സ്നേഹം സ്നേഹത്തെ വിളിക്കുന്നു: വിശുദ്ധ ജെമ്മ ഗല്‍ഗാനി | April 11

“സ്നേഹം സ്നേഹത്തിനെ വിളിക്കുന്നു, തീ തീയെ വിളിക്കുന്നു ” അവളുടെ രക്ഷകനും വിമോചകനുമായവനോടുള്ള സ്നേഹത്തിന്റെ തീയാൽ ആളിക്കത്തിയ എളിമ നിറഞ്ഞ ഒരാത്മാവിന്റെ വാക്കുകൾ. ഈശോയുടെ കുരിശിനോട് അത്രക്കും ചേർന്നിരുന്നത് കൊണ്ട്, വളരെയേറെ സഹിക്കേണ്ടി വന്നിട്ടുന്നെങ്കിലും ജെമ്മ ഗൽഗാനിക്ക് ഈശോയോട് ‘no’ പറയാൻ കഴിഞ്ഞേ ഇല്ല. സഹനത്തിന് പിന്നാലെ സഹനം വന്നുകൊണ്ടിരിക്കുമ്പോഴും എപ്പോഴും ‘yes’ ആയിരുന്നു. ‘ ഇതാ കർത്താവിന്റെ ദാസി’ എന്ന് പറഞ്ഞ പരിശുദ്ധ അമ്മയെപ്പോലെ ദൈവത്തിൻറെ തിരുവിഷ്ടത്തോടുള്ള സമ്പൂർണ്ണസമർപ്പണം ആയിരുന്നു അവളുടെ ജീവിതം.

കുഞ്ഞായിരുന്നപ്പോൾ അവളുടെ അമ്മ ക്രൂശിതരൂപം അവളെ കാണിച്ചുകൊണ്ട് പറയും, ” നോക്കൂ കുഞ്ഞേ, നമുക്കായി കുരിശിൽ മരിച്ച ഈശോയാണിത് ” എന്നിട്ട് അവളുടെ കുഞ്ഞിക്കൈകൾ സ്വന്തം കയ്യിലെടുത്ത് മുൾമുടിയിലും ആണികളിലും പാർശ്വത്തിലെ മുറിവിലും ഒക്കെ തൊടുവിക്കും. ജെമ്മ ആ ക്രൂശിതരൂപത്തെ ചുണ്ടോട് ചേർക്കും.

ക്രൂശിതനോടുള്ള സ്നേഹം ആയിരുന്നു അവളുടെ ജീവിതത്തിന്റെ ചുരുക്കം തന്നെ.

തിരുഹൃദയതിരുന്നാളിന്റെ തലേദിവസം ദിവ്യകാരുണ്യസ്വീകരണത്തിനുശേഷം പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ഈശോ ജെമ്മയോട് പറഞ്ഞു, “”ഞാൻ നിനക്ക് ഇന്നൊരു പ്രത്യേകദാനം നൽകും”. അന്ന് രാത്രി അവളുടെ ശരീരത്തിൽ പഞ്ചക്ഷതങ്ങളുണ്ടായി. ആ അനുഭവം തൻറെ ആത്മീയപിതാവിനോട് അവൾ വിവരിച്ചതിങ്ങനെയാണ്,

“തൻറെ മുറിവുകളെല്ലാം തുറന്നിരിക്കുന്ന രീതിയിൽ ഈശോ പ്രത്യക്ഷപ്പെട്ടു ; അതിൽനിന്ന് വരുന്നുണ്ടായിരുന്നത് രക്തമായിരുന്നില്ല പക്ഷെ , തീനാളങ്ങളായിരുന്നു. അതെന്റെ കയ്യിലും കാലിലും വക്ഷസ്സിലും സ്പർശിച്ചു. ഞാൻ മരിക്കുന്നതുപോലെ എനിക്ക് തോന്നി. പരിശുദ്ധ അമ്മ എന്നെ താങ്ങി അവളുടെ കാപ്പക്കുള്ളിൽ അപ്പോൾ വെച്ചില്ലായിരുന്നെങ്കിൽ ഞാൻ തീർച്ചയായും വീണുപോകുമായിരുന്നു. കുറെ മണിക്കൂറുകൾ ഞാൻ അങ്ങനെ കിടന്നു. പിന്നെ എന്റെ അമ്മ നെറ്റിയിൽ ചുംബിച്ച് മറഞ്ഞുപോയി. ദർശനം കഴിഞ്ഞപ്പോൾ ഞാൻ മുട്ടിൽ നിൽക്കുന്നതായി കണ്ടു. അപ്പോഴും കയ്യിലും കാലിലും നെഞ്ചിലും അത്യഗ്രമായ വേദനയുണ്ടായിരുന്നു. കിടക്കയിലേക്ക് പോവാൻ എണീറ്റപ്പോൾ വേദനയുണ്ടായിരുന്നിടത്തുനിന്നെല്ലാം രക്തം വരുന്നത്‌ ഞാൻ കണ്ടു. എനിക്ക് പറ്റാവുന്നത് പോലെ ഞാനതെല്ലാം മറച്ചു, കിടക്കയിൽ കിടക്കാൻ എന്റെ കാവൽമാലാഖ എന്നെ സഹായിച്ചു”.

പേര് സൂചിപ്പിക്കും പോലെ വിശുദ്ധ ജെമ്മ ഗല്‍ഗാനി കത്തോലിക്കാസഭയിലെ വിശേഷപ്പെട്ട മുത്താണ്. 25 വയസ്സ് വരെ മാത്രം ജീവിച്ച ഈ ഇറ്റാലിയൻ മിസ്റ്റിക് , പഞ്ചക്ഷതധാരി, സഹനപുത്രി, ലൂക്കായിലെ പുഷ്പം എന്നെല്ലാം അവൾ അറിയപ്പെടുന്നു.

1878 മാർച്ച് 12ന് ഇറ്റലിയിലെ ലൂക്കാ പട്ടണത്തിനടുത്തുള്ള ടസ്ക്കൻ എന്ന ഗ്രാമത്തിൽ അവൾ ജനിച്ചു. പിന്നീട് ലൂക്കായിലേക്ക് മാറി. പുരാതനവും മനോഹരവുമായ ഒരു ക്രൂശിതരൂപത്തിൽ നിന്നാണ് ലൂക്കാ പട്ടണത്തിന് ആ പേര് കിട്ടിയത്. ആ തിരുശേഷിപ്പിനായി ഒരു വലിയ ദേവാലയം അവർ അവിടെ പണികഴിപ്പിച്ചു. അതുകൊണ്ടുതന്നെ ക്രൂശിതനായ ഈശോയോടു അവിടത്തുകാർക്ക് വലിയ ഭക്തിയാണ്.

പിതാവ് എന്റിക്കോ ഗല്‍ഗാനിക്ക് ഔഷധവ്യവസായമായിരുന്നു. ഔറേലിയ സുകൃതിനിയായ ഒരു മാതാവായിരുന്നു . അവരുടെ 8 മക്കളിൽ നാലാമത്തവൾ ആണ് ജെമ്മ .മാമ്മോദീസക്ക് വേണ്ടി പള്ളിയിൽ കൊണ്ടുപോയപ്പോൾ ഔറേലിയ വൈദികനോട് പറഞ്ഞു,”എന്റെ ബന്ധു പറയുന്നപോലെ ഇവൾക്ക് ജെമ്മ എന്ന പേരിടണോ അച്ചാ ? സ്വർഗ്ഗത്തിലെ ഒരു വിശുദ്ധർക്കും ഈ പേര് ഞാനിന്നേ വരെ കേട്ടിട്ടില്ല. ഇവൾ സ്വർഗത്തിൽ പോകണമെന്നുള്ളത് എന്റെ അതിയായ ആഗ്രഹമാണ്”. വൈദികൻ മറുപടി പറഞ്ഞു,”അതിനെന്താ ? തീർച്ചയായും , സ്വർഗ്ഗത്തിൽ നിറയെ മുത്തുകളല്ലേ ഉള്ളത് ?ഒരിക്കൽ ഈ കുഞ്ഞും ഒരു സ്വർഗ്ഗീയമുത്തായി അവിടെയെത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം”. അങ്ങനെ അവൾ ജെമ്മ ഗല്‍ഗാനിയായി.

വളരെ സുന്ദരിയായിരുന്നു ജെമ്മ. പക്ഷെ കളങ്കമേശാത്ത അവളുടെ ആത്മാവ് അതിലും മനോഹരം. ചെറുപ്പം തൊട്ടേ ആത്മീയചിന്തകളും പ്രാർത്ഥനകളും , അവൾ നോട്ട്ബുക്കിൽ എഴുതി നിറച്ചു. പ്രശാന്തമായി ചിന്തിക്കാനും നിരന്തരം ദൈവസാന്നിധ്യാവബോധത്തിൽ കഴിയുന്നതിനുമായി സ്‌കൂളിലെ കൂട്ടുകാരിൽ നിന്നുപോലും അവൾ അകലം പാലിച്ചു. മകളുടെ സ്വഭാവവൈശിഷ്ട്യങ്ങൾ അറിഞ്ഞിരുന്ന അവളുടെ അമ്മ ദൈവത്തിന് നന്ദി പറഞ്ഞു. പിൽക്കാലത്ത് ജെമ്മ പറഞ്ഞു,” എന്റെ പുണ്യതല്പരതക്കും ആധ്യാത്മികപുരോഗതിക്കും ഞാൻ കടപ്പെട്ടിരിക്കുന്നത് ദൈവസ്നേഹത്തോടും എന്റെ അമ്മയോടുമാണ്”.

അവൾക്ക് ഏഴുവയസ്സുള്ളപ്പോൾ ക്ഷയരോഗം ബാധിച്ച് അമ്മ മരിച്ചു. അമ്മയെ വേഗം കൊണ്ടുപോകുമെന്നുള്ള കാര്യം ഈശോ അവൾക്ക് മുൻപേ വെളിപ്പെടുത്തിയിരുന്നു. സാംക്രമികരോഗമായതിനാൽ അമ്മയിൽ നിന്ന് അകറ്റി നിർത്തിയ കുട്ടികളെ എന്റിക്കോ തിരിച്ചു കൊണ്ടുവന്നു. ‘അമ്മയില്ലാത്ത വീട് ‘ എന്ന സത്യം അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നെങ്കിലും ‘അമ്മ സ്വർഗ്ഗത്തിലല്ലേ , ഇനി അമ്മക്ക് സഹിക്കണ്ടല്ലോ’ എന്നൊക്കെ പറഞ്ഞ് അവൾ സഹോദരങ്ങളെ സമാധാനിപ്പിച്ചു.

അധികം താമസിയാതെ ജെമ്മയെ ലൂക്കയിലെ വി.സീറ്റയുടെ സിസ്റ്റേഴ്സ്ന്റെ സ്‌കൂളിൽ ചേർത്തു. കന്യാസ്ത്രീകളുമൊന്നിച്ചുള്ള വാസം പറുദീസയിലെ പോലെ ആനന്ദപ്രദമായിരുന്നു ജെമ്മക്ക്. അപ്പോൾ 9 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന അവൾക്ക് വിശുദ്ധ കുർബ്ബാന സ്വീകരിക്കാൻ വളരെ ആഗ്രഹമായി. പക്ഷെ അന്നൊക്കെ ആ പ്രായത്തിൽ ആദ്യകുർബ്ബാനസ്വീകരണം നടത്തിയിരുന്നില്ല. രോഗം വരുത്തിവെക്കുമെന്നു വരെ തോന്നിപ്പിച്ച അവളുടെ നിർബന്ധത്താലും വൈദികന്റെ ശുപാർശയാലും അവൾക്ക് അവസാനം അനുമതി ലഭിച്ചു.

ദൈവസ്നേഹപ്രകരണങ്ങൾ ധാരാളം ഉരുവിട്ടുകൊണ്ടും പരിത്യാഗപ്രവൃത്തികൾ ചെയ്തുകൊണ്ടുമൊക്കെ ജെമ്മ നന്നായൊരുങ്ങി. 17 ജൂൺ 1887 ൽ അവൾ ആദ്യകുർബ്ബാന സ്വീകരിച്ചു. “ആ നിമിഷങ്ങളിൽ എനിക്കും ഈശോക്കുമിടയിൽ എന്താണുണ്ടായതെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. എന്റെ ആത്മാവിൽ ഈശോയെ ശക്തമായി അനുഭവിപ്പിക്കാൻ അവിടുന്ന് തിരുമനസ്സായി. സ്വർഗ്ഗത്തിലെ സന്തോഷങ്ങൾ ഭൂമിയുടേതിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നതെങ്ങനെയെന്ന് അപ്പോൾ ഞാനറിഞ്ഞു. ദൈവവുമായുണ്ടായ ആ ഒന്നാകൽ അവസാനിക്കാത്തതാക്കാനുള്ള ആഗ്രഹം എന്നെ കീഴടക്കി”. ഇതായിരുന്നു കുർബ്ബാന സ്വീകരിച്ചതിന് ശേഷമുള്ള അവളുടെ വാക്കുകൾ. ഒരുപാട് പ്രതിജ്ഞകൾ അന്നേദിവസം അവളെടുത്തു.

സ്‌കൂളിലായിരിക്കുമ്പോഴും അധികം സംസാരിക്കുന്ന പ്രകൃതം ആയിരുന്നില്ല ജെമ്മ. സംസാരത്തിലൂടെ ദൈവത്തെ ഉപദ്രവിച്ചേക്കുമോ എന്ന ഭയം കൊണ്ടായിരുന്നു അത്. മറ്റു കുട്ടികൾ അവൾ ചെയ്യാത്ത കുറ്റം അടിച്ചേൽപ്പിക്കുമ്പോൾ മൂകയായി കുറ്റം സമ്മതിക്കുകയും ശിക്ഷ സ്വീകരിക്കുകയും ചെയ്തു. എന്തുകൊണ്ട് നിരപരാധിത്വം തെളിയിക്കുന്നില്ലെന്നു ആരെങ്കിലും ചോദിച്ചാൽ അങ്ങനെ ചെയ്ത് ബഹളമുണ്ടാക്കാൻ തനിക്കിഷ്ടമില്ലെന്നായിരുന്നു മറുപടി. ദൈവത്തിൽ നിന്നും ദൈവകാര്യങ്ങളിൽ നിന്നും തന്നെ അകറ്റുന്ന എല്ലാം അവൾ ഉപേക്ഷിച്ചു. സ്‌കൂളിൽ നിന്നും തിരിച്ചുവന്നാൽ മുട്ടിൽ നിന്ന് കൊന്ത ചൊല്ലും. അനുദിനം വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തു.

സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെ, സുപ്പീരിയർ ഒരിക്കൽ ജെമ്മയുടെ ടീച്ചറോടും കുട്ടികളോടും മരിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്കുവേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു , അയാൾ കൂദാശകളൊന്നും സ്വീകരിക്കാൻ സമ്മതിക്കുന്നില്ലായിരുന്നു . കുറച്ചുനേരം പ്രാർത്ഥിച്ചതിനു ശേഷം അയാൾക്ക് കൃപ ലഭിച്ചതായും വിഷമിക്കാനില്ലെന്നും ജെമ്മ ടീച്ചറുടെ ചെവിയിൽ പോയി പറഞ്ഞു. ആ മനുഷ്യൻ മരണത്തിന് മുൻപ് പശ്ചാത്തപിച്ച് അന്ത്യകൂദാശ സ്വീകരിച്ചതായി കോൺവെന്റിൽ അതുകഴിഞ്ഞു വാർത്തയെത്തി.

ജെമ്മക്ക് മിക്കപ്പോഴും അവളുടെ കാവൽമാലാഖയെ കാണാനും ആത്മമിത്രത്തോടെന്ന പോലെ സംസാരിക്കാനും കഴിഞ്ഞിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമിലെ വിശുദ്ധ ഫ്രാൻസെസ് എന്ന വിശുദ്ധക്ക് ശേഷം വിശുദ്ധ ജെമ്മ ഗല്‍ഗാനിക്കാണ് കാവൽമാലാഖയുടെ സാന്നിധ്യം ഇത്രയും അനുഭവവേദ്യമായിട്ടുള്ളത് എന്ന് തോന്നുന്നു. മാലാഖ അവൾ പോകുന്നിടത്തൊക്കെ കൂട്ട് വരുന്നതായി അവൾക്ക് കാണാൻ സാധിച്ചു. ചിറകുകൾ വിരിച്ച് , കൈകൾ ഉയർത്തി തൻറെ മീതെ ഉയർന്നുനിൽക്കുന്നതായും ചിലപ്പോൾ തന്നോടൊത്തു പ്രാർത്ഥിക്കുന്നതായും അവൾ മാലാഖയെ കണ്ടു.ദൈവസ്നേഹാഗ്നിയിൽ എരിയാൻ തക്കവിധം അവർ സുകൃതജപങ്ങൾ മത്സരിച്ചു ഉരുവിട്ടു. ‘ഈശോയെ ജയിക്ക’ എന്ന സുകൃതജപം ആരാണ് കൂടുതൽ തീക്ഷ്ണതാപൂർവ്വം പറയുന്നത് എന്നറിയാൻ കളിച്ചങ്ങാതികളെപ്പോലെ അവർ മത്സരം നടത്തിയിട്ടുണ്ട്. താൻ അതിൽ അതീവസന്തുഷ്ടനാണെന്നു ഈശോ അവളെ അറിയിച്ചു.പിൽക്കാലത്ത് ജെമ്മയുടെ ആത്മീയപിതാവായിരുന്ന ജെർമാനോക്ക് കത്തെഴുതാൻ അവളുടെ കയ്യിൽ സ്റ്റാമ്പിനുള്ള പണമിലാത്തതിനാൽ മാലാഖയുടെ കൈവശം അവൾ എഴുത്തുകൾ കൊടുത്തുവിടാറുണ്ടായിരുന്നു.

പഠനത്തിൽ വളരെ മിടുക്കി ആയിരുന്നെങ്കിലും പതിനാറാമത്തെ വയസ്സിൽ അവൾക്ക് പഠനം നിർത്തേണ്ടിവന്നു. തൻറെ സഹോദരങ്ങളിൽ കൂടുതലായി അവൾ സ്നേഹിച്ചിരുന്നത് ജിനോയെയായിരുന്നു. സൗമ്യതയും മാധുര്യമുള്ള സ്വഭാവവുമുണ്ടായിരുന്ന അവൻ സെമിനാരിയിൽ പഠിക്കുമ്പോൾ അപകടകരമായ രോഗം ബാധിച്ചു. ജെമ്മ കുറെ മാസങ്ങൾ അവനെ പരിചരിച്ചെങ്കിലും ജിനോയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

വിശ്രമമില്ലാത്ത ശുശ്രൂഷയും സഹോദരൻ വിട്ടുപോയ ഹൃദയവ്യഥയും മൂലം ജെമ്മ രോഗിയായി. പിന്നീട് സ്‌കൂളിൽ പോകാൻ കഴിഞ്ഞില്ല. ഇതിനിടക്ക് പിതാവിന്റെ മരുന്ന് ബിസിനസ്സിൽ നഷ്ടങ്ങൾ വന്നു. സത്യസന്ധനായ അദ്ദേഹം പലർക്കും കടം കൊടുത്തതും

ജാമ്യം നിന്നതും വലിയ വിനയായി മാറി. സ്വത്തുക്കൾ നഷ്ടപ്പെടുകയും കണ്ടുകെട്ടുകയുമൊക്കെ ചെയ്ത് അവർ നിർദ്ധനരായി. രോഗം വന്നു കിടപ്പിലായ എന്റിക്കോയെ ജെമ്മ ശുശ്രൂഷിച്ചെങ്കിലും 1897 ൽ പിതാവും മരിച്ചു. ജെമ്മയും സഹോദരരും ഒന്നിനും നിവൃത്തിയില്ലാത്ത അനാഥരായി. ഒരമ്മയെപ്പോലെ മറ്റു സഹോദരരെ നോക്കാൻ ശ്രമിച്ചെങ്കിലും ജെമ്മ നട്ടെല്ലിന് കഠിനമായ വേദന ബാധിച്ച് കിടപ്പിലായി .കേൾവിക്കുറവും കൈകാൽ തളർച്ചയും കൂടെ അവൾക്കനുഭവപ്പെട്ടു.

രോഗശാന്തിക്കുവേണ്ടി ജെമ്മയുടെ ശരീരത്തിൽ ശസ്ത്രക്രിയ ചെയ്യേണ്ടിവന്നപ്പോഴെല്ലാം ബോധം കെടുത്താൻ അവൾ സമ്മതിച്ചിരുന്നില്ല. ഈശോയുടെ കൂടെ സഹിക്കാനായി അവൾ അത് സന്തോഷപൂർവ്വം ഏറ്റെടുത്തു. “ഈശോയെ നിർഭാഗ്യപാപികളെ തള്ളിക്കളയരുതേ.അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ട് എനിക്ക്. നീ കുരിശിൽ മരിച്ചതുപോലെ എന്റെ കുരിശിൽ ഞാനും മരിക്കട്ടെ.പാപികൾ നിനക്ക് ധാരാളമുണ്ട് പക്ഷെ , സഹിക്കുന്ന ബലിയാത്മാവുകൾ എത്ര കുറവാണ്”. ഇങ്ങനെയാണവൾ രോഗശയ്യയിലെ സഹനങ്ങൾ ഏറ്റെടുത്തു പ്രാർത്ഥിച്ചത്.

ജെമ്മയുടെ രോഗം വർദ്ധിച്ച് അവളുടെ അന്ത്യം അടുത്തെന്നു എല്ലാവരും കരുതി.24 വയസ്സുള്ളപ്പോൾ മരിച്ച, പാഷനിസ്റ് സഭയിലെ, വ്യാകുലമാതാവിന്റെ വിശുദ്ധ ഗബ്രിയേലിനെ (വിശുദ്ധ ഗബ്രിയേൽ പോസ്സെന്റി ) പറ്റിയുള്ള ഒരു പുസ്തകം ജെമ്മയെ സന്ദർശിച്ച ഒരു സ്ത്രീ അവൾക്ക് വായിക്കാൻ കൊടുത്തു. ആ വിശുദ്ധനെപറ്റി വായിക്കുന്നത് അവൾക്കാശ്വാസമായി. പുസ്തകം ആ സ്ത്രീ തിരിച്ചുകൊണ്ടുപോയപ്പോൾ വിഷമിച്ച അവളെ ആശ്വസിപ്പിക്കാൻ വിശുദ്ധൻ നേരിട്ടെത്തി. 1862ൽ മരിച്ച ഈ വിശുദ്ധൻ വാഴ്ത്തപ്പെട്ടവനും വിശുദ്ധനുമായി പ്രഖ്യാപിക്കപ്പെട്ടത് ജെമ്മയുടെ മരണശേഷമാണ്. വിശുദ്ധ ഗബ്രിയേൽ തൻറെ സഹോദരിയെപ്പോലെ അവളെ ആശ്വസിപ്പിച്ചു. വിശുദ്ധ മാർഗരറ്റ് മേരി ആലക്കോക്കിന്റെ തിരുഹൃദയനൊവേന ചൊല്ലാൻ ഒരു വൈദികൻ അവളോട് പറഞ്ഞിട്ടുണ്ടായിരുന്നു. അത് മുഴുവനാക്കാൻ വിശുദ്ധ ഗബ്രിയേൽ അവളെ നിർബന്ധിച്ചു. അത് കഴിഞ്ഞതോടെ അത്ഭുതകരമായി രോഗസൗഖ്യവും ലഭിച്ചു. പാതിരാത്രി കഴിയുമ്പോഴേക്കും മരിക്കും എന്ന് ഡോക്ടർമാർ പറഞ്ഞിട്ടുപോയ ജെമ്മയുടെ രോഗശാന്തിയെപ്പറ്റി കേട്ടവർക്കെല്ലാം അത്ഭുതമായി.

കന്യാസ്ത്രീയാകുന്നതിനു വളരെയധികം ആഗ്രഹിച്ച ജെമ്മയെ വിസിറ്റേഷൻ സഭാസമൂഹം ആരോഗ്യക്കുറവ് മൂലം എടുത്തില്ല. പാഷനിസ്റ് സഭാസമൂഹവും അവളുടെ അപേക്ഷ നിരാകരിച്ചു. തന്റെ ആത്മീയ പിതാക്കന്മാരായി അവൾ തിരഞ്ഞെടുത്തിരുന്നത് പാഷനിസ്റ്റ് സഭയിലെ പിതാക്കളെ ആയിരുന്നു. “പാഷനിസ്റ്റ് സമൂഹാംഗങ്ങൾ ഈ ലോകത്തിൽ വെച്ചു എന്നെ സ്വീകരിക്കുന്നില്ലെങ്കിലും മരണത്തിനു ശേഷം സ്വീകരിക്കും” എന്നവൾ പ്രവചിച്ചു. അതുപോലെ തന്നെ, അവളുടെ ശരീരാവശിഷ്ടങ്ങൾ മരണശേഷം സൂക്ഷിക്കപ്പെട്ടിരിക്കുന്നത് ലൂക്കാ പട്ടണത്തിനടുത്തുള്ള പാഷനിസ്റ് കോൺവെന്റിലാണ്. മരണശേഷം പാഷനിസ്റ് സഭയുടെ വസ്ത്രങ്ങൾ അണിയിച്ചാണ് അവർ ശരീരം സംസ്കരിച്ചത്. ജീവിച്ചിരുന്നപ്പോൾ ഈശോയുടെ പീഡാനുഭവത്തോട് അത്രയധികം അവൾ താദാത്മ്യപ്പെടുകയും സഹനങ്ങളെ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയും ചെയ്തു .

ജെമ്മ കന്യാസ്ത്രീ ആകണമെന്നതല്ല ഈശോയുടെ തിരുമനസ്സെന്നു അവൾക്ക് മനസ്സിലായി. ഒരു ദിവസം ദിവ്യകാരുണ്യസ്വീകരണത്തിന് ശേഷം അവൾ പ്രാർത്ഥിക്കുമ്പോൾ ദിവ്യകാരുണ്യനാഥൻ അവളോട് പറഞ്ഞു, “എന്റെ മകളെ , കന്യകാലയജീവിതത്തേക്കാൾ ഉൽകൃഷ്ടമായ മറ്റൊരു ജീവിതമുണ്ട്”.

ക്രൂശിതനായ ക്രിസ്തുവിനുവേണ്ടി കൂടുതൽ പീഡകൾ സഹിക്കാൻ അവൾ അതിയായി ആഗ്രഹിച്ചിരുന്നു. 1899 ജൂൺ 8ന് ജെമ്മക്ക് ആദ്യമായി പഞ്ചക്ഷതാനുഭവമുണ്ടായി. എല്ലാ വ്യാഴാഴ്ച ഉച്ചതിരിയുമ്പോഴും , ആദ്യം പാരവശ്യത്തിലാണ്ടുപോകുന്ന അവളുടെ ശരീരത്തിൽ അടയാളങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. വെള്ളിയാഴ്ച മൂന്നുമണി കഴിയുന്നതോടെ അല്ലെങ്കിൽ ശനിയാഴ്ച പുലരുന്നതോടെ രക്തത്തിന്റെ ഒഴുക്ക് നിലക്കും. മുറിവുകൾ അടയും. ആഴമേറിയ മുറിവിന്റെ സ്ഥാനത്ത് ചില വെളുത്ത പാടുകൾ മാത്രം അവശേഷിക്കും. ജെമ്മ ഈ അസാധാരണകാര്യങ്ങൾ മറക്കുവാനായി കൈകളിൽ ഗ്ലൗവ്സ് ഇടാനും ഇരുണ്ട കളറിലുള്ള ഉടുപ്പ് ധരിക്കുവാനുമൊക്കെ തുടങ്ങി.

ജെമ്മ ഇതെല്ലാം മൂടിവെക്കാൻ ശ്രമിച്ചെങ്കിലും ആളുകൾ കുറ്റാരോപണങ്ങളും പരിഹാസങ്ങളുമായി അവളെ പിന്തുടർന്നു. കുടുംബത്തിലെ ദാരിദ്ര്യാവസ്ഥ കൂടെയായപ്പോൾ ലൂക്കായിലെ ധനികരും ഭക്തരുമായ ‘ഗ്യാനിനി’ കുടുംബത്തിലേക്ക് ഫാദർ ഗയറ്റാനോയുടെ ശുപാർശപ്രകാരം സ്ഥിരതാമസത്തിനായി അവൾ അയക്കപ്പെട്ടു. അവളെ അവരുടെ കുടുംബത്തിലെ ഒരംഗമെന്ന പോലെ അവർ പരിഗണിച്ചു. ശിഷ്ടജീവിതം അവിടെയായിരുന്നു.

എന്നും ദേവാലത്തിൽ പോയിരുന്ന ജെമ്മക്ക് ദിവ്യകാരുണ്യശേഷം മിക്കവാറും ദിവസങ്ങളിൽ ഈശോ പ്രത്യക്ഷപ്പെട്ടിരുന്നു. വേർപിരിക്കാൻ കഴിയാത്തവിധം അവർ ഒന്നായിരുന്നു. പ്രവചനവരം അവൾക്കുണ്ടായിരുന്നു. ഗ്യാനിനികുടുംബത്തിൽ നിന്ന് അവൾക്കെന്തെങ്കിലും സംഭാവന കിട്ടുന്നതൊക്കെ പാവങ്ങളിൽ എത്തിച്ചേർന്നു. പരിശുദ്ധ അമ്മയെ സ്വന്തം അമ്മയായി കരുതിയ അവൾ ‘എന്റെ അമ്മ’ എന്ന് വിളിച്ചിരുന്നത്. ഈശോയുടെ നാമം കഴിഞ്ഞാൽ പരിശുദ്ധ അമ്മയുടെ നാമവും അവളുടെ നാവിൽ എപ്പോഴുമുണ്ടായി.

ഒരിക്കൽ അവളോട് ഒരു കന്യാസ്ത്രീ ‘ഏറ്റവും പ്രധാനപ്പെട്ടതും ദൈവത്തിന് പ്രിയങ്കരവുമായ പുണ്യമേത് ?” എന്ന് ചോദിച്ചപ്പോൾ “എല്ലാ പുണ്യങ്ങളുടെയും അടിസ്ഥാനമായ എളിമയാണെന്ന് ” അവൾ പറഞ്ഞു. മറ്റുള്ളവർ അവളെ അവഹേളനപാത്രമാക്കുമ്പോൾ അവൾ ആനന്ദിച്ചു. അവളുടേത് ലളിതമായ വസ്ത്രധാരണരീതിയായിരുന്നു. ആത്മസംയമനവും അനുസരണയും അവൾ പാലിച്ചു. ‘ഏതാജ്ഞയും ഉടനടി അനുസരിക്കുക’ എന്നത് അവളുടെ ജീവിതാദർശമായിരുന്നു, ജീവശ്വാസം പ്രാർത്ഥനയും. അപാരമായ ദിവ്യകാരുണ്യഭക്തിയുണ്ടായിരുന്ന ജെമ്മ എത്ര സുഖമില്ലാത്തപ്പോഴും വലിഞ്ഞെഴുന്നേറ്റ് പള്ളിയിൽ പോയിരുന്നു. ശുദ്ധീകരണാത്മാക്കളുടെയും പാപികളുടെയും ആത്മരക്ഷക്കായി തൻറെ സഹനങ്ങളും പ്രാർത്ഥനകളും പരിത്യാഗപ്രവൃത്തികളും അവൾ കാഴ്ചവെച്ചു.

തൻറെ തീവ്രസഹനത്താലും പ്രാർത്ഥനയാലും നിരവധി പാപികളെ രക്ഷിച്ചിരുന്ന അവളെ സാത്താൻ കഠിനമായി വെറുത്ത് ഉപദ്രവിച്ചിരുന്നു. അവളുടെ അതിസ്വാഭാവികനന്മകളെ പലരും സംശയിച്ചിരുന്നത് സാത്താൻ ഉപകരണമാക്കി. ജഡികചിന്തകള്‍ കൊണ്ടും നിരന്തരം ഉപദ്രവിച്ചു. ഈശോ അവളോട് പറഞ്ഞു, “എന്റെ കുരിശാണ് സുനിശ്ചിതമായ രക്ഷാമാർഗം. എനിക്കുവേണ്ടി പീഡകൾ സഹിക്കുന്ന ആളുകളുടെ മേൽ പിശാചിന് യാതൊരു ശക്തിയും ഉണ്ടായിരിക്കുകയില്ല. എന്റെ മകളെ , ക്ലേശങ്ങളാൽ പീഡിപ്പിക്കപ്പെട്ടിരുന്നല്ലെങ്കിൽ വളരെപ്പേർ നിത്യമായി നശിച്ചുപോകുമായിരുന്നു”.

ഒരിക്കൽ അമ്മയുടെ കൈകളിൽ സംവഹിക്കപ്പെട്ട രീതിയിൽ കൊച്ചുകുഞ്ഞായി ജെമ്മക്ക് പ്രത്യക്ഷപ്പെട്ട ഈശോയുടെ കൈവിരലിൽ നിന്ന് പരിശുദ്ധ അമ്മ ഒരു മോതിരമെടുത്ത് അവൾക്കിടുവിച്ചു. ദൈവസ്നേഹാഗ്നിയാൽ കത്തിയെരിഞ്ഞ ജെമ്മയെ പിന്നീട് , ഈ ലോകത്തിലെ ഒരാളായല്ല അലൗകികഭാവങ്ങളോട് കൂടി സ്വർഗ്ഗവാസിയെ പോലെയാണ് കാണുന്നവർക്ക് തോന്നിയിരുന്നത്.

1903 ജനുവരിയിൽ ജെമ്മക്ക് ക്ഷയരോഗമുള്ളതായി അറിഞ്ഞു. ദുസ്സഹമായ പീഡകൾ നാലുമാസത്തോളം ഒരു പരാതിയും കൂടാതെ അവൾ സഹിച്ചു. എത്ര സുഖമില്ലെങ്കിലും വെള്ളം ചോദിച്ചിരുന്നില്ല. അധരങ്ങളുടെ ചലനശക്തി നഷ്ടപ്പെടും വരെ അവൾ ഈശോയുടെ തിരുനാമം ഉരുവിട്ടു. അതുപറ്റാതെ ആയപ്പോൾ വിചാരത്തിലൂടെയും. വിശുദ്ധവാരത്തിലെ ബുധനാഴ്ചയിൽ അവളുടെ മരണപീഡ ആരംഭിച്ചു. പെസഹാവ്യാഴാഴ്ച ശക്തിയായ പനി ഉണ്ടായിട്ടും അവൾ ഉപവസിച്ചു. ഈശോയുടെ കുരിശുമരണത്തെ ധ്യാനിച്ചു. ദുഃഖവെള്ളിയാഴ്ച ഈശൊക്കൊപ്പം ക്രൂശിക്കപ്പെടുവാൻ ആഗ്രഹിച്ചു .

ദുഃഖശനിയാഴ്ച 1903 ഏപ്രിൽ 11 രാത്രി ജെമ്മയുടെ അവസാനവാക്കുകൾ ഇങ്ങനെ ആയിരുന്നു,”ഈശോനാഥാ, എന്റെ ആത്മാവിനെ അങ്ങേ തൃക്കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു”. അരമണിക്കൂർ കൂടി കഴിഞ്ഞു. ജെമ്മയുടെ മുഖത്ത് ഒരു സ്വർഗ്ഗീയമന്ദഹാസം വിരിഞ്ഞു. ശിരസ്സ് ഒരുവശത്തേക്ക് ചെരിഞ്ഞു. ദേവാലയത്തിൽ നിന്ന് ഉയിർപ്പിന്റെ മണിനാദം മുഴങ്ങി. പ്രഭയോടുയിർത്ത ഈശോയെ വരവേൽക്കാൻ ജെമ്മയുടെ ആത്മാവ് സ്വർഗ്ഗത്തിലേക്ക് പോയി. ഇരുപത്തിയഞ്ചാം വയസ്സിൽ ആ സഹനപുഷ്പം അങ്ങനെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു.

ആയിരക്കണക്കിനാളുകൾ ശവസംസ്കാരശുശ്രൂഷയിൽ പങ്കെടുത്തു. 1933ൽ വാഴ്ത്തപ്പെട്ടവളായ ജെമ്മ ഗല്‍ഗാനി മെയ് 2, 1940 ന് പന്ത്രണ്ടാം പീയൂസ് പാപ്പായാൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. ലൂക്കായിലെ പാഷനിസ്റ് സിസ്റ്റേഴ്സിന്റെ ചാപ്പലിൽ അവളുടെ ശരീരം സൂക്ഷിക്കപ്പെട്ടിരിക്കുന്നു. അവിടെ ഒരു മാർബിൾ ഫലകത്തിൽ എഴുതിവെച്ചിരിക്കുന്നത് ഇങ്ങനെയാണ് ,

“ലൂക്കായിൽ നിന്നുള്ള ജെമ്മ ഗൽഗാനിയെന്ന നിഷ്കളങ്ക കന്യക, അവളുടെ ഇരുപത്തിയഞ്ചാം വയസ്സിൽ ക്ഷയരോഗത്താൽ, എന്നതിനേക്കാൾ ദൈവസ്നേഹാഗ്നിയാൽ പ്രാണൻ വെടിഞ്ഞു. 1903 ഏപ്രിൽ 11ന് ഈസ്റ്റർ രാത്രിയിൽ അവളുടെ ആത്‌മാവ്‌ മാലാഖമാരുടെ അകമ്പടിയോടുകൂടി അവളുടെ സ്വർഗീയമണവാളന്റെ മാറിലേക്കെടുക്കപ്പെട്ടു, ഓ മനോഹരിയായ ആത്മാവ്‌ !”

വിശുദ്ധ ജെമ്മ ഗല്‍ഗാനിയുടെ തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️

Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s