വി. വിൻസെന്റ് ഫെറർ | ഏപ്രിൽ 5 | April 5 | St. Vincent Ferrer

“പഠനം കൊണ്ട് നേട്ടമുണ്ടാവണമെന്നുണ്ടോ നിങ്ങൾക്ക് ? പഠനത്തിലുടനീളം ദൈവഭക്തി നിങ്ങളുടെ കൂടെയുണ്ടാവട്ടെ, ഒരു വിശുദ്ധനാവുക എന്നതിലും കൂടുതൽ പ്രാധാന്യം അറിവിന് കൊടുക്കാതിരിക്കത്തക്ക വിധം ഇത്തിരി കുറച്ചു പഠിച്ചാൽ മതി. പുസ്തകങ്ങളെക്കാൾ കൂടുതലായി ദൈവത്തിന്റെ ഉപദേശം സ്വീകരിക്കുക, നിങ്ങൾ വായിക്കുന്നത് മനസ്സിലാവാൻ വേണ്ടി താഴ്മയോടെ അവനോട് ചോദിക്കുക. പഠനം മനസ്സിനെയും ഹൃദയത്തെയും ക്ഷീണിപ്പിക്കുകയും മടുപ്പിക്കുകയും ചെയ്യുന്നു. അവയെ ഉണർത്തുവാൻ വേണ്ടി ഇടക്കിടക്ക് യേശുക്രിസ്തുവിന്റെ കുരിശിൻ കീഴിൽ അവന്റെ കാൽക്കീഴിലേക്ക് പോകൂ…..പ്രാർത്ഥന കൂടാതെ ഒരിക്കലും പഠനം തുടങ്ങുകയോ നിർത്തുകയോ ചെയ്യരുത്”

… ആദ്ധ്യാത്മികജീവിതം എന്ന തൻറെ പുസ്തകത്തിൽ വിശുദ്ധ വിൻസെന്റ് ഫെറർ എഴുതിയതാണ് ഈ വാക്കുകൾ.

വിധിയുടെ മാലാഖ ( Angel of Judgement) എന്നറിയപ്പെട്ടിരുന്ന വിശുദ്ധ വിൻസെന്റ് ഫെറർ ആ കാലഘട്ടത്തിലെ ഏറ്റവും പ്രസിദ്ധനായ സുവിശേഷകൻ ആയിരുന്നു. സ്പെയിനിലെ വലൻസിയയിൽ 1350ൽ ആണ് വിൻസെന്റ് ഫെറർ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ പാവങ്ങളോട് കാണിക്കുന്ന സ്നേഹത്തിന്റെയും നന്മയുടെയും പേരിൽ ആ നാട്ടിൽ അവർ അറിയപ്പെടുന്നവരായിരുന്നു. എല്ലാ കൊല്ലാവസാനവും അവരുടെ കയ്യിൽ മിച്ചമുണ്ടാകുന്നത് അവർ ദാനം ചെയ്തിരുന്നു.

അവരുടെ രണ്ടു മക്കൾ സഭയിലെ പ്രമുഖരായിതീർന്നു. മകനായ ബോണിഫെയ്‌സ്‌ കാർത്തൂസിയൻ സന്യാസസഭയിലെ സുപ്പീരിയർ ജെനറൽ ആയി ആണ് മരിച്ചത്. ചെറുപ്പം മുതലേ നല്ല വിദ്യാഭ്യാസം ലഭിച്ച വിൻസെന്റിന് പഠനത്തോടും പ്രാർത്ഥനയോടും നല്ല ആഭിമുഖ്യമായിരുന്നു. നമ്മുടെ കർത്താവിനോടും പരിശുദ്ധ അമ്മയോടുമുള്ള ഭക്തിയിലും പാവങ്ങളോടുള്ള കരുണയിലുമാണ് വിൻസെന്റിനെ മാതാപിതാക്കൾ വളർത്തിക്കൊണ്ടുവന്നത് .

പതിനേഴ് വയസ്സുള്ളപ്പോൾ ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലുമുള്ള പഠനം മുഴുമിപ്പിച്ചതിനു ശേഷം വിൻസെന്റ് ഡൊമിനിക്കൻ സഭയിൽ ചേർന്ന്‌ പുരോഹിതവസ്ത്രം സ്വീകരിച്ചു. 21 വയസ്സാകുന്നതിന് മുൻപേ കാറ്റലോണിയയിലെ പ്രസിദ്ധമായ യൂണിവേഴ്സിറ്റിയായ ലെറീദയിൽ തത്വശാസ്ത്രത്തിൽ അധ്യാപകനായി.

ബാർസിലോണയിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ ഡീക്കൻ ആയിരുന്നെങ്കിലും സുവിശേഷം പ്രസംഗിക്കാൻ അയക്കപ്പെട്ടു. ക്ഷാമം അനുഭവപ്പെട്ടിരുന്ന ആ കാലത്ത് അദ്ദേഹത്തെപ്പറ്റി ഒരു സംഭവം ഇങ്ങനെ പറയപ്പെടുന്നു. കുറെ ധാന്യം കടൽമാർഗം അങ്ങോട്ടേക്ക് അയക്കപ്പെട്ടിരുന്നെങ്കിലും അതെത്തിചേരാത്തതിൽ ജനം നിരാശരായിരുന്നു. തുറന്ന സ്ഥലത്ത് നടത്തിയ ഒരു പ്രസംഗത്തിൽ വിൻസെന്റ് വിളിച്ചുപറഞ്ഞു അന്ന് രാത്രിക്ക് മുൻപ് കപ്പൽ എത്തിച്ചേരുമെന്ന്. പ്രവചനം നടത്തിയത് തെറ്റിപ്പോയെങ്കിലോ എന്ന് പേടിച്ച് പ്രിയോരച്ചൻ അദ്ദേഹത്തെ വഴക്കു പറഞ്ഞു. എന്തായാലും ചരക്കുകൾ അന്ന് തന്നെ എത്തിച്ചേർന്നത് ജനങ്ങളിൽ വിൻസെന്റിനെ പറ്റി മതിപ്പുളവാക്കി.

വിൻസെന്റിന്റെ വാക്ചാതുര്യം ജനലക്ഷങ്ങൾക്ക് പശ്ചാത്താപത്തിന്റെയും തീക്ഷ്ണതയുടെയും അരൂപി സമ്മാനിച്ചു. അദ്ദേഹം തൻറെ പ്രസംഗങ്ങൾ ക്രൂശിതരൂപത്തിന് ചുവട്ടിലിരുന്നാണ് എഴുതിത്തീർത്തിരുന്നത്.ക്രിസ്തുവിന്റെ പ്രകാശം അതിൽ ഉണ്ടാവാനും അനുതാപത്തിലേക്കും ദൈവത്തിനു നേർക്കുള്ള സ്നേഹത്തിലേക്കും ആളുകളെ നയിക്കുന്ന വിധത്തിൽ കുരിശിന്റെ നിഴൽ പതിയാനും വേണ്ടിയായിരുന്നു പ്രാർത്ഥനയോടെ അദ്ദേഹം അങ്ങനെ ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ ജനങ്ങളിൽ അതുണ്ടാക്കിയിരുന്ന പ്രഭാവം വലുതായിരുന്നു.

വിൻസെന്റ് ഫെറർ 1379 ൽ പട്ടം സ്വീകരിച്ചു. സഭയിൽ വലിയ ശീശ്മയുടെ കാലമായിരുന്നു അത്.അദ്ദേഹത്തെ വളരെ വിഷമിപ്പിച്ച ഒരു കാലഘട്ടം.പോപ്പും ആന്റിപോപ്പും എല്ലാം കൂടെ സഭയെ ആകമാനം ആശയകുഴപ്പത്തിലാക്കിയ സമയം. മനോവിഷമം ഗുരുതരമായ രോഗത്തിലേക്ക് വരെ അദ്ദേഹത്തെ എത്തിച്ചിരുന്നു.

വിൻസെന്റിന്റെ പ്രസംഗത്തിൽ കൂടുതലും ഉൾപ്പെട്ടിരുന്ന വിഷയങ്ങൾ പാപം , മരണം , അന്ത്യവിധി , നരകം , നിത്യത തുടങ്ങിയവയായിരുന്നു. യൂറോപ്പിലെങ്ങും പിന്നെ സ്പെയിൻ ,ഫ്രാൻസ് , ഇറ്റലി ,ഇംഗ്ലണ്ട് , അയർലണ്ട് , സ്കോട്ലൻഡ് തുടങ്ങി നിരവധി രാജ്യങ്ങളിൽ അദ്ദേഹം സുവിശേഷം പ്രസംഗിച്ചു. എങ്ങും ആയിരങ്ങളും പതിനായിരങ്ങളും പാപത്തിന്റെ വഴി ഉപേക്ഷിച്ചു. ജൂതന്മാരും അവിശ്വാസികളും പാഷണ്ഡികളും മാനസാന്തരപ്പെട്ടു. അതിശയകരമായ അനേകം അത്ഭുതങ്ങൾ വിൻസെന്റ് വഴിയായി ദൈവം പ്രവർത്തിച്ചു. ഒരു ടൗണിൽ നിന്ന് വേറൊന്നിലേക്ക് പതിനായിരങ്ങൾ അദ്ദേഹത്തെ അനുധാവനം ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകൾ ജനങ്ങളിലുളവാക്കുന്ന അനുതാപത്തിന്റെ ശക്തി മൂലം പലപ്പോഴും ജനത്തിന്റെ വിലാപവും ഏങ്ങലടികളും നിലക്കാനായി പ്രസംഗം നിർത്തിവെക്കേണ്ടി വന്നു. ഇതിനെല്ലാമിടയിൽ അദ്ദേഹത്തിന്റെ മനുഷ്യത്വവും പ്രാർത്ഥനയും അചഞ്ചലമായി നിലകൊണ്ടു.

“നിങ്ങൾ എന്ത് ചെയ്യുകയാണെങ്കിലും സ്വന്തം കാര്യം ചിന്തിക്കാതെ ദൈവത്തെപ്പറ്റി ചിന്തിക്കുക” അദ്ദേഹം പറഞ്ഞു. ആത്മാവിൽ ഈ ബോധ്യം ഉണ്ടായിരുന്നത് കൊണ്ട് ദൈവാത്മാവ് അദ്ദേഹത്തിലൂടെ സംസാരിച്ചു. പിശാചിനെതിരായി അദ്ദേഹം ഉപയോഗിച്ച ആയുധങ്ങൾ പ്രാർത്ഥന , പ്രായശ്ചിത്തം , വികാരങ്ങളുടെ പ്രേരണകൾക്ക് നേരെയുള്ള നിതാന്ത ജാഗ്രത ഇവയൊക്കെയായിരുന്നു. വിൻസെന്റിന്റെ ഹൃദയം ദൈവത്തിൽ എപ്പോഴും ഉറപ്പിക്കപ്പെട്ടിരുന്നു. പഠനങ്ങളും ജോലികളും ബാക്കി എല്ലാ പ്രവൃത്തികളും ദൈവത്തിനുള്ള നിരന്തരസമർപ്പണമായിരുന്നു.

യൗവനകാലത്തു തന്നെ പ്രവാചകനായും അത്ഭുതപ്രവർത്തകനായും ലോകമെമ്പാടും വിൻസെന്റ് അറിയപ്പെട്ടിരുന്നു. ദൈവാത്മാവിനാൽ ഇത്രയേറെ ഹൃദയം ജ്വലിച്ചെരിഞ്ഞ, അത്ഭുതസിദ്ധികളുള്ള , ശക്തമായി വചനം പറയുന്ന ആളുകൾ വിരളമാണ്. അമാനുഷിക സിദ്ധികളുണ്ടായിരുന്ന അദ്ദേഹം തനിക്കായി വെച്ചുനീട്ടപ്പെട്ട അനേകബഹുമതികളും സ്ഥാനമാനങ്ങളും സ്വീകരിച്ചില്ല. നിരന്തരപ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും പ്രഘോഷണമായിരുന്നു വിൻസെന്റിന്റെ ജീവിതം . ആ ഇരുപത് വർഷക്കാലവും യൂറോപ്പ് അദ്ദേഹത്തിന്റെ അഗ്നി അഭിഷേകം നിറഞ്ഞ വാക്കുകളാൽ പ്രകമ്പനം കൊണ്ടു. ഭാഷാവരമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രസംഗം ആളുകൾക്ക് താന്താങ്ങളുടെ സ്വന്തം ഭാഷയിൽ കേൾക്കാൻ കഴിഞ്ഞിരുന്നു.അവസാനവിധിയെപ്പറ്റി അദ്ദേഹം കൂടെക്കൂടെ സംസാരിച്ചു. അത്യുന്നതനായ വിധിയാളൻ തന്നെ ഇതിനായി തിരഞ്ഞെടുത്ത് അയച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഒരു ദിവസം വേദശാസ്ത്രജ്ഞർക്കും പണ്ഡിതർക്കും പേര് കേട്ട സലമാങ്കയിൽ വലിയ ജനക്കൂട്ടത്തോട് അദ്ദേഹം സ്വർഗീയസന്ദേശങ്ങൾ പങ്കുവെക്കുന്നതിനിടയിൽ സ്വരമുയർത്തി പറഞ്ഞു , “ഞാൻ വെളിപാടിലെ മാലാഖയാണ് : വിധിയുടെ മാലാഖ ” അത് ഭ്രാന്താണെന്ന് പറഞ്ഞു ബഹളം കൂട്ടിയ ജനത്തോട് വിൻസെന്റ് പറഞ്ഞു, ” നഗരാതിർത്തിയിൽ ‘വിശുദ്ധ പൗലോസിന്റെ വാതിലിൽ’ പോവുക. മരിച്ചുപോയ ഒരു സ്ത്രീയെ നിങ്ങൾ അവിടെ കാണും. അവളെ ഇവിടെ കൊണ്ടുവരിക . ഞാനവളെ ഉയിർപ്പിക്കും. എന്നെക്കുറിച്ചു പറഞ്ഞതിന് നിങ്ങൾക്ക് തെളിവ് ലഭിക്കും” വലിയ ബഹളം ഈ വാക്കുകൾ മൂലം ഉണ്ടായെങ്കിലും കുറച്ചു പേര് പോയി മരിച്ച സ്ത്രീയെ വിൻസെന്റ് പറഞ്ഞ പോലെ കണ്ട് എടുത്തുകൊണ്ടുവന്നു.വിൻസെന്റ് ഫെറർ അവളോട് പറഞ്ഞു, ” സ്ത്രീയെ ! കർത്താവിന്റെ നാമത്തിൽ ഞാൻ നിന്നോട് കൽപ്പിക്കുന്നു എഴുന്നേൽക്കുക” ശവക്കച്ചയാൽ പൊതിയപ്പെട്ട അവൾ ഉടനടി എണീറ്റ് മുഖം മൂടിയിരുന്ന കച്ച എടുത്തുമാറ്റി പുറത്തുവന്നു.

ഈ സംഭവത്തിന്റെ ആധികാരികതയെ കുറിച്ചു ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും സഭ ഇത് നിരാകരിച്ചിട്ടില്ലെന്നറിയുന്നു. വിശുദ്ധന്റെ നാമകരണനടപടികളുടെ കല്പനയിൽ വിശുദ്ധ വിൻസെന്റ് ഫെറർനെ പറ്റി ഇങ്ങനെ പറഞ്ഞു ,”അദ്ദേഹം നിത്യവചനത്തെക്കുറിച്ച് പ്രഘോഷിച്ചു. ആകാശവിതാനത്തിൽ പറക്കുന്ന മാലാഖയെപ്പോലെ എല്ലാ ഭാഷയിലും ഗോത്രത്തിലും വംശങ്ങളിലും രാഷ്ട്രങ്ങളിലും അവസാനവിധിയുടെ ആസന്നമായ അവസ്ഥയെക്കുറിച്ചും ദൈവരാജ്യത്തെക്കുറിച്ചും പ്രഘോഷിച്ചു”. മരിച്ചുപോയ 28 പേരെ എങ്കിലും വിശുദ്ധ വിൻസെന്റ് ഫെറർ ഉയിപ്പിച്ചിട്ടുണ്ട്.

വിശുദ്ധന്റെ ജീവിതത്തിലെ അവസാന മൂന്ന് വർഷങ്ങൾ ഫ്രാൻസിലാണ് ചിലവഴിച്ചത്. 1419 ലെ വിശുദ്ധവാരത്തിലെ ബുധനാഴ്ച ഏപ്രിൽ 5ന് വിൻസെന്റ് ഫെറർ മരിച്ചു. ഒരു വിശുദ്ധന്റെ മരണമാണതെന്ന് അറിയാവുന്ന ജനങ്ങളിൽ ആ വാർത്ത അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾക്കായുള്ള പരക്കം പാച്ചിൽ സൃഷ്ടിച്ചു. 1455 ജൂൺ 29ന് വിശുദ്ധ വിൻസെന്റ് ഫെറർ , പോപ്പ് കാലിസ്റ്റസ് മൂന്നാമൻ വഴി വിശുദ്ധനെന്ന് നാമകരണം ചെയ്യപ്പെട്ടു.

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s