എന്റെ കർത്താവേ… എന്റെ ദൈവമേ…!

യഹൂദജനത നൂറ്റാണ്ടുകൾ രക്ഷകന് വേണ്ടി കാത്തിരുന്നു.പക്ഷെ അവസാനം അവൻ അവർക്കിടയിലേക്ക് വന്നപ്പോൾ അവനെ അവർ വിശ്വസിച്ചില്ല. അവന്റെ അറിവ് അവരെ അത്ഭുതപ്പെടുത്തി , അവൻ ചെയ്ത അത്ഭുതപ്രവൃത്തികൾ കണ്ടു . എന്നിട്ടും തങ്ങളുടെ ‘കർത്താവും ദൈവവും’ ആയി അവർ അവനെ കണ്ടില്ല. ഒരു തച്ചന്റെ മകനായി മാത്രം അവർ അവനെ കരുതി . അവരുടെ വിശ്വാസരാഹിത്യം ഈശോയെ വിസ്മയിപ്പിക്കുക പോലും ചെയ്തു.

എന്നാൽ സന്തതസഹചാരിയായി കൂടെ നടന്ന, പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനാവാൻ ഭാഗ്യം ലഭിച്ച തോമസ് തന്റെ ഉത്ഥാനത്തിൽ സംശയം പ്രകടിപ്പിച്ചെന്നു കേട്ടപ്പോൾ ഈശോ അളവറ്റ കാരുണ്യത്തോടെയാണ് പെരുമാറിയത്. മുൻപൊരിക്കൽ പറഞ്ഞതുപോലെ പറയാമായിരുന്നു , ‘വിശ്വാസമില്ലാത്ത തലമുറയെ ഇനിയും എത്ര നാൾ ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും’, മനുഷ്യനായി അവതരിച്ച തൻറെ ഭൂമിയിലെ സമയം ഇതാ കഴിഞ്ഞിരിക്കുകയാണ് എന്നിട്ടും ഇപ്പോഴും അവർ ചിതറിക്കപെട്ട , വിശ്വാസമില്ലാത്ത , ധൈര്യമില്ലാത്ത , പ്രതീക്ഷ വറ്റിയ അവസ്ഥയിൽ.

ഈശോക്ക് അറിയാമായിരുന്നു തോമസ് തകർക്കപെട്ടവൻ ആയിരുന്നെന്ന്. ഈശോയുടെ മരണദുഃഖത്തിൽ കൂടെ ഉണ്ടാവാതിരുന്നതിന്റെ സങ്കടം കാർന്നുതിന്നുന്ന ഹൃദയത്തോടെയാണ് തോമസ് ഇരുന്നത്. സ്നേഹം കൂടും തോറും അകന്നുപോയതിന്റെയും അവിശ്വസ്തതയുടെയും സങ്കടവും നഷ്ടബോധവും കൂടുമല്ലോ. തകർന്ന ഹൃദയത്തോട് എന്നും അലിവുള്ളവനാണ് നമ്മുടെ കർത്താവ്. തന്നോട് തന്നെ ക്ഷമിക്കാൻ കഴിയാതിരുന്ന തോമസിനോട് ഈശോ ക്ഷമിച്ചു. അവനെ ചേർത്തണച്ചു . അവന്റെ ശാഠ്യങ്ങൾക്ക് നിന്നുകൊടുത്തു. വിശ്വാസത്തിൽ ഉറപ്പിച്ചു. വെറും ‘Doubting Thomas’ ആയിപ്പോകുമായിരുന്ന അവനെ ഭാരതത്തിന്റെ അപ്പസ്‌തോലനാക്കി. Ultimate proclamation of the Gospel ആയ ‘എന്റെ കർത്താവേ, എന്റെ ദൈവമേ’ എന്ന് തോമസ് ഏറ്റുപറഞ്ഞു.

ഉത്ഥിതനിൽ നമുക്കുള്ള വിശ്വാസം അവന്റെ ശിഷ്യന്മാരുടെ സാക്ഷ്യത്തിൽ നിന്നാണ്. സംശയവും ഭയവും കൊണ്ട് തളർന്ന മനുഷ്യരിൽ നിന്ന്, യേശുവിനെ പ്രതി സഹിക്കാൻ യോഗ്യത ലഭിക്കുന്നതിൽ ആനന്ദിക്കുന്ന മനുഷ്യരായി അവർ രൂപാന്തരപ്പെട്ടു. സുവിശേഷദീപം തെളിയിച്ച് ക്രിസ്തുവിന്റെ പരിമളം തങ്ങൾ ചെന്നിടത്തെല്ലാം പരത്തി. മരണത്തെ ജയിച്ചവനു വേണ്ടി ഓരോരുത്തരായി മരണത്തെ പുൽകി.

പൂർണ്ണമായും നല്ലവരായവർക്കാണോ ഈശോയുടെ സാമീപ്യത്തിനു കൂടുതൽ അർഹത? “ആരോഗ്യവാന്മാർക്കല്ല രോഗികൾക്കാണ് വൈദ്യനെ കൊണ്ടാവശ്യം”. നമ്മുടെ യോഗ്യത നോക്കിയല്ല അവിടുന്ന് സ്നേഹിക്കുന്നതും കാരുണ്യം കാണിക്കുന്നതും. നമ്മെ സ്നേഹിക്കാൻ ദൈവത്തിനു ഒരു അവസരം കൊടുക്കാൻ മാത്രമാണ് അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നത്. പരാജയപെട്ടുപോയ, പല കുതന്ത്രങ്ങളും ചെയ്തിട്ടുള്ള എത്ര വ്യക്തിത്വങ്ങളാണ് ഈശോയുടെ കരുണയാൽ ശക്തി പ്രാപിച്ചു നൂറ്റാണ്ടുകളായി എല്ലാവരാലും വണങ്ങപ്പെട്ടു കൊണ്ടിരിക്കുന്നത് . ‘യാക്കോബിൻ ദൈവം , നമ്മുടെ തുണയെന്നും ‘എന്ന് കുർബ്ബാനയിൽ പാടുമ്പോൾ വലിയ സന്തോഷമാണ് ഉള്ളിൽ അലയടിക്കാറുള്ളത്. മുൻകാലങ്ങളിൽ ദയനീയമായി പരാജയപ്പെട്ട യാക്കോബിനെയും എടുത്തു വാനോളമുയർത്തിയ ദൈവം. നമുക്കും പ്രതീക്ഷയുണ്ട് ഈ ദൈവത്തിൽ . ദുർബ്ബലരാകാതെ ധൈര്യമവലംബിക്കാം . നമ്മുടെ കർത്താവിനെ സ്നേഹത്തോടെ കാത്തിരിക്കാം. ഉത്ഥിതന്റെ ആ സ്നേഹം ഹൃദയത്തിൽ ആവാഹിച്ചു മറ്റുള്ളവരിലേക്ക് പകരാം.

ഈശോ ഫൗസ്റ്റീനയോട് പറഞ്ഞു”എന്നെ സമീപിക്കാൻ യാതൊരു പാപിയും ഭയപ്പെടാതിരിക്കട്ടെ. കരുണയുടെ ജ്വാലകൾ എന്നെ ദഹിപ്പിക്കുകയാണ്. അവ ഈ ആത്മാക്കളുടെ മേൽ ചൊരിയാൻ ഞാൻ ആഗ്രഹിക്കുന്നു “. കൃപാജീവിതത്തിൽ ഓരോ വ്യക്തിയും വളരുന്നത് ദൈവകരുണ അനുഭവിച്ചു കൊണ്ടും മറ്റുള്ളവർക്ക് ദൈവകാരുണ്യത്തിന്റെ അടയാളമായി മാറിക്കൊണ്ടുമാണ്. ഈശോ വീണ്ടും പറയുന്നു ,” എന്റെ കരുണയിൽ ആശ്രയിച്ച ഒരാത്മാവിനു പോലും നിരാശപ്പെടേണ്ടി വന്നിട്ടില്ല. ലജ്ജിക്കേണ്ടി വരികയുമില്ല “. നമ്മുടെ ശരണമില്ലായ്യ്മയാണ് അവനെ കൂടുതൽ മുറിപ്പെടുത്തുന്നത്. അവൻ ദൈവവും കർത്താവുമാണെന്ന് മാത്രമല്ല , കാരുണ്യമാണെന്ന് കൂടെ നമുക്ക്‌ വിശ്വസിക്കാം.

പുതുഞായറും ദൈവകരുണയുടെ തിരുന്നാളും ആഘോഷിക്കുന്ന ഈ ദിവസത്തിൽ ഹൃദയത്തിൽ കോറിയിടാം .. ദൈവത്തിന്റെ സത്താഭാവമാണ് കാരുണ്യം . ഈശോ നമ്മിൽ നിന്നാവശ്യപെടുന്നതും അതുതന്നെ. കരുണക്ക് വേണ്ടി ദൈവത്തിലേക്ക് കണ്ണുകളുയർത്താം. അവിടുന്നു കിട്ടുന്ന കാരുണ്യം സഹജരിലെക്കൊഴുക്കാം. ഈശോയുടെ കരുണയുടെ ഹൃദയത്തോട് ഐക്യപ്പെടുന്നതു വഴി മാത്രമേ മനുഷ്യർക്ക് കരുണയുള്ള ഹൃദയം സ്വന്തമാവുകയുള്ളു. അതാണല്ലോ തോമാശ്ലീഹായും കാണിച്ചു തന്നത്. തനിക്കു ലഭിച്ച കരുണ മറ്റുള്ളവരിലേക്ക് പകർന്നു.

എന്റെ കർത്താവേ .. എന്റെ ദൈവമേ .. ഞങ്ങളങ്ങയിൽ ശരണപ്പെടുന്നു ..

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s