So young, and still a saint !
ഡൊമിനിക് സാവിയോയെ പറ്റി ആലോചിക്കുമ്പോൾ ഇതാണ് നമുക്കോർമ്മ വരിക. വാസ്തവത്തിൽ അവൻ വെറുതെ അങ്ങനെ ചെറുപ്പത്തിൽ മരിച്ചുപോയ ഒരാളല്ല, ജീവിതത്തിലെ ഓരോ നിമിഷവും അമൂല്യമായി കരുതി ജീവിതം അതിന്റെ പൂർണ്ണതയിൽ സന്തോഷത്തോടെ ജീവിച്ചവനാണ്. ചെറുപ്പകാലങ്ങളിലും ശ്രദ്ധ പതറിപ്പോകാതെ, അനാവശ്യകാര്യങ്ങളുടെ പിന്നാലെ പോകാതെ, ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും പ്രായമാകുമ്പോള്‍ തന്നെ ജീവിതം ദൈവത്തിനു എങ്ങനെ സമർപ്പിക്കണമെന്ന് ഡൊമിനിക് സാവിയോ നമുക്ക് കാണിച്ചുതരുന്നു.
ഡൊമിനിക് സാവിയോ മരിക്കുന്നത് 1857 മാർച്ച് 9 ന് അവന്റെ പതിനഞ്ചാമത്തെ ജന്മദിനത്തിന് 24 ദിവസം ബാക്കിയുള്ളപ്പോഴാണ്. മാർച്ച് 1ന് അവൻ അസുഖം കൂടി, ഓറട്ടറി വിട്ട് വീട്ടിലേക്ക് (ഇനി തിരിച്ചുവരാനിടയില്ലാത്ത )യാത്ര പോകുമ്പോൾ “രണ്ടുപേരും ദുഖത്തിലായിരുന്നു. അവനെന്റെ കൂടെയുണ്ടാകാൻ എന്ത് വിലയും ഞാൻ കൊടുക്കുമായിരുന്നു, കാരണം ഒരപ്പന് പ്രിയപ്പെട്ട മകനോടുള്ള വാത്സല്യമായിരുന്നു എനിക്കവനോട്” വിശുദ്ധ ഡോൺബോസ്‌കോ പറഞ്ഞു.
വിശുദ്ധ ഡൊമിനിക് സാവിയോയെപറ്റി പുസ്തകം എഴുതിയതിന് ശേഷം അതിന്റെ മുഖവുരയിൽ വിശുദ്ധ ഡോൺബോസ്‌കോ ഓറട്ടറിയിലെ കുട്ടികളോട് പറഞ്ഞു,”നിങ്ങൾ നിങ്ങളോട് തന്നെ പറയണം, എന്റെ സ്‌കൂളിൽ പഠിച്ച, എന്റെ പ്രായത്തിലുള്ള, ഒരേ ഭവനത്തിൽ ജീവിച്ച, ഒരേ വിധത്തിലുള്ള അപകടങ്ങൾ നേരിടേണ്ടി വന്ന, ഒരുപക്ഷെ എന്നെക്കാൾ കൂടുതൽ അപകടസാഹചര്യത്തിൽ ജീവിച്ചിരുന്ന ഒരു വ്യക്തിക്ക് ഈശോമിശിഹായെ വിശ്വസ്തതയോടെ അനുകരിക്കാൻ സാധിച്ചു എന്നുവരികിൽ എനിക്കും എന്തുകൊണ്ട് അതുപോലെ ആയിക്കൂടാ ?”
ഡൊമിനിക് സാവിയോ ജനിച്ചത് ഇറ്റലിയിൽ കിയെറിക്ക് അടുത്ത് റിവായിലാണ്. പിതാവ് ചാൾസ് , മാതാവ് ബ്രിജിറ്റ്. നാലു വയസ്സുള്ളപ്പോഴേക്ക് പ്രാർത്ഥനകളെല്ലാം അവന് മനഃപാഠമായിരുന്നു. അവനെക്കൊണ്ട് മാതാപിതാക്കൾക്ക് ഒരു ശല്യവും ഉണ്ടായിട്ടില്ല. ഭക്ഷണം കഴിക്കുന്നതിന് മുൻപും കുരിശുമണി അടിക്കുമ്പോഴും ഒക്കെ പ്രാർത്ഥിക്കാൻ അവനാണ് മാതാപിതാക്കളെ ഓർമ്മിപ്പിച്ചിരുന്നത്.
അവന്റെ ഇടവകവൈദികന്റെ വാക്കുകളിലേക്ക് ..” ഞാൻ മുരിയാൽഡോയിലേക്ക് വന്ന കാലം മുതൽ അഞ്ചുവയസ്സായ അവനെയും കൊണ്ട് അവന്റെ അമ്മ പള്ളിയിലേക്ക് വരുന്നത് പ്രത്യേകം എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതിശാന്തമാണ് അവന്റെ ഭാവം. ഭക്തിബഹുമാനാദരവോടെയുള്ള പെരുമാറ്റം. ഇതാണ് എന്നെ ആകർഷിച്ചത്. എന്നെപ്പോലെ തന്നെ പലരെയും. പള്ളിയിലേക്കുള്ള വഴി പഠിച്ചുകഴിഞ്ഞപ്പോൾ അവൻ തനിയെ വരാൻ തുടങ്ങി. രാവിലെ പള്ളിവാതിൽ തുറക്കുന്നതിന് മുൻപേ എത്തും. തുറക്കുമ്പോൾ കാണാം കുട്ടി പള്ളിനടയിൽ മുട്ടുകുത്തി നിൽക്കുന്നത്. മഴയോ മഞ്ഞോ ഒന്നും അതിനവന് തടസ്സമല്ല”.
അഞ്ചുവയസ്സുള്ളപ്പോൾ അവൻ വിശുദ്ധ കുർബ്ബാനക്ക് സഹായിക്കാൻ പഠിച്ചു. തീരെ കുഞ്ഞായതുകൊണ്ട് പെരുവിരലിൽ കുത്തിനിന്ന് അവൻ അൾത്താരമേൽ കുർബ്ബാനപുസ്തകം വെക്കുന്നതും എടുക്കുന്നതും കാണാൻ തന്നെ ഒരു രസമായിരുന്നു.
പതിനൊന്നോ പന്ത്രണ്ടോ വയസ്സാകാതെ പ്രഥമദിവ്യകാരുണ്യസ്വീകരണം കൊടുക്കാറില്ലായിരുന്നെങ്കിലും പരിശുദ്ധ കുർബ്ബാന സ്വീകരിക്കാനുള്ള അവന്റെ ആഗ്രഹവും ആദ്ധ്യാത്മിക ഒരുക്കവും കണക്കിലെടുത്ത് ഏഴുവയസ്സിൽ അവനത് അനുവദിച്ചു കിട്ടി. ആ വാർത്ത അറിഞ്ഞവൻ തുള്ളിച്ചാടി. പ്രാർത്ഥിച്ചും വിശുദ്ധ ഗ്രന്ഥം വായിച്ചുമൊക്കെ ആത്മാവിനെ ഒരുക്കി. പ്രഥമദിവ്യകാരുണ്യസ്വീകരണതലേന്ന് അവൻ അമ്മയോട് പറഞ്ഞു, “ഞാൻ ആദ്യമായി
ദിവ്യകാരുണ്യം സ്വീകരിക്കാൻ പോവുകയാണമ്മേ. കഴിഞ്ഞകാലത്തെ എന്റെ കുറ്റങ്ങളൊക്കെ ദയവായിട്ടെന്നോട് ക്ഷമിക്കു. മേലിൽ ഞാൻ നല്ല കുട്ടിയായിരുന്നുകൊള്ളാമെന്നു വാക്ക് തരുന്നു. ഞാൻ ക്‌ളാസിൽ കൂടുതൽ ശ്രദ്ധയുള്ളവനായിരിക്കും. കൂടുതൽ ബഹുമാനത്തോടെ പെരുമാറുകയും കൂടുതൽ അനുസരണയുള്ളവനായിരിക്കുകയും ചെയ്യും. അമ്മ പറയുന്നതെല്ലാം ഞാൻ കേട്ടുകൊള്ളാം”.
അവന്റെ വാക്കുകൾ കേട്ട് അമ്മ കരഞ്ഞുപോയി. അമ്മ പറഞ്ഞു, “എന്റെ മോനെ, നീ ഒട്ടും വിഷമിക്കേണ്ട. എല്ലാം ക്ഷമിച്ചിരിക്കുന്നു. നിന്നെ ദൈവവരപ്രസാദത്തിൽ നിലനിർത്താൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കു. നിന്റെ പിതാവിനും എനിക്കും വേണ്ടി നീ പ്രാര്ത്ഥിക്കണം”.
പ്രഥമദിവ്യകാരുണ്യസ്വീകരണം അവനേറെ പ്രിയപ്പെട്ട ദിവസമായിരുന്നു. ചില തീരുമാനങ്ങൾ തൻറെ കൊച്ചുപുസ്തകത്തിൽ അവനെഴുതിവെച്ചു. പിന്നീട് ഇടക്കിടക്ക് അതെടുത്തു വായിക്കുമായിരുന്നു. അതിങ്ങനെയായിരുന്നു,
“ഏ. ഡി. 1848. ഞാൻ ഡൊമിനിക് സാവിയോ, ഏഴുവയസ്സിൽ എന്റെ പ്രഥമ ദിവ്യകാരുണ്യസ്വീകരണദിനത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ.
1. ഞാൻ ഇടക്കിടക്ക് കുമ്പസാരിക്കും. എന്റെ കുമ്പസാരക്കാരൻ. അനുവദിക്കുന്നേടത്തോളം പ്രാവശ്യം ഞാൻ ദിവ്യകാരുണ്യം സ്വീകരിക്കും.
2. തിരുന്നാൾ ദിവസങ്ങൾ വിശുദ്ധമായി ആചരിക്കും.
3. ഈശോയും മറിയവും ആയിരിക്കും എന്റെ സ്നേഹിതർ.
4. പാപം ചെയ്യുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ്.
കുട്ടികളുടെ പ്രഥമദിവ്യകാരുണ്യസ്വീകരണസമയത്തെ ഒരുക്കത്തെക്കുറിച്ചു പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഇതെഴുതിയ ശേഷം വിശുദ്ധ ഡോൺബോസ്‌കോ മാതാപിതാക്കളോടും കുട്ടികളുടെ മേൽനോട്ടം വഹിക്കുന്നവരോടും പറയുന്നു. അത് ഒരു നല്ല ജീവിതത്തിനുള്ള അടിത്തറയാണ്. അത് സ്വീകരിക്കാത്ത കുഞ്ഞുങ്ങളുണ്ടെങ്കിൽ കുഞ്ഞായിരുന്ന ഡൊമിനിക് സാവിയോയെ മാതൃകയാക്കാനും അദ്ദേഹം പറയുന്നു.
ഗ്രാമത്തിലെ സ്‌കൂള്‍പഠനത്തിന് ശേഷം മുനിസിപ്പൽ സ്‌കൂളിൽ പോകണമെങ്കിൽ രണ്ട് നാഴികയിലധികം ദൂരമുണ്ട്. പത്തുവയസ്സു പ്രായമുള്ളപ്പോൾ ഒരാവലാതിയും കൂടാതെ അവൻ സ്‌കൂളിലേക്ക് നടന്നുപോകുമായിരുന്നു.
ഒരുദിവസം ഡൊമിനിക് കത്തുന്ന വെയിലിൽ നടന്നുപോകുമ്പോൾ ഒരുമനുഷ്യൻ അവന്റെ അടുത്തുചെന്ന് ചോദിച്ചു,
” എന്റെ കുട്ടി, നിനക്ക് ഭയമില്ലേ ഒറ്റക്കിങ്ങനെ നടക്കാൻ ?”
“ഞാൻ ഒരിക്കലും തനിച്ചല്ലല്ലോ സർ. എന്റെ കാവല്മാലാഖ എപ്പോഴും കൂടെയുണ്ട്”.
“ദിവസേന നടക്കണ്ടേ രണ്ടു നേരവും? അതും ഈ പൊള്ളുന്ന വെയിലത്ത്? നിനക്ക് നല്ല ക്ഷീണം തോന്നുന്നുണ്ടാവും”.
“നന്നായി കൂലി തരുന്ന ഒരു യജമാനന് വേണ്ടി ജോലി ചെയ്യുമ്പോൾ ക്ഷീണമൊന്നും തോന്നുകയില്ല”.
“ആരാണീ യജമാനൻ ?”
“ദൈവം. അല്ലാതാരാണ് ? ദൈവത്തെയോർത്ത് കൊടുക്കുന്ന ഒരു കോപ്പ വെള്ളത്തിന് പോലും പ്രതിഫലം കിട്ടും”.
ഈ സംഭവത്തെ പറ്റി മറ്റുള്ളവരോട് പറഞ്ഞിട്ട് ആ മനുഷ്യൻ പറയാറുണ്ടായിരുന്നത്രെ പത്തുവയസ്സുള്ള ഒരു കുട്ടി ഈ പ്രായത്തിൽ ഇങ്ങനെ ചിന്തിക്കുന്നുന്നെങ്കിൽ ഏതു നിലയിലാണെങ്കിലും അവനെപ്പറ്റി പിന്നീടും നമ്മൾ കേൾക്കാനിടയാകും എന്നത് തീർച്ചയാണെന്ന്.
കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതിൽ അവൻ വളരെയധികം ശ്രദ്ധിച്ചിരുന്നു. ചീത്തവർത്തമാനം പറയുന്നവരിൽനിന്നകന്നു നിന്നു. 1852 അവസാനം അവന്റെ മാതാപിതാക്കൾ മോൺടോണിയോ എന്ന ഗ്രാമത്തിലേക്കു താമസം മാറ്റി. അവന്റെ അദ്ധ്യാപകന് അവനെപ്പറ്റി വളരെ മതിപ്പായിരുന്നു. പഠനത്തിൽ മിടുക്കനായ കുട്ടി.
ക്‌ളാസ്സിലെ ഒരു കുട്ടി യുടെ തെറ്റ് അവനിൽ ആരോപിക്കപ്പെട്ടപ്പോൾ മിണ്ടാതെ വഴക്കു കേട്ടത് നമുക്കറിയാമല്ലൊ. മുൻപും കുറ്റങ്ങൾ ചെയ്തിട്ടുള്ളതുകൊണ്ട് അത്തവണ മറ്റേ കുട്ടി ഡിസ്മിസ് ചെയ്യപ്പെടുമായിരുന്നു. പക്ഷെ തൻറെ ആദ്യത്തെ തെറ്റായതുകൊണ്ട് ക്ഷമിക്കപ്പെടുമെന്നറിയാമായിരുന്നു.എന്നുമാത്രമല്ല താൻ കുറ്റം ചെയ്യാതെ ശിക്ഷിക്കപ്പെട്ട കർത്താവിനെപ്പറ്റി ഓർത്തെന്നുമായിരുന്നു അവൻ പിന്നീട് പറഞ്ഞത്.
അതിനിടയിൽ വിശുദ്ധ ഡോൺബോസ്കോയെ പരിചയപ്പെട്ട ഡൊമിനിക്ക് അവനെക്കൂടി ടൂറിനിലെ ഓറട്ടറിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു.
ഓറട്ടറിയിൽ ഡോൺബോസ്കോയുടെ റൂമിൽ വിശുദ്ധ ഫ്രാൻസിസ് സാലസിന് പ്രിയപ്പെട്ട ഒരു വചനം എഴുതി വച്ചിരുന്നു, ‘എനിക്ക് ആത്മാക്കളെ തരിക, ബാക്കിയെല്ലാം എടുത്തുകൊള്ളുക’ എന്നതായിരുന്നു അത്. ഡൊമിനിക്ക് അതുകണ്ട് കുറച്ചുനേരം ചിന്തിച്ചിട്ട് പറഞ്ഞു, ” ഓ, ഇവിടെ അച്ചൻ പണം കൊണ്ടല്ല, ആത്മാക്കളെ കൊണ്ടാണ് ബിസിനസ്സ് നടത്തുന്നത്. എനിക്ക് മനസ്സിലായി. എന്റെ ആത്മാവിനും അതിന്റേതായ പങ്കുവഹിക്കാൻ കാണുമെന്ന് ഞാൻ ആശിക്കുന്നു”.
ഓറട്ടറിയിൽ വെച്ചു വിശുദ്ധിയെപ്പറ്റി കേട്ട പ്രസംഗം പുണ്യവാളനാകണം എന്നുള്ള അടങ്ങാത്ത ആശ അവന്റെയുള്ളിൽ ജനിപ്പിച്ചു.ഒരിക്കൽ ഡോൺബോസ്‌കോ പറഞ്ഞു , “നിനക്കൊരു സമ്മാനം തരാൻ ഞാൻ ആഗ്രഹിക്കുന്നു.നിനക്കെന്താണ് വേണ്ടത് ? ” “എന്നെ ഒരു പുണ്യവാളനാക്കണം. അതാണ് എനിക്കിഷ്ടമുള്ള സമ്മാനം. എന്നെ എന്നെന്നേക്കും പരിപൂർണ്ണമായി ദൈവത്തിന് നൽകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു”.
ചില വാക്കുകളുടെ മൂലാർത്ഥത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഡോൺബോസ്‌കോ പറഞ്ഞു, ‘ഡൊമിനിക്കസ്’ എന്ന ലത്തീൻ വാക്കാണ് ഡൊമിനിക്ക് എന്ന വാക്കിന്റെ മൂലം . ഡൊമിനിക്ക് എന്നുവെച്ചാൽ ‘ദൈവത്തിന്റെ’ എന്നാണ് അർത്ഥം. ” ആ !” ഡൊമിനിക്ക് പെട്ടെന്ന് പറഞ്ഞു, ” ഒരു പുണ്യവാനാകണം എന്ന് ഞാൻ ആവശ്യപ്പെട്ടത് എത്ര ശരിയാണെന്ന് നോക്കൂ ! എന്റെ പേര് കൊണ്ടുതന്നെ ഞാൻ ദൈവത്തിന്റേതാണെന്ന് വരുന്നില്ലേ ? ഞാൻ ദൈവത്തിന്റേതായിരിക്കണം. മുഴുവനായി അങ്ങനെ ആയിരിക്കുകയും ചെയ്യും. ഒരു പുണ്യവാനാകാതെ എനിക്ക് സന്തോഷമുണ്ടാവുകയില്ല”.
ദൈവത്തിനായി ആത്മാക്കളെ നേടാൻ ശ്രമിക്കുക – എന്നതാണ് ഡൊമിനിക്കിന് പുണ്യവാനാകാൻ കിട്ടിയ ആദ്യ ഉപദേശം. സഹപാഠികളുടെ ആത്മാക്കളെ മുഴുവൻ നേടാൻ അവൻ ആഗ്രഹിച്ചിരുന്നു. ദൈവദൂഷണം ശ്രവിക്കുന്നത് അവന് സഹിക്കാൻ പറ്റാത്ത കാര്യമായിരുന്നു. ആരെങ്കിലും ദൈവദൂഷണം പറയുന്നത് കേട്ടാൽ ” ഈശോയുടെ നാമം വാഴ്ത്തപ്പെട്ടതാകട്ടെ ” എന്നവൻ കുറെ വട്ടം ഉരുവിട്ടു.
ചീത്തകുട്ടികളെ നന്നാക്കാൻ അവൻ തന്നാലാവും വിധം പരിശ്രമിച്ചു. ആദ്ധ്യാത്മിക കാര്യങ്ങളെപ്പറ്റി പറയാൻ അവൻ വളരെയധികം ഇഷ്ടപ്പെട്ടു. ഒരിക്കൽ അവൻ നല്ലൊരു കഥ പറഞ്ഞുകൊടുക്കുന്നതിനിടയിൽ ഒരുത്തൻ ചോദിച്ചു,” ഇത്തരം കഥകൾ പറയുന്നതുകൊണ്ട് വല്ല ഗുണമുണ്ടോ ?” “ഗുണമുണ്ടോ ന്നോ ?” ഡൊമിനിക് പറഞ്ഞു. “ഈശോമിശിഹായുടെ രക്തം കൊണ്ട് വീണ്ടെടുക്കപ്പെട്ടതാണ് എന്റെ കൂട്ടുകാരുടെ ആത്മാക്കൾ. അതുകൊണ്ട് ഞാൻ പറയുന്നു, നാം സഹോദരങ്ങളാണ്. നമ്മുടെ രക്ഷയെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ നാം അന്യോന്യം സഹായിക്കേണ്ടതാണ്. അതുകൊണ്ട് ഒരൊറ്റ ആത്മാവിനെ രക്ഷിക്കുന്ന കാര്യത്തിൽ ഞാൻ വിജയിക്കുകയാണെങ്കിൽ എന്റെ സ്വന്തം ആത്മാവ് രക്ഷപ്പെടും എന്നെനിക്ക് ഉറപ്പുണ്ട്”.
ഓറട്ടറിയിൽ നിന്ന് കിട്ടുന്ന കാശുരൂപങ്ങൾ, കുരിശുകൾ , പുസ്തകങ്ങൾ , പടങ്ങൾ ഒക്കെ സൂക്ഷിച്ചു വെച്ച് വീട്ടിലേക്ക് കൊണ്ടുപോയി സ്‌നേഹിതന്മാർക്ക് പ്രോത്സാഹനമായി കൊടുത്തു.നന്നായി കുരിശു വരക്കാൻ പഠിച്ചാൽ, വേദപാഠക്‌ളാസിൽ പോയാൽ ഒക്കെ സമ്മാനം തരാമെന്നു പറയും. പരിശുദ്ധ കുർബ്ബാനയുടെ അടുത്ത് കൂട്ടിക്കൊണ്ടുപോകും.
കുട്ടികളുടെ കൂടെ കളിക്കാനും അവൻ മുന്പിലുണ്ടായിരുന്നു.കളിയിൽ മിടുക്കനാകുക എന്നതല്ല ആത്മാവിനെയും ശരീരത്തെയും നന്നായി സൂക്ഷിക്കാൻ കളി വലിയ സഹായമാണെന്ന് കാണിക്കാൻ വേണ്ടി ആയിരുന്നു അത്. എന്ത് ചെയ്യുമ്പോഴും സന്തോഷമുള്ള ഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുക. ജീവിതത്തിന്റെ പരമമായ ആ ലക്ഷ്യത്തിലേക്ക് മാത്രം അവൻ മനസ്സുവെച്ചു.
മാതാവിനോട് അതിരറ്റ ഭക്തിയായിരുന്നു അവന്. ” ഓ മേരി, ഞാനെന്നും നിന്റെ കുഞ്ഞായിരിക്കാൻ ആഗ്രഹിക്കുന്നു. ശുദ്ധത എന്ന പുണ്യത്തിനെതിരായി ഒരു പാപം ചെയ്യുന്നതിന് മുൻപ് എന്നെ മരിക്കുവാന്‍ അനുവദിക്കുക.” എന്നവൻ കൂടെക്കൂടെ പ്രാർത്ഥിച്ചു.
എല്ലാ വെള്ളിയാഴ്ചയും ഉല്ലാസസമയത്ത് കുട്ടികളെ കൊണ്ട് പള്ളിയിലേക്ക് പോയി വ്യാകുലകൊന്ത ചൊല്ലും. കന്യാമറിയത്തിന്റെ സംരക്ഷണയിൽ സ്വയം സമപ്പിച്ചതിന് ശേഷം അവന്റെ സ്വഭാവത്തിൽ അത്യാകർഷകമായ മാറ്റങ്ങൾ വീണ്ടുമുണ്ടായി.ജീവിതം കുറേക്കൂടി വൈശിഷ്ട്യമുള്ളതായി.
കൂടെക്കൂടെ കുമ്പസാരിച്ചു കുർബ്ബാന സ്വീകരിച്ചു. വിശുദ്ധകുർബ്ബാന സ്വീകരിക്കാൻ വളരെയേറെ പ്രാർത്ഥിച്ചൊരുങ്ങി. അതുകഴിഞ്ഞുള്ള നന്ദിപ്രകടനം ഏറെനേരം നീണ്ടുനിന്നിരുന്നു. ഓർമ്മിപ്പിച്ചില്ലെങ്കിൽ പ്രഭാതഭക്ഷണം പോലും അവൻ മറന്ന് മുട്ടിൽ നിന്ന് പ്രാർത്ഥിച്ചുകൊണ്ടിരിക്കും.
വിശുദ്ധകുർബ്ബാന വഹിച്ചു പോകുന്ന വൈദികനെക്കണ്ടാൽ ഏതുചെളിയിലും ഉടനെ അവൻ മുട്ടുകുത്തുമായിരുന്നു. എന്തിനാണ് ഉടുപ്പ് ചീത്തയാക്കുന്നത് എന്ന് ചോദിച്ച സ്നേഹിതനോട് അവൻ പറഞ്ഞു ,” എന്റെ രണ്ടു മുട്ടുകളും തുണികളും ദൈവത്തിന്റേതാണ്. അവിടുത്തെ സേവനത്തിനും മഹത്വത്തിനും വേണ്ടിയാണ് അവ ഉപയോഗപ്പെടേണ്ടത്. അവിടുന്ന് കടന്നുപോകുമ്പോൾ അവിടുത്തെ മഹത്വത്തിനായി സാഷ്ടാംഗം വീഴാനാണ് എനിക്ക് തോന്നുന്നത്. ഈ കൂദാശയിൽ സ്വയം നമുക്കുതരാൻ പ്രേരിപ്പിച്ച അവിടുത്തെ സ്നേഹത്തിന്റെ ഒരു പൊരി കിട്ടുമെന്ന് വരികിൽ തീച്ചൂളയിലേക്ക് ചാടാൻ ഞാനൊരുക്കമാണ്”.
മറ്റുള്ളവരിൽനിന്നുള്ള എതിർപ്പുകൾ,മാനക്കേടുകൾ അവൻ ക്ഷമയോടെ സഹിച്ചു. ഉപവാസം അവൻ ഏറെ ആഗ്രഹിച്ചു ചെയ്‌തെങ്കിലും അവന്റെ ആരോഗ്യക്കുറവ് മൂലം അധികാരികൾ അത് മുടക്കി. ഉറക്കത്തിൽ പോലും സുഖം ലഭിക്കാതിരിക്കാൻ ഇഷ്ടിക കഷണങ്ങളും മരക്കഷണങ്ങളും കിടക്കയിൽ അവൻ കൊണ്ടിട്ടു. മഞ്ഞുകാലത്ത് നനുത്ത ഉടുപ്പുകളും വേനൽക്കാലത്തു കട്ടിയുള്ള ഉടുപ്പും ധരിച്ചു. അവൻ സുഖമില്ലാതെ കിടക്കുമ്പോൾ കാണാൻ വന്ന റെക്ടറച്ചൻ കട്ടികുറഞ്ഞ പുതപ്പു കണ്ട് നിനക്ക് തണുപ്പേറ്റ് മരിക്കണമെന്നുണ്ടോ എന്ന് ചോദിച്ചു. “അതല്ല, പുൽക്കൂട്ടിലും മരക്കുരിശിലും കിടന്ന ഈശോക്ക് പൊതിയാൻ ഇതുപോലുമില്ലായിരുന്നല്ലോ” എന്നായിരുന്നു മറുപടി.
അവനു കിട്ടുന്ന നല്ല ഭക്ഷണം മറ്റുള്ളവർക്ക് കൊടുത്ത് മറ്റു കുട്ടികൾ കഴിച്ചതിന്റെ ബാക്കി അവൻ എടുത്തു കഴിക്കുമായിരുന്നു.
” ലോകത്തിൽ നമുക്കുള്ളതെല്ലാം ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം കൊണ്ട് ലഭിക്കുന്നതാണ് .ദൈവവരപ്രസാദം കഴിഞ്ഞാൽ പിന്നേ മനുഷ്യകുലത്തിനു ദൈവം നൽകുന്ന ഏറ്റവും വലിയ സഹായം നമ്മുടെ ജീവസന്ധാരണത്തിനു ആവശ്യമായ ഭക്ഷണം തരലാണ്. അതുകൊണ്ട് അതിന്റെ ഒരു കഷണം പോലും കളയാതെ സൂക്ഷിക്കേണ്ടതാണ്”. ഇത്ര ചെറിയ കുട്ടിയുടെ വായിൽ നിന്ന് വരുന്ന ജ്ഞാനവചസ്സുകൾ നമ്മെ അത്ഭുതപ്പെടുത്തും.
മാതാവിന്റെ ബഹുമതിക്കായി അമലോത്ഭവമാതാവിന്റെ സൊഡാലിറ്റി എന്ന പേരിൽ ഒരുസഖ്യമുണ്ടാക്കാൻ അവൻ ആഗ്രഹിച്ചു. “എനിക്കത് വേഗം ചെയ്യണം .അല്ലെങ്കിൽ പിന്നേ എനിക്ക് സമയം കിട്ടിയില്ലെങ്കിലോ” അവൻ പറഞ്ഞു. സൊഡാലിറ്റി രൂപീകരണത്തിനായി അവൻ നിയമങ്ങൾ എഴുതിയുണ്ടാക്കി. 1856 ജൂൺ 8ന് അവൻ മരിക്കുന്നതിന് ഒമ്പതുമാസം മുൻപ് മാതാവിന്റെ അൾത്താരയിൽ ചെന്ന് നിയമങ്ങൾ അവൻ വായിച്ചു.
ദിവ്യകാരുണ്യസന്നിധിയിൽ പലപ്പോഴും സ്ഥലകാലങ്ങൾ അവൻ മറന്ന് മണിക്കൂറുകളോളം ചിലവഴിച്ചു.
ഒരിക്കൽ ഡോൺബോസ്‌ക്കോയെ ഒരു കാരുണ്യപ്രവർത്തനം ചെയ്യാനുണ്ടെന്നു പറഞ്ഞു അവൻ തിടുക്കത്തിൽ കൊണ്ടുപോയി. റോഡിലൂടെ നടന്നു ഒരു വീട്ടിലെത്തിയപ്പോൾ ഒരു സ്ത്രീ പെട്ടെന്ന് വാതിൽ തുറന്നു,” വേഗം വരൂ. അല്ലെങ്കിൽ വൈകിപ്പോകും . പ്രൊട്ടസ്റ്റന്റായിരുന്ന എന്റെ ഭർത്താവ് മരിക്കാറായിരിക്കുന്നു. അദ്ദേഹത്തിന് കത്തോലിക്കനാകണമെന്നുണ്ട്”. ഡോൺബോസ്‌കോ കുമ്പസാരം കേട്ട് അന്ത്യകൂദാശകൾ കൊടുത്തു കഴിഞ്ഞപ്പോൾ അയാൾ മരിച്ചു. ആരെങ്കിലും രോഗം പിടിപെട്ടു കിടപ്പാണെന്നു നീ എങ്ങനെ മനസ്സിലാക്കുന്നെന്നു ചോദിച്ചതിന് ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു ഡൊമിനിക്കിന്റെ മറുപടി.
അവന്റെ ജീവിതം മുഴുവൻ മരണത്തിനു വേണ്ടിയുള്ള ഒരുക്കമായിരുന്നു.അവന്റെ ആരോഗ്യം ക്ഷയിച്ചു വന്നു.മാസത്തിൽ ഒരിക്കൽ കുട്ടികൾ നല്ലമരണത്തിനു ഒരുങ്ങാറുണ്ട്. കുമ്പസാരിച്ചു കുർബ്ബാന സ്വീകരിച്ചു പ്രാർത്ഥനകൾ ചൊല്ലും. കൂട്ടത്തിൽ ആദ്യം മരിക്കുന്നവന് വേണ്ടിയുള്ള പ്രാർത്ഥനകൾ ഉണ്ടാകും അവസാനം. ഒരു ദിവസം ഡൊമിനിക്ക് ചിരിച്ചുകൊണ്ട് പറഞ്ഞു, ” ഞങ്ങളുടെ കൂട്ടത്തിൽ ആദ്യം മരിക്കുന്ന ആൾക്ക് വേണ്ടി എന്നുപറയുന്നതിന് പകരം ഞങ്ങളിൽ ആദ്യം മരിക്കാൻ പോകുന്ന സാവിയോക്കു വേണ്ടി എന്ന് പറഞ്ഞു കൂടെ ?”
ക്ഷീണിതനാണെങ്കിലും ഇടക്കൊക്കെ ക്‌ളാസിൽ പോകും, ഇടക്കിരുന്നു പഠിക്കും , രോഗികളെ ശുശ്രൂഷിക്കും. കിടപ്പിലായ ഒരു സ്നേഹിതൻ ആവലാതിപ്പെട്ടപ്പോൾ അവൻ പറഞ്ഞു,” നീ എന്താണ് വിചാരിക്കുന്നത് ? നമ്മുടെ ശരീരങ്ങൾ എന്നെന്നും നിലനിൽക്കാൻ വേണ്ടി ഉണ്ടാക്കപ്പെട്ടിട്ടുള്ളതല്ല. ക്രമത്തിൽ അത് ക്ഷയിച്ചു ഇല്ലാതാവുക തന്നെ വേണം. അപ്പോൾ നമ്മുടെ ആത്മാവ് ശരീരത്തിന്റെ തടവിൽനിന്നു സ്വതന്ത്രമാകും. എന്നിട്ടത് സ്വർഗ്ഗത്തിലേക്ക് പറക്കും. പൂർണ്ണാരോഗ്യത്തോടെ നിത്യാനന്ദം അനുഭവിക്കുവാൻ”. മരുന്ന് കയ്പ്പാണെന്നു പറഞ്ഞ കുട്ടിയോട് പറഞ്ഞു,” നമുക്ക് തരുന്ന എല്ലാത്തരം മരുന്നുകളും കുടിക്കാൻ നാം തയ്യാറാകണം. അതാണ് ദൈവനിശ്ചയം. മരുന്ന് എത്ര അരുചിയാണോ അത്രക്ക് കൂടുതൽ പുണ്യം നമുക്ക് കിട്ടും. ഡോക്ടർമാരെ ദൈവം സൃഷ്ടിച്ചത് നമ്മുടെ ആരോഗ്യം വീണ്ടെടുക്കാൻ നമ്മെ സഹായിക്കാനാണ്. കുരിശിൽ കിടന്നപ്പോൾ ക്രിസ്തുവിനു കൊടുത്ത വിനാഗിരിയെക്കാൾ ചീത്തയാണ് ഈ മരുന്നെന്നു തോന്നുന്നുണ്ടോ ? “
ഡൊമിനിക്കിന്റെ ആരോഗ്യം നന്നേ മോശമായി. പഠനം നിർത്തി പോകാൻ അവനു മടിയായിരുന്നെങ്കിലും അവന്റെ പിതാവിനെ വിളിപ്പിച്ചു. 1857 മാർച്ച് ഒന്നിന് ആയിരുന്നു അത്. അവൻ പോകുന്നതാണ് ദൈവഹിതം എന്ന് ചിന്തിച്ചുകൊണ്ട് ഡൊമിനിക്ക് അതിനു വഴങ്ങി. ഓറട്ടറിയിൽ വെച്ചു ജീവിതം അവസാനിക്കണമെന്നതായിരുന്നു തൻറെ ആഗ്രഹം എന്നവൻ പറഞ്ഞു. സുഖക്കേട് മാറി നീ തിരിച്ചുവരുമല്ലോ എന്ന് പറഞ്ഞപ്പോൾ ” ഓ , അതുണ്ടാവില്ല. അത് തീർച്ച. പോയാൽ ഇനി ഞാൻ ഒരിക്കലും തിരിച്ചു വരില്ല ” എന്നവൻ പറഞ്ഞു.
എല്ലാ മാസത്തിലും ചെയ്യാറുള്ള നല്ലമരണത്തിനുള്ള ഒരുക്കം ഭക്തിപൂർവ്വം മറ്റു കുട്ടികളൊന്നിച്ച് അവൻ നടത്തി. സ്നേഹിതർക്ക് ഉപദേശങ്ങൾ കൊടുത്തു. ഒരു കുട്ടിക്ക് കുറച്ചു പണം കൊടുക്കാനുണ്ടായിരുന്നത് കൊടുത്തു. “നമ്മുടെ കണക്കു തീർക്കണം, അല്ലെങ്കിൽ ദൈവവുമായുള്ള എന്റെ കണക്ക് തീർക്കേണ്ട നേരം വരുമ്പോൾ ഞാൻ കുഴങ്ങും”. പോകുന്നതിനു മുൻപ് ഡോൺബോസ്ക്കോയുടെ കൈ അമർത്തി പിടിച്ച് അവൻ സ്നേഹിതരോട് പറഞ്ഞു,”എന്റെ പ്രിയപ്പെട്ട സ്നേഹിതരെ , യാത്ര. എനിക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം. ദൈവത്തിന്റെ തിരുമുൻപിൽ വെച്ചു നമുക്കിനി വീണ്ടും കാണാം” . അസാധാരണമായുള്ള അവന്റെ യാത്രപറച്ചിൽ എല്ലാവരെയും വേദനിപ്പിച്ചു. എങ്കിലും അവൻ മടങ്ങിവരുമെന്നവർ വിശ്വസിച്ചു.
വീട്ടിലേക്ക് പോയി നാല് ദിവസം കഴിഞ്ഞ് ചുമയും ക്ഷീണവും കൂടി. ശരീരത്തിന് വീക്കമുള്ളതുകൊണ്ട് പൊട്ടിച്ചു കുറച്ചു രക്തം കളയണമെന്നു ഡോക്ടർ പറഞ്ഞു,അങ്ങോട്ട് നോക്കണ്ടെന്നു ഡോക്ടർ പറഞ്ഞപ്പോൾ ഡൊമിനിക് ചിരിച്ചുകൊണ്ട് പറഞ്ഞു , ” പരിശുദ്ധനായ നമ്മുടെ രക്ഷകന്റെ കൈകാലിന്മേൽ ആണികൾ അടിച്ചുതറച്ചതിനെപറ്റി ഓർക്കുമ്പോൾ ഈ ചെറിയ കുത്ത് എത്ര നിസ്സാരമാണ്”.പത്തു പ്രാവശ്യമെങ്കിലും അതുപോലെ ചോര കുത്തിക്കളയേണ്ടി വന്നു.
അന്ത്യകൂദാശ വേണമെന്നവൻ ആവശ്യപ്പെട്ടപ്പോൾ മാതാപിതാക്കൾക്ക് ദുഃഖമായി. എങ്കിലും അവനെ സന്തോഷിപ്പിക്കാൻ അച്ചനെ വരുത്തി. കുമ്പസാരിച്ചു കഴിഞ്ഞ് ജീവിതത്തിലെ അവസാന കുർബ്ബാനസ്വീകരണം എത്രയും ഭക്തിയോടെ അവൻ നടത്തി. രോഗം സുഖപ്പെട്ടെന്നു ഡോക്ടർമാർ വിചാരിക്കുമ്പോഴും അവനറിയാമായിരുന്നു അധികം സമയമില്ലെന്ന്. അന്ത്യകൂദാശ പ്രസന്നതാപൂർവ്വം ഭക്തിയോടെ അവൻ സ്വീകരിച്ചു. അവിടുത്തെ പീഡാനുഭവത്തെ പ്രതി തൻറെ ആത്മാവിനെയും ശരീരത്തെയും പരിപൂർണ്ണമായി ശുദ്ധീകരിക്കാൻ അവൻ പ്രാർത്ഥിച്ചു. അനുതാപപ്രകരണം ചൊല്ലി. കുരിശുരൂപത്തിലേക്ക് തിരിഞ്ഞ് അവനെ പൂർണ്ണമായി ദൈവത്തിനു സമർപ്പിച്ചു.
1857 മാർച്ച് 9 ന് വൈദികൻ വേറെ ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട് ഈശോയുടെ പീഡാനുഭവത്തെ പറ്റി ഓർക്കാൻ അവനോട് പറഞ്ഞു. ഡൊമിനിക് പറഞ്ഞു, “ഈശോയുടെ പീഡാനുഭവം എൻറെ അധരത്തിലും മനസ്സിലും എപ്പോഴും ഉണ്ടായിരിക്കട്ടെ . ഈശോ മറിയം യൗസേപ്പേ നിങ്ങളുടെ മാധുര്യം നിറഞ്ഞ കൂട്ടായ്മയിൽ സമാധാനത്തോടെ ഞാൻ മരിക്കട്ടെ “. അരമണിക്കൂർ ഉറങ്ങിയതുപോലെ കിടന്നതിന് ശേഷം അപ്പച്ചനോട് പറഞ്ഞു , “എനിക്ക് സമയമായി അപ്പച്ചാ. നല്ല മരണത്തിനുള്ള പ്രാർത്ഥന ചൊല്ലിത്തരൂ”. അമ്മ പൊട്ടിക്കരഞ്ഞു മുറിയിൽ നിന്നുപോയി. അപ്പച്ചൻ സ്വയം നിയന്ത്രിച്ച് മരിക്കുന്നവർക്കുള്ള പ്രാർത്ഥനകൾ ചൊല്ലിക്കൊടുത്തു. ഓരോന്നിനും അവൻ പറഞ്ഞു , “കാരുണ്യവാനായ ദൈവമേ, എന്നോട് കരുണയുണ്ടാകേണമേ”.
“എന്നെന്നും അങ്ങയുടെ സ്തുതിഗീതങ്ങൾ പാടുവാനായി കരുണയുടെ ഹൃദയത്തിലേക്കെന്നെ സ്വീകരിക്കേണമേ ” എന്ന ഭാഗം വന്നപ്പോൾ അവൻ പറഞ്ഞു, “അതേ , അതാണെനിക്കിഷ്ടം. ദൈവത്തിന്റെ സ്തുതിഗീതങ്ങൾ എന്നെന്നും പാടുക”. കുറച്ചു നേരം കണ്ണടച്ച് കിടന്നിട്ട് കണ്ണ് തുറന്ന് അതിയായ സന്തോഷത്തോടെ അവൻ പറഞ്ഞു,
“യാത്ര , പ്രിയപ്പെട്ട പിതാവേ, യാത്ര. അച്ചൻ പറഞ്ഞു എന്നോട് ഒരു കാര്യത്തെപ്പറ്റി ചിന്തിക്കുവാൻ . പക്ഷെ എന്താണതെന്ന് ഞാൻ മറന്നുപോയി. ഓ ! എന്ത് മനോഹരമാണ് ഞാൻ ആ കാണുന്നത് ..!”
ഈ വാക്കുകൾ ഉച്ചരിച്ചപ്പോൾ അവന്റെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു. അവന്റെ മുഖത്തൊരു സ്വർഗ്ഗീയാനന്ദപ്രഭ. കൈകൾ അവൻ നെഞ്ചിൽ കൂപ്പിപ്പിടിച്ചു. അവൻ മരിച്ചു.
ഉറക്കത്തിൽ എന്ന പോലെ തലചായ്ച്ചു കിടന്ന അവൻ മരിച്ചു എന്ന് മനസ്സിലായപ്പോൾ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു. ഓറട്ടറിയിൽ വിവരമറിയാൻ കാത്തിരുന്നവരും ദുഃഖിതരായി. പക്ഷെ അവൻ പുണ്യവാനായി സ്വർഗ്ഗത്തിൽ എത്തിക്കഴിഞ്ഞിരിക്കുമെന്നു അവർക്കറിയാമായിരുന്നു. അധികം കഴിയുമ്പോഴേക്ക് ഡൊമിനിക്കിനോട് പ്രാർത്ഥിച്ചതുകൊണ്ട് ലഭിക്കുന്ന അനുഗ്രഹങ്ങളെ പറ്റിയുള്ള വാർത്തകൾ പരക്കാൻ തുടങ്ങി. എണ്ണിയാലൊടുങ്ങാത്ത അത്ഭുതപ്രവൃത്തികൾ. ഡൊമിനിക്കിന്റെ പിതാവിനും വിശുദ്ധ ഡോൺബോസ്കോക്കും സ്വപ്നത്തിൽ മഹത്വീകൃതനായ ഡൊമിനിക്കിനെ കാണാൻ കഴിഞ്ഞു.
1933 ജൂൺ 9ന് ഡൊമിനിക് സാവിയോയുടെ ഗുണഗണങ്ങൾ വർണ്ണിച്ച വേളയിൽ പീയൂസ് പതിനൊന്നാം പാപ്പ ഇങ്ങനെ പറഞ്ഞു, ” വളരെ ചുരുങ്ങിയ കാലയളവിൽ ഡൊമിനിക്ക് സാവിയോ ചെറിയ വിശുദ്ധനല്ല വലിയ വിശുദ്ധൻ തന്നെ ആയിത്തീർന്നു. പതിനഞ്ചു വയസ്സിനുള്ളിൽ, യുവാക്കൾക്ക് അത്യന്താപേക്ഷിതമായ സ്വഭാവസിദ്ധികളോട് കൂടി ക്രിസ്തീയജീവിതത്തിന്റെ സമ്പൂർണ്ണ മാതൃകയായി. ശുദ്ധത , ഭക്തി, തീക്ഷ്‌ണത എന്നീ മൂന്നു സ്രോതസ്സുകളിൽ നിന്ന് കരുത്താർജ്ജിച്ച ആ ജീവിതം ക്രിസ്തീയജീവിതത്തിന്റെ പരിപൂർണതയാണ്”.
ഓറട്ടറിയിലുണ്ടായിരുന്ന 198 സുഹൃത്തുക്കളിൽ 28 പേർ അവന്റെ ഗുണഗണങ്ങളുടെ ദൃക്‌സാക്ഷികളായി 1908 ൽ ജീവനോടെ ഉണ്ടായിരുന്നു.
1878ൽ അവനെപ്പറ്റി എഴുതിയ പുസ്തകത്തിന്റെ അഞ്ചാം എഡിഷനു വേണ്ടി പണിയെടുക്കുന്നതിനിടയിലും ഡോൺബോസ്‌കോ വിതുമ്പി, “എനിക്ക് പറ്റുന്നില്ല. ഓരോ വട്ടം അവന്റെ ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോഴും അവനെ ഓർത്ത് ഞാൻ കരഞ്ഞുപോകുന്നു” അത്ര വലുതായിരുന്നു ആ രണ്ടു വിശുദ്ധർ പരസ്പരം അവരുടെ ജീവിതത്തിൽ പതിപ്പിച്ച വ്യക്തിപ്രഭാവം.
1950 മാർച്ച് 3ന് ഡൊമിനിക്ക് സാവിയോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച പിയൂസ് പന്ത്രണ്ടാമൻ പാപ്പ തന്നെ 1954 ജൂൺ 12ന് ഡോമിനിക്കിനെ വിശുദ്ധനായി അൾത്താരവണക്കത്തിലേക്കുയർത്തി.
കുട്ടികൾക്കും യുവാക്കൾക്കും മാത്രമല്ല ഏത് പ്രായത്തിലുള്ള ക്രിസ്ത്യാനിക്കും മാതൃകയായ കുഞ്ഞു വിശുദ്ധൻ ഡൊമിനിക് സാവിയോയുടെ തിരുന്നാൾ മംഗളങ്ങൾ
ജിൽസ ജോയ്
