വിട്ടുകളയണം!

വിട്ടുകളയണം!

മോശ ദൈവത്തിനു എത്ര പ്രിയപ്പെട്ടവൻ ആയിരുന്നു, പ്രീതി നേടിയവൻ ആയിരുന്നു. പക്ഷെ വാഗ്‌ദത്തനാട്ടിലേക്കു കടക്കാൻ അനുവദിക്കപ്പെട്ടില്ല. കടലിലൂടെയും മരുഭൂമിയിലൂടെയും ഒക്കെ അനേക സംവത്സരങ്ങൾ ഇത്രയും ജനങ്ങളെ പണിപ്പെട്ടു നയിച്ച് വാഗ്‌ദത്ത നാടിന്റെ അടുത്തെത്തിയിട്ട് പോലും ആ ഭാഗ്യം കൊടുത്തില്ല. മോശ എതിരൊന്നും പറഞ്ഞില്ല. മരിക്കുന്നതിന് മുൻപ് എക്കാലത്തെയും മികച്ച ദാർശനികനിർദ്ദേശങ്ങൾ ജനങ്ങൾക്ക് നൽകി കടന്നുപോയി. സ്നേഹത്തിന്റെ മതം എന്ന് പോലും നമ്മൾ ആയിരിക്കുന്ന മതത്തെ വിളിക്കാൻ പാകത്തിനുള്ള നിർദ്ദേശങ്ങൾ നിയമാവർത്തന പുസ്തകത്തിലുണ്ട്.

നമ്മുടെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും കൂടെ സ്നേഹിക്കാൻ പറഞ്ഞിട്ടുണ്ട്. അതിന്റെ കൂടെ മനുഷ്യർ തമ്മിൽ സ്നേഹിക്കാൻ വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കല്പനയും. പരദേശിയെ സ്നേഹിക്കുക എന്തെന്നാൽ നിങ്ങളും ഒരിക്കൽ പരദേശികളായിരുന്നു ഈജിപ്തിൽ. പരദേശികൾ എന്ന് വെച്ചാൽ എന്റെ അയൽക്കാരനായി എനിക്ക് പ്രഥമദൃഷ്ട്യാ തോന്നാത്തവൻ. എന്റെ അയൽക്കാരൻ എന്റെ മതത്തിൽ പെട്ടവൻ ആയെന്നു വരാം. അല്ലെങ്കിൽ കൂടെ എന്റെ രാജ്യത്തിലുള്ളവൻ ആയെന്നു വരാം. പരദേശി ഇതൊന്നും അല്ലാത്തവൻ ആയിരിക്കാം. പക്ഷെ ഒരു കാര്യത്തിൽ മാത്രം സാമ്യം. അവരും ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യരാണെന്നുള്ളത്. ദൈവം അവരെയും സ്നേഹിക്കുന്നു.

അതിലും അത്ഭുതപ്പെടുത്തുന്നത് വേറെ ഒന്നാണ് ഈജിപ്തുകാരെ വെറുക്കരുതെന്നു പറയുന്നത് (നിയമാ. 23, 7) എത്രയധികം കാരണങ്ങളുണ്ടായിരുന്നു ഇസ്രായേല്യർക്കു അവരെ വെറുക്കാൻ? എന്നിട്ടും എന്തുകൊണ്ട് മോശ എന്തുകൊണ്ടങ്ങനെ പറഞ്ഞു? കാരണം നമ്മൾ യഥാർത്ഥത്തിൽ സ്വതന്ത്രരാവണമെങ്കിൽ വെറുപ്പിനെ വിട്ടുകളയണം. ഇസ്രായേല്യർ അവരെ വെറുത്തുകൊണ്ടിരുന്നാൽ, മോശക്ക്‌ അവരെ ഈജിപ്തിൽ നിന്ന് പുറത്തുകൊണ്ടു വരാൻ കഴിഞ്ഞേക്കാം… പക്ഷെ ഈജിപ്തിനെ അവരിൽ നിന്നെടുത്തു കളയുന്നതിൽ മോശ അമ്പേ പരാജയപ്പെടുമായിരുന്നു. മനസ്സു കൊണ്ട് അവർ എന്നും ഈജിപ്തിൽ ആകുമായിരുന്നു, കഴിഞ്ഞ കാലത്തിന്റെ അടിമകളായി, ഓർമകളുടെ തടവുകാർ ആയി. ചങ്ങലകളിൽ തന്നെ, ലോഹം കൊണ്ടുള്ളതല്ലെന്നു മാത്രം… മനസ്സിന്റെ. ഈ മനസ്സിന്റെ ചങ്ങലയാണ് ഏറ്റവും ഭീകരമായിട്ടുള്ളതും.

മതം വെറുപ്പിനെ കുടിയിരുത്തുമ്പോൾ അക്രമം ഉടലെടുക്കുന്നു. വെറുപ്പിന്റെ അടിസ്ഥാനത്തിൽ ഒരിക്കലും ഒരു സ്വതന്ത്രസമൂഹത്തെ കെട്ടിപ്പടുക്കാൻ പറ്റില്ല. മോശ ജനങ്ങളെ പഠിപ്പിച്ചത് ഇതാണ്, നിങ്ങൾ ഭൂതകാലത്തിനെ അംഗീകരിക്കാനും കൂടെ ജീവിക്കാനും പഠിക്കണം, പക്ഷെ ഒരിക്കലും ഭൂതകാലത്തിൽ ജീവിക്കരുത്. മുൻപ് പീഡിപ്പിച്ചിരുന്നവരോടുള്ള വെറുപ്പിൽ ജീവിക്കുന്നവർ ഇപ്പോഴും പീഡിപ്പിക്കപ്പെടുന്നരാണ്. ലോത്തിന്റെ ഭാര്യയെപ്പോലെ ഒരിക്കലും വേദനനിറഞ്ഞ കഴിഞ്ഞകാലത്തേക്കു തിരിഞ്ഞുനോക്കരുത്, നിങ്ങൾക്ക് മുൻപോട്ടു നീങ്ങാൻ കഴിഞ്ഞെന്നു വരില്ല.

ഈജിപ്റ്റിൽ കണ്ടുപഠിച്ചതിനു നേരെ എതിരായിരുന്നു മോശ പഠിപ്പിച്ചതെല്ലാം. അടിമകളോട് കാണിക്കേണ്ട കാരുണ്യം, ഉദാരമനസ്ക… പീഡിപ്പിക്കപ്പെടുന്നതെങ്ങനെയാണെന്ന് നിങ്ങൾക്കറിയാം അതുകൊണ്ട് മറ്റുള്ളവരോട് കരുണ കാണിക്കാൻ പറയാൻ പറയുന്ന ഒരു ദൈവം നമുക്കുണ്ട്. റോളുകൾ വെച്ചു മാറുന്ന ഈ വൈരുധ്യത്തിലാണ് ബൈബിൾ ധർമ്മങ്ങൾ കൊറെയൊക്കെ. ഓർമ്മകൾ വെറുപ്പിനെ വളർത്തുന്ന ശക്തിയായല്ല, ഇരക്കുണ്ടാകുന്ന വികാരങ്ങളെ അടിസ്ഥാനപ്പെടുത്തി വെറുപ്പിനെ കീഴടക്കുന്ന വഴി തേടാനാണ് ‘ഓർക്കാൻ’ പറയുന്നത്, ഭൂതകാലം ആവർത്തിക്കപ്പെടാതിരിക്കാൻ.

മലയിലെ പ്രസംഗത്തിലും ശത്രുക്കളെ സ്നേഹിക്കാൻ പറയുന്നു. ഇതെളുപ്പമാണോ? ഒട്ടുമല്ല. പ്രതികാരം ദൈവത്തിന്റെ ആണെന്ന് പറയുന്ന ബൈബിൾ, നമ്മൾ മനുഷ്യർക്ക് വെറുപ്പുകൊണ്ട് ഭൂതകാലം മാറ്റിക്കളയാനോ പരിഹാരം ചെയ്യാനോ കഴിയില്ലെന്ന് കൂടെ ഓർമ്മിപ്പിക്കുന്നു. മരിച്ച ആൾക്ക് ജീവൻ കൊടുക്കാൻ നമുക്ക് പറ്റുമോ? പഴയ തെറ്റായ ചെയ്തികൾ തിരുത്താം, മാപ്പുപറയാം, പ്രായശ്ചിത്തം ചെയ്യാം… ബാക്കി ദൈവത്തിനു വിട്ടുകൊടുക്കാം. ഇങ്ങനെയാണ് ദൈവനീതിയിൽ വിശ്വസിക്കേണ്ടത്. പ്രതികാരം നമ്മുടെയല്ല, ദൈവത്തിനുള്ളത് ദൈവത്തിനു തന്നെ.

ഇസ്രായേല്യരുടെ മേൽ ഓരോ അനർത്ഥങ്ങളും വന്നു പതിച്ചപ്പോൾ അവർ തങ്ങളുടെ അപഥസഞ്ചാരത്തിൽ പശ്ചാത്തപിച്ചു. ഉടമ്പടി തെറ്റിച്ചു ദൈവത്തെ വിഷമിപ്പിച്ചത് ഏറ്റുപറഞ്ഞു. വേറെയാരെയും അവർ കുറ്റപെടുത്തിയില്ല. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ പാപസങ്കീർത്തനവും. പ്രായശ്ചിത്തം സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ പ്രവൃത്തിയാണ് എന്തെന്നാൽ അത് മനസ്സിന്റെ രണ്ടു പ്രവർത്തികളെ ഒന്നിപ്പിക്കുന്നു. പശ്ചാത്താപവും മാപ്പുകൊടുക്കലും. ഭൂതകാലത്തിന്റെ ഇരുമ്പു പിടിയെ വിടുവിക്കാനുള്ള മാർഗ്ഗമാണത്.

മനുഷ്യന്റെ സ്വാതന്ത്യവും ദൈവകരുണയും ഒന്നുചേർന്ന് ഒരു പുതിയ തുടക്കമാവുന്നു. പ്രത്യാശയെന്ന പേര് ദുരന്തത്തെ പരാജയപെടുത്തുന്നു. വെറുപ്പിനെ വിട്ടുകളയുന്നത് സ്വാതന്ത്ര്യമാണ്, എന്തെന്നാൽ വെറുപ്പിൽ സ്വാതന്ത്ര്യം പിൻവാങ്ങുന്നു. അതാണ് വാഗ്‌ദത്ത നാട്ടിലേക്ക് പോകുന്ന ഇസ്രായേല്യരെ മോശ പഠിപ്പിച്ചത്, നിങ്ങളെ പീഡിപ്പിച്ചവരെ വെറുക്കരുത്. പകരം പീഡനമില്ലാത്ത ഒരു സമൂഹത്തെ എങ്ങനെ വാർത്തെടുക്കാമെന്നു അനുഭവത്തിൽ നിന്ന് പഠിക്കാൻ ആണ് ഉദ്ബോധിപ്പിച്ചത് .

How is it that people kill in the name of God of Life , wage war in the name of the God of Peace , hate in the name of God of Love and practice cruelty in the name of God of Compassion?

  • Excerpted from ‘Not In God’s Name’ by Jonathan Sacks and translated by ജിൽസ ജോയ് ✍️
Advertisements

Leave a comment