പീറ്റർ വെരിയാര… വാഴ്ത്തപ്പെട്ട സലേഷ്യൻ വൈദികൻ ലൂയിജി വെരിയാരയുടെ (അലോഷ്യസ് വെരിയാര) പിതാവ്…
1856ൽ പീറ്റർ വെരിയാര വിശുദ്ധ ഡോൺബോസ്കോയുടെ പ്രസംഗം കേൾക്കാനിടയായി. തനിക്കൊരു മകനുണ്ടായാൽ അവനെ സെമിനാരിയിൽ വിടുമെന്ന് ആ പിതാവ് അന്നേ വിചാരിച്ചു കാണണം. 1875ൽ ആണ് അലോഷ്യസ് വെരിയാര ജനിച്ചത്. അവനു 12 വയസ്സ് കഷ്ടി ആയപ്പോൾ 1887ൽ, അവന്റെ പിതാവ് അവനെ ഡോൺബോസ്‌കോയുടെ ഒറേറ്ററിയിൽ ബോർഡിങ്ങിൽ കൊണ്ടാക്കി. തൻറെ മകനൊരു വൈദികനാവണം എന്ന അതിയായ മോഹമായിരുന്നു അതിന്റെ പിന്നിൽ.
“പക്ഷെ അപ്പാ”, അലോഷ്യസ് എതിർപ്പ് പറഞ്ഞു ചിണുങ്ങികൊണ്ടിരുന്നു,” എനിക്ക് ദൈവവിളി കിട്ടിയിട്ടില്ലല്ലോ .പിന്നെങ്ങനാ?” ആ അപ്പൻ മകനോട് പറഞ്ഞു, “ഇതുവരെയും നിനക്ക് ദൈവവിളിയുടെ അനുഭവമുണ്ടായിട്ടില്ലെങ്കിൽ വിഷമിക്കണ്ട. ‘ക്രിസ്ത്യാനികളുടെ സഹായമായ മറിയം’
( Mary, Help of Christians) അതിന് നിന്നെ സഹായിക്കും. നീ നല്ല കുട്ടിയായി നന്നായി പഠിക്കൂ”. ഈ അപ്പന്റെ വിശ്വാസവും ആഗ്രഹവും ശരിക്കും അത്ഭുതപ്പെടുത്തിക്കളഞ്ഞു. പരിശുദ്ധ അമ്മക്ക് ഏൽപ്പിച്ചു കൊടുത്ത ആ മകൻ വൈദികനായെന്നു മാത്രമല്ല ഒരു വിശുദ്ധനായ വൈദികൻ കൂടെയായി. (പരിശുദ്ധ അമ്മയുടെ ഈ നാമം ക്രിസ്ത്യാനികളുടെ സഹായം എന്നാണെങ്കിലും ക്രിസ്ത്യാനികൾ അല്ലാത്തവരെ പരിശുദ്ധ അമ്മ സഹായിക്കില്ലെന്ന് അർത്ഥമില്ല കേട്ടോ. മറ്റു മതസ്ഥരോട് പറഞ്ഞതാ )
അലോഷ്യസ് അവിടെ ചേർന്നതിനു ശേഷം വിശുദ്ധ ഡോൺബോസ്‌കോ ഒരു കൊല്ലം കൂടിയേ ജീവിച്ചിരുന്നുള്ളു. പക്ഷെ അദ്ദേഹത്തിന്റെ ഒരു നോട്ടം അലോഷ്യസിന്റെ ഉള്ളിൽ ആഴ്ന്നിറങ്ങി അവന്റെ ദൈവവിളി ഉറപ്പിച്ചു. കൊളംബിയയിൽ കുഷ്ഠരോഗികളുടെ ഇടയിൽ പ്രവർത്തിക്കാൻ 188 പേരിൽ നിന്ന് Fr. മൈക്കിൾ യൂനിയ തിരഞ്ഞെടുത്തവരിൽ ഒരാൾ അവനായിരുന്നു. ആ മിഷന് വേണ്ടി താൻ തന്നെ തിരഞ്ഞെടുക്കപ്പെടാൻ പ്രാർത്ഥനയോടെ ഒരു കുറിപ്പ് ‘ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ’ രൂപത്തിന് കീഴിൽ വെച്ച് അവൻ മുട്ടിപ്പായി പ്രാർത്ഥിച്ചിരുന്നു!!
ദൈവത്തിൽ അളവില്ലാത്ത ശരണം വച്ചുകൊണ്ടും എല്ലാ പ്രവർത്തനങ്ങളെയും ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന് സമർപ്പിച്ചുകൊണ്ടുമാണ് സലേഷ്യൻ സഭ എപ്പോഴും മുന്നോട്ടുപോയത്. വി. ഡോൺബോസ്‌കോ ‘ക്രിസ്ത്യാനികളുടെ സഹായമായ മറിയം’ എന്ന സ്ഥാനപ്പേരിന്റെ വലിയ ഒരു പ്രചാരകൻ ആയിരുന്നു .1865-1868ൽ ഈ പേരിൽ ടൂറിനിൽ ഒരു ബസിലിക്ക തന്നെ അദ്ദേഹം പണികഴിപ്പിച്ചു. അവിടങ്ങളിൽ ഉള്ളവർക്കും, ഓരോ സലേഷ്യൻസിനും ‘ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തോട് ‘ വലിയ ഭക്തിയാണ്. ഡോൺ ബോസ്കോ, ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പുത്രിമാർ എന്ന പേരിൽ (Daughters of mary, Help of Christians ) സലേഷ്യൻ സഹോദരിമാർക്ക് വേണ്ടി ഒരു സന്യാസസഭയും സ്ഥാപിച്ചിരുന്നു. .
ക്രിസ്ത്യാനികളുടെ സഹായമായ മറിയം എന്നുള്ള മരിയൻ നാമം ആദ്യമായി ഉപയോഗിച്ചത് AD 345ൽ വിശുദ്ധ ജോൺ ക്രിസോസ്തോം ആണെന്ന് കരുതപ്പെടുന്നു. ലെപ്പന്റോ യുദ്ധത്തിൽ മുഹമ്മദീയരുടെ മേൽ പരിശുദ്ധ അമ്മ നേടിത്തന്ന വിജയത്തിന്റെ സ്മരണക്കായി മാതാവിന്റെ ലുത്തിനിയയിൽ ക്രിസ്ത്യാനികളുടെ സഹായമേ എന്ന് കൂട്ടിച്ചേർക്കാൻ ഉത്തരവിറക്കിയത് അഞ്ചാം പീയൂസ് പാപ്പയാണ്.
പീയൂസ് ഏഴാമൻ മാർപാപ്പയാണ് ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുന്നാൾ സഭയിൽ ആരംഭിച്ചത്. നെപ്പോളിയൻ ചക്രവർത്തിയാൽ അഞ്ചു കൊല്ലത്തോളം തടവിലാക്കപ്പെട്ട പീയൂസ് ഏഴാമൻ പാപ്പ പിന്നീട് തടവിൽ നിന്ന് മോചിതനായി, ഒരു ജൈത്രയാത്രയായി റോമിലെത്തി ചേർന്നത് മെയ് 24, 1814ന് ആണ്. വലിയൊരു ദുരിതത്തിൽ നിന്ന് സഭയെ പരിശുദ്ധ അമ്മ കാത്തുപാലിച്ചതിന്റെ നന്ദിയായും ഓർമ്മക്കായും മെയ് 24 ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുന്നാൾ ആയി പാപ്പ പ്രഖ്യാപിച്ചു.
നമ്മുടെ വലിയൊരു ഭാഗ്യം തന്നെയാണ് പരിശുദ്ധ കന്യകയെ നമ്മുടെ അമ്മയെന്ന് വിളിക്കാനും സഹായം അഭ്യർത്ഥിക്കാനും കഴിയുന്നു എന്നത്. ആ ഭാഗ്യം ഉപയോഗപ്പെടുത്തുക എന്നത് നമ്മുടെ കടമയും അവളുടെ സന്തോഷവുമാണ്.
“I am not aware that anyone prayed in vain. Spiritual and temporal favors, more or less extraordinary, always resulted from praying to our most merciful Mother, the mighty Help of Christians.” ~ St. John Bosco (Don Bosco)
Happy Feast of Mary, Help of Christians
ജിൽസ ജോയ്
