പിശാച് ഭയപ്പെടുന്ന സ്ത്രീ

“ഒരു ബാധ ഒഴിപ്പിക്കലിനിടയിൽ (എക്‌സോർസിസം) സാത്താൻ എന്നോട് പറഞ്ഞു, ഓരോ “നന്മ നിറഞ്ഞ മറിയവും’ എന്റെ ശിരസ്സിലേൽക്കുന്ന പ്രഹരമാണ്; ക്രിസ്ത്യാനികൾക്ക് ജപമാലയുടെ ശക്തി എത്ര എന്നറിയുമെങ്കിൽ അതെന്റെ അവസാനമാണ് “.

‘The Chief Exorcist of the Vatican’ എന്നറിയപ്പെട്ടിരുന്ന, ‘The Pope’s Exorcist’ എന്ന സിനിമയിലൂടെ ഇപ്പോഴും വാർത്തകളിൽ വന്നുകൊണ്ടിരിക്കുന്ന ഫാദർ ഗബ്രിയേൽ അമോർത്തിന്റെ വാക്കുകളാണിത്. 2013 ആകുമ്പോഴേക്ക് തന്റെ മിനിസ്ട്രി വഴി 160,000 ബാധ ഒഴിപ്പിക്കൽ പ്രക്രിയകൾ അദ്ദേഹം നടത്തിയെന്നാണ് പറയപ്പെടുന്നത് (ചിലത് മിനിറ്റുകളുടെ മാത്രം ദൈർഘ്യമുള്ളതും ചിലത് മണിക്കൂറുകൾ നീണ്ടു നിൽക്കുന്നതും). അദ്ദേഹം പിശാചുമായി നടത്തിയ ഒരു സംഭാഷണം ഒരു പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിൽ പരിശുദ്ധ മറിയത്തിന്റെ സവിശേഷതകൾ പിശാചിനെക്കൊണ്ട് തന്നെ പറയിപ്പിക്കുന്നത് കാണാം. അത് അത്ര എളുപ്പമുള്ള കാര്യമല്ല. പരിശുദ്ധ അമ്മയുടെ നാമത്തിൽ ചോദിക്കുന്നതു കൊണ്ട് അവളോടുള്ള ഭയത്തെ പ്രതിയാണ് സാത്താൻ ഉത്തരം പറയാൻ തയ്യാറാകുന്നത്.

ഫാദർ അമോർത്ത് : നിന്നെ ഏറ്റവുമധികം ദേഷ്യം പിടിപ്പിക്കുന്ന പരിശുദ്ധ അമ്മയുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?

പിശാച് : അവൾ എല്ലാ സൃഷ്ടികളിലും വെച്ച് എളിമയുള്ളവളാണെന്നത് എന്നെ അരിശം പിടിപ്പിക്കുന്നു കാരണം ഞാൻ ഏറ്റവും അഹങ്കാരിയാണ് ; അവൾ എല്ലാ സൃഷ്ടികളിലും വെച്ച് നിർമ്മലയാണ്, ഞാൻ അങ്ങനല്ല ; അവൾ ദൈവത്തോട് ഏറ്റവും അനുസരണയുള്ളവളാണ്, ഞാനാണെങ്കിൽ ഒരു നിഷേധിയും.

ഫാദർ അമോർത്ത് : ഞാൻ യേശുക്രിസ്തുവിന്റെ പേര് പറയുമ്പോഴെന്നതിനെക്കാൾ പരിശുദ്ധ അമ്മയുടെ പേര് കേൾക്കുമ്പോൾ നിനക്ക് കൂടുതൽ ഭയമുണ്ടാകുവാൻ കാരണമായ അവളുടെ പ്രത്യേകത പറയൂ,

പിശാച് : നീ അവളുടെ പേര് പറയുമ്പോൾ എനിക്ക് കൂടുതൽ അസ്വസ്ഥതയുണ്ടാവുന്നു കാരണം അവൻ വഴി എന്നതിനേക്കാൾ കേവലം ഒരു സൃഷ്ടിയാൽ ഞാൻ പരാജിതനാക്കപ്പെടുന്നു എന്നത് എനിക്ക് ഏറെ അപമാനകരമാണ്.

ഫാദർ അമോർത്ത്: നിന്നെ ദേഷ്യം പിടിപ്പിക്കുന്ന അവളുടെ നാലാമത്തെ സവിശേഷത പറയൂ

പിശാച് : അവൾ എന്നെ എപ്പോഴും പരാജയപ്പെടുത്തുന്നു, കാരണം അവളിൽ പാപത്തിന്റെ നേരിയ ലാഞ്ചന പോലുമില്ല.

മറ്റൊരു എക്‌സോർസിസ്റ്റിനോട്‌ പിശാച് ജപമാലയെപറ്റി പറഞ്ഞത് കൂടെ ഒന്ന് സൂചിപ്പിക്കാം. 2019 ഒക്ടോബർ 7ന്, ഡോൺ അമ്പോർജിയോ വില്ല എന്ന മിലാനിലുള്ള പുരോഹിതൻ ബെൽസബൂൽ എന്ന പിശാചിനോട്, അവനുള്ള ശരീരത്തിൽ നിന്ന് ഒഴിപ്പിക്കുന്നതിനിടയിൽ ജപമാലയുടെ ശക്തിയെ പറ്റി തുറന്നു പറയാൻ നിർബന്ധിച്ചപ്പോൾ അവൻ പറഞ്ഞതിന്റെ ഒരു ഭാഗമാണിത്.

ഡോൺ അമ്പോർജിയോ : സംസാരിക്കൂ, എന്നെക്കൊണ്ട് വീണ്ടും പറയിപ്പിക്കാതെ. ജപമാലക്ക് നിന്റെ മേലുള്ള ശക്തി എത്രയെന്നു പറയാൻ പരിശുദ്ധ അമ്മ നിന്നോട് ആവശ്യപ്പെടുന്നു.

പിശാച് : വളരെ ലളിതമായ പ്രാർത്ഥനയാണെങ്കിലും അതിൽ താല്പര്യമില്ലാത്തവരും ഏറെയാണ്. പക്ഷേ അത് ചെയ്യുന്നവർ, ക്രിസ്തുവിന്റെയും മറിയത്തിന്റെയും ജീവിതവുമായി ഒന്നാവുന്നു. ജപമാല എന്നെ നശിപ്പിക്കുന്ന ഒന്നാണ്. ഓരോ നന്മ നിറഞ്ഞ മറിയവും എന്റെ തലയെ കുത്തിത്തുളക്കുന്നു. അത് കേട്ടുനിൽക്കാൻ എനിക്ക് പറ്റില്ല. പ്രാർത്ഥിക്കാതെ ആളുകൾ ജപമാല വെറുതെ കയ്യിൽ പിടിച്ചാൽ പോലും എനിക്കത് അസ്വസ്ഥതയുണ്ടാക്കും. പക്ഷേ അവൾക്ക് അത് വളരെ ഇഷ്ടമുള്ള പ്രാർത്ഥനയാണ്.

ഡോൺ അമ്പോർജിയോ: തുടരൂ

പിശാച് : കുടുംബത്തിൽ ആരാണോ പ്രാർത്ഥിക്കുന്നത്, അവർക്ക് അവളുടെ പ്രത്യേക സംരക്ഷണം ലഭിക്കും. എനിക്കാ വീട്ടിൽ കയറാൻ പറ്റില്ല. അതിനുള്ള അനുമതി എനിക്കില്ല കാരണം ആ കുടുംബത്തിലുള്ള ജപമാലയുടെ ശക്തി എന്നെ ചവിട്ടിയരക്കുന്നു.

ഡോൺ അമ്പോർജിയോ : തുടർന്നോളൂ

പിശാച് : ഒരു കുടുംബത്തിൽ ഒരാൾ മാത്രമേ ജപമാലപ്രാർത്ഥന നടത്തുന്നുള്ളു എങ്കിൽക്കൂടി അയാൾക്ക് ആ കുടുംബത്തിലെ മറ്റുള്ളവരെയും രക്ഷിക്കാൻ കഴിയും.

ബാക്കിയുള്ളവർ പ്രാർത്ഥിക്കേണ്ട എന്നല്ല കേട്ടോ, കുടുംബത്തിലെ മറ്റുള്ളവരെക്കൂടി ദൈവത്തിലേക്ക് അടുപ്പിക്കാൻ ജപമാല ചൊല്ലുന്നവർക്ക് സാധിക്കും എന്നായിരിക്കാം അതിനർത്ഥം. ജപമാല രഹസ്യങ്ങൾ മാത്രം ചൊല്ലി അവസാനിപ്പിക്കുന്ന വിശ്വാസികൾ ലുത്തിനിയയുടെ പ്രാധാന്യം എത്രയെന്ന് അറിയാത്തവരാണ് എന്ന് പിശാച് ഒരു ഭൂതോഛാടകനോട് പറഞ്ഞെന്നുള്ളത് പണ്ടെന്നോ വായിച്ച ഒരു ഓർമ്മയുണ്ട്.

സാത്താൻ എന്നത് ‘ഒന്നുമില്ല, വെറും അന്ധവിശ്വാസം ‘ മാത്രമാണെന്ന് ഒരു കർദ്ദിനാൾ അടക്കം പലരും ഫാദർ അമോർത്തിനോട്‌ പറഞ്ഞിട്ടുണ്ട്. ചിലർക്കാണെങ്കിൽ എവിടെ നോക്കിയാലും ‘പിശാച്’ ആണ്, അവർ ആവശ്യത്തിലധികം ശ്രദ്ധ ആ വിഷയത്തിൽ കൊടുക്കും. രണ്ടും ശരിയല്ല എന്നതാണ് ഫാദർ അമോർത്തിന്റെ അഭിപ്രായം. പിശാച് ഉണ്ട്‌, ചിലരുടെ മേൽ ആധിപത്യം സ്ഥാപിക്കാറുമുണ്ട്. പക്ഷേ ‘ദൈവം പിശാചിനെക്കാളേറെ സൗന്ദര്യവാനാണ്’. ആകർഷണീയത ഉള്ളവനാണ്. പിശാചിന്റെ സ്വാധീനത്തിൽ പെടാതിരിക്കാനുള്ള വഴി നന്മയാലും നന്മയുടെ സൗന്ദര്യത്താലും നമ്മൾ ആകർഷിക്കപ്പെടുക എന്നതാണ്, അതായത് നന്മ തന്നെയായ ദൈവത്തോട് ചേർന്നിരിക്കുക.

നമ്മുടെ ‘ലിറ്റിൽ ഫ്‌ളവർ’ പറഞ്ഞ പോലെ, സ്നേഹത്താലാണ് നമ്മൾ വിധിക്കപ്പെടുക എന്ന് ഫാദർ അമോർത്തും പറയുന്നു. ദൈവത്തോടുള്ള ഭയം മാറ്റിക്കളയേണ്ടതാണ്. ദൈവം നമ്മെ സ്നേഹിക്കുന്നില്ല എന്നത് പിശാചിന്റെ ഏറ്റവും വലിയ നുണയാണ്, നമുക്കിനി രക്ഷയില്ല എന്നതും. സ്നേഹത്തിന്റെ പാത ഫാദർ അമോർത്ത് തിരഞ്ഞെടുത്തത് പരിശുദ്ധ അമ്മയെ അനുകരിച്ചു കൊണ്ടും അവളുടെ സംരക്ഷണത്തിനായി തന്നെത്തന്നെ വിട്ടുകൊടുത്തുകൊണ്ടും ആണ്.

തന്റെ ജീവിതത്തിലുടനീളം, ഗാഗുൽത്തായിൽ അടക്കം ഈശോ സാത്താനെ പരാജയപ്പെടുത്തിയത് തന്റെ പിതാവിൽ ആശ്രയിച്ചു കൊണ്ടും അവന്റെ സ്നേഹത്തിനും ഹിതത്തിനുമായി തന്നെത്തന്നെ വിട്ടുകൊടുത്തുകൊണ്ടും ആണ്. അതിന് നമുക്കും കഴിയണമെങ്കിൽ, നമ്മുടെ സഹകരണമില്ലാതെ, ആത്മാവിൽ ഉണർന്നിരിക്കാതെ സാധ്യമല്ല. ദാസന്റെ രൂപത്തിൽ നിന്ന് പുത്രന്റെ, പുത്രിയുടെ അവകാശത്തിലേക്ക് നമ്മൾ വളരേണ്ടിയിരിക്കുന്നു.

മറ്റൊരു ക്രിസ്തുവായി ജീവിച്ചു കൊണ്ടാണ് ഒരു ക്രിസ്ത്യാനി യുദ്ധം ചെയ്യേണ്ടത്. പകരത്തിനു പകരം ചെയ്തുകൊണ്ടല്ല, സമാധാനപരമായി സത്യത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട്. കാരണം ‘നമ്മൾ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങൾക്കും ആധിപത്യങ്ങൾക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാർക്കും സ്വർഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കൾക്കുമെതിരായാണ് പട വെട്ടുന്നത് ‘. പിതാവായ ദൈവത്തെ ഇതേവരെ അറിയാൻ അവസരം ലഭിക്കാത്തവരോട് ഇടപെടുമ്പോൾ, വിശുദ്ധ പൗലോസ് റോമാക്കാർക്ക് കൊടുത്ത നിർദ്ദേശങ്ങൾ നമുക്കും പിന്തുടരാം – ‘തിന്മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ, തിന്മയെ നന്മ കൊണ്ട് കീഴടക്കുവിൻ ‘.

നമ്മളെ സാവധാനം പൈശാചികവലയത്തിലേക്ക്, ഇരുട്ടിലേക്ക് നയിക്കുന്ന സംഗതികൾ കഠിനഹൃദയം, നിസ്സംഗത, ആത്മീയ മരവിപ്പ് ഒക്കെയാണ്. എങ്ങനെയാണ് ഇതൊഴിവാക്കാൻ കഴിയുന്നത്? എളിമ, വിശ്വാസം, പ്രാർത്ഥന ( ജപമാല ), കൂടെക്കൂടെയുള്ള കൂദാശ സ്വീകരണങ്ങൾ, സുവിശേഷാനുസൃതമായ ജീവിതം, ഉപവിപ്രവൃത്തികൾ, ശത്രുക്കളോട് ക്ഷമിക്കുന്നത് ഒക്കെ നമ്മെ അതിന് സഹായിക്കും. വീണ്ടും പരിശുദ്ധ അമ്മയെന്ന മാതൃകയെ നമുക്ക് മുൻപിൽ ഫാദർ അമോർത്ത് വെക്കുന്നു.

വിശുദ്ധ പാദ്രേ പിയോയുമായി 26 വർഷങ്ങളോളം പരിചയമുണ്ടായിരുന്ന ഫാദർ അമോർത്ത് മരിച്ചത്, 91 വയസുള്ളപ്പോൾ 2016 സെപ്റ്റംബറിൽ ആണ്.

ജപമാലപ്രാർത്ഥനയുടെ ശക്തി എന്തുമാത്രമെന്നു നമുക്ക് അത്രക്ക് നിശ്ചയമില്ലെങ്കിലും ശത്രുവായ പിശാചിന് അത് ശരിക്കുമറിയാം. ജപമാല സ്ഥിരമായി മനസ്സിരുത്തി ചൊല്ലുന്നത് പാപത്തെയും അന്ധകാരശക്തികളെയും ചെറുക്കുന്നു എന്നുള്ളത് ആർക്കും ഖണ്ഠിക്കാനാവാത്ത യാഥാർത്ഥ്യം തന്നെയാണ്.

ജിൽസ ജോയ് ✍️

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s