്ഷ
വിശുദ്ധ മോണിക്കയേ, അങ്ങയുടെ പ്രാര്‍ത്ഥന കേട്ട നല്ല ദൈവത്തിന്റെ അനന്ത കാരുണ്യത്തെ പ്രതി എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ, എന്നെ സഹായിക്കണേ. അങ്ങയുടെ പ്രിയപുത്രന്‍ വിശുദ്ധ അഗസ്റ്റിനെപ്രതി എന്റെ മക്കളെ അമ്മയുടെ ആത്മീയ മക്കളായി സ്വീകരിക്കണമേ. ഭൂമിയില്‍വച്ച് അങ്ങയുടെ പ്രിയപുത്രന് വേണ്ടി അര്‍പ്പിച്ച പ്രാര്‍ത്ഥനകള്‍ അനുസ്മരിക്കണേ. അതുപോലെ എന്റെ മക്കളും സ്വര്‍ഗത്തില്‍ എത്തുന്നതുവരെ അങ്ങ് അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണേ.
വിശുദ്ധ അഗസ്റ്റിന്‍, ഇതുപോലുള്ള ഒരു അമ്മയെ അങ്ങേക്ക് തന്ന നല്ല ദൈവത്തെപ്രതി എന്റെ മക്കളില്‍ ദൈവഹിതം നിറവേറ്റപ്പെടാന്‍ സ്വര്‍ഗത്തില്‍ അങ്ങ് അര്‍പ്പിക്കുന്ന അര്‍ത്ഥനകളില്‍ എന്റെ മക്കളെ സമര്‍പ്പിക്കണേ. യേശുവിന്റെ തിരുരക്തത്തില്‍ പൊതിഞ്ഞ് വിശുദ്ധിയില്‍ എന്റെ മക്കളെ സംരക്ഷിക്കണേ….( നിയോഗം പറയുക). അങ്ങയുടെ സ്വന്തം എന്നവണ്ണം അവരെ സ്വീകരിക്കണമേ, ആമ്മേന്‍.

ടീന കുര്യൻ

testimonials #prayers #ShalomTimes

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s