ഒറീസ്സയിലെ കാണ്ഡമാൽ മറന്നിട്ടില്ലല്ലോ അല്ലേ? ഇന്ത്യയുടെ ചരിത്രത്തിൽ വെച്ച് ഏറ്റവും വലിയ ക്രൈസ്തവപീഡനത്തിന് സാക്ഷ്യം വഹിച്ച സ്ഥലം. അതിനെ പറ്റി കേട്ടുകേൾവി ഉള്ളവർക്ക് പോലും അവിടത്തെ ഇപ്പോഴത്തെ അവസ്ഥ വിശ്വസിക്കാൻ പ്രയാസമുള്ളതാണ്. ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാൻ ഇറങ്ങിപുറപ്പെട്ട സാവൂൾ എന്ന ചെറുപ്പക്കാരന് സംഭവിച്ച മാനസാന്തരം പോലെ..കാണ്ഡമാലിൽ നിന്ന് നാടുകടത്താൻ കിണഞ്ഞു പരിശ്രമിച്ച ക്രൈസ്തവവിശ്വാസത്തെ, അവിടെ ബാക്കിയുള്ള അക്രമികളിൽ ഏറിയ പേരും സ്വീകരിച്ചു കഴിഞ്ഞു.
2008ൽ ഒരു ജന്മാഷ്ടമി നാളിൽ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്തോടെയാണ് അത് ക്രൈസ്തവരുടെ ഗൂഢാലോചനയുടെ ഫലമാണെന്നാരോപിച്ച് കാണ്ഡമാൽ കത്തിയെരിയാൻ തുടങ്ങിയത്. വിശ്വാസം ഉപേക്ഷിക്കാൻ ക്രിസ്ത്യാനികൾക്ക് അന്ത്യശാസനം ലഭിച്ചു. ആയിരക്കണക്കിന് വിശ്വാസികൾ വനത്തിലേക്ക് കുടുംബത്തോടൊപ്പം പലായനം ചെയ്തു. മുന്നൂറിലധികം പള്ളികൾ നശിപ്പിക്കപ്പെട്ടു. സക്രാരികൾ അശുദ്ധമാക്കി. ആറായിരത്തോളം ക്രിസ്ത്യൻ വീടുകൾ കൊള്ളയടിച്ചു കത്തിച്ചു. 56000ൽ പേർ ഭവനരഹിതരായി. നൂറിലധികം ക്രിസ്ത്യാനികൾ വിശ്വാസം ഉപേക്ഷിക്കാൻ തയ്യാറാകാതെ രക്തസാക്ഷികളായി, ജീവനോടെ ചുട്ടെരിക്കപ്പെട്ടു, ജീവനോടെ കുഴിച്ചിടപ്പെട്ടു, കഷണങ്ങളായി മുറിക്കപ്പെട്ടു.
ഇസ്രായേൽക്കാരെ പിന്തുടർന്ന ഫറവോയുടെ സൈന്യം ആഴിയിൽ മുങ്ങിതാഴ്ന്ന പോലെ അവിശ്വസനീയമായ രംഗങ്ങൾക്കാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കാണ്ഡമാൽ പിന്നീട് സാക്ഷ്യം വഹിച്ചത്. പത്രപ്രവർത്തകനും എഴുത്തുകാരനുമായ ആന്റോ അക്കര പതിനഞ്ചു കൊല്ലത്തോളമായി കാണ്ഡമാലിലെ ക്രൈസ്തവരുടെ നൊമ്പരങ്ങളും അവിശ്വസനീയ സാക്ഷ്യങ്ങളും തന്റെ പുസ്‌തകങ്ങളിലും സോഷ്യൽ മീഡിയ കാമ്പെയിനുകളിലും രേഖപ്പെടുത്തിക്കൊണ്ട് അവരുടെ പിന്നാലെയായിരുന്നു. 2008ന് ശേഷം അവിടെ നടന്ന കുറച്ചു സംഭവങ്ങൾ അദ്ദേഹം വിവരിക്കുന്നു.
“നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാൻ ഇവിടെ പറയുന്ന അതിശയിപ്പിക്കുന്ന സംഭവങ്ങൾ സത്യമായതും ഹൈന്ദവവൃത്തങ്ങൾ പോലും പരിശോധിച്ചുറപ്പിച്ചതുമാണ്. ഈ സംഭവങ്ങളെ പറ്റി അന്വേഷണം നടത്തിക്കൊണ്ടും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടും കാണ്ഡമാലിലെ വിദൂരവനങ്ങളിലേക്ക് 34 യാത്രകളോളം നടത്തേണ്ടി വന്നത് എനിക്ക് വളരെ ബുദ്ധിമുട്ടേണ്ടി വന്ന സമയങ്ങളായിരുന്നു. ഈ അവതരണം, കാണ്ഡമാലിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് വെച്ചു നോക്കുമ്പോൾ മഞ്ഞുമലയുടെ അറ്റം മാത്രമാണ്” ആന്റോ അക്കര പറയുന്നു.
മുനിഗുഡയിലെ കത്തോലിക്കാദേവാലയത്തിന്റെ ഒത്ത മുകളിൽ കയറി അവിടെ ഉയർന്നു നിൽക്കുന്ന കുരിശിനെ ചുറ്റിക കൊണ്ട് അടിച്ചു നശിപ്പിക്കുന്ന ഒരു ഹൈന്ദവയുവാവിനെ വീഡിയോയിൽ കാണിക്കുന്നുണ്ട്. മാസങ്ങൾക്ക് ശേഷം അയാൾ പരാലിസിസ് വന്ന് ദേഹം തളർന്ന് ബിസ്സാംകട്ടക്ക് ആശുപത്രിയിൽ വെച്ച് മരിച്ചുപോയെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വല്ലായ്മ കൊണ്ടും നാണക്കേട് കൊണ്ടും അവന്റെ കുടുംബം ആ നാട് വിട്ടുപോയി.
കുരിശിനെ അവഹേളിച്ചയാൾക്ക് ഗുരുതരമായി തീപ്പൊള്ളലേറ്റു. 2007 ക്രിസ്മസ് സമയത്ത് നടന്നത് 2008ലെ രക്തചൊരിച്ചിലിനുള്ള റിഹേഴ്‌സൽ ആയിരുന്നു. ബാമുനിഗാൺ ദേവാലയത്തിൽ ക്രിസ്മസ് രാത്രിയിൽ ജനം ഉള്ളിൽ കടന്ന് അലങ്കാരങ്ങളും പുൽക്കൂടും പള്ളിയിലെ രൂപങ്ങളും ഫർണീച്ചറും തിരുവസ്തുക്കളും എല്ലാം കൂടെ നശിപ്പിച്ചു അൾത്താരയിൽ തീയിട്ടു. ബികാരി ചരൺ സർ എന്ന് പേരുള്ള ഒരു തയ്യൽക്കാരൻ അൾത്താരക്ക് പുറകിലെ ചുവരിലുള്ള കുരിശ് തകർക്കാനായി ഏണിയിൽ കയറി. പക്ഷേ ഏണിയിൽ നിന്ന് മറിഞ്ഞു വീണത് അവിടെ കത്തികൊണ്ടിരുന്ന തീയിലേക്കാണ്. ഗുരുതരമായി പൊള്ളലേറ്റ അയാൾ ആശുപത്രി വിട്ടെങ്കിലും നാണക്കേട് കൊണ്ടും കുറ്റബോധം കൊണ്ടും അവിടം വിട്ടുപോയി.
300 പള്ളികളോളം നശിപ്പിക്കപ്പെട്ടതിൽ, കത്തിയെരിഞ്ഞ പാസ്റ്ററൽ സെന്ററിനടുത്തുള്ള ഹോളി ക്രോസ്സ് ചർച്ചിൽ കുരിശിനെ അവഹേളിച്ചതിൽ പ്രധാന ആൾ 22 വയസ്സുള്ള ബെലാർസൻ ഡിഗൽ ആയിരുന്നു. താമസിയാതെ ഡിപ്രഷൻ പിടികൂടിയ ആ യുവാവ് പറഞ്ഞുനടക്കാൻ തുടങ്ങി, ‘യേശു മരിച്ചത് മരത്തിൽ തൂങ്ങിയാണ്, ഞാനും മരത്തിൽ തൂങ്ങും’ എന്ന് . ആന്റോ അക്കരയുടെ കാണ്ഡമാലിലേക്കുള്ള മുപ്പത്തിനാലാമത്തെ യാത്രക്കിടയിൽ, മാർച്ച് 2023ൽ പ്രദേശവാസികൾ അറിയിച്ചു ബെലാർസൻ ഒരു മരത്തിൽ തൂങ്ങിമരിച്ചെന്ന്.
ഫുൽബാനി ടൗണിലെ ക്രൈസ്റ്റ് ദി കിങ്ങ് ദേവാലയം, കൊല്ലപ്പെട്ട സ്വാമിയുടെ ശവമഞ്ചം വഹിച്ചുള്ള യാത്രക്കിടയിൽ ജില്ലാ കളക്ടറും പോലീസ് അധികൃതരും നോക്കിനിൽക്കേ തകർക്കപ്പെട്ടിരുന്നു. അൾത്താരക്കു പുറകിലുള്ള വലിയ കുരിശ് ഏണിയിൽ കയറി നശിപ്പിച്ചത് അനിരുധ് ചൗധരി എന്ന് പേരുള്ള, അതേ ഇടവകയിലും പത്രവിതരണം ചെയ്തുകൊണ്ടിരുന്ന വ്യക്തിയായിരുന്നു. ഒരു വർഷത്തിന് ശേഷം അയാൾ ബൈക്കിൽ പോകുമ്പോൾ റോഡരികിലെ മരത്തിൽ ബൈക്കിടിച്ചു മരണമടഞ്ഞു, എന്ന് അക്രമാസക്തരായ ജനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കുളിമുറിയിൽ ഒളിക്കേണ്ടി വന്ന ഇടവക വികാരി ഫാദർ മാത്യു പുതിയേടം പറഞ്ഞു.
അക്കായാ എന്ന് പേരുള്ള ഇരുപത്തിരണ്ട് വയസുകാരനും പള്ളി തകർത്തവരിൽ ഉണ്ടായിരുന്നു. വലിച്ചെടുത്ത സക്രാരിയിൽ അക്കായ മൂത്രമൊഴിച്ചു അശുദ്ധമാക്കുക കൂടി ചെയ്തു. കുറച്ചു ദിവസത്തിനുള്ളിൽ മൂത്രം പോകാതെ അയാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഡോക്ടർ അസുഖത്തിന്റെ കാരണം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട് അക്കായ അദ്ദേഹത്തോട് താൻ സക്രാരിയെ അവഹേളിച്ച കാര്യം കുറ്റബോധത്തോടെ പറഞ്ഞു. പള്ളിയിൽ പോയി വൈദികനോട് മാപ്പ് പറയാൻ ഡോക്ടർ ആവശ്യപ്പെട്ടു. ‘താങ്കൾ ചെയ്തിരിക്കുന്നത് ഗുരുതരമായ പാപമാണ്. ഞാൻ നിങ്ങളോട് ക്ഷമിച്ചാലും അത് മതിയാകില്ല, ദൈവത്തോട് ആത്മാർത്ഥമായി മാപ്പ് ചോദിക്കൂ’ പള്ളിവികാരി ഫാദർ അൽഫോൺസ് പറഞ്ഞു. അക്കായ കുറച്ചു ദിവസങ്ങൾക്കു ശേഷം മരിച്ചു.അവന്റെ മൂത്ത സഹോദരൻ പ്രമോദിന്റെ ഭാര്യ ഒരു ക്രിസ്ത്യാനിയായി. ക്രിസ്തുമതം ഉപേക്ഷിക്കാൻ വളരെ പേർ സ്വാധീനം ചെലുത്തിയെങ്കിലും അവർ അതിന് തയ്യാറായില്ല.
പൂസെറോ പ്രധാൻ എന്ന് പേരുള്ള അൻപതു വയസ്സുകാരൻ ആക്രമികളിൽ ഒരാളായിരുന്നു. തിരുവസ്തുക്കളിൽ മൂത്രമൊഴിക്കുക കൂടെ ചെയ്തിരുന്നു അയാൾ. പിന്നീട് അയാൾക്ക് ഗുരുതരമായ രോഗം പിടിപെട്ടു, മൂത്രത്തിനു പകരം രക്തം പോകാൻ തുടങ്ങി. നിരാശനായ അയാൾ പള്ളിയിൽ ചെന്നു മാപ്പപേക്ഷിച്ചിരുന്നെങ്കിലും രോഗം മൂർച്ഛിച്ചു മരിക്കുകയാണ് ഉണ്ടായത്. അയാളുടെ ഭാര്യ രേണുകയോട്, പള്ളിയിൽ പൂസെറോ നടത്തിയ അക്രമത്തിന്റെ ഫലമായാണ് ഇത് സംഭവിച്ചതെന്നു പ്രദേശവാസികൾ പറഞ്ഞത് അവർ വിശ്വസിച്ചു, പിന്നീട് ഒരു ക്രിസ്ത്യാനിയായ അവർ വിഭാര്യനായ ഒരു ക്രിസ്ത്യാനിയെ വിവാഹം കഴിച്ച് ക്രിസ്ത്യൻ കോളനിയിലേക്ക് മാറി.
ക്രിസ്ത്യാനികൾക്ക് പേടിസ്വപ്നമായിരുന്ന ബാറ്റിക്കോളയിൽ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ട് രക്‌തമൊഴുകി അവശനിലയിലായിരുന്ന ഫാദർ ലാമേശ്വറിനെ രക്ഷിച്ചത് കുഞ്ഞിനെ മാറോടടുക്കിപിടിച്ച ഒരു യുവതിയായിരുന്നു. തന്നെ കൊന്നിട്ടേ വൈദികനെ കൊല്ലാൻ സാധിക്കൂ എന്നവൾ പറഞ്ഞു. അന്ന് ഫാദറിനെ ആക്രമിച്ചിരുന്ന ഏഴ് ഹൈന്ദവർ പിന്നീട് അകാലത്തിൽ മരണമടഞ്ഞു. അവിടങ്ങളിൽ ഹിന്ദുക്കൾക്കിടയിൽ ദൈവഭയവും പശ്ചാത്താപവുമുണ്ടായി.
കാന്തേശ്വർ എന്ന് പേരുള്ള മതാധ്യാപകൻ, ബൈബിൾ കത്തിക്കാൻ പറഞ്ഞ് ക്രിസ്ത്യാനികളെ ഒന്നിച്ചുകൂട്ടിയ ഗാദറിങ്ങിൽ പങ്കെടുത്തിരുന്നില്ല. സ്വാമിയുടെ മരണം അറിഞ്ഞപ്പോൾ അപകടം മണത്ത അദ്ദേഹം അക്രമം നടക്കുന്നതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബസ് തടഞ്ഞു വലിച്ചിറക്കി പിറ്റേ ദിവസം വേറെ ഒരു ദമ്പതികളുടെ കൂടെ ക്രൂരമായി കൊന്നുകളഞ്ഞു. ആ ദമ്പതികളിൽ നഴ്‌സ് ആയിരുന്ന ഭാര്യയെ ഗാങ്ങ് റേപ്പ് ചെയ്തതിന് ശേഷമാണ് കൊന്നത്.അതിന് കാരണക്കാരായ ഒരു ഡസനോളം പേരെ കോടതി വെറുതെ വിട്ടു. പക്ഷെ ആന്റോ അക്കരയുടെ അന്വേഷണത്തിൽ, കോടതി വെറുതെ വിട്ടെങ്കിലും അവർ ബൈക്ക് അപകടങ്ങളിലും മരത്തിൽ വണ്ടി ഇടിച്ചും നദിയിൽ ഒലിച്ചുപോയുമൊക്കെ മരിച്ചെന്നാണ് അറിയാൻ കഴിഞ്ഞത്. ഹിന്ദുക്കൾ പോലും പറഞ്ഞു, ‘മുകളിൽ ഒരു കോടതിയുണ്ട്’. ക്രിസ്ത്യാനികളോട് കാണ്ഡമാലിലുള്ളവർക്ക് വലിയ ബഹുമാനം ഉളവായി.
മഹാസിംഗ് എന്ന് പേരുള്ള ഒരാളുടെ കള്ളസാക്ഷ്യത്താൽ ഏഴ് നിരപരാധികളായ ക്രിസ്ത്യാനികൾ സ്വാമിയുടെ കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട് 11 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. അവർ ഗൂഢാലോചന നടത്തുന്നത് കേട്ടെന്നും കൊലപാതകത്തിന് ശേഷം മധുരം വിതരണം ചെയ്യുന്നത് കണ്ടെന്നുമാണ് അയാൾ കോടതിയിൽ നുണ പറഞ്ഞത്. മഹാസിങ്ങിന് പിന്നീട് സ്ട്രോക്കുണ്ടായി സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ടു.
Mr. ആന്റോ അക്കരയുടെ കാണ്ഡമാൽ യാത്രകളിലൊന്നിൽ, മരിച്ചുപോയ ഒരു ഹിന്ദുവിനെ ക്രിസ്ത്യൻ രീതിയിൽ ശവപ്പെട്ടിയുണ്ടാക്കി പള്ളിയിൽ അടക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. മരിച്ച ഹൈന്ദവന്റെ ആഗ്രഹമായിരുന്നു പള്ളിയിൽ അടക്കപ്പെടണമെന്നത്. ഒരു കാലത്ത് പള്ളികൾ നശിപ്പിക്കാനും ക്രിസ്ത്യാനികളെ നാമാവശേഷമാക്കാനും നടന്നവർ, അവർ നശിപ്പിച്ചതും പിന്നീട് പുതുതായി പണിയുകയും ചെയ്ത പള്ളികളുടെ മുൻപിൽ ശവസംസ്കാരത്തിനായി ഒന്നുചേരുന്നു എന്നത് അതിശയിപ്പിക്കുന്ന കാഴ്ച ആയിരുന്നു.
ബാംദേവ് എന്ന് പേരുള്ള യുവാവ് തന്റെ ചെയ്തികൾക്ക് പരിഹാരമായി മാപ്പ് ചോദിക്കുന്നതിന് വേണ്ടി ഒരു രാത്രിയിൽ ,വൈദികനായ പ്രസന്നകുമാർ സിംഗിന്റെ വാതിലിൽ മുട്ടി, ശേഷം ഒരു പപ്പായ തൈ പള്ളിക്ക് സമ്മാനിച്ചു . അതിൽ ഉണ്ടായ പപ്പായയുമായി ആ വൈദികൻ ബാംദേവിന്റെ വീട്ടിലെത്തിയപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു.അടുത്ത ക്രിസ്മസ് രാവിൽ കാഴ്ചവെപ്പിന്റെ സമയത്ത് ഒരു കൂട നിറയെ പഴങ്ങളും പൂക്കളുമായി ബാംദേവിനെ വിശ്വാസികൾക്കിടയിൽ കണ്ടപ്പോൾ ഫാദർ അമ്പരന്നു.
കാണ്ഡമാൽ സംഭവങ്ങൾ നമുക്ക് തരുന്നത് പീഡനങ്ങൾക്ക് നടുവിലും പ്രത്യാശ വെടിയരുതെന്നും ദൈവത്തിൽ വിശ്വസിക്കാനുമുള്ള സന്ദേശമാണ് എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
ജിൽസ ജോയ്
വീഡിയോ ലിങ്ക് ഇതാ :
